ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ 2012 ഓടെ യോജിച്ച സൈനിക അഭ്യാസങ്ങള്‍ നടത്താന്‍ ആലോചന. ഇതിനായുള്ള പദ്ധതികള്‍ ഡിസംബര്‍ മധ്യത്തോടെ ആരംഭിക്കുന്ന സൈനിക ചര്‍ച്ചകളില്‍ ഉരുത്തിരിയുമെന്ന് ഇന്ത്യന്‍ സൈന്യത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. യോജിച്ച സൈനികാഭ്യാസങ്ങള്‍ നടത്തുന്ന സ്ഥലവും തീയതിയും അതിന്റെ വിവിധ വശങ്ങളും തീരുമാനിക്കപ്പെടും. അടുത്തവര്‍ഷം അവസാനത്തോടെ ഇത്തരമൊരു യോജിച്ച നീക്കമുണ്ടായാല്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടയ്ക്ക് ഇത് ആദ്യത്തെ സംഭവമായിരിക്കും. ഇത്തരത്തില്‍ യോജിച്ച സൈനിക അഭ്യാസങ്ങള്‍ ഡിസംബര്‍ 2007 ല്‍ ചൈനയിലെ കുണ്മിങ്ങിലാണ് ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് 2008 ഡിസംബറില്‍ കര്‍ണാടകയിലെ ബെല്‍ഗാമിലും ഇതു തുടര്‍ന്നു. ഇതിനുശേഷം ഇത്തരം യോജിച്ച അഭ്യാസങ്ങള്‍ നടക്കാത്തതിന് രണ്ടുകാരണങ്ങളാണുള്ളത്. 2009 ലെ ചൈനയുടെ 60-ാം വാര്‍ഷികാഘോഷങ്ങളും ഇന്ത്യയുടെ ലഫ്.ജനറല്‍ ബി.എസ്.ജസ്വാളിന് ചൈന 2010 ല്‍ വിസ നിഷേധിച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാകാന്‍ കാരണമായി.
ഈ വര്‍ഷം ഏപ്രിലില്‍ ഉന്നതതല സമ്മേളനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയിലെത്തിയതോടെയാണ് ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെട്ടത്. ഇതുപ്രകാരം ജമ്മുകാശ്മീരിലെ രാഷ്ട്രീയ റൈഫില്‍സിലെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഗുര്‍മിത്ത് സിങ്ങിനെ ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലേക്കയക്കുകയും ചെയ്തു. ഇതിനുപകരമായ ഒരു ചൈനീസ് പട്ടാള സംഘം നാലുദിവസം ഇന്ത്യയിലും പര്യടനം നടത്തി. ഈ പ്രതിനിധി സംഘം ന്യൂദല്‍ഹി, കൊല്‍ക്കത്ത, മുംബൈ മുതലായ സ്ഥലങ്ങളിലെ ഇന്ത്യന്‍ സൈനികത്താവളങ്ങള്‍ സന്ദര്‍ശിക്കുകയും ഇന്ത്യന്‍ സൈനികരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഇതോടെ ഇന്ത്യ ചൈന ബന്ധങ്ങള്‍ സാവധാനം പൂര്‍വസ്ഥിതിയിലെത്താന്‍ തുടങ്ങി.
നടക്കാനിരിക്കുന്ന പ്രതിരോധ ചര്‍ച്ചകള്‍ക്കുമുമ്പ് ഇരുരാജ്യങ്ങളും അതിര്‍ത്തി പ്രശ്നങ്ങളെക്കുറിച്ച് 14 വട്ടം ന്യൂദല്‍ഹിയില്‍ ചര്‍ച്ചകള്‍ നടത്തും. ഇതോടെ അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഒരു തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ചര്‍ച്ചയില്‍ ചൈനയെ ദയ്ബിങ്കു പ്രതിനിധീകരിക്കുമ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനാവും ഇന്ത്യന്‍ സംഘത്തിന്റെ തലവന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: