കൊച്ചി: ശിശുദിനത്തില്‍ 75 കുഞ്ഞുങ്ങള്‍ക്ക് സ്വരം പദ്ധതിയില്‍ ശ്രവണ സഹായികള്‍ നല്കുന്നു. ചെയില്‍ഡ് കീയറിന്റേയും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റേയും നേതൃത്വത്തില്‍ നിര്‍ധനരായ കേള്‍വിക്കുറവുള്ള കുഞ്ഞുങ്ങള്‍ക്കാണ് ശ്രവണസഹായി നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 14നു രാവിലെ 9.30നു എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി കെ.വി.തോമസ് നിര്‍വഹിക്കും. ഹൈബി ഈഡന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.ജെ.യേശുദാസ് മുഖ്യ പ്രഭാഷണം നടത്തും. എക്സൈസ് മന്ത്രി കെ.ബാബു സ്വരം പദ്ധതി ഉദ്ഘാടനം ചെയ്യും. സ്പീഡ് തെറാപ്പി യൂണിറ്റ് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്യും.
നവജാത ശിശുക്കളുടെ ശ്രവണവൈകല്യ നിര്‍ണയത്തില്‍ കൊച്ചി മറ്റു നഗരങ്ങള്‍ക്ക് മാതൃകയാകുന്നതാണ് സ്വരം പദ്ധതി. ജന്മനായുള്ള ശ്രവണ വൈകല്യം ജനിച്ച് ആറുമാസത്തിനുള്ളില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സംസാരശേഷി പൂര്‍ണമായി നഷ്ടപ്പെടുമെന്നതിന്റെ പശ്ചാത്തലത്തിലാണ് ചെയില്‍ഡ് കീയര്‍ സെന്റര്‍ സ്വരം പരിപാടിക്ക് 2003 ജനുവരിയില്‍ തുടക്കമിട്ടത്.
വികസിത രാജ്യങ്ങളില്‍ ശ്രവണ വൈകല്യനിര്‍ണയം നടത്തിയതിനു ശേഷം മാത്രമെ നവജാത ശിശുക്കളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യൂ. ഇന്ത്യയില്‍ ഒരു പട്ടണത്തിലും നിലവിലില്ലാത്ത പരിപാടിക്കാണ് ചെയില്‍ഡ് കീയര്‍ രൂപം നല്‍കിയത്. കൊച്ചി നഗരത്തിലെ എല്ലാ ശ്രവണവൈകല്യ സാധ്യതയുള്ള നവജാത ശിശുക്കളേയും ശ്രവണ പരിശോധനയ്ക്ക് വിധേയരാക്കുന്ന ബൃഹത് പരിപാടിയാണ് ‘സ്വരം’. കൊച്ചി നഗരത്തിലെ എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം ഇതിനു വിദഗ്ധര്‍ എത്തി പരിശോധന നടത്തും. ഫോണ്‍ സന്ദേശം ലഭിച്ചാല്‍ നഗരാതിര്‍ത്തിയിലുള്ള ഏത് ആശുപത്രയിലും ഇവര്‍ പരിശോധനയ്ക്ക് എത്തും. ഇതുവരെയുള്ള പരിശോധനയില്‍ 40 കുട്ടികള്‍ക്ക് കേള്‍വിക്കുറവുണ്ടെന്ന് തെളിഞ്ഞു. ഇവര്‍ക്കുള്ള ചികിത്സ ജനന സമയത്തു തന്നെ കണ്ടെത്തി തുടങ്ങിയിട്ടുണ്ട്.
ശ്രവണ വൈകല്യം കണ്ടു പിടിച്ചാല്‍ ശ്രവണ സഹായി എത്രയും പെട്ടെന്ന് ഘടിപ്പിക്കുക എന്നതാണ് ഫലപ്രദമായ ചികിത്സ. ആറു മാസം പ്രായം കഴിഞ്ഞാണ് ഘടിപ്പിക്കുന്നതെങ്കില്‍ കുട്ടിയുടെ സംസാര വികാസം പൂര്‍ണ്ണ തോതിലാകില്ല. ആറു മാസത്തിനുള്ളില്‍ ചികിത്സ ആരംഭിച്ചാല്‍ നല്ലൊരു ശതമാനം കുട്ടികളിലും കോക്ക്ലീര് ഇംപ്ലാന്റ് പോലുള്ള ചിലവേറിയ ചികിത്സാ രീതികള്‍ ഒഴിവാക്കാന്‍ കഴിയും.
ചടങ്ങില്‍ എംഎല് എമാരായ ഡൊമനിക്ക് പ്രസന്റേഷന്, ബെന്നി ബെഹ്നാന്, ലൂഡിലൂയിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീത്, ചെയില്‍ഡ് കീയര്‍ എക്സിക്യട്ടീവ് ഡയറക്ടര്‍ ഡോ,എബ്രഹാം പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: