സിയോള്‍: പര്‍വതാരോഹകനായ രണ്ട് തെക്കന്‍ കൊറിയക്കാര്‍ ഹിമാലയത്തില്‍ കൊല്ലപ്പെട്ടു. ഹിമാലയ പര്‍വതനിരയിലെ ഏറ്റവും അപകടമേഖലയില്വെച്ചാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നും ഒരാഴ്ച മുമ്പ് ഇവരുടെ സഹപ്രവര്‍ത്തകരായ മൂന്നുപേരെ കാണാതാവുകയും പിന്നീടവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുകയും ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.
കിം ഹ്യങ്ങ് (43), സംഘതലവനായ ചാങ്ങ് ജി-ചയോങ്ങ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചോളറ്റ്സെ പര്‍വതനിരയെ ലക്ഷ്യംവെച്ചായിരുന്നു ഇവരുടെ യാത്രയെന്ന് കൊറിയന്‍ ഫെഡറേഷന് വ്യക്തമാക്കി. ഇതിനിടയില്‍ കാണാതായവരുമായുള്ള വാര്‍ത്താവിനിമയ ബന്ധം തകരാറായതിനുശേഷം നടത്തിയ തെരച്ചിലില്‍ ബേസ്ക്യാമ്പില്നിന്നും ഇവരുടെ മൃതദേഹം കണ്ടെടുത്തു. 6440 മീറ്റര്‍ സഞ്ചരിച്ച് ചോളറ്റ്സെ പര്‍വതനിരയില്‍ എത്തുകയായിരുന്നു കിം, ചാങ്ങ് എന്നിവരുടെ ലക്ഷ്യം. എന്നാല്‍ 5,100 മീറ്റര്‍ സഞ്ചരിച്ചപ്പോഴേക്കും ഇവര്‍ കൊല്ലപ്പെടുകയാണുണ്ടായത്.
നേരത്തെതന്നെ ചോളറ്റ്സെ പര്‍വതനിരയിലേക്ക് യാത്രചെയ്യണമെന്ന് കിം പദ്ധതിയിട്ടിരുന്നു. ഇതിനിടയില്‍ ഒക്ടോബര്‍ 18 ന് കാണാതായ മൂന്ന് കൊറിയന്‍ പര്‍വതാരോഹകരെ കണ്ടെത്തുവാനായി ശ്രമിക്കുകയും ചെയ്തിരുന്നു.എന്നാല്‍ മൃതദേഹം പിന്നീട് അന്നപൂര്‍ണ കൊടുമുടിയില്വെച്ച് കണ്ടെത്തുകയാണുണ്ടായത്.
തെക്കന്കൊറിയക്കാരായ പര്‍വതാരോഹകരുടെ പ്രധാന വിനോദമാണ് ഇത്. അപകടമേഖലകള്‍ തരണംചെയ്ത് കൊടുമുടികള്‍ താണ്ടി റെക്കോഡുകള്‍ സ്ഥാപിക്കുന്നതിന് സ്പോണ്സറിംഗ് കമ്പനികളുടെ സമ്മര്‍ദ്ദം വളരെയേറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: