ന്യൂദല്‍ഹി: പശ്ചിമ മിഡ്നാപൂര്‍ ജില്ലയില്‍ പശ്ചിമബംഗാള്‍ പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ തെരച്ചിലില്‍ നാല് മാവോ ഭീകരരെ അറസ്റ്റുചെയ്യുകയും വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടുകയും ചെയ്തു. പിടികൂടിയവരില്‍ പ്രമുഖനായ സുമന് മൈതിയുടെ പക്കല്‍ ഒരു എകെ 47 തോക്കും ധാരാളം വെടിയുണ്ടകളും ഉണ്ടായിരുന്നുവെന്നും ഇയാള്‍ മെതാലഞ്ചകല്, ചോട്ടോ, കല്ശിവംഗ, പൈരാചലി ഗ്രാമങ്ങളില്‍ ഒരു സംഘമാളുകളുമായി ചേര്‍ന്ന് അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയായിരുന്നുവെന്ന് മിഡ്നാപൂര്‍ പോലീസ് സൂപ്രണ്ട് പ്രവീണ്‍കുമാര്‍ തൃപാഠി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
ഈ സംഘം ഗ്രാമത്തില്‍ ഒരു വീട്ടില്‍ അഭയം പ്രാപിച്ചതായി കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിആര്‍പിഎഫ് കമാന്‍ഡന്റുമായി താന്‍ ബന്ധപ്പെട്ടുവെന്നും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ പക്കല്‍നിന്ന് ആയുധശേഖരവും വെടിക്കോപ്പും പിടിച്ചെടുത്തതെന്നും പോലീസ് സൂപ്രണ്ട് വ്യക്തമാക്കി.
വെടിയുതിര്‍ക്കാന്‍ ആരംഭിക്കാതെ പോലീസ് സംഘം സുമന് മൈതിയെയും കൂട്ടാളികളായ ഉത്തം മപിന്തോയെയും ബിനോയി മഹന്തോയെയും ശ്യാംപാദ മഹാന്തോയെയും പിടികൂടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു എകെ 47 തോക്കും 45 വെടിയുണ്ടകളും റോക്കറ്റ് ലോഞ്ചറുകളും മാവോ ഭീകരരില്‍നിന്ന് പിടികൂടി. ആയുധങ്ങള്‍ കാടുകളില്‍ എങ്ങനെ ഒളിച്ചുവെച്ചിരുന്നുവെന്നും ഇവര്‍ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തി. പിടികൂടിയ ആയുധങ്ങള്‍ രണ്ടു മാസത്തിന് മുമ്പ് കിഴക്കന്‍ അതിര്‍ത്തി സേനയുടെ ആസ്ഥാനത്തുനിന്ന് മോഷ്ടിക്കപ്പെട്ടവയാണെന്ന് പോലീസ് സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. എകെ 47 തോക്കുകള്ക്ക്പുറമെ 8 എംഎം, 5 എംഎം വരുന്ന രണ്ട് തോക്കുകളും 5 അത്യാധുനിക ആയുധങ്ങളും 3 ഐഎന്‍എസ്എ റൈഫിളുകളുമാണ് ഇവരില്‍നിന്ന് പിടിച്ചെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: