ടോക്കിയോ: മാര്‍ച്ചില്‍ സുനാമിയിലും ഭൂചലനത്തിലും തകരാറിലായ ജപ്പാനിലെ ഫുക്കോഷിമ ആണവനിലയത്തില്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശനം അനുവദിച്ചു. സുരക്ഷാവസ്ത്രങ്ങളണിഞ്ഞാണ് അവര്‍ നിലയത്തില്‍ പ്രവേശിച്ചത്. ആണവനിലയം ശുചീകരിക്കുന്നതിന്റെ ചുമതലയുള്ള മന്ത്രിയും മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമുണ്ടായിരുന്നു. ആണവനിലയം സന്ദര്‍ശിക്കണമെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവശ്യം അണുവികിരണത്തിന്റെ അളവ് കൂടുതലാണെന്നും ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുമെന്നുമുള്ള കാരണം ചൂണ്ടിക്കാട്ടി അധികൃതര്‍ നിഷേധിച്ചിരുന്നു. സുനാമിയില്‍ ഫുക്കുഷിമയിലെ ശീതീകരണ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതോടെ പല പ്ലാന്റുകളിലും സ്ഫോടനങ്ങളുണ്ടായി. ആണവനിലയത്തിന്റെ നിയന്ത്രണം സാധാരണ ഗതിയിലേക്കാവുന്നു എന്ന വസ്തുത പത്രലേഖകരെ ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു സന്ദര്‍ശനം അനുവദിച്ചത്. നിലയത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഫുട്ബോള്‍ പരിശീലനകേന്ദ്രവും മാധ്യമപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. തകരാറിലായ ചില റിയാക്ടറുകള്‍ സമീപത്തുനിന്ന് പരിശോധിക്കാനും അവര്‍ക്ക് അവസരം ലഭിച്ചു. സുനാമിയെത്തുടര്‍ന്ന് ആണവമാലിന്യങ്ങള്‍ സമീപപ്രദേശത്തേക്ക് ഒഴുകിയെത്തിയതിനാല്‍ പരിസരപ്രദേശമാകെ പ്രത്യേകം വേര്‍തിരിച്ചു സൂക്ഷിച്ചിരിക്കുകയാണ്. ഈവര്‍ഷം അവസാനത്തോടെ കേടായ റിയാക്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. എന്നാല്‍ ദശാബ്ദങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഈ നിലയം അടച്ചുപൂട്ടാനാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: