സിപിഎം സംസ്ഥാന നേതാവ് എം.വി.ജയരാജനെ കോടതിയലക്ഷ്യക്കുറ്റത്തിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നാട്ടില്‍ പാര്‍ട്ടിയുടേതായി പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്. “സര്.സി.പി യുടെ മൂക്ക് അരിഞ്ഞ കേരള ജനതയ്ക്ക് രാംകുമാറിന്റെ തലയരിയാന്‍ ഒരു വിധിന്യായത്തിന്റെയും പിന്തുണ വേണ്ട, ഭരണകൂടത്തിന്റെ തിട്ടൂരം അനുസരിച്ച് വിധി പറയുന്ന രാംകുമാര്‍ ജനാധിപത്യത്തിന് ശത്രു!”�കേസിന്റെ ആവശ്യാര്‍ത്ഥം ഈയടുത്ത ദിവസം കാസര്‍കോട്ടേയ്ക്ക് പയ്യന്നൂര്‍ വഴി കടന്നുപോയ ലേഖകനും കോടതിയ്ക്കു മുന്നില്‍ ഡിവൈഎഫ്ഐയുടെ ഇതേ ഭീഷണി പോസ്റ്റര്‍ വായിക്കാനിടവന്നു. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച, അക്ഷരം പ്രതി അത് പാലിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുള്ള ഒരംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടിയായ സിപിഎമ്മാണ് പരസ്യമായി ഹൈക്കോടതിക്കും ജഡ്ജിക്കുമെതിരേ ഇപ്രകാരം കടന്നാക്രമണവും ഭീഷണിയും ഉയര്‍ത്തിയിട്ടുള്ളത്. നിയമവാഴ്ചയില്‍ ജനാധിപത്യം നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ഒരു ജനാധിപത്യകക്ഷി ഒരിക്കലും സ്വീകരിക്കാന്‍ പാടില്ലാത്ത സമീപനമാണിത്.
ജുഡീഷ്യറിയെ വിമര്‍ശിക്കാനും കോടതിവിധികള്‍ നിരൂപണവിധേയമാക്കാനും വേണ്ടിവന്നാല്‍ എതിര്‍ക്കാനുമുള്ള പൗരന്റെ അവകാശം ജുഡീഷ്യറി ഉള്‍പ്പെടെ നമ്മുടെ ഭരണഘടനാ സംവിധാനങ്ങളെല്ലാം അംഗീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ദുരുദ്ദേശ്യത്തോടെ ജൂഡീഷ്യറിയുടെ വിശ്വാസ്യതയ്ക്കും മതിപ്പിനും മങ്ങലേല്‍പ്പിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും അധാര്‍മ്മികവും കുറ്റകരവുമാണ്. കോടതി വിധി എതിരായാല്‍ അപ്പീല്‍ നല്‍കുകയാണ് വേണ്ടത്. ഒറ്റപ്പെട്ട വ്യക്തികളോ നേതാക്കളോ കോടതിയലക്ഷ്യ പ്രസ്താവനകളിലേക്ക് വഴുതി വീണുപോയാല്‍ അത് കോടതി മുമ്പാകെ സമ്മതിച്ച് ഖേദം പ്രകടിപ്പിക്കുകയാണ് പതിവ്. ആത്മാര്‍ത്ഥമായ നിലപാടിന്റെ ബലത്തില്‍ മാപ്പോ നാമമാത്രശിക്ഷയോ നല്കി പ്രശ്നം തീരുകയും ചെയ്യും. രാഷ്ട്രീയ പ്രവര്‍ത്തകരോ നേതാക്കളോ ഇത്തരം കേസ്സുകളില്പ്പെട്ടാല് അവരുടെ പ്രസ്ഥാനങ്ങള്‍തന്നെ ജുഡീഷ്യറിയുടെ അന്തസ്സും യശസ്സും ഉയര്ത്തിപിടിക്കത്തക്കവിധം കുറ്റാരോപിതനെ സമചിത്തതയുടെ മാര്ഗ്ഗത്തിലെത്തിക്കും. എന്നാല്‍ ജയരാജന് പ്രശ്നത്തില്‍ വ്യത്യസ്ത സമീപനമാണ് സിപിഎം സ്വീകരിച്ചത്. പാര്‍ട്ടിയുടെ അംഗീകാരമില്ലാതെ ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കാന്‍ ജയരാജന് ആവില്ലെന്ന് ആര്‍ക്കാണറിയാത്തത്? ജുഡീഷ്യറിയെ പാര്‍ട്ടിയുടെ ഉരുക്കുമുഷ്ടിയും പോര്‍വിളിയും കൊണ്ട് നിലക്ക് നിര്‍ത്താനും വരുതിയിലാക്കാനുമുള്ള ഗൂഢലക്ഷ്യം ഈയടുത്ത കാലത്തായി സിപിഎം ആസൂത്രിതമായി നടത്തിവരികയാണ്.
ജയരാജന് കേസ്സിന്റെ വിചാരണ വഴി വെളിവായിട്ടുള്ള വസ്തുതകളുടെ ന്യായാന്യായങ്ങളിലേക്ക് ഈ അവസരത്തില്‍ കടക്കാനുദ്ദേശിക്കുന്നില്ല. സുപ്രീം കോടതി മുമ്പാകെ അപ്പീല്‍ വഴി ആത്യന്തിക നീതി പ്രഖ്യാപിക്കപ്പെടും. അതിനിടയില്‍ കോടതിയലക്ഷ്യ നിയമം 19(2) വകുപ്പുപ്രകാരം അപ്പീല്‍ കോടതിയില്‍ നിക്ഷിപ്തമായ വിവേചനാധികാരം ഉപയോഗിച്ച് ജയരാജന് ജാമ്യം നല്കുന്നതില് തെറ്റില്ല. 2010 ഫെബ്രുവരി 23 ന് സവദേവോ എതിര് സ്റ്റേറ്റ് ഓഫ് യു.പി. എന്ന കേസ്സില്‍ സുപ്രീം കോടതി നല്കിയ വിധിന്യായമനുസരിച്ച് കോടതിയലക്ഷ്യ കുറ്റക്കേസ്സുകള്ക്ക് ക്രിമിനല്‍ നടപടി കോഡും ഇന്ത്യന്‍ തെളിവു നിയമവും നിര്‍ബന്ധമല്ല എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്.ജയരാജന് തന്റെ കേസ്സിന്റെ വിചാരണ വേളയിലും കോടതിയ്ക്കെതിരേ വിമര്‍ശനം തുടരുകയും മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയെ കുറ്റപ്പെടുത്തുകയുംചെയ്തു. അദ്ദേഹം ഖേദപ്രകടനത്തിന്റെ ലാഞ്ചനപോലും കോടതിയില്‍ കാട്ടിയിട്ടില്ല. ഇതിനാല്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ കുറ്റവാളിക്ക് നല്‍കാനാണ് ഡിവിഷന് ബെഞ്ച് തീരുമാനിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം ബാധകമായ കേസ്സില്‍ തടവ് ശിക്ഷ മൂന്ന് കൊല്ലത്തില്‍ താഴെയാണെങ്കില്‍ ശിക്ഷ വിധിച്ച കോടതിയ്ക്കു തന്നെ ശിക്ഷ സസ്പെന്റ് ചെയ്യാവുന്നതാണ്.ഇത് പ്രതിയുടെ അവകാശമായി നിശ്ചയിച്ചിട്ടുമുണ്ട്.
ക്രിമിനല്‍ നടപടിക്രമം കോടതിയലക്ഷ്യ കേസ്സില്‍ ബാധകമല്ലാതാവുകയും പാര്‍ലമെന്റ് പാസ്സാക്കിയ കോടതിയലക്ഷ്യ നിയമത്തില്‍ അത്തരം ഒരു വകുപ്പ് ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എന്തു ചെയ്യണം? കോടതിയലക്ഷ്യ കേസ്സുകളില്‍ അപ്പീല്‍ കോടതിക്കുതന്നെ ശിക്ഷ സസ്പെന്റ് ചെയ്യാനുള്ള അവകാശം മറ്റ് കേസ്സുകളിലേതുപോലെ നിര്‍ബന്ധമല്ല. ഈ സാഹചര്യത്തില്‍ കേരള ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ദയാദാക്ഷിണ്യം മാത്രമാണ് സസ്പെന്‍ഷനുവേണ്ടി ജയരാജന് ആശ്രയിക്കാനുണ്ടായിരുന്നത്.ജയരാജന് ചെയ്ത കുറ്റത്തില്‍ ദയാദാക്ഷിണ്യത്തിന് അവകാശമില്ലെന്ന് വിധിച്ച കോടതി സ്വാഭാവികമായും സസ്പെന്ഷന്കാര്യത്തില് വിവേചനാധികാരം കുറ്റക്കാരനനുകൂലമാക്കാന് തയ്യാറായതുമില്ല. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങളെക്കുറിച്ച് കീഴ്വഴക്കമായിത്തീരേണ്ട ആധികാരികമായ നിയമവ്യാഖ്യാനങ്ങളും തീര്‍പ്പും ഇപ്പോഴില്ല. അവ ഇപ്പോഴത്തെ അപ്പീല്‍ വഴി വരാനിരിക്കുന്നതേയുള്ളൂ. കേരള ഹൈക്കോടതി ശിക്ഷ സസ്പെന്റ് ചെയ്യുന്ന കാര്യത്തില്‍ കുറ്റക്കാരനെതിരെ ദയാലുവായിരുന്നെങ്കില്‍ നന്നായിരുന്നുവെന്ന് ആത്മാര്‍ത്ഥമായും കരുതുന്ന ഒരാളാണ് ഈ ലേഖകന്‍. അപ്പീല്‍ കോടതിയായ സുപ്രീം കോടതിയില്‍ ശിക്ഷ സസ്പെന്ഷന് ചെയ്തു കിട്ടാന്‍ ഒരു അവകാശമെന്ന നിലയില്‍ അര്‍ഹതയില്ലെങ്കിലും കോടതിയലക്ഷ്യ നിയമം 19 (2) വകുപ്പനുസരിച്ചുള്ള വിവേചനാധികാരം തടവുകാരന് അനുകൂലമാക്കിയിരുന്നെങ്കില് നന്നായിരുന്നു. ഇപ്പോള്കേരളത്തിലുടനീളം സിപിഎമ്മും എസ്ഡിപിഐ പോലെയുള്ള മുസ്ലീം തീവ്രവാദി സംഘടനകളും ഭരണഘടനാസ്തംഭങ്ങളിലൊന്നായ ജുഡീഷ്യറിക്കെതിരെ വിധിയുടെ പേരില്‍ ഉറഞ്ഞുതുള്ളുന്നതും കൊലവിളി നടത്തുന്നതും അനാവശ്യവും ആപത്കരവുമാണ്.
ജയരാജന്കേസ്സില് ഹൈക്കോടതി സ്വീകരിച്ച നിലപാടിനെ സിപിഎം അഹന്തക്കേറ്റ തിരിച്ചടിയായി കണക്കാക്കേണ്ടതാണ്.ജയരാജന്റെ വിവാദപ്രസ്താവന വന്നതിന് അടുത്ത ദിവസം ‘ദേശാഭിമാനി’ പത്രം എഴുതിയ മുഖപ്രസംഗത്തില്‍ ജയരാജന്റെ നിലപാട് അംഗീകരിക്കുകയും പാര്‍ട്ടിപരിപാടി രേഖ ഉദ്ധരിച്ചുകൊണ്ട് അതിനെ ന്യായീകരിക്കുകയുംചെയ്തിരുന്നു. ഇപ്പോഴത്തെവിധി വന്നശേഷം ‘ദേശാഭിമാനി’ ‘നീതീകരിക്കാനാകാത്ത ശിക്ഷ’�എന്ന പേരിലെഴുതിയ മുഖപസംഗത്തില് സിപിഎം പാര്‍ട്ടിരേഖ ഉദ്ധരിച്ചു കൊണ്ട് ‘തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും മറ്റ് ജനവിഭാഗങ്ങള്‍ക്കും പ്രതികൂലമാണ് ജുഡീഷ്യറി’ എന്ന 1951 മുതല്ക്കുള്ള നിലപാട് ആവര്‍ത്തിച്ചിട്ടുമുണ്ട്. കോടതിയെ അംഗീകരിക്കാന്‍ സിപിഎം തയ്യാറില്ലെന്നുള്ള അപകടകരമായ അവരുടെ നിലപാടിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുക്കാന്‍ കേരള ജനത തയ്യാറാവുകയാണു വേണ്ടത്. സിപിഎമ്മിനെ ഇക്കാര്യത്തില്‍ പിന്തുണക്കാന്‍ സഹയാത്രികരായ ഇടതുകക്ഷികള്‍ ഇപ്പോഴും തയ്യാറല്ല “ഇരന്നു വാങ്ങിയ ശിക്ഷ” എന്ന ജന്മഭൂമിയുടെ മുഖപ്രസംഗത്തിന്റെ അര്‍ത്ഥതലങ്ങളാണ് ഭൂരിപക്ഷം പത്രങ്ങളും പ്രതികരണമായി നല്‍കിയത്. രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കാത്ത വിദേശബന്ധമുള്ള ഇസ്ലാമിക ഭീകര സംഘടനയായ എന്‍ഡിഎഫും അവരുടെ ജിഹ്വയും മാത്രമാണ് സിപിഎമ്മിനെ ഇപ്പോഴത്തെ പ്രശ്നത്തില്‍ പരസ്യമായി പിന്തുണച്ചിട്ടുള്ളത്. ഭരണഘടനയേയും അതിനെ താങ്ങി നിര്‍ത്തുന്ന സ്തംഭങ്ങളേയും വികലമാക്കി രാജ്യത്തെ തകര്‍ക്കാനുള്ള ഗൂഢോദ്ദ്യേശമാണ് ഇപ്പോഴത്തെ കോടതി വിധി തെരുവിലേക്കെത്തിച്ചവര്ക്കുള്ളത്. കോടതിവിധി തെറ്റും നീതിവിരുദ്ധവുമാണെങ്കില് മേല്‍ കോടതിയില്‍ പോയി പ്രശ്നപരിഹാരം തേടുകയാണ് ഉചിതമായ മാര്‍ഗ്ഗം. മറിച്ച് അണികളെ തെരുവിലിറക്കി കൊലവിളിയും കോലം കത്തിക്കലും നടത്തി നീതിപീഠങ്ങളെ ഭയപ്പെടുത്തുകയും വരുതിയിലാക്കാന്‍ ശ്രമിക്കുകയുമല്ല വേണ്ടത്.
ജയരാജന് നടത്തിയ കോടതിയലക്ഷ്യകുറ്റം ഒറ്റപ്പെട്ട ഒരു വ്യക്തിനിഷ്ഠകുറ്റം മാത്രമായി കാണാനാവില്ല. രാജ്യം റിപ്പബ്ലിക്കായ ദിവസം മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജുഡീഷ്യറിക്കെതിരെ നടത്തിവരുന്ന കടന്നാക്രമണങ്ങളെ ഇതുമായി കൂട്ടി വായിക്കുകയാണ് വേണ്ടത്. ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് തുടര്‍ച്ചയായി ആദ്യഘട്ടത്തില്‍ റിപ്പബ്ലിക്ക് ദിനം ബഹിഷ്കരിച്ച കക്ഷിയായിരുന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി . 1958 ല്‍ ഒരു കൊലപാതക കേസ്സില്‍ മുഖ്യമന്ത്രി ഇ എം.എസ് കോടതിയലക്ഷ്യ പ്രസ്താവന നടത്തുകയും പിന്നീട് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പു പറഞ്ഞ് രക്ഷപ്പെടുകയും ചെയ്തു. പിന്നീട് 1967 നവംബര്‍ ഒമ്പതിന് അദ്ദേഹം വീണ്ടും കോടതിയലക്ഷ്യപ്രസ്താവന നടത്തി കേസ്സില്‍ പ്രതിയാവുകയും സുപ്രീംകോടതി വരെ പോയശേഷം പിഴ ഒടുക്കി നിയമത്തിന് വഴങ്ങുകയും ചെയ്തു. ജുഡീഷ്യറി ജനങ്ങളെ അടിച്ചമര്‍ത്തുന്ന മര്‍ദ്ദനോപകരണമായി ഇപ്പോഴും തുടരുന്നു എന്നും ജഡ്ജിമാരെ ജനങ്ങള്‍ തിരഞ്ഞെടുക്കേണ്ടതാണെന്നും മറ്റുമാണ് ഇ എം.എസ് അന്ന് വിവാദ പ്രസ്താവനവഴി പറഞ്ഞത്. എ.കെ. ഗോപാലന്, പി. ഗോവിന്ദപിള്ള, അച്യുതാനന്ദന്, പാലോളി മുഹമ്മദ്കുട്ടി, മുന്‍മന്ത്രി ജി.സുധാകരന് തുടങ്ങി കോടതിയലക്ഷ്യ കേസ്സില്‍ പ്രതികളായ സിപിഎം നേതാക്കളുടെ പട്ടിക നീണ്ടതാണ്. മറ്റ് അംഗീകൃത കക്ഷികളുടെ കാര്യത്തില്‍ പൊതുവേ ഇതേപോലൊരു ആക്ഷേപം ആര്‍ക്കും ഉണ്ടാവില്ല.
സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് തലശ്ശേരിയിലെ ജഡ്ജി കൊലക്കേസ്സില്‍ വിധി പറഞ്ഞതിന്റെ പേരില്‍ അധിക്ഷേപിച്ച കുറ്റത്തിന് കോടതിയലക്ഷ്യത്തിന് കേരള ഹൈക്കോടതി ശിക്ഷിച്ച് പിഴ ഒടുക്കിയ ആളാണ്. ബംഗാളിലെ സിപിഎം സെക്രട്ടറി ബിമന്‍ ബോസിന്റെ സ്ഥിതിയും മറിച്ചല്ല. നന്ദിഗ്രാമില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പില്‍ കല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന്റെ പേരില്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ കോടതിക്കെതിരെ തിരിഞ്ഞ മോശപ്പെട്ട ചരിത്രവും സിപിഎമ്മിനുണ്ട്. ജയരാജന് പ്രശ്നത്തിലും തന്റെ ധാര്‍ഷ്ട്യ പ്രസ്താവനയെ ന്യായീകരിക്കാനും ഖേദപ്രകടനം നടത്താതിരിക്കാനും അദ്ദേഹത്തെ പ്രേരിപ്പിച്ചത് സിപിഎം പാര്‍ട്ടി നിലപാടാണെന്നത് പകല്‍ പോലെ വ്യക്തമാണ്.
കോടതികളെ വരുതിയില്‍ നിര്‍ത്താന്‍ പേശീബലത്തിന്റെ ശൈലി പ്രയോഗിക്കുന്ന കേരളത്തിലെ ഏക പാര്‍ട്ടി സിപിഎമ്മാണ്.പന്നന്ന്യൂര്‍ ചന്ദ്രന്കേസ്, ജയകൃഷ്ണന് മാസ്റ്റര്‍ കേസ് തുടങ്ങിയവയില്‍ പ്രതികളെ ശിക്ഷിച്ചപ്പോള്‍ വിധി പറഞ്ഞ ജഡ്ജിമാര്‍ക്കെതിരെ കോലം കത്തിക്കല്‍, പോര്‍വിളികള്‍, പോസ്റ്റര്‍യുദ്ധം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ നിയമവിരുദ്ധമുറകള് സിപിഎം സ്വീകരിച്ചു. ഒരു ഇടതുപക്ഷമന്ത്രിയെ ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് കോടതി ശിക്ഷിച്ചപ്പോള്‍ അതിനെതിരെ നിയമസഭയെക്കൊണ്ട് പ്രമേയം പാസ്സാക്കിച്ച മോശപ്പെട്ട ചരിത്രവും കേരളത്തിനുണ്ട്. 2006 ല്‍ സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ വിധിപറഞ്ഞ ജഡ്ജിമാരില്‍ ഒരാള്‍ ചീഫ് ജസ്റ്റിസ് ബാലിയായിരുന്നു. സിപിഎം സെക്രട്ടറി ഉള്‍പ്പെട്ട എസ്എന്‍സി ലാവ്ലിന് കേസ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പുണ്ടായിരുന്നിട്ടും സിബിഐയ്ക്ക് ഏല്പിച്ചു കൊടുത്തുകൊണ്ടുള്ള വിധി പ്രസ്താവിച്ചത് ഇതേ ന്യായാധിപനായിരുന്നു. അദ്ദേഹം റിട്ടയര്‍ ചെയ്യുന്ന ദിവസം ഡിവൈഎഫ്ഐക്കാര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ച് പ്രതീകാത്മക നാടുകടത്തല്‍ എന്ന ആഭാസം നടത്തി അപമാനിച്ചു. മിതഭാഷിയും ഉന്നതവ്യക്തിത്വത്തിന്റെ ഉടമയും ഇന്ന് സുപ്രീം കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ. എസ്.രാധാകൃഷ്ണ് 2006 ജനുവരി 23 ന് ഹൈക്കോടതിയില്‍ നടന്ന റഫറന്‍സില്‍ ഇപ്രകാരം പ്രസംഗിച്ചു “അനുകൂല വിധി ഉണ്ടാകാരെ വരുമ്പോള്‍ കോടതികള്‍ക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് സ്വതന്ത്ര നീതിന്യായ വ്യവസ്ഥയിന്മേലുള്ള കടന്നാക്രമണമാണ്. നിയമവാഴ്ചയുടെ പരമാധികാരത്തെയും സുഗമമായ നീതിനിര്‍വ്വഹണത്തെയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെയും ഹനിക്കുന്നതാണ് ഇത്തരം നടപടി. കോടതികള്‍ക്കെതിരെ നിന്ദാപൂര്‍വ്വവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് കല്‍പ്പിച്ചുകൂട്ടി ദ്രോഹബുദ്ധിയോടെ നടത്തുന്ന ഭീഷണിപ്പെടുത്തലുകളാണ്. ജുഡീഷ്യറിയെ ചൊല്പ്പടിയില് നിര്‍ത്താനുള്ള ചില കേന്ദ്രങ്ങളുടെ നീക്കത്തെ കൂസലില്ലാതെ യാതൊരു ഭയപ്പാടും കൂടാതെ ചെറുത്ത് തന്നിലര്‍പ്പിതമായ ഭരണഘടനാപരമായ ചുമതല നിറവേറ്റിയതിന് കേരള ചീഫ് ജസ്റ്റിസ് ബാലി പ്രശംസയര്‍ഹിക്കുന്നു”. പക്ഷേ ഇപ്പോള്‍ സിപിഎം ഈ ഭയപ്പെടുത്തല്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുന്നു. കേരളത്തില്‍ സിപിഎമ്മില്ലാതെ മറ്റൊരു പാര്‍ട്ടിയും ഈ കടന്നാക്രമണം ജുഡീഷ്യറിക്കെതിരെ ഇതുപോലെ നടത്താറില്ല.
വായ് പ്രയോഗവും വാള്‍പ്രയോഗവും വഴി രാഷ്ട്രീയരംഗത്തെ നമ്മുടെ സാംസ്കാരിക പൈതൃകത്തെ കുത്തിമലര്‍ത്തുന്ന സിപിഎമ്മിന്റെ സംഭാവനയാണ് എതിരാളികള്‍ക്കെതിരെയുള്ള ശുംഭന്, കുരങ്ങന്, വെറുക്കപ്പെട്ടവന്‍, പിതൃശൂന്യന്‍, നികൃഷ്ഠന്‍, കൊഞ്ഞാണന് തുടങ്ങിയ പ്രയോഗങ്ങള്‍. സ്വന്തം പാര്‍ട്ടി നേതാവായ മുഖ്യമന്ത്രിയ്ക്ക് അണികള്‍ ജയ് വിളിയ്ക്കുന്നതില്‍ അരിശം പൂണ്ട് “ഇവിടെ എന്താ ഉഷാ ഉതുപ്പിന്റെ ഗാനമേളയാണോ നൃത്തം ചെയ്യാന്‍. കള്ളുകുടിച്ചെങ്കില് ഉള്ളില്‍ കിടക്കട്ടെ” എന്ന് കോട്ടയം തിരുനക്കരയില്‍ പൊതുവേദിയില്‍ പരസ്യമായി ആക്രോശിച്ച നേതാക്കന്മാരുടെ പാര്‍ട്ടിയാണ് സിപിഎം. ഇപ്പോഴത്തെ വിവാദ നായകനും തന്റെ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ അവഹേളനാപൂര്വ്വം ഉപയോഗിച്ച വാക്കുകളില്‍ ശുംഭന് പ്രയോഗം കൂടാതെ കോടതി വിധിയ്ക്ക് പുല്ലുവിലയെന്നും മണ്ടത്തരത്തിനെതിരെ അണികള്‍ തെരുവിലിറങ്ങണമെന്നും ആഹ്വാനം നല്‍കിയിരുന്നു. ഈ ധാര്‍ഷ്ട്യത്തിന്റെയും ശകാരത്തിന്റെയും ഫലമാണ് ഇപ്പോള്‍ സിപിഎം അനുഭവിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി കഴിഞ്ഞ ദിവസം ഒരു കോടതി സ്റ്റേയെപ്പറ്റി പ്രസംഗിച്ചത് “നിയമസഭയുടെ വായിലേക്ക് കോടതി ആപ്പടിച്ചുകയറ്റി” എന്നായിരുന്നു. സകലവിധ പ്രചാരണ സന്നാഹങ്ങളും ആള്‍ബലവുമുള്ള സിപിഎം ബുര്‍ഷ്വാ കോടതികള്‍ തുലയാന്‍ വേണ്ടി ഏതു തലം വരെയും പോകുമെന്ന നിലപാടിലാണുള്ളത്. ജസ്റ്റിസ് കൃഷ്ണയ്യര്‍, ജസ്റ്റിസ് ശിവശങ്കര്‍ തുടങ്ങിയവര്‍ ജുഡീഷ്യറിയെ ശക്തിപ്പെടുത്താന്‍ വിമര്‍ശിച്ചതുപോലെയാണ് താനും ചെയ്തതെന്ന് ജയരാജന് വാദിച്ചതിനെ ഖണ്ഡിക്കാന്‍ കോടതി നിയമരംഗത്ത് പ്രതി നിസ്സാരനെന്ന് ഇംഗ്ലീഷില്‍ പ്രയോഗിച്ച ‘വേം’ എന്ന വാക്കിനെപ്പിടിച്ചാണ് ഇപ്പോള്‍ ഉറഞ്ഞാടുന്നത്. കേരളത്തിലെ ജുഡീഷ്യറി കമ്യൂണിസ്റ്റ് പ്രേതബാധയുടെ ഇരയാണിപ്പോള്‍. കോടതികള്‍ക്ക് എല്ലാ അധികാരവുമുണ്ടെങ്കിലും വിമര്‍ശനങ്ങള്‍ക്ക് മാധ്യമ പ്രസ്താവനവഴിയോ മൈക്കുവെച്ചുകെട്ടിയോ മറുപടി പറയാന്‍ ആവില്ലെന്ന സാഹചര്യത്തെയാണ് സിപിഎം ഇവിടെ മുതലാക്കുന്നത്.
ജയരാജന് നടത്തിയ വിവാദ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് ജുഡീഷ്യറി ജനങ്ങള്‍ക്കെതിരായ മര്‍ദ്ദനോപകരണമാണെന്ന സിപിഎം നിലപാട് ഉദ്ധരിച്ച് ‘ദേശാഭിമാനി’യും നേതാക്കളും വിവാദപ്രസംഗത്തെ ന്യായീകരിക്കുകയും ചെയ്തു. ജനമനസ്സില്‍ കോടതിയോടുള്ള വെറുപ്പിന്റെ വിത്തുപാകിയ പാര്‍ട്ടി ഇപ്പോഴതിന്റെ വിളവെടുപ്പു നടത്തുകയാണ്. ജനപ്രാതിനിധ്യ നിയമത്തില്‍ ഒരു വ്യാഴവട്ടക്കാലം മുമ്പ് വന്ന് ഭേദഗതിയനുസരിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയാകാനും, തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജനപ്രതിനിധിയാകാനും ഭരണഘടനാ വിധേയത്വം പ്രഖ്യാപിച്ച് സത്യവാങ്ങ്മൂലം നല്‍കേണ്ടതുണ്ട്.ജഡ്ജിമാരെ തേജോവധം ചെയ്തും ജുഡീഷ്യറിയെപ്പറ്റി അവമതിപ്പുണ്ടാക്കികൊണ്ടുമുള്ള പ്രസ്താവനകളും പ്രകടനങ്ങളും കോലം കത്തിക്കലും പ്രതീകാത്മ നാടുകടത്തലും ഭീഷണികളും മറ്റും ഔപചാരികമായി ആസൂത്രണം ചെയ്തു നടപ്പാക്കുന്ന ഏക രാഷ്ട്രീയ പാര്‍ട്ടിസിപിഎം ആണ്. മറ്റ് പാര്‍ട്ടി നേതാക്കളൊന്നും ഇതു പോലെ പ്രതികളായ ചരിത്രം കേരളത്തിലില്ല.
ജുഡീഷ്യല്‍ സംവിധാനത്തിനെതിരെയുള്ള യുദ്ധപ്രഖ്യാപനത്തില്‍ നിന്ന് സിപിഎം പിന്മാറേണ്ടതാണ്. ജുഡീഷ്യറിയുടെ ജീര്‍ണ്ണതയ്ക്കെതിരെ അതിനെ ശുദ്ധമാക്കാന്‍ സക്രിയമായി ശ്രമിക്കുന്നതിനുപകരം ജീര്‍ണ്ണതകള്‍ ഇന്ധനമാക്കി കോടതിവിരുദ്ധ അജണ്ഡ നടപ്പാക്കാനാണ് മാര്‍ക്സിസ്റ്റ് നേതൃത്വം ശ്രമിക്കുന്നത്. ജനാധിപത്യത്തിനും ഭരണഘടനാ സങ്കല്‍പ്പങ്ങള്‍ക്കും മാരകമായ പരിക്കാണ് ഇതുവഴി ഏല്‍പ്പിക്കപ്പെടുന്നത്. ജയരാജന് പ്രശ്നത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് ആത്മപരിശോധനയ്ക്കും തെറ്റുതിരുത്തലിനും സിപി എം തയ്യാറാകുകയും ജുഡീഷ്യറിയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: