സൂക്ഷ്മമായ മന്ത്രശക്തിയുടെ സ്ഥൂലരൂപമാണ് യന്ത്രം. പ്രപഞ്ചവ്യാപിയായ ഉപാസ്യദേവതയുടെ മൂര്‍ത്തമായ ഒരു പ്രതിരൂപമാണ് യന്ത്രം എന്നുപറയാം. യന്ത്രത്തെ ധരിക്കുകയോ ഉപാസിക്കുകയോ ചെയ്യുന്നതിലൂടെ സാധകന് ഉപാസ്യദേവതയുമായി താദാത്മ്യം പ്രാപിക്കുന്നു. ‘സനാതനമായ പിച്ഛക്തി പ്രപഞ്ചസൃഷ്ടിക്കുപയോഗിച്ച മാനങ്ങള്‍ കണ്ടറിഞ്ഞ ഋഷീശ്വരന്മാര് ആ മാനങ്ങളെ നേര്‍വരങ്ങള്‍ കൊണ്ടും വൃത്ത ത്രികോണ ചതുരശ്രാദികള് കൊണ്ടും രേഖപ്പെടുത്തിയവയാണ് യന്ത്രങ്ങള്‍ അഥവാ ചക്രങ്ങള്‍’ എന്ന് ഡോ. ബി.സി. ബാലകൃഷ്ണന് അഭിപ്രായപ്പെടുന്നുണ്ട്.
രക്ഷ, കാര്യസാദ്ധ്യം, നിഗ്രഹം, രോഗശമനം, സ്തംഭനം, ആകര്‍ഷണം, വിദ്വേഷണം, ഉച്ചാടനം, വശ്യം തുടങ്ങിവയ്ക്കുവേണ്ടിയൊക്കെ യന്ത്രം ധരിക്കാറുണ്ട്. വര്‍ണ്ണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മണ്ഡലങ്ങളും അതിനുള്ള രേഖാചിത്രങ്ങളും ഉള്‍ക്കൊള്ളുന്നതാണ് യന്ത്രങ്ങള്‍. എന്നാല്‍ സ്വര്‍ണ്ണം, വെള്ളി തുടങ്ങിയ ലോഹത്തകിടുകളില് ആലേഖനം ചെയ്യുന്ന യന്ത്രങ്ങള്‍ക്ക് വര്‍ണങ്ങള്‍ ഉപയോഗിക്കാറില്ല. ജീവന്, പ്രാണന്, ശക്തി, നേത്രം, ശ്രോത്രം, യന്ത്രഗായത്രി, മന്ത്രഗായത്രി, പ്രാണപ്രതിഷ്ഠ, ഭൂതബീജം, ദിക്പാലബീജം എന്നീ പത്ത് അംഗങ്ങള്‍ ചേര്‍ന്നതാണ് യന്ത്രം. വിധിപ്രകാരം യന്ത്രം എഴുതിയശേഷം അതിനെ ചൈതന്യവല്‍ക്കരിക്കേണ്ടതുണ്ട്. ഇതിനെക്കുറിച്ച് പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന് നമ്പൂതിരിപ്പാട് എഴുതിയിരിക്കുന്നത് ശ്രദ്ധിക്കുക. ‘ഒന്നാമതായി ഒരു ദിവസം ജലാധിവാസം (വെള്ളത്തിലിടുക) ചെയ്യുക. പിറ്റേദിവസം എടുത്ത് പുറ്റു മണ്ണ് തേച്ചു കഴുകുക. പിന്നെ നാല്പാമരപ്പൊടി തേച്ചു കഴുകുക. പിന്നെ പുണ്യാഹം ജപിച്ച് തളിക്കുക. അനന്തരം കലശം (ഇത് നാല്പാമരപ്പൊടി ഇട്ടുതിളപ്പിച്ച കഷായജലമായാലും വിരോധമില്ല) പഞ്ചഗവ്യം ഇവ പൂജിച്ച് ആടുക. പിന്നീട് അതാത് മൂര്‍ത്തിയെ വിധിപ്രകാരം ആവാഹിച്ച് സപരിവാരം പൂജിക്കുക. പൂജയോടുകൂടിത്തന്നെ പ്രാണപ്രതിഷ്ഠാമന്ത്രവും കുറെ തൊട്ടുജപിക്കണം. പിന്നെ അതാത് മന്ത്രം യഥാശക്തി തൊട്ടുജപിക്കുക. ജപത്തിന്റെ പത്തിലൊന്ന് ഹോമിച്ച് സമ്പാതം സ്പര്‍ശിക്കുകയും വേണം. ഇത്രയും ചെയ്ത് അവസാനിപ്പിക്കാം. പിന്നെ ധരിക്കുകയോ സ്ഥാപിക്കുകയോ ചെയ്യാം.
യന്ത്രധാരണം ഫലപ്രദമാകുന്നതിന് അടിസ്ഥാനപരമായി വേണ്ടത് യന്ത്രം തയ്യാറാക്കുന്ന രീതി വിധിപ്രകാരവും കുറ്റമറ്റതുമായിരിക്കണം എന്നതാണ്. മുകളില്‍ സൂചിപ്പിച്ച കര്‍മ്മങ്ങള്‍ വിധിപ്രകാരം പൂര്‍ണമായി ചാലിച്ചുകൊണ്ട് തയ്യാറാക്കുന്ന യന്ത്രങ്ങള്‍ നിശ്ചയമായും ഫലപ്രദമായിരിക്കും. ചെമ്പുതകിട്, വെള്ളിത്തകിട്, സ്വര്ണ്ണത്തകിട് എന്നിവയില്‍ തയ്യാറാര്‍ ചെയ്യുന്ന യന്ത്രങ്ങളില്‍ ഫലദാനശക്തി കൂടുതല്‍ സ്വര്‍ണ്ണത്തകിടിനും അതിലും കുറവ് വെള്ളിത്തകിടിനും അതിലും കുറവ് ചെമ്പുതകിടിനുമായിരിക്കും. എന്നാല്‍ ചില യന്ത്രങ്ങള്‍ ചില ലോഹത്തില്‍ തന്നെ തയ്യാരാക്കുന്നതാണ് ഉത്തമമെന്നും വിധിയുണ്ട്. ചന്ദ്രയന്ത്രം വെള്ളിയില്‍ തദയ്യാറാക്കുന്നതാണ് നല്ലത്.
ഏത് യന്ത്രം ധരിക്കണം എന്ന് കണ്ടെത്തേണ്ടതും അതീവസൂക്ഷ്മത ആവശ്യപ്പെടുന്ന ഒരു പ്രക്രിയയാണ്. രത്നത്തെപ്പോലെ പാര്‍ശ്വഫലങ്ങള്‍ യന്ത്രത്തിന് കുറവാണ്. എന്നാല്‍ ഗ്രഹനില, ദശാകാലം, ഗോചരഫലങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്തുവേണം യന്ത്രം നിര്‍ണയിക്കാന്‍. വിധിപ്രകാരം യന്ത്രം ധരിക്കുന്നതിന് മുമ്പ് ആവശ്യമെങ്കില്‍ പല ക്രിയകളും ചെയ്യേണ്ടിവരും. ഉദാരണത്തിന്, ജാതകനെ ഒരു ബാധാഗ്രഹം ബാധിച്ചിരിക്കുന്നതായി പ്രശ്നത്തില്‍ തെളിഞ്ഞാല്‍ ആ മൂര്‍ത്തിയെ ആവാഹിച്ച് വിധിപ്രകാരം ബലിപൂജാദികള്‍ നല്കി പറഞ്ഞയച്ച് കലശാഭിഷേം തുടങ്ങിയവയിലൂടെ ജാതകനെ ശുദ്ധനാക്കിയ ശേഷം വേമം യന്ത്രം ധരിപ്പിക്കുവാന്‍. ഗൃഹത്തിലും മറ്റും യന്ത്രം സ്ഥാപിക്കുന്നതിന് മുന്‍പ് ആവശ്യമെങ്കില്‍ അവിടെ സ്ഥലശുദ്ധി ചെയ്യുകയോ അല്ലെങ്കില്‍ പുണ്യാഹം, പഞ്ചഗവ്യം തുടങ്ങിയവ തളിച്ച് ശുദ്ധിവരുത്തുകയോ ചെയ്യേണ്ടതാണ്. മന്ത്രം, യന്ത്രം തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്. യന്ത്രം ധരിച്ചിരിക്കുന്നത് ആരും കാണരുത് എന്നല്ല ഇവിടെ വിവക്ഷ. അത് ഏത് യന്ത്രമാണെന്നും എന്തിനുവേണ്ടി ധരിക്കുന്നുവെന്നുമുള്ള കാര്യങ്ങളാണ് രഹസ്യമായി സൂക്ഷിക്കേണ്ടത്.
– ഡോ. കെ.ബാലകൃഷ്ണവാര്യര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: