അങ്കാറ: തുര്‍ക്കിയില്‍ രണ്ടാമതും ഉണ്ടായ ഭൂചലനത്തില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച പ്രകടനക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും നടത്തി. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ 12 പേരോളം കൊല്ലപ്പെട്ടിരുന്നു. താമസസ്ഥലങ്ങള്‍ തകര്‍ന്ന തങ്ങള്‍ക്ക് താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ലഭിക്കാത്തതിനാല്‍ കഠിനമായ തണുപ്പില്‍ പുറത്തു കഴിയേണ്ടിവരുന്നുവെന്നും അതേസമയം ചിലര്‍ക്ക് ആവശ്യത്തിലേറെ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ ലഭിച്ചുവെന്നും പ്രകടനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ഇത്രയൊക്കെ കഷ്ടതകള്‍ അനുഭവിച്ച ജനങ്ങള്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിക്കാന്‍ സര്‍ക്കാരിനെങ്ങനെ മനസ്സുവരുമെന്നാണ് ഒരു പ്രകടനക്കാരന്റെ ചോദ്യം. മഞ്ഞുകാലം ആരംഭിച്ചതോടെ അതിശൈത്യത്തില്‍ ആയിരക്കണക്കിനാളുകള്‍ താല്‍ക്കാലിക കൂടാരങ്ങളില്‍ കഴിഞ്ഞുകൂടുകയാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ആവശ്യത്തിലേറെ താല്‍ക്കാലിക സൗകര്യങ്ങള്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. ഇക്കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലിന്റെ പരിസരത്തു താമസിച്ചിരുന്നവര്‍ പ്രാദേശിക ഗവര്‍ണറുടെ രാജി ആവശ്യപ്പെട്ടാണ് പ്രകടനം നടത്തിയത്. താല്‍ക്കാലിക പാര്‍പ്പിടങ്ങളില്‍ കഴിയാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നും അവിടെ കൂടുതല്‍ സുരക്ഷിതത്വമുണ്ടെന്നും ധാരാളം സ്ഥലസൗകര്യമുണ്ടെന്നും ഉപപ്രധാനമന്ത്രി ബീസര്‍ അറ്റ്ലായി വാര്‍ത്താലേഖകരോട് പറഞ്ഞു. കൂടുതല്‍ താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും 28 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഹെലികോപ്ടറില്‍ തലസ്ഥാനമായ അങ്കാറയിലെ ആശുപത്രിയിലെത്തിച്ചു. തകര്‍ന്ന ബയ്‌റാം ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ആറ് മണിക്കൂറിനുശേഷം കണ്ടെത്തിയ ഒരു ജപ്പാന്‍കാരിയെ രക്ഷപ്പെടുത്താനായി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ ഒരു ജപ്പാന്‍ ഡോക്ടര്‍ മരണമടഞ്ഞു.
ബുധനാഴ്ചയുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം വാന്‍ പട്ടണത്തിന്റെ തെക്കന്‍ പ്രദേശമായിരുന്നെങ്കില്‍ ഒക്ടോബര്‍ 23 ലെ ചലനത്തിന്റെ കേന്ദ്രം വാനിന്റെ വടക്കു കിഴക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: