പാതയോരങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച ജഡ്ജിമാരെ ശുംഭന്മാര് എന്ന് വിളിച്ച സിപിഎം നേതാവ് എം.വി. ജയരാജന് കോടതിയലക്ഷ്യക്കുറ്റത്തിന് ആറുമാസം തടവും രണ്ടായിരം രൂപ പിഴയും വിധിച്ചിരിക്കുകയാണ് ഹൈക്കോടതി. കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാര്‍ക്ക് നല്കാവുന്ന പരമാവധി ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്ന സാഹചര്യത്തില്‍ ശിക്ഷാവിധി സസ്പെന്റ് ചെയ്യണം എന്ന ജയരാജന്റെ ആവശ്യം നിരസിക്കപ്പെടുകയും ചൊവ്വാഴ്ച തന്നെ ജയരാജനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുകയും ചെയ്തു. മൂന്നുവര്‍ഷത്തില്‍ കുറവുള്ള ജയില്‍ ശിക്ഷകളില്‍ വിധി സസ്പെന്റ് ചെയ്ത് അപ്പീല്‍ നല്കാന് അവസരം നല്കുന്ന രീതി ജയരാജന്റെ കാര്യത്തില്‍ കോടതി സ്വീകരിച്ചില്ല. പാതയോര പൊതുയോഗങ്ങള്‍ പോലുള്ള പ്രതിഷേധം ജനായത്ത ഭരാൊമിശണത്തില് ജനങ്ങളുടെ അവകാശമാണെന്നും ഹൈക്കോടതി വിധിയ്ക്ക് ജനങ്ങള്‍ പുല്ലുവിലയാണ് കല്പിക്കുന്നതെന്നും നീതിന്യായ പീഠത്തിലിരുന്ന് ഏതാനും ചില ശുംഭന്മാര് വിധി കല്‍പ്പിക്കുകയാണെന്നും മറ്റുമാണ് ജയരാജന് പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ കണ്ണൂരില്‍ ചേര്‍ന്ന യോഗത്തില്‍ ജഡ്ജിമാരെ ഇകഴ്ത്തി സംസാരിച്ചത്. ജഡ്ജിമാരോട് രാജിവെക്കാനും ജയരാജന് ആവശ്യപ്പെട്ടു. ഇത് നിയമനിഷേധത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതാണെന്നും അവരില്‍ കോടതിയോട് അനാദരവ് ജനിപ്പിക്കാന്‍ കാരണമാകും എന്നും കോടതിയെ അവഹേളിക്കുന്നതാണെന്നും ഹൈക്കോടതി വിലയിരുത്തി. കോടതിയലക്ഷ്യ നടപടി തുടങ്ങിയ ശേഷവും താന്‍ പറഞ്ഞതില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് പകരം ജയരാജന് പൊതുയോഗങ്ങളിലും മാധ്യമങ്ങളിലൂടെയും കോടതിവിരുദ്ധ പരാമര്‍ശങ്ങള്‍ തുടരുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മറുപടി സത്യവാങ്മൂലവും കോടതിയില്‍ നല്കിയ മറുപടികളും പ്രതിഫലിപ്പിച്ചതും ഇതേ ചേതോവികാരമായിരുന്നു എന്നും വിധി പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിലെ നാല് നെടുംതൂണുകളില്‍ ഒന്നാണ് നീതിന്യായപീഠങ്ങള്‍. അതിന് കൊടുക്കേണ്ട ബഹുമാനം കൊടുത്തില്ലെന്ന് മാത്രമല്ല, കോടതിയുടെ അന്തസ്സ് ജനങ്ങളുടെ മുന്നില്‍ ഇടിച്ചുതാഴ്ത്താനും ജയരാജന് ശ്രമിച്ചു. പെട്ടെന്നുണ്ടാകുന്ന പ്രകോപനത്തിന്റെ പേരില്‍ നിയമവാഴ്ചയെ വെല്ലുവിളിച്ചതാണ് വിധിക്ക് പ്രേരകമായത്. ജയരാജന് നല്കിയ ശിക്ഷ വ്യത്യസ്ത പ്രതികരണങ്ങളാണ് ക്ഷണിച്ചുവരുത്തിയിരിക്കുന്നത്. കോടതിയലക്ഷ്യം പോലുള്ള കേസില്‍ ജയരാജന് അപേക്ഷിച്ച പ്രകാരം വിധി സസ്പെന്റ് ചെയ്യാതെ ശിക്ഷ ഉടന്‍ നടപ്പാക്കിയത് കോടതി വൈരാഗ്യബുദ്ധിയോടെ പെരുമാറിയതാണ് എന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നിലപാട്. കോടതിക്കെതിരെ വിമര്‍ശനം ഉയരുന്നത് കേരളത്തിലോ ഇന്ത്യയിലോ ആദ്യത്തെ സംഭവമല്ല. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കെതിരെ അലഹബാദ് ഹൈക്കോടതി അധികാരദുര്‍വിനിയോഗം നടത്തിയെന്നും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടി എന്നും ആരോപിച്ച് അവരെ ആറുവര്‍ഷത്തേക്ക് തെരഞ്ഞെടുപ്പിന് നില്ക്കാന് അയോഗ്യയായി വിധികല്പ്പിക്കുകയുണ്ടായി. ഈ വിധിയെ അട്ടിമറിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികാര ഭ്രഷ്ടയായപ്പോള് ഇന്ദിരാഗാന്ധിയും ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് കോടതി പൗരന്മാരെ രണ്ടുതട്ടില്‍ കാണുന്നു എന്നും നല്ല വസ്ത്രം ധരിച്ചെത്തുന്നവക്ക് ഒരു നിയമവും അല്ലാത്തവര്‍ക്ക് വേറൊരു നിയമവും ആണ് എന്ന് പറഞ്ഞതിന് കോടതി ആയിരം രൂപ പിഴ വിധിച്ചു. ഇതിനെതിരെ ഇഎംഎസ് സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ ശിക്ഷ ഒരു രൂപയായി ഇളവുചെയ്യുകയും ഇഎംഎസ് പിഴ അടയ്ക്കുകയും ചെയ്തു.
മുന്‍മന്ത്രിയായ പാലൊളി മുഹമ്മദ്കുട്ടി നോട്ടുകെട്ടുകളുടെ കനമനുസരിച്ച് കോടതി വിധി പറയുന്നു എന്ന് പറഞ്ഞതിന് നിരുപാധികം മാപ്പപേക്ഷിക്കുകയുണ്ടായി. നര്‍മ്മദ നദീതട പദ്ധതിയില്‍ കോടതി നല്കിയ വിധിക്കെതിരെ വന്ന അരുന്ധതി റോയിക്കും ഒരു ദിവസത്തെ തടവും രണ്ടായിരം രൂപ പിഴയും അടക്കേണ്ടിവന്നു. കോടതി ജനോപകാരപ്രദമായ പല ഇടപെടലുകള്‍ നടത്തുമ്പോഴും സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും കയ്യിടുന്നു എന്ന ആക്ഷേപം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ സംവിധാനങ്ങളിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും കോടതി ഇടപെടുന്നു എന്ന് പരാതി ഉയര്‍ത്തിയത്. പാര്‍ലമെന്റിന്റെ അധികാരത്തില്‍പോലും കോടതി ഇടപെടല്‍ പ്രക്ഷുബ്ധരംഗങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ജുഡീഷ്യല്‍ ആക്ടിവിസം രാഷ്ട്രീയക്കാര്‍ എന്നും എതിര്‍ത്തിരുന്നു. ജയരാജന് നല്കിയ ശിക്ഷ കൂടിപ്പോയെന്ന് രഷ്ട്രീയപാര്‍ട്ടികള്‍ വാദിക്കുന്നത് അവരുടെ പൊതുയോഗം നടത്താനുള്ള അവകാശം നിഷേധിക്കപ്പെടുന്നതിനാലാണ്. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമായിരിക്കെ അത് പൊതുജനങ്ങള്‍ക്ക് മുന്പില് പ്രകടിപ്പിക്കാനുള്ള അവകാശനിഷേധം നീതിനിഷേധമായി കാണണം. പാതയോര പൊതുയോഗങ്ങള്‍ വാഹനഗതാഗതം തടസ്സപ്പെടുത്തുകയും കാല്‍നടക്കാര്‍ക്ക് പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് കോടതി അതിനെ നിരോധിച്ചത്. കേരള നിയമസഭ ഈ വിധിയെ മറികടക്കാന്‍ പാസാക്കിയ നിയമവും കോടതി റദ്ദാക്കി. ജയരാജന്റെ പ്രസ്താവന ശുദ്ധഅജ്ഞതയാണെന്നും കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹത്തിന് ജ്ഞാനം കുറവാണെന്നും കോടതി നിരീക്ഷിച്ചു. നിയമപണ്ഡിതരുമായി താരതമ്യം ചെയ്യുമ്പോള്‍ ജയരാജന് വെറും കീടം ആണെന്നും ഹൈക്കോടതി പ്രസ്താവിച്ചു.
‘ശുംഭന്’ എന്ന വാക്കിനര്‍ത്ഥം ശോഭിക്കുന്നവന്‍ എന്നാണെന്ന് ജയരാജന് കൊണ്ടുവന്ന സംസ്കൃതപണ്ഡിതന്‍ കോടതിയില്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റുകാരെ പേടിയാണോ എന്ന് കോടതി ചോദിക്കുകയുണ്ടായി. ശബ്ദതാരാവലിയില്‍ ശുംഭന് എന്നാല്‍ ഭോഷന്, വകയ്ക്കുകൊള്ളാത്തവന്‍ എന്നും മറ്റുമാണ് അര്‍ത്ഥം എന്നും പ്രസംഗം കേള്‍ക്കുന്നവര്‍ സംസ്കൃതപണ്ഡിതരല്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. പലരും ഇതൊരു മാതൃകാവിധിയാണെന്നും രാഷ്ട്രീയ നേതാക്കളുടെ ഭാഷ കൂടുതല്‍ മാന്യമാകേണ്ടതിന്റെ ആവശ്യത്തിലേക്കാണ് വിധി വിരല്‍ ചൂണ്ടുന്നതെന്നും അഭിപ്രായപ്പെട്ടു. പക്ഷെ കോടതിയുടെ ബഹുമാന്യതയ്ക്കും അംഗീകാരത്തിനും കോട്ടം തട്ടുന്നതാകരുത് വിധികള്‍ എന്ന അഭിപ്രായവും ഉയര്‍ന്നുകഴിഞ്ഞു. എല്ലാ കോടതിവിധികളും വിധേയത്വത്തോടെ അംഗീകരിക്കണം എന്ന ശാഠ്യം ജനാധിപത്യ വ്യവസ്ഥയില്‍ അംഗീകരിക്കാനാവില്ല. വിധിന്യായങ്ങളെ വിമര്‍ശിക്കുന്നത് കോടതിയലക്ഷ്യമല്ല എന്ന് വാദിക്കുമ്പോള്‍ അത് സഭ്യമായ, മാന്യമായ ഭാഷയിലായിരിക്കണം എന്നൊരു സന്ദേശം കൂടി ഈ വിധിയുടെ ഭാഗമായി ഉള്‍ക്കൊള്ളേണ്ടതാണ്. കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത്, എന്തിനും ഏതിനും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാത്ത തരത്തില്‍ വഴിയോര പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ സാധ്യമാകണം എന്ന ആശയം വരുമ്പോഴാണ് ജയരാജന്റെ വഴിയോര പൊതുയോഗം സംഘടിക്കല്‍ പ്രസക്തമാകുന്നത്. പക്ഷെ ഇവിടെ കോടതിയെ പ്രകോപിപ്പിച്ചത് ആ പ്രതിഷേധത്തിന് ഉപയോഗിച്ച നിഷിദ്ധ പദപ്രയോഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: