മുംബൈ: അണ്ണാ ഹസാരെ സംഘത്തിന് രാഷ്‌ട്രീയത്തില്‍ വരുവാന്‍ ആഗ്രഹമുണ്ടെങ്കില്‍ തുറന്നു പറയണമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ വ്യക്തമാക്കി. മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും രാഷ്‌ട്രീയത്തില്‍ വരണമെന്നും രാഷ്‌ട്രീയം സമ്പന്നമാകുമെന്നും അത് ഹസാരെ ഇപ്പോള്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് രാഷ്‌ട്രീയത്തിന്റെ ഭാഗമാകുന്നതിലും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിലും തെറ്റൊന്നുമില്ലെന്നും എന്നാല്‍ രാഷ്‌ട്രീയത്തിന് പുറത്തുനിന്നുകൊണ്ട് രാഷ്‌ട്രീയ പാര്‍ട്ടികളെ പിന്തുണക്കുകയോ എതിര്‍ക്കുകയോ ചെയ്യരുതെന്നും ചവാന്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ അഥവാ ഏതെങ്കിലും രാഷ്‌ട്രീയ പാര്‍ട്ടിയെ പിന്തുണക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ച് വ്യക്തമായ നിലപാടുണ്ടായിരിക്കണം. ഇതിനുപകരം ലോക്പാല്‍ ബില്‍ പാസായില്ലെങ്കില്‍ താന്‍ കോണ്‍ഗ്രസിനെ എതിര്‍ക്കുമെന്ന നിഷേധാത്മക നിലപാടെടുക്കാന്‍ പാടില്ല, ചവാന്‍ പറഞ്ഞു. ഒരു മറാഠി ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില കാര്യങ്ങള്‍ പറഞ്ഞ് ചിലരെ എതിര്‍ക്കുന്നത് മറ്റ് ചിലരെ അനുകൂലിക്കലാണ്. ഏത് തരത്തിലുള്ള ആശയത്തേയും പാര്‍ട്ടിയെയുമാണ് പിന്തുണക്കുന്നതെന്ന് വ്യക്തമാക്കുകയും വേണം.
അതേസമയം, വിവിധ പ്രദേശങ്ങളിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ അണ്ണാഹസാരെ തരംഗം ഉണ്ടായിട്ടില്ലെന്ന് ചവാന്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: