മോസ്കോ: ചൊവ്വയില്‍നിന്ന് പാറയും മണ്ണും ശേഖരിക്കാന്‍ വേണ്ടി അയച്ച റഷ്യന്‍ ഉപഗ്രഹം വിക്ഷേപണം കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം ലക്ഷ്യം തെറ്റി. റഷ്യയുടെ 33-ാമത് പരീക്ഷണമാണ് പരാജയപ്പെട്ടത്. ഇതിനായുള്ള യന്ത്രം പ്രവര്‍ത്തിക്കാത്തതാണ് കാരണമെന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സി വെളിപ്പെടുത്തി.
ഭൂമിയുടെ ഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയ ഉപഗ്രഹം ശരിയാക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് മൂന്ന് ദിവസംകൂടി സമയമുണ്ട്. മൂന്നു ദിവസത്തിനുള്ളിലാണ് യന്ത്രത്തിലെ ബാറ്ററികള്‍ ചാര്ജില്ലാതെയാവുന്നത്. ഈയടുത്ത കാലത്ത് വളരെയേറെ പ്രതീക്ഷകളോടെ റഷ്യ നടത്തിയ ബഹിരാകാശ ദൗത്യമാണിത്. ഫോബോസ് ഗ്രന്റ് എന്നു പേരിട്ടിരിക്കുന്ന ഈ സംവിധാനം വഴി ചൊവ്വയിലെ മണ്ണ് ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഈ ദൗത്യത്തിലൂടെയാണ് ചൈനയുടെ ആദ്യത്തെ ചൊവ്വ ഉപഗ്രഹവും റഷ്യ വിക്ഷേപിക്കുന്നത്. 115 കിലോ ഭാരമുള്ള യിങ്ന്ഘുവോ എന്ന ചൈനീസ് ഉപഗ്രഹമാണ് നിരീക്ഷണ പഥത്തില്‍ എത്തിക്കുന്നത്.
കസാക്കിസ്ഥാനിലെ ബെയ്ക്ക്മൂര് ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് സെനിത്ത് രണ്ട് എസ്ബി റോക്കറ്റില്‍ ചൊവ്വാഴ്ച ഗ്രീന്‍വിച്ച് സമയം 20.16 ന് ഉപഗ്രഹം വിക്ഷേപിക്കപ്പെട്ടത്. അതിന്റെ ഭ്രമണ പഥം തിരുത്താന്‍ സാധിക്കുകയും ആസൂത്രണം ചെയ്തതുപോലെ കാര്യങ്ങള്‍ നടക്കുകയും ചെയ്താല്‍ മൂന്നുവര്‍ഷത്തിനകം അത് ചൊവ്വയിലെ മണ്ണുമായി ഭൂമിയിലെത്തുമായിരുന്നു. റോക്കറ്റിലെ എന്ജിന് സംവിധാനങ്ങള്‍ക്ക് തകരാറു സംഭവിച്ചതായി റഷ്യന്‍ ബഹിരാകാശ ഗവേഷണ തലവന്‍ വ്ലാഡിമിര്‍ പോപ്പോവ്കിന് ചൂണ്ടിക്കാട്ടി. ഇതൊരു പരാജയമായി താന്‍ കണക്കാക്കുന്നില്ലെന്ന് ബഹിരാകാശ ഉപദേശകനും നാസയിലെ മുന്‍ ബഹിരാകാശ വിദഗ്ദ്ധനുമായ ജെയിംസ് ഒബര്‍ഗ് അഭിപ്രായപ്പെട്ടു. റോക്കറ്റിന്റേയും ഉപഗ്രഹങ്ങളുടേയും നിയന്ത്രണം വീണ്ടെടുക്കാന്‍ ശ്രമം തുടരുകയാണെന്നും അത് അസാധ്യമല്ലെന്നും അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: