കോതമംഗലം: കുരൂര്‍ തോട് മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ കോതമംഗലം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് ദിനേശ് എം.പിള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അദാലത്തില്‍ തീരുമാനമായി.
എംഎ കോളേജ് അസോസിയേഷന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയെത്തുടര്‍ന്നാണ് അദാലത്തില്‍ തീരുമാനമായത്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിലെ ശാസ്ത്രജ്ഞന്‍ ഡോ. അജയകുമാര്‍ വര്‍മ, ശുചിത്വമിഷന്‍ ഡയറക്ടര്‍ എം.ദിലീപ് കുമാര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ജില്ല എന്‍വയണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എ.ബൈജു, സിഡബ്ല്യുആര്‍ഡിഎം സബ്സെന്റര്‍ മേധാവി ഡോ. ജോര്‍ജ് അബി, ഹോളികിംഗ്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി ഡീനും മേധാവിയുമായ ഡോ. എം.ജി.ഗ്രേഷ്യസ് എന്നിവരുള്‍പ്പെട്ട അഞ്ചംഗ വിദഗ്ധസമിതിയെയാണ് കുരൂര്‍ തോട്ടിലെ മാലിന്യ ഉത്ഭവം, മാലിന്യ നിര്‍മാര്‍ജന പരിഹാരമാര്‍ഗം എന്നിവ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.
26 ന് പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. മലിനീകരണത്തിന് കാരണക്കാരായ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്ന് നടക്കുന്ന അദാലത്തില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ടി.യു.കുരുവിള എംഎല്‍എ, കീരമ്പാറ, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, മലിനീകരണനിയന്ത്രണബോര്‍ഡ് അധികൃതര്‍, ആരോഗ്യവകുപ്പ് അധികൃതര്‍ എന്നിവരെ അടുത്ത അദാലത്തില്‍ പങ്കെടുപ്പിക്കുന്നതിന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചു.
കുരൂര്‍ തോട്ടിലെ നിലവിലുള്ള മാലിന്യസ്ഥിതി പരിശോധിച്ച് തിട്ടപ്പെടുത്തുന്നതിന് നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനെയോ, മാര്‍ അത്തനേഷ്യസ് കോളേജിനെയോ ചുമതലപ്പെടുത്തുവാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: