ഇതിന്റെ യഥാര്‍ത്ഥനാമം ‘ശ്രീപേരും ഭുദൂര്’ എന്നാണ്. ത്രിവേല്ലോര് സ്റ്റേഷനില്‍ നിന്ന് പതിനൊന്നു കിലോമീറ്റര്‍ തെക്കാണ് ഈ ഗ്രാമം. മദ്രാസില്‍ നിന്ന് ഇങ്ങോട്ടു ബസ് സര്‍വ്വീസുണ്ട്.
ഇത് ശ്രീരാമാനുജാചാര്യരുടെ ജന്മഭൂമിയാണ്. അനന്തസരോവരത്തിനുസമീപം ശ്രീ#ാരമാനുജാചാര്യരുടെ വിശാലമായ ക്ഷേത്രമുണ്ട്.
ഇവിടുള്ള മറ്റൊരു ക്ഷേത്രം കേശവഭഗവാന്റേതാണ്. അതില്‍ അനന്തശായിയായ മൂര്‍ത്തിയാണ്. അതിനുള്ളില്‍ ലക്ഷ്മീക്ഷേത്രവും വേറെ ചെറിയ ക്ഷേത്രങ്ങളുമുണ്ട്. അവിടുന്ന് അല്പം അകലെ ഇവിടത്തെ ഏറ്റവും വലിയതും പുരാതനവുമായ ഭൂതേശ്വരശിവക്ഷേത്രം സ്ഥിതി ചെയ്യുന്നു.
ഭഗവാന് ശ്രീശങ്കരന്റെ നൃത്തവേളയില്‍ അദ്ദേഹത്തിന്റെ ചില ഭൂതഗണങ്ങള്‍ ചിരിച്ചു. ശങ്കരന് കോപിച്ച് അവരെ ഭൃത്യപദവിയില്‍ നിന്നു വേര്‍പെടുത്തി. അവര്‍ ദുഃഖിതരായി ബ്രഹ്മാവിനെ ശരണം പ്രാപിച്ചു. ബ്രഹ്മദേവന് അവര്‍ക്കു വേറെ സ്ഥലം നിര്‍ദ്ദേശിച്ച് ഭഗവാന് കേശവനെ ആരാധിക്കാന്‍ പറഞ്ഞയച്ചു. അവരുടെ ആരാധനയില്‍ സന്തുഷ്ടനായി കേശവഭഗവാന്‍ ശ്രീശങ്കരനോട് അപേക്ഷിച്ച് അവരെ വീണ്ടും ഭൃത്യപദവിയില്‍ പ്രവേശിപ്പിച്ചു. ആ ഭഗവാനാണ് അവിടെ അനന്ദസരോവരം കാണിച്ചുകൊടുത്തത്. ഭൂതങ്ങള്‍ അതിനല് സ്നാനം ചെയ്തു ശങ്കരനെ പൂജിച്ചു. അന്നുമുതല്‍ തീര്‍ത്ഥത്തിന്റെ പേര് ഭൂതപുരി എന്നായിത്തീര്‍ന്നു.
പക്ഷിതീര്ത്ഥം
ഉത്തരഭാരതത്തില്‍ ഗിരിരാജനായ ഗോവര്‍ദ്ധനത്തിനും കാമദഗിരിപര്വ്വതത്തിനും ഭഗവദ്രൂപത്തില്‍ എങ്ങനെയാണോ സ്ഥാനമുള്ളത് അതേപോലെ ദക്ഷിണഭാരതത്തില്‍ മൂന്നു പര്‍വ്വതങ്ങള്‍ ത്രിമൂര്‍ത്തികളുടെ സ്വരൂപമായി ആദരിക്കപ്പെടുന്നുണ്ട്. ഇവയില്‍ പക്ഷിതീര്ത്ഥത്തിലെ വേദഗിരി ബ്രഹ്മസ്വരൂപവും അരുണാചലം ശിവസ്വരൂപവും തിരുപ്പതിയിലെ വെങ്കടാചലം വിഷ്ണുസ്വരൂപവുമായി ആദരിക്കപ്പെടുന്നു. വേദഗിരിയുടെ പ്രദക്ഷിണം ജനങ്ങള്‍ പക്ഷിതീര്‍ത്ഥത്തില്‍ നിന്ന് ആരംഭിക്കുന്നു. പ്രദക്ഷിണമാര്‍ഗം വളരെ നല്ലതാണ്.
പക്ഷിതീര്ത്ഥത്തിന് സ്ഥളനാമം തിരുവക്കുലുക്കുന്ത്രം എന്നാണ്. ചെങ്കല്‍പേട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നു പതിനഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട്. ഇവിടേക്ക്. മദ്രാസില്‍ നിന്ന് ചെങ്കല്പേട്ടകൂടി ബസ് സര്‍വ്വീസുണ്ട്. ഇവിടെ ധര്‍മ്മശാലയുമുണ്ട്.
ഇവിടത്തെ ബസ്സാറില്ത്തന്നെയാണ് ശംഖതീര്ത്ഥമെന്ന സരോവരം. വ്യാഴഗ്രഹം കന്നിരാശഇയില് വരുന്ന പന്ത്രണ്ടുകൊല്ലത്തില്‍ ഒരിക്കല്‍ ഈ സരോവരത്തില്‍ ശംഖുണ്ടാകുമെന്നു പറയപ്പെടുന്നു. ആ അവസരത്തില്‍ ഇവിടെ വലിയ ഉത്സവം ആഘോഷിക്കുന്നുണ്ട്. ബസ്സാറിന്റെ മറ്റൊരുഭാഗത്ത് പുരാതന ശിവക്ഷേത്രമുണ്ട്. അതില്‍ രുദ്രകോടിലിംഗമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അഭിരാമനായകി എന്നുപേരുള്ള പാര്‍വ്വതിക്ഷേത്രം അതിനുള്ളിലാണ്. അടുത്തുതന്നെ രുദ്രകോടീ തീര്‍ത്ഥമെന്ന സരോവരവുമുണ്ട്.
ബസാറില്നിന്നുതന്നെ പക്ഷിതീര്ത്ഥത്തിലെത്തുന്നതിന് വേദഗിരിയില്‍ പടികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അഞ്ഞൂറുപടികള് കയറിയാല്‍ മുകളിലെത്താം. മുകളില്‍ ശിവക്ഷേത്രമുണ്ട്. വഴി അല്പം വിഷമമേറിയതാണ്. പ്രദക്ഷിണം നടത്തിവേണം ക്ഷേത്രത്തിലെത്താന്‍, കദളീ സ്തംഭം (വാഴത്തൂണ്) പോലെ ദക്ഷിണാമൂര്‍ത്തി (ആചാര്യവിഗ്രഹം) ലിംഗം ഇവിടെയുണ്ട്.
ദര്‍ശനം നടത്തിയശേഷം പ്രദക്ഷിണമായി തിരിച്ചുവരുമ്പോള്‍ വഴിക്കുള്ള ചെറിയ വാതിലിലൂടെ പോയി കുറച്ചു താഴെയായി ഒരു ഗുഹയില്‍ പാര്‍വ്വതീ വിഗ്രഹം ദര്‍ശിക്കുന്നു.
ക്ഷേത്രത്തില്‍ നിന്നു കുറച്ചുതാഴെ ഏതാനും പടികള്‍ ഇറങ്ങിച്ചെന്നാല്‍ തുറസ്സായ സമതലഭൂമിയാണ് ഇവിടെ ആളുകള്‍ പക്ഷികളെ ദര്‍ശിക്കുന്നു. ഒരു പൊക്കമേറിയ പാറയും അടുത്തുതന്നെ ഗൃദ്ധ്രതീര്ത്ഥമെന്ന പേരുള്ള ഒരു കുണ്ഡവുമുണ്ട്.
ഇവിടെ പൂജാരി വരുന്നത് രാവിലെ പത്തുമണിക്കാണ്. അദ്ദേഹം പാറപ്പുറത്ത് ഓട്ടുപാത്രം, പിഞ്ഞാണം മുതലായവ മുട്ടിച്ച് കൂടെക്കൂടെ ശബ്ദമുണ്ടാക്കി വിവരം ധരിപ്പിക്കുന്നു. പക്ഷഇകള് വരുന്നത് പത്തുമണിക്കും രണ്ടുമണിക്കുമിടയ്ക്കാണ്. ഇതിനകം അവ എപ്പോഴെങ്കിലും വരും. രണ്ടു കങ്കജാതിപ്പക്ഷികളാണു വരുന്നത്. ചിലപ്പോള്‍ അവ വീണ്ടും വീണ്ടും വരും. ചിലപ്പോള്‍ ഒന്നിച്ചു വരും. അവ പൂജാരിയുടെ കയ്യില്‍ നിന്നും ആഹാരം സ്വീകരിക്കുന്നു. അനന്തരം വെള്ളവും കുടിച്ചു പറന്നുപോകും.
പൂജാരി ഈ പക്ഷികള്‍ ബ്രഹ്മാവിന്റെ മാനപുത്രന്മാരാണെന്നു പറയുന്നു. അവ ശിവന്റെ ശാപം മൂലം ഇങ്ങനെ പക്ഷികളായി പിറന്നതാണ്. ഈ കഥ ശാസ്ത്രീയമല്ല. ഇവിടെ തീര്‍ത്ഥമോ ഗരുഡന് മുതലായ പുണ്യപക്ഷികളെയോ കാണാനില്ല. പര്‍വ്വതമാണ് തീര്‍ത്ഥം. പുണ്യദര്‍ശനം ക്ഷേത്രവും.
ഭഗവാന് ശ്രീശങ്കരന്റെ ആജ്ഞപ്രകാരം നന്ദികേശ്വരന് കൈലാസത്തിന്റെ മൂന്നു ശിഖരങ്ങള്‍ ഭൂമിയില്‍ കൊണ്ടു വന്നു സ്ഥാപിച്ചു. അതിലൊന്നാണ് ഇവിടത്തെ വേദഗിരി. മറ്റൊന്ന് ശ്രീശൈലം. മൂന്നാമത്തേത് കാളഹസ്തിയിലുണ്ട്. ഈ മൂന്നിലും ശ്രീശങ്കരന് നിത്യാവാസം ചെയ്യുന്നുണ്ട്.
ഇവിടെ വളരെയധികം ശിവഭക്തന്മാര്‍ തപസ്സുചെയ്തിട്ടുണ്ട്. വേദഗിരിക്കു കിഴക്ക് ഇന്ദ്രതീര്‍ത്ഥം അഗ്നികോണില്‍ രുദ്രതീര്‍ത്ഥം, മാര്ക്കണ്ഡേയതീര്ത്ഥം, വിശ്വാമിത്രതീര്‍ത്ഥം, പടിഞ്ഞാറ് നന്ദി, വരുണതീര്ത്ഥം, വായുകോണില്‍ അകലികാതീര്ത്ഥം ഇത്രയും ദര്‍ശിക്കാം.
മഹാബലിപുരം
പക്ഷിതീര്‍ത്ഥത്തില്‍ നിന്ന് ഒമ്പതുകിലോമീറ്റര്‍ ദൂരെ സമുദ്രതീരത്താണ് മഹാബലിപുരം. പക്ഷിതീര്‍ത്ഥത്തില്‍ നിന്ന് ഇങ്ങോട്ട് ബസ് സര്‍വ്വീസുണ്ട്.
ഇതു നാലു കിലോമീറ്റര്‍വരെ വ്യാപിച്ചു കിടക്കുന്ന ഗുഹാക്ഷേത്രങ്ങളുടെ ഭൂമിയാണ്. ഒരിക്കല്‍ ഇവിടെ കമനീയമായ തീര്ത്ഥസ്ഥാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങിങ്ങായി തകര്‍ന്ന ക്ഷേത്രങ്ങളും ഉടഞ്ഞ വിഗ്രഹങ്ങളും ഉള്ള സ്ഥലമായി പരിണമിച്ചിരിക്കുന്നു.
തിരുപ്പതി ബാലാജി
“സര്വ്വയജ്ഞതപോദാനതീര്ത്ഥസ്ഥാനേ തു യത് ഫലം
തത്ഫലം കോടിഗുണിതം ശ്രീനിവാസസ്യ സേവയാ”
പലവിധ യാഗങ്ങള്‍, തപസ്യ, ദാനം മുതലായവ തീര്‍ത്ഥസ്ഥാനങ്ങളില്‍ നടത്തിയാല്‍ എത്രമാത്രം ഫലം ലഭിക്കുമോ അത്രയും ഫല തിരുപ്പതി ശ്രീനിവാസഭഗവാനെ സേവിച്ചാല്‍ ലഭിക്കും.
ദക്ഷിണ റെയില്‍വേയുടെ റെനിഗുണ്ടാ സ്റ്റേഷനില്‍ നിന്നും ബസു കാട്പാടി ജംഗഷനില്‍ നിന്നും ബസും തീവണ്ടിയും തിരുപ്പതിക്ക് സര്‍വ്വീസുണ്ട്. മദ്രാസ്, ചെങ്കല്‍പേട്ട, ബാംഗ്ലൂര്‍ മുതലായ നഗരങ്ങളില്‍ നിന്ന് ബസ് സര്‍വ്വീസുണ്ട്.
തിരുപ്പതിയില്‍ സ്റ്റേഷനു സമീപവും ബാലാജി ക്ഷേത്രത്തിലേക്കുള്ള വഴിയോരത്തും മലമുകളഇല് ബാലാജിക്ഷേത്ര സമീപത്തും ധര്‍മ്മശാലകളുണ്ട്.
പര്‍വ്വതം മുഴുവന്‍ ഭഗവത് സ്വരൂപമായി കരുതുന്നു. മലമുകളിലേക്കു ചെരിപ്പു ധരിച്ചു പോവുന്നതു യുക്തമല്ല. മലമുകളിലും ഗോപുരത്തിനടുത്തും ബസ് സ്റ്റേഷനിലും ചെരിപ്പു സൂക്ഷിക്കാന്‍ ഏര്‍പ്പാടുകളുണ്ട്.
കാല്‍നടയായി പര്‍വ്വതോപരി ചെന്നുചേരാന്‍ ഏഴുകിലോമീറ്റര്‍ നടക്കണം. ഇതില്‍ അഞ്ചുകിലോമീറ്ററും കഠിനമായ കയറ്റമാണ്. ബസ്സുകയറിപ്പോകുന്നതിനു പ്രത്യേകം മാര്‍ഗമുണ്ട്. അത് ഇരുപതിലധികം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ്. തിരുപ്പതി ദേവസ്ഥാനം വക ബസുകളാണ് ഇവിടെ സര്‍വ്വീസ് നടത്തുന്നത്.
ദര്‍ശനത്തിനെത്തുന്നവര്‍ ആദ്യമായി കപിലതീര്ത്ഥത്തില് സ്നാനം ചെയ്ത് കപിലേശ്വരനെ ദര്‍ശിക്കണം. പിന്നീടു മലമുകളില്‍ പോയി വേങ്കടേശ്വര ഭഗവാനെ (ബാലാജിയെ) ദര്‍ശിക്കണം. അവിടെ നിന്നുതാഴെയിറങ്ങി ഗോവിന്ദരാജനെയും തിരുച്ചാനൂരില് പത്മാവതീദേവിയെയും ദര്‍ശിക്കണം.
കപിലതീര്ത്ഥത്തിലേക്കു നടന്നുവേണം പോകാന്‍. മറ്റുമാര്‍ഗമില്ല. ഇത് ഒരു സരോവരമാണ്. പടികള്‍ കെട്ടിയിട്ടുണ്ട്. കിഴക്കു വശത്തായി കപിലേശ്വനര്റെ മനോഹരക്ഷേത്രവുമുണ്ട്.
ശ്രീബാലാജിയുടെ ആസ്ഥാനമായ പര്‍വ്വതം വെങ്കടാചലമാണ്. മുകളിലെ ഗ്രാമത്തിനു തിരുമലയെന്നും പറയും. അന്തമൂര്ത്തിയാണ് ഇവിടെ പര്വ്വതരൂപത്തില് കിടക്കുന്നതെന്നു പറയപ്പെടുന്നു. കാല്‍നടയായി പോകുന്ന വഴിക്ക് തിരുപ്പതിയില്‍ നിന്നും നാലുകിലോമീറ്റര്‍ ചെന്നാല്‍ നരസിംഹക്ഷേത്രവും അല്പംകൂടി മാറി ശ്രീരാമാനുജാചാര്യക്ഷേത്രവും കാണാം. താഴെയുള്ള നഗരത്തിന്റെ പേരാണു തിരുപ്പതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: