Categories: Vicharam

പീഡനങ്ങളുടെ നേര്‍ക്കാഴ്‌ച്ച

Published by

സ്ത്രീകള്‍ക്കിത്‌ പീഡനകാലം. വാര്‍ത്തകളിലും ചാനലുകളിലും രാഷ്‌ട്രീയം കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രധാന ചര്‍ച്ചാവിഷയം പത്രത്താളുകളില്‍ മുന്‍പേജില്‍ പോലും പ്രത്യക്ഷപ്പെടുന്ന വാര്‍ത്തയും സ്ത്രീ-ബാല-ബാലികാ പീഡനങ്ങളുമാണല്ലോ. കേരളാ പോലീസിന്റെ കണക്കില്‍ 2009 ല്‍ 7337 സ്ത്രീപീഡന പരാതികളാണ്‌ ലഭിച്ചതെങ്കില്‍ 2010 ല്‍ അത്‌ 10,765 ആയി ഉയര്‍ന്നു. 15 ശതമാനം വര്‍ധന. 2011 ലെ ആറ്‌ മാസത്തിനിടയില്‍ തന്നെയും സ്ത്രീപീഡനങ്ങള്‍ വര്‍ധിക്കുകതന്നെയാണ്‌.

ഇതില്‍ ഗാര്‍ഹികപീഡന വര്‍ധനവ്‌ 44.5 ശതമാനമാണ്‌. ഗാര്‍ഹിക പീഡനത്തില്‍ ഇന്ത്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ്‌ സാക്ഷര കേരളം.

കാഴ്ചക്കപ്പുറത്ത്‌, അടഞ്ഞ വാതിലുകള്‍ക്ക്‌ പിറകില്‍ നടക്കുന്നതാണ്‌ ഗാര്‍ഹിക പീഡനം. ഗ്രാമ-നഗര വ്യത്യാസമോ, ഉന്നത-മധ്യവര്‍ഗ വ്യത്യാസമോ, ജാതി-മത-പ്രായവ്യത്യാസമോ ഇല്ലാതെ തലമുറകളില്‍നിന്നും തലമുറകളിലേക്ക്‌ കൈമാറുന്ന പുരുഷ മേധാവിത്ത സമൂഹത്തിന്റെ പൈതൃകമാണിത്‌. അമ്മ എന്നോ മകളെന്നോ ഭേദമില്ലാതെ ആജ്ഞാശക്തിക്കധികാരമുള്ളവരായി കരുതുന്നവര്‍ നടത്തുന്ന അക്രമമാണിത്‌.

യുഎന്‍ പോപ്പുലേഷന്‍ ഫണ്ട്‌ റിപ്പോര്‍ട്ട്‌ പ്രകാരം മൂന്നില്‍ രണ്ട്‌ ഭാഗം വിവാഹിതരായ സ്ത്രീകള്‍ ഗാര്‍ഹിക പീഡനമനുഭവിക്കുന്നവരാണ്‌. അടി, ചവിട്ട്‌, നിര്‍ബന്ധിത ലൈംഗികബന്ധം, പ്രകൃതിവിരുദ്ധ ലൈംഗികബന്ധം എല്ലാം സഹിക്കേണ്ടിവരുന്നത്‌ സ്ത്രീകളാണ്‌; പ്രത്യേകിച്ച്‌ 15 നും 50 നും ഇടയിലുള്ള സ്ത്രീകള്‍. ഇതിന്‌ പ്രധാന കാരണം ഭര്‍ത്താവിന്റെ മദ്യപാന ശീലമാണ്‌. കേരളത്തില്‍ ഓണക്കാലത്ത്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ മാത്രം വിറ്റത്‌ 288 കോടിയുടെ മദ്യമായിരുന്നല്ലോ. 23.78 ശതമാനം വര്‍ധന. കേരളത്തില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന്‌ ഒരു കാരണം പീഡനം മടുത്ത സ്ത്രീകള്‍ കുഞ്ഞുങ്ങളെയും കൊണ്ട്‌ വിഷം കഴിച്ചോ പുഴയിലോ ട്രെയിനിന്റെ മുന്‍പിലോ ചാടി മരിക്കുന്നതാണ്‌. 36 ശതമാനം ആത്മഹത്യകള്‍ ഇത്‌ കാരണമാണ്‌. ഓരോ മൂന്ന്‌ മിനിട്ടിലും ഒരു സ്ത്രീ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുവത്രെ. കേരളത്തില്‍ 300 ശതമാനം വര്‍ധനയാണ്‌ ഗാര്‍ഹിക പീഡനക്കേസുകളില്‍.

ഇപ്പോള്‍ ഗാര്‍ഹിക പീഡനത്തിനും ഒരു പുതിയ മാനം കൈവന്നിരിക്കുന്നത്‌ ഹോം നഴ്സ്‌ ആയും വീട്ടുജോലിക്കാരിയായും എത്തുന്നവള്‍ ഗൃഹനാഥയെ തളച്ച്‌ ഭര്‍ത്താവിെ‍ന്‍റ നിയമാനുസൃതമല്ലാത്ത ഭാര്യയും ഗൃഹനാഥയും ആയി മാറുന്നതാണ്‌. ഇന്നത്തെ സാഹചര്യത്തില്‍ ഭാര്യയും ഭര്‍ത്താവും ജോലിക്ക്‌ പോകുമ്പോള്‍ വീട്ടുവേലക്കാരി അനിവാര്യമാകുന്നു. അതുപോലെതന്നെ വീട്ടില്‍ ആര്‍ക്കെങ്കിലും കട്ടിലില്‍ കഴിയേണ്ട മാരകരോഗം വന്നാലും ശുശ്രൂഷിക്കാന്‍ വരുന്നത്‌ ഹോംനഴ്സുമാരാണ്‌. 6000 രൂപ മുതല്‍ ശമ്പളവും സ്ഥാപനത്തിന്‌ അഡ്വാന്‍സും നല്‍കി കൊണ്ടുവരുന്ന ഹോംനഴ്സുമാര്‍ നഴ്സിംഗിന്‌ പ്രാപ്തരാണോ എന്നൊന്നും നോക്കാതെ ധനസമ്പാദനം ലക്ഷ്യമിടുന്ന ഏജന്‍സികള്‍ റിക്രൂട്ട്‌ ചെയ്യുന്നവരാണ്‌. ഇവരില്‍ പലരും കോള്‍ഗേള്‍സ്‌ ആയി ടെലഫോണില്‍ക്കൂടി ബന്ധപ്പെട്ട്‌ ലൈംഗികവൃത്തിക്ക്‌ പോകാറുണ്ട്‌. ഹോംനഴ്സ്‌ വീട്ടമ്മയുടെ ആഭരണങ്ങളും പണവും മോഷ്ടിക്കുന്നതിന്‌ ഇന്ന്‌ വാര്‍ത്താപ്രാധാന്യം പോലും ഇല്ലാതായിരിക്കുന്നു.

പക്ഷെ ഭര്‍തൃമോഷണവും ഇപ്പോള്‍ ഇവര്‍ പതിവാക്കിയിരിക്കുന്നു. ഭര്‍ത്താവിനെ വശീകരിച്ച്‌ സ്വന്തമാക്കുമ്പോള്‍ മറുവശത്ത്‌ ഹോംനഴ്സുമായി സുഖശയനത്തിന്‌ ഭാര്യയെ 20 വര്‍ഷമായി പൂട്ടിയിട്ടിരുന്ന ഒരു കേസ്‌ ബംഗളൂരുവിലെ ‘ഹിന്ദു’ പത്രം റിപ്പോര്‍ട്ട്‌ ചെയ്യുകയുണ്ടായി. വിലാസിനി എന്ന സ്ത്രീ രണ്ട്‌ കുട്ടികളുമായി സസന്തോഷം കഴിഞ്ഞുവരികയായിരുന്നു. ഒരിക്കല്‍ നാട്ടില്‍നിന്ന്‌ മടങ്ങവേ ഒരു കാര്‍ അപകടത്തില്‍ നടന്ന മരണങ്ങള്‍ നേരില്‍ കണ്ട വിലാസിനിക്ക്‌ മാനസിക വിഭ്രാന്തി ഉണ്ടായി. അവരെ ശുശ്രൂഷിക്കാനെന്ന വ്യാജേന ഭര്‍ത്താവ്‌ തന്നോടടുപ്പത്തിലായിരുന്ന സ്ത്രീയെ ഹോം നഴ്സ്‌ ആക്കിവക്കുകയായിരുന്നു. അവരുമായുള്ള അനാശാസ്യ വേഴ്ചക്ക്‌ വേണ്ടി ഭാര്യയെ ഭ്രാന്തിയായി മുദ്രകുത്തി കിടപ്പുമുറിയിലിട്ടടച്ചത്‌ 20 വര്‍ഷം മുമ്പാണ്‌. 20 വര്‍ഷമായി ഭര്‍ത്താവിന്റെ അവിഹിതത്തിനിരയായി കാരാഗൃഹവാസം അനുഭവിക്കേണ്ടിവന്ന നിര്‍ഭാഗ്യവതി. ഡോക്ടറെപ്പോലും സ്വാധീനിച്ച്‌ ഭ്രാന്തി എന്നവരെ മുദ്ര കുത്തിയപ്പോള്‍ അവര്‍ നിശ്ശബ്ദം ഒരു വിഷാദരോഗിയുമായി. ഇതിനിടെ ഗൃഹനാഥന്‌ വേലക്കാരിയില്‍ ഒരു കുട്ടിയും ജനിച്ചു. അവളെ ഭാര്യയാണെന്ന്‌ പറഞ്ഞ്‌ നാട്ടുകാരുടെ മുമ്പില്‍ കൊണ്ടുനടക്കാനുള്ള ചങ്കുറപ്പും അയാള്‍ കാണിച്ചു. സ്ത്രീധനം കൊണ്ട്‌ നേടിയ തന്റെ വസ്തു വിറ്റ്‌ വേലക്കാരിയുടെ പേരില്‍ വീടും പണിതുകൊടുത്തു. ഈകേസ്‌ കോടതിയിലെത്തിയത്‌ മകള്‍ പ്രായപൂര്‍ത്തിയായി വിവാഹിതയായശേഷമാണ്‌. അങ്ങനെ സംഭവം വാര്‍ത്തയുമായി.

ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച്‌ ഒരു മധ്യവര്‍ഗ പ്രതിഭാസമായി മാറുകയാണ്‌. എഫ്‌എസിടിയില്‍ ജോലിയില്‍നിന്ന്‌ വിരമിച്ചശേഷം അധ്യാപകനായി പ്രവര്‍ത്തിച്ചുവന്ന ചങ്ങമ്പുഴനഗറിലെ ഒരാളും ഇതേ വലയില്‍ കുടുങ്ങി കുടുംബം തകര്‍ത്തു. സുന്ദരിയായ ഭാര്യ ഉണ്ടായിട്ടും വീട്ടുവേലക്ക്‌ വന്ന സ്ത്രീയുമായി ബന്ധം പുലര്‍ത്താനാണ്‌ അയാള്‍ താല്‍പര്യം കാണിച്ചത്‌. ഭാര്യ അടുത്തുതന്നെ താമസിക്കുന്ന സ്വന്തം മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ പോകുന്ന സമയം നോക്കിയാണ്‌ ഭര്‍ത്താവ്‌ വേലക്കാരിയുമായി കിടക്ക പങ്കിട്ടത്‌. ഭാര്യ അത്‌ കണ്ടുപിടിക്കുകയും അയാളില്‍നിന്ന്‌ വിവാഹമോചനം നേടുകയും ചെയ്തു. ഇവരാരും യുവാക്കളല്ല, മധ്യവയസ്‌ പിന്നിട്ടവര്‍.

പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന്‌ നിര്‍ബന്ധിച്ചപ്പോള്‍ ഭാര്യ വഴങ്ങാതിരുന്നതിന്റെ പ്രതികാരമെന്നോണം വീടുകളില്‍ തുണികള്‍ ഇസ്തിരിയിടാന്‍ വരുന്നയാളുടെ ഭാര്യയെ പണം കൊടുത്ത്‌ പ്രലോഭിപ്പിച്ച്‌ ഭാര്യാസ്ഥാനത്ത്‌ പ്രതിഷ്ഠിച്ച തൃശൂര്‍ക്കാരന്‍ ഭര്‍ത്താവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. ഭാര്യ കോടതിയില്‍ കേസ്‌ കൊടുത്തപ്പോള്‍ അയാള്‍ വന്നത്‌ പകരക്കാരി ഭാര്യയുമായായിരുന്നു. ഇതിനെ എതിര്‍ത്ത മകളെ വ്യഭിചാരി എന്നുപോലും അച്ഛന്‍ വിളിച്ചു. ലൈംഗിക ലഹരിയില്‍ ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെടുന്ന കാലമാണിത്‌.

ഇതുപോലെ എത്രയോ ഭാര്യമാര്‍ ദുരിതം അനുഭവിക്കുന്നു. അടുത്തയിടെ ഒരു ബംഗാളി സ്ത്രീ എന്നോട്‌ വിവരിച്ചത്‌ തന്റെ ഡോക്ടറായ ഭര്‍ത്താവിന്റെ അവിഹിതബന്ധങ്ങളുടെ ഘോഷയാത്രയാണ്‌. ആണ്‍-പെണ്‍ഭേദമില്ലാതെ എല്ലാവരെയും ഭോഗിക്കാന്‍ കാംക്ഷിക്കുന്ന ആള്‍. സുജ എന്നൊരു സ്ത്രീ എന്നെ ടെലിഫോണില്‍ ബന്ധപ്പെട്ട്‌ കരഞ്ഞുകൊണ്ട്‌ പറഞ്ഞത്‌ കാക്കനാട്ട്‌ വര്‍ക്ക്ഷോപ്പ്‌ നടത്തുന്ന തന്റെ ഭര്‍ത്താവ്‌ വര്‍ക്ക്ഷോപ്പില്‍ പാര്‍പ്പിച്ചിരിക്കുന്ന ഭാര്യാസ്ഥാനിയെപ്പറ്റിയാണ്‌. ഏകമകന്റെ ദുര്‍നടപടികള്‍ക്ക്‌ മാതാപിതാക്കള്‍ കൂട്ടുനില്‍ക്കുമ്പോള്‍ സുജ എന്നോട്‌ കരഞ്ഞുപറഞ്ഞത്‌ “എന്റെ പ്ലസ്‌ ടുവിന്‌ പഠിക്കുന്ന മോളുടെ മോഹം ഐഎഎസിനെഴുതണം എന്നാണ്‌. ഈ സാഹചര്യത്തില്‍ അവളുടെ ഭാവി എന്താകും?”

ഗാര്‍ഹിക പീഡനക്കേസുകള്‍ കോടതിയില്‍ പെരുകുമ്പോഴും പുരുഷപീഡനത്തിന്റെ ഭാഗമായിപ്പോലും അത്തരം കേസുകള്‍ കോടതിയിലെത്തുമ്പോഴും യഥാര്‍ത്ഥ പീഡനചിത്രമോ കണക്കുകളോ പുറത്തുവരുന്നില്ല. അതിന്റെ ഒരു കാരണം സ്ത്രീയുടെ നിയമസാക്ഷരതയില്ലായ്മയാണ്‌. എത്ര പീഡനവും സഹിക്കാനുള്ള മറ്റൊരു കാരണം തന്റെ കുട്ടികളുടെ ഭാവി എന്തായിത്തീരും എന്ന ആശങ്കയാണ്‌. എന്നെ കണ്ട ബംഗാളി വനിതയും പറഞ്ഞത്‌ 23 കൊല്ലമായി അയാള്‍ എന്നെ തല്ലുകയും ചവിട്ടുകയും എല്ലാം ചെയ്യുമ്പോഴും എന്റെ വീട്ടില്‍ എന്റെ മുമ്പില്‍ പരസ്ത്രീകളുമായും ആണ്‍കുട്ടികളുമായും ലൈംഗികവേഴ്ചയിലേര്‍പ്പെടുമ്പോഴും അതെല്ലാം സഹിച്ച്‌ ദാമ്പത്യത്തില്‍ തുടര്‍ന്നത്‌ തന്റെ രണ്ട്‌ പെണ്‍മക്കളുടെ വിദ്യാഭ്യാസവും ഭാവിയും ഓര്‍ത്താണ്‌ എന്നാണ്‌. നിലയ്‌ക്കാത്ത കണ്ണീരോടെ അവര്‍ പറഞ്ഞത്‌ “ഞാന്‍ ദരിദ്രയാണ്‌. അവരെ പഠിപ്പിക്കാനുള്ള കാശ്‌ എന്റെ കയ്യിലില്ല. അതാണ്‌ ഞാന്‍ സഹിച്ചത്‌.” ഇപ്പോള്‍ അവള്‍ അയാളെ വിട്ട്‌ ഒരു തയ്യല്‍കടയില്‍ ജോലി നോക്കി ജീവിക്കുന്നു. ഈ കേസും കോടതിയിലുണ്ട്‌.

“മധ്യവര്‍ഗ സമൂഹം ഉണര്‍ന്ന്‌ പ്രവര്‍ത്തിക്കണം, വിവേകം നേടണം. ഒരു നിലപാട്‌ എടുക്കാനുള്ള ത്രാണി കാണിക്കണം. പ്രതികരിക്കുമ്പോള്‍ ഒറ്റപ്പെട്ടേക്കാം. അപ്പോള്‍ അതും നേരിടാനുള്ള ശക്തി നേടണം. കേരളസ്ത്രീകള്‍ കണ്ടും പഠിക്കില്ല, കൊണ്ടും പഠിക്കില്ല. കേരളത്തിലെ സ്ത്രീസമൂഹം ലക്ഷ്യബോധമില്ലാത്തവരാണ്‌,” കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ കുട്ടികളുടെ നേര്‍ക്കുള്ള ഒരധ്യാപകന്റെ ലൈംഗികപീഡനത്തിനെതിരെ ശക്തമായി പ്രതികരിച്ച റിട്ടയേര്‍ഡ്‌ പ്രൊഫസറും ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റുമായ ശാരദാ രാജീവന്‍ പ്രതികരിച്ചു.

ഇതെല്ലാം പറയുമ്പോഴും കേരളത്തിലെ പീഡനത്തിന്റെ വ്യാപ്തി ഞെട്ടിപ്പിക്കുന്നതാണ്‌. കേരളത്തിലാണ്‌ ഏറ്റവുമധികം നീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന വിദ്യാര്‍ത്ഥികളുള്ളതത്രെ. അതോടൊപ്പം കേരളത്തിലെ പെണ്‍കുട്ടികള്‍ 2010 ല്‍ അനുഭവിച്ച വിവിധതരം പീഡനങ്ങള്‍ 810 ആണ്‌- 80 കൊലപാതകം, 203 പീഡനം, 459 തട്ടിക്കൊണ്ടുപോകല്‍.

പണ്ട്‌ കല്യാണം കഴിഞ്ഞാല്‍ മകള്‍ സുരക്ഷിത എന്ന്‌ അച്ഛനമ്മമാര്‍ ആശ്വാസം കൊണ്ടിരുന്നു. വര്‍ധിച്ചുവരുന്ന ഗാര്‍ഹികപീഡനം തെളിയിക്കുന്നത്‌ വീടാണ്‌ ഏറ്റവും വലിയ പീഡനകേന്ദ്രം എന്നല്ലേ? വാര്‍ത്തകളില്‍ സ്ത്രീസാന്നിധ്യം ഉള്ളത്‌ ക്രൈം, സിനിമ, സ്പോര്‍ട്സ്‌, കല, പാചകം, ഫാഷന്‍, സൗന്ദര്യം മുതലായവയിലാണ്‌. രാഷ്‌ട്രീയം, ബിസിനസ്‌, ശാസ്ത്രം, ആസൂത്രണം മുതലായ ‘ഗൗരവ’മുള്ള വിഷയങ്ങളില്‍ സ്ത്രീ അദൃശ്യയാണ്‌. ‘മൃദു’ വാര്‍ത്തകള്‍ക്ക്‌ പുറത്ത്‌ സ്ത്രീക്ക്‌ സ്ഥാനമില്ല. ഇന്ന്‌ മാധ്യമരംഗം പോലും സ്ത്രീയെ ഉപയോഗിക്കുന്നത്‌ ശരീരമായിട്ടാണ്‌. സാരികളും സ്വര്‍ണാഭരണങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും മാത്രമല്ല, പുരുഷന്റെ അടിവസ്ത്രത്തിനും ഷേവിംഗ്‌ ലോഷനും വാഹനത്തിനും എല്ലാം മോഡല്‍ സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കാതെ പ്രദര്‍ശിപ്പിക്കുന്ന സ്ത്രീശരീരങ്ങളാണ്‌. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടിവരും എന്ന്‌ പുരുഷന്‍ ന്യായീകരിക്കുന്നു.

സ്ത്രീയുടെ വിദ്യാഭ്യാസം വിദ്യാഭാസമായി മാറുമ്പോള്‍ അവള്‍ നിയമസാക്ഷരതയില്ലാതെ, മാധ്യമസാക്ഷരത ഇല്ലാതെ പീഡന ഇരകളായി മാറുന്നു. വെറുതെയാണോ സ്ത്രീയെ ‘ഇര’ എന്ന്‌ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്‌!

ലീലാമേനോന്‍

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by