്വആലുവ: കള്ളനോട്ടുകള്‍ വ്യാപിക്കുന്നത് തടയുന്നതിന് വേണ്ടി ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള ഓര്ഗൈനസ്ഡ് ക്രൈം വിംഗുകള്‍ രംഗത്തിറങ്ങുന്നു. അടുത്തിടെയായി കള്ളനോട്ടുകള്‍ കണ്ടെടുത്ത പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും മറ്റും ഈ വിംഗ് മിന്നല്‍ പരിശോധന നടത്തും. അന്യസംസ്ഥാന തൊഴിലാളികള്‍ തങ്ങുന്നിടങ്ങളിലും കൂടുതലായി നീരിക്ഷണം നടത്തും. പലകള്ളനോട്ട് കേസുകളുമായുള്ള തുടരന്വേഷണങ്ങള്‍ ഇടയ്ക്ക് വച്ച് നിലയ്ക്കുകയാണ് ചെയ്യുന്നത്. ഇതിന് പ്രധാന കാരണം കള്ളനോട്ട് ലോബിക്ക് രാജ്യാന്തരതലത്തിലുള്ള വേരുകളാണ്.
സംസ്ഥാനത്ത് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഇവിടെ കള്ളനോട്ടുകള്‍ അച്ചടിക്കുന്ന സംഭവങ്ങള്‍ വളരെ കൂടുതലാണ്. ഇത്തരത്തില്‍ ഇവിടെ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയുവാനും കഴിയും. ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുമാണ് സംസ്ഥാനത്തേക്ക് കൂടുതലായി കള്ളനോട്ടുകള്‍ എത്തിച്ചേരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പിടിച്ചെടുക്കുന്ന കള്ളനോട്ടുകളെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകളും രാജ്യാന്തര ബന്ധം സംബന്ധിച്ച് ലഭിക്കുന്ന കൂടുതല്‍ വിവരങ്ങളും ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. കള്ളനോട്ടുകള്‍ എത്തപ്പെട്ടാല്‍ വിവരം നല്‍കണമെന്ന് ബാങ്കുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും പലബാങ്കുകളും ഇത്തരത്തില്‍ കള്ളനോട്ടുകളെത്തുമ്പോള് പോലീസിന് വിവരം നല്‍കാറില്ല. പലരിലും അവര്‍പോലുമറിയാതെയാണ് കള്ളനോട്ടുകള്‍ എത്തിച്ചേരുന്നത്. എന്നാല്‍ ഇത്തരത്തില്‍ കള്ളനോട്ടുകള്‍ ലഭിക്കുമ്പോള്‍ ബാങ്കുകള്‍ യഥാസമയം വിവരം നല്കുകയാണെങ്കില് കള്ളനോട്ടുകള്‍ ലഭ്യമാകുന്ന പ്രദേശങ്ങളില്‍ റെയ്ഡുകള്‍ നടത്തി കള്ളനോട്ടു സംഘങ്ങളെ പിടികൂടാന്‍ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: