പെട്രോള്‍ വില വര്‍ധന പിന്‍വലിക്കണമെന്നും ഇന്ധനവില നിര്‍ണയിക്കാനുള്ള എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം നല്കിയ അധികാരം തിരിച്ചെടുക്കണമെന്നുമുള്ള ആവശ്യം ശക്തിപ്പെടുമ്പോഴും വിലവര്‍ധനയില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായ പ്രതിഷേധം ഉയരുമ്പോഴും പെട്രോള്‍ വില കുറക്കില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. പെട്രോള്‍ വില കുറക്കില്ലെന്ന് മാത്രമല്ല വര്‍ധനവില്‍ ഡീസല്‍, പാചകവാതക മേഖലയും ഉള്‍പ്പെടുത്താനും കൂടുതല്‍ മേഖലകള്‍ ഡീകണ്‍ട്രോള്‍ ചെയ്യണമെന്നുമാണ് പ്രധാനമന്ത്രിയുടെ കര്‍ക്കശ നിലപാട്. പ്രതിപക്ഷം മാത്രമല്ല യുപിഎ സര്‍ക്കാരിലെ ഘടകകക്ഷികള്‍ പോലും ഈ പെട്രോള്‍ വിലവര്‍ധനയെ നിശിതമായി എതിര്‍ത്തിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി യുപിഎക്കുള്ള പിന്തുണ പിന്‍വലിച്ചേക്കും എന്ന ഭീഷണി പോലും ഉയര്‍ത്തി. നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ച എന്‍സിപി നേതാവ് ശരത് പവാര്‍ ഇപ്പോള്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരിക്കുന്നു. ഇപ്പോള്‍ മമതയും നയം മയപ്പെടുത്തുന്നത് പ്രതിഷേധത്തിന്റെ മറവില്‍ പശ്ചിമബംഗാളിന് പാക്കേജ് നേടിയെടുക്കാനാണത്രെ. ഡിഎംകെയും വിലവര്‍ധനവിനെതിരെ രംഗത്തുവന്നു. അതെല്ലാം തങ്ങളുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണെന്ന നിസാരവല്‍ക്കരണ നിലപാടായിരുന്നു പ്രധാനമന്ത്രിയുടേത്. അദ്ദേഹം സോണിയാഗാന്ധിയുമായി വിഷയം ചര്‍ച്ച ചെയ്തെങ്കിലും തീരുമാനത്തില്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
പെട്രോള്‍ വിലവര്‍ധന നാണ്യപ്പെരുപ്പത്തെ ഒരു വിധത്തിലും ബാധിക്കുകയില്ല. കാരണം ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്നത് ഡീസല്‍ ആണ്. പെട്രോള്‍ ഉപയോഗിക്കുന്നത് രാജ്യത്തെ 5 ശതമാനം ജനങ്ങള്‍ മാത്രമാണ്. പ്രധാനമന്ത്രി ഇപ്പോള്‍ ലക്ഷ്യമിടുന്നത് കൂടുതല്‍ മേഖലകളില്‍നിന്നും നിയന്ത്രണം നീക്കാനാണ്. വിലക്കയറ്റം ഉണ്ടായിരിക്കുന്നത് ഭക്ഷ്യധാന്യങ്ങളിലല്ല, മറ്റ് അനുബന്ധ ഭക്ഷ്യവസ്തുക്കളിലാണെന്നും ഈ വിലവര്‍ധനയും അമിത ഉപയോഗവും സൂചിപ്പിക്കുന്നത് സമ്പന്നതയാണെന്നും പ്രധാനമന്ത്രി വ്യാഖ്യാനിക്കുന്നു. സമ്പദ്വ്യവസ്ഥ എട്ട് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തുന്നതെന്നും ആളോഹരി വര്‍ധന 6.5 മുതല്‍ 6.7 ശതമാനമാണെന്നും ചൂണ്ടിക്കാണിച്ച് ചെലവ് നിയന്ത്രിക്കാന്‍ സബ്സിഡികള്‍ വെട്ടിക്കുറക്കണം എന്നുവരെ കേന്ദ്രം ആലോചിക്കുന്നു. എല്‍പിജി, മണ്ണെണ്ണ, ഡീസല്‍ മുതലായവക്ക് സബ്സിഡിയുള്ളതാണ്. വിലവര്‍ധന ആവശ്യമായി വന്നത് രൂപയുടെ മൂല്യം കുറഞ്ഞതിനാലും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍ അതുമൂലം വന്ന വര്‍ധനവും കാരണമാണ്. ഏതെല്ലാം ന്യായീകരണങ്ങള്‍ നിരത്തിയാലും പെട്രോള്‍ വില വര്‍ധന സാധാരണക്കാരന്റെയും മധ്യവര്‍ത്തികളുടെയും ജീവിതം ദുസ്സഹമാക്കുമെന്നുറപ്പാണ്. പെട്രോള്‍ വില താങ്ങാനാവാത്തവര്‍ സൈക്കിള്‍ ഉപയോഗത്തിലേക്ക് തിരിഞ്ഞതോടെ സൈക്കിള്‍ വിപണിയും കുതിക്കുകയാണ്. ഈ വിലവര്‍ധന മധ്യവര്‍ഗത്തെ രോഷാകുലരാക്കുന്നത് ഇത് യുപിഎ സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണന അജണ്ടയുടെ ഭാഗമായതിനാലാണ്.
ഇന്ന് ലോകത്ത്, അമേരിക്കയിലും മറ്റും മധ്യവര്‍ഗ സമൂഹം ഉന്നത-മധ്യവര്‍ഗ വരുമാനത്തിലുള്ള ഭാരിച്ച അന്തരത്തില്‍ ക്രുദ്ധരാണ്. ജനായത്ത ഭരണം സമത്വമല്ല കൊണ്ടുവരുന്നത് വമ്പിച്ച സാമ്പത്തിക വ്യത്യാസംതന്നെയാണ്. ഡീസല്‍ സബ്സിഡി നിലനിര്‍ത്തുന്നതുപോലും ഉന്നതശ്രേണിയെ സംരക്ഷിക്കാനല്ലേ എന്ന ചോദ്യം മുന്‍പ് ഉയര്‍ന്നിരുന്നു. കര്‍ഷകരാണ് ഇതിന്റെ ഗുണഭോക്താക്കള്‍ എന്നു പറയുമ്പോഴും അഞ്ചില്‍ ഒരു ഭാഗംമാത്രമാണ് കാര്‍ഷിക ഉപയോഗം. ഇന്ധന വിലവര്‍ധനയിലെ ഓരോ രൂപയിലും 40 പൈസ വീതം സര്‍ക്കാരിനാണല്ലോ പോകുന്നത്. വികസന സൂചികയില്‍ ഇന്ത്യ 129-ാം സ്ഥാനത്താണ് എന്നതുതന്നെ ഇന്ത്യയുടെ സാമ്പത്തികാവസ്ഥ വെളിപ്പെടുത്തുന്നു. അസംസ്കൃത എണ്ണയുടെ വില അന്താരാഷ്ട്ര കമ്പോളത്തില്‍ കുറഞ്ഞാലും ഇന്ത്യയില്‍ അത് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. അസംസ്കൃത എണ്ണ സംസ്കരണത്തില്‍ ഇന്ത്യയില്‍ താരതമ്യേന ചെലവ് കുറവാണെന്ന കാര്യം പരിഗണിക്കപ്പെടുന്നില്ല. മാസം ഒരു കോടി ടണ്‍ അസംസ്കൃത എണ്ണ ഇന്ത്യയില്‍ സംസ്കരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളാക്കി കയറ്റിയയക്കുമ്പോഴും ലാഭം കൊയ്യുന്നത് എണ്ണക്കമ്പനികള്തന്നെയാണ്. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്ന സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി ജന വികാരം തിരസ്ക്കരിച്ച് എണ്ണലോബിക്ക് പിന്തുണ നല്‍കുന്നത് അപലപനീയംതന്നെയാണ്. കേന്ദ്രം ഇന്ന് അഴിമതി ആരോപണങ്ങളില്‍ കുഴങ്ങുന്നതും കോര്‍പ്പറേറ്റ് പ്രീണനനയങ്ങള്‍ കാരണമാണ്. ആം ആദ്മിയുടെ ക്ഷേമമാണ് യുപിഎ ലക്ഷ്യം എന്ന് ഉല്‍ഘോഷിക്കുന്ന കേന്ദ്രം ഇപ്പോള്‍ മണ്ണെണ്ണയുടെയും വില വര്‍ധിപ്പിക്കാനാണ് അനുമതി നല്‍കുന്നത്. തീരുമാനമെടുക്കാന്‍ പ്രാപ്തനല്ലെന്ന് ലോകം പരിഹസിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കോര്‍പ്പറേറ്റ് പ്രീണന നയത്തിലും സാധാരണക്കാരെ ദ്രോഹിക്കുന്നതിലും എടുക്കുന്ന തീരുമാനങ്ങളില്‍ കാര്‍ക്കശ്യത്തോടെ ഉറച്ചുനില്‍ക്കുന്നു. നഷ്ടം പാവം ജനങ്ങള്‍ക്കാണല്ലോ.
ആ വിഐപി ആര്?
കിളിരൂര്‍ കേസ് വിചാരണ പുതിയ തലങ്ങളിലേക്ക് നീങ്ങുമ്പോള്‍ കിളിരൂര്‍ പീഡന കൊലപാതകത്തിലെ വിഐപി ആര് എന്നുള്ള ചോദ്യം തീക്ഷ്ണമായി ഉയര്‍ന്നുവരുന്നു. കിളിരൂര്‍ ശാരി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയവെ ശാരിയെ സന്ദര്‍ശിച്ച വിഐപികള്‍ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സിപിഎമ്മിലെ പി.കെ. ശ്രീമതിയും വനിതാ കമ്മീഷന് അംഗം പ്രൊഫ. മീനാക്ഷി തമ്പാനും അന്വേഷി പ്രസിഡന്റ് അജിതയുമാണെന്നായിരുന്നു ശാരിയെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഈ വെളിപ്പെടുത്തല്‍ വ്യാജമാണെന്നും ശാരിയെ സന്ദര്‍ശിച്ച വിഐപികളില്‍ കോടിയേരി ബാലകൃഷ്ണനും ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ശാരിയുടെ ആരോഗ്യനില വഷളായതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വിഎസ് ശാരിയെ സന്ദര്‍ശിച്ചപ്പോള്‍ എന്താണ് ഇപ്പോഴത്തെ പ്രശ്നം എന്ന് ചോദിക്കുകയും വിഐപി സന്ദര്‍ശനമാണെന്ന് ഡോക്ടര്‍ പറയുകയും ഉണ്ടായി. ശാരിയെ കോടിയേരി സന്ദര്‍ശിച്ച വിവരം അറിഞ്ഞുതന്നെയാണ് അന്ന് ഔദ്യോഗികപക്ഷത്തോട് ഇടഞ്ഞുനിന്നിരുന്ന പ്രതിപക്ഷനേതാവ് താന്‍ അധികാരത്തില്‍ വന്നാല്‍ സ്ത്രീപീഡനക്കാരെ കയ്യാമംവെച്ച് നടത്തുമെന്ന് പറഞ്ഞ് സ്ത്രീകളുടെ വോട്ട് കരസ്ഥമാക്കി അധികാരത്തിലെത്തിയത്. മുഖ്യമന്ത്രിയായശേഷം സ്ത്രീപീഡകരായ വിഐപി എന്ന വാക്ക് അദ്ദേഹം ഉച്ചരിച്ചത് അവസാനകാലത്ത് ഐസ്ക്രീം കേസ് പുനര്ജീവിപ്പിക്കാന് മാത്രമായിരുന്നല്ലോ.
കോടിയേരി ബാലകൃഷ്ണന് ശാരിയെ സന്ദര്‍ശിച്ചിരുന്നു. അജിത എത്തിയെങ്കിലും ശാരിയെ കണ്ടില്ല. ഇത്രയും വിഐപികളുടെ പേര് പറഞ്ഞ ഡോക്ടര്‍ എന്തുകൊണ്ട് കോടിയേരി ബാലകൃഷ്ണെന്റ പേര് ഒഴിവാക്കി എന്ന സംശയം ന്യായമായി ഉയരുമ്പോള്‍ വിഎസ് അന്നുയര്ത്തിവിട്ട വിഐപി വിവാദം കോടിയേരിയെ ലക്ഷ്യംവെച്ചായിരുന്നില്ലേ എന്ന സംശയവും ന്യായമായി ഉയരുന്നു. കിളിരൂര്‍ കേസില്‍ ഒരു പുനരന്വേഷണം വേണമെന്നും ശാരിയുടേത് സ്വാഭാവികമരണമല്ലെന്നും ശാരിയുടെ പിതാവ് സുരേന്ദ്രന് പറയുന്നു. സിബിഐ അന്വേഷണം തൃപ്തികരമല്ലാത്തതിനാലും ഡോക്ടര്‍ സത്യസന്ധമായ മൊഴി നല്‍കാത്തതിനാലും കിളിരൂര്‍, കവിയൂര്‍ കേസുകള്‍ പുനരന്വേഷിപ്പിക്കണം എന്ന ആവശ്യം ഇപ്പോള്‍ ശക്തമാകുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഈ കേസുകളില്‍ പുനരന്വേഷണത്തിന് ഉത്തരവിട്ട് വിഐപി ആരെന്ന് തെളിയിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: