ന്യൂദല്‍ഹി: സൈനിക യൂണിഫോം ധരിച്ച് പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് മോഹന്‍ലാലിനെതിരെ ശിക്ഷണ നടപടിവേണ്ടെന്ന് തീരുമാനം. ഇത് സംബന്ധിച്ചുള്ള പരാതി പരിശോധിച്ച കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ശിക്ഷണ നടപടി വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം പരാതി എങ്ങനെ അവസാനിപ്പിക്കണമെന്നത് ലാല്‍ ലഫ്റ്റനന്റ് കേണലായുള്ള ടെറിറ്റോറിയല്‍ ആര്‍മി തീരുമാനിക്കും.
ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ സൈനിക യൂണിഫോം ധരിച്ച് ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് വിവാദത്തിനും സൈനിക തലത്തിലുള്ള അന്വേഷണത്തിനും ഇടയാക്കിയത്. ലാല്‍ ഈ പരസ്യചിത്രത്തിനായി പ്രതിഫലവും പറ്റിയിരുന്നു. സൈനിക യൂണിഫോം ധരിച്ച് പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് പുമൈ പ്രതിഫലം പറ്റിയത് ഗുരുതരമായ ചട്ടവിലോപമാണെന്ന് കാണിച്ചാണ് മോഹന്‍ലാലിനെതിരെ ആഭ്യന്തരമന്ത്രാലയത്തിന് പരാതി ലഭിച്ചത്.
ലഭിക്കാത്ത മെഡലുകള്‍ പ്രദര്‍ശിപ്പിച്ച് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ യൂണിഫോം തിരിച്ചു വാങ്ങണമെന്നാവശ്യപ്പെട്ട് ബ്രിഗേഡിയര്‍ സി.പി.ജോഷിയാണ് പ്രതിരോധ മന്ത്രാലയത്തിന് പരാതി നല്‍കിയത്. ഇതിനെതുടര്‍ന്ന് മോഹന്‍ലാലില്‍ നിന്നും പ്രതിരോധ മന്ത്രാലയം വിശദീകരണം തേടിയിരുന്നു. കാണ്ഡഹാര്‍ എന്ന ചിത്രത്തിലഭിനയിച്ച വേഷത്തിലാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും, ലഫ്റ്റനന്റ് കേണലിന്റെ യൂണിഫോം ദുരുപയോഗം ചെയ്തിട്ടില്ലെന്നുമായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം.
ഇത് കണക്കിലെടുത്താണ് ലാലിനെതിരെ ശിക്ഷണ നടപടി വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചത്. മോഹന്‍ലാലിനെതിരെ നടപടി സ്വീകരിക്കുന്നതിനോട് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിക്കും അനുകൂല നിലപാട് ഉണ്ടായിരുന്നില്ല. യൂണിഫോം തിരിച്ചുവാങ്ങുന്നതുള്‍പ്പെടെയുള്ള ശിക്ഷണ നടപടികള്‍ ഉണ്ടാകില്ലെങ്കിലും മോഹന്‍ലാല്‍ ടെറിറ്റോറിയല്‍ ആര്‍മി ലഫ്റ്റനന്റ് കേണലായതിനാല്‍ പരാതിയിന്മേലുള്ള അന്വേഷണം അവസാനിപ്പിക്കുന്നത് ടെറിറ്റോറിയല്‍ ആര്‍മിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: