പെണ്ണെഴുത്ത്, പെണ്‍കാഴ്ചപ്പാട്, പെണ്ണത്തം തുടങ്ങി ഒട്ടുവളരെ കാര്യങ്ങളാണ് ആധുനികയുഗത്തില്‍ നാം കേള്‍ക്കുന്നത്. പെണ്ണുങ്ങളെ സംരക്ഷിക്കാനും അവര്‍ക്ക് മാന്യത നല്‍കാനും (ആണുങ്ങള്‍ക്ക് അങ്ങനെ വേണ്ടെന്ന് പറഞ്ഞിട്ടില്ലേ) ദിനം പ്രതി നിയമങ്ങളും നീക്കുപോക്കുകളും നടപടികളും ഉണ്ടാവുന്നു. എന്നാല്‍ ശരവേഗത്തില്‍ പെണ്ണുങ്ങള്‍ക്കു നേരെ അതിക്രമവും നടക്കുന്നു. സ്ത്രീപീഡനം എന്നത് പറയാന്‍ സുഖമുള്ള ഒരു പ്രയോഗമായി മാറിപ്പോകുന്നു. ഏത് പെണ്ണരശ് നാട്ടിലും പെണ്ണുങ്ങളുടെ ഗതി അധോഗതി തന്നെയാവുന്നതരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനൊരറുതി വേണ്ടേയെന്ന ചോദ്യം കാലത്തിന്റെ നെഞ്ചുപിളര്‍ന്ന് മുമ്പില്‍ നില്‍ക്കുകയാണ്.
അങ്ങനെയുള്ള ഒരു കാലത്ത് നമ്മുടെ മലയാളം വാരിക (നവം.4) രണ്ടു പെണ്ണുങ്ങളെ നമുക്കു പരിചയപ്പെടുത്തുന്നു. എല്ലാവര്ക്കും പരിചയമുള്ള രണ്ട് ചാനല്‍ നക്ഷത്ര ങ്ങളാണ് അവര്‍ എന്നത് വസ്തുതയെങ്കിലും അവരുടെ കഴിവും കരുത്തും എത്രത്തോളമുണ്ടെന്നും അതെങ്ങനെയൊക്കെ സമൂഹത്തിന് ഗുണകരമായി ഭവിക്കുന്നുവെന്നുമാണ് വാരിക പരിചിന്തനം ചെയ്യുന്നത്. മനോരമ ചാനലിലൂടെ സമൂഹത്തിന്റെ നെറുകയിലാണ് താനെന്ന് ധരിപ്പിക്കുന്ന ഷാനിപ്രഭാകറും മഞ്ഞുതുള്ളിയാണെന്ന് തോന്നിപ്പിച്ചുകൊണ്ട് കനല്ക്കട്ടയാവുന്ന വീണാജോര്ജ്ജുമാണ് ആ നക്ഷത്രങ്ങള്‍.
ചാനലിന്റെ അവതാരകയും പ്രേക്ഷകരുടെ അവതാരകയും എന്ന് ചെറിയക്ഷരത്തിലും തത്സമയം തടസ്സങ്ങളില്ലാതെ എന്ന് വെണ്ടക്കയിലും കവറില്‍ ഇരുവരുടെ ചിത്രങ്ങള്‍ക്കൊപ്പം നല്കിയിരിക്കുന്നു. ഷാജി ജേക്കബ് എന്ന മിടുക്കനാണ് ഇരുനക്ഷത്രങ്ങളുടെയും ശോഭവരച്ചുകാട്ടുന്നത്. ഇരുവരെയും കൈയ്മെയ് മറന്ന് അഭിനന്ദനത്തുലാഭാരം തൂക്കുമ്പോള്‍ ഷാജി എന്താണ് പറയാന്‍ നോക്കുന്നത് എന്നത് അവ്യക്തം. ഫീച്ചറിന്റെ തുടക്കത്തില്‍ നല്‍കിയിരിക്കുന്ന ഇന്‍ട്രൊ (വലിയക്ഷരങ്ങളിലുള്ള കസര്‍ത്ത്) യില്‍ ഇങ്ങനെ പറയുന്നു: ആത്മാഭിമാനുള്ള സ്ത്രീത്വത്തിന്റെ പാഠമാതൃകകളായി, വാര്‍ത്താ ചാനല്‍ രംഗത്തു നിലനില്‍ക്കുന്ന പുരുഷാധിപത്യപാരമ്പര്യങ്ങളെ വീണയും ഷാനിയും നിസ്സങ്കോചം മറികടക്കുന്നു. എന്ത് പുരുഷാധിപത്യമാണ് ഹേ നിലനില്‍ക്കുന്നത്? നികേഷ്കുമാറിന്റെ കോമാളിക്കളി അനുകരിക്കുന്ന വിദ്വാന്മാരുടെ നിലപാടാണോ പുരുഷാധിപത്യം?
ഏതായാലും മേപ്പടി മഹതികളെക്കുറിച്ചുള്ള വര്‍ണനയിലൂടെ ചാനല്രംഗത്തെപ്പറ്റി ചില ലൊട്ടുലൊടുക്കുകാര്യങ്ങള് കൂടി ഷാജി പറഞ്ഞുപോകുന്നുണ്ട്. പ്രകോപിപ്പിച്ച് എതിരാളിയില്‍ നിന്ന് കാര്യങ്ങള്‍ പുറത്തുകൊണ്ടുവരികയെന്ന വിദ്യ ഷാനിക്ക് വശമാണ്. അതേസമയം നഖങ്ങള്‍ ഒളിപ്പിച്ചുവെച്ച് അവസരം കിട്ടുമ്പോള്‍ മാന്തിപ്പൊളിക്കുന്ന വൈദഗ്ധ്യമാണ് വീണയുടെ കല. ഇക്കാര്യം അഡ്വ.ജയശങ്കര്‍ മറ്റൊരുതരത്തില്‍ പറയുന്നതായും ഷാജിചൂണ്ടിക്കാട്ടുന്നുണ്ട്. ഈ രണ്ട് പെണ്‍കരുത്തുകള്‍ ചാനലില്‍ നിറഞ്ഞുപെയ്തിട്ടും സൗമ്യമാര്ക്കും സ്മിതമാര്‍ക്കും മറ്റൊരുപാട് അമ്മ പെങ്ങന്മാര്ക്കും ഈ പ്രബുദ്ധകേരളത്തില്‍ രക്ഷയില്ലാത്തതെന്ത് എന്ന ചോദ്യം ബാലിശമാണ് എന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും പുറംമോഡിയുടെ സുഖാലസ്യത്തില്‍ വീണുപോയ ഒരു സംസ്ഥാനത്തെ സടകുടഞ്ഞെഴുന്നേല്പിക്കാന് ഒരു പാട് വീണയും ഷാനിമാരും ഉണ്ടാവട്ടെ.
മലയാളം പത്രാധിപര്‍ ഇടതുപക്ഷത്തിനുവേണ്ടി സ്വയമ്പനൊരു മുഖപ്രസംഗം കാച്ചീട്ടുണ്ട് ഈ ലക്കത്തില്‍. അതിന്റെ തലക്കെട്ട് ഇങ്ങനെ: അലങ്കോലമാകുന്ന രാഷ്ട്രീയ ജീവിതം. ഇടതുഭരണം പോയതോടെ സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമായെന്നാണ് ടിയാന്റെ വിലയിരുത്തല്‍. വായിച്ചാലും നാലുവരി: ഇടതുപക്ഷത്തിന്റെ ഭരണത്തിനുശേഷം വലതുപക്ഷം അധികാരമേറ്റതോടുകൂടി, ക്രമസമാധാനപരിപാലനം പൊലീസിന്റെ കൈയില്‍ യാന്ത്രികമായിത്തീര്ന്നിരിക്കുകയാണ്. അനുനയത്തെക്കാള്‍ ബലപ്രയോഗമാണ് സൗകര്യപ്രദമെന്ന് പൊലീസ് വിശ്വസിക്കുന്നു. ജനജീവിതത്തിലെ കാവലാളുകള്‍ ആകുന്നതിനു പകരം, പഴയകാലത്തെ മര്‍ദ്ദകസംവിധാനത്തെ ഓര്‍മയില്‍ കൊണ്ടുവരുന്ന വിധത്തിലായിരിക്കുന്നു പൊലീസിന്റെ പ്രവര്‍ത്തനം. കഷ്ടം പൊലീസ് സ്റ്റേഷനുകളില്‍ ബി.സി. (ബ്രാഞ്ച് സെക്രട്ടറി) എല്‍.സി, എ.സി, ഡി.സി മാരുടെ ഭരണം കാണാത്ത വിഷമത്തില്‍ ടിയാന് ആത്മഹത്യ ചെയ്യുമോ എന്ന ഭയം ഇല്ലാതില്ല. അവാര്‍ഡ് ഉറപ്പ്; വര്‍ഷം നാലേകാല്കഴിഞ്ഞോട്ടെ. ഒരു പക്ഷേ, ഭാഗ്യമുണ്ടെങ്കില്‍ അതിനുമുമ്പും (വളരെമുമ്പും) ആയിക്കൂടെന്നില്ല. ഇതു താന്‍ പത്രാധിപധര്മം!
ഉഷ്ണ മേഖല കടന്നുപോയ കാക്കനാടനും മണ്ണിന്റെ സ്വത്വത്തിലേക്ക് ആണ്ടിറങ്ങിയ മുല്ലനും വേണ്ടി രണ്ടു വാരികകള്‍ അക്ഷരാഞ്ജലിയര്പ്പിച്ചിരിക്കുന്നു. കാക്കനാടനു വേണ്ടി എല്ലാ പംക്തികളും ഒഴിവാക്കിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് (നവം.6-12) പുറത്തിറങ്ങിയത്. കവര്‍ സ്റ്റോറിയില്‍ മുല്ലനേഴിയെ ഉള്‍പ്പെടുത്തിയാണ് ദേശാഭിമാനി വാരിക (നവം.8) അദ്ദേഹത്തെ സ്മരിക്കുന്നത്.ആഷാമേനോന് മുതല്‍ ഉണ്ണി.ആര് വരെയുള്ള 16 പേരുടെ രചനകളാല്‍ സമ്പന്നമാണ് മാതൃഭൂമി യുടെ പ്രത്യേക പതിപ്പ് . അതും പോരാതെ കാക്കനാടന് അവസാനമെഴുതിയതുള്പ്പെടെ മൂന്നു കഥയും ചേര്‍ത്തിരിക്കുന്നു. കാക്കനാടന്റെ ജീവിതം വെറും അരാജക ജീവിതമായിരുന്നില്ല എന്നുപറയുന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള എന്റെ കഥാപാത്രത്തെ മോഹിച്ച ബേബിച്ചായനില്‍ വരച്ചു കാട്ടുന്നത് കാക്കനാടന്റെ യഥാതഥമായ ജീവിതമാണെന്ന് തോന്നിപ്പോകും.അത്രയും ആത്മാര്‍ത്ഥമായാണ് അബ്ദുള്ള ആ വ്യക്തിത്വത്തെ കോറിയിടുന്നത്. ഇതാ നാലുവരികള്‍: കാക്കനാടന്റെ ജീവിതത്തില്‍ തന്നെ ചരസ്സും ഭാംഗുമൊക്കെയുണ്ടായിരുന്നു. കാക്കനാടന്റെ രാവിലത്തെ ഭക്ഷണം തന്നെ അതായിരുന്നു. ബദാം അരച്ചുകലക്കിയഭാംഗ്. ബദാം അരച്ച് ഭാംഗ് അതില്‍ ചേര്‍ക്കും. അത് വലിയൊരു ജഗ്ഗിലിട്ട് പാലൊഴിച്ച് ഒറ്റക്കുടിയാണ്. വേറെ ബ്രേക്ക്ഫാസ്റ്റില്ല. പകല്‍ വേറെ ഭക്ഷണം കഴിച്ചുകൊള്ളണമെന്നില്ല. ഭാവനയുടെ തേരില്‍ സ്വയം തേരാളിയായും തന്റെ സ്വത്വത്തെ പകുത്ത് തേരാളിയാക്കി യുദ്ധം ചെയ്തും ഭൂഖണ്ഡങ്ങളില്‍ നിന്ന് ചക്രവാളത്തിലേക്കും തിരിച്ച് സാഗരത്തിലേക്കും ആ മഹാകഥാകാരന് എങ്ങനെ പോകാന്‍ കഴിഞ്ഞു എന്ന ചോദ്യം ഇതോടെ ഇല്ലാതായില്ലേ? വേദങ്ങളുടെയും ഉപനിഷത്തുകളുടെയും കാലത്ത് അവര്‍ ദ്രാവകരൂപത്തില്‍ അതുപയോഗിച്ചു.അവര്അതിനെ സോമ എന്നുവിളിച്ചു. ഇന്ന് വാതകരൂപമാണ്. പേര് ചരസ് എന്നാണ്. മോക്ഷത്തിലേക്ക് വേറെ മാര്‍ഗമില്ല. മോക്ഷാന്വേഷകരായ കാശിയാത്രക്കാരെയും ഹൃഷികേശക്കാരെയും ഹരിദ്വാറുകാരെയും ബദരീനാഥ്കാരെയും ഈ നിര്‍വൃതിയിലേക്കാണ് അയാള്‍ ക്ഷണിക്കുന്നത്. യൂസുഫ് സരായിലെ ചരസ് വ്യാപാരി എന്ന കഥയെഴുതാന്‍ ഇങ്ങനെയുള്ള വിഭ്രമാത്മകവ്യക്തിത്വത്തെ ഉടവ് തട്ടാതെ സൂക്ഷിച്ച കാക്കനാടനല്ലാതെ മറ്റാര്ക്കാവും? ഭാവനയുടെ കുതിരകളെ വരുതിയില്‍ നിര്ത്തിപണിയെടുപ്പിക്കാനുള്ള അസാധാരണവൈഭവം കൈമുതലായിരുന്ന മഹാകഥാകാരന് കൂപ്പുകൈ.
കൂടംകുളം എങ്ങനെ കേരളത്തിന്റെ പ്രശ്നമാവുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടാനുള്ള ശ്രമമുണ്ട് മാധ്യമം ആഴ്ചപ്പതിപ്പി (നവം.7) ന്. ജപ്പാനിലെ ഫുകുഷിമ ആണവദുരന്തത്തിന്റെ യഥാര്‍ഥ ചിത്രമെന്തെന്ന് ഭൂമുഖത്തുള്ള ആര്‍ക്കും അറിയില്ല. പാതിവിവരവും ഊഹാപോഹവും വെച്ചുള്ള പൊലിപ്പിക്കല് വാര്‍ത്തകളില്‍ സത്യം വെള്ളപുതച്ച് കിടക്കുകയാണ്.ആണവനിലയങ്ങള്കൊണ്ട് പറഞ്ഞാല്‍ തീരാത്ത ഉപയോഗങ്ങളുണ്ടെങ്കിലും അതൊക്കെ നിഷ്പ്രഭമാക്കുന്ന നശീകരണ മുഖവും അതിനുണ്ട്.എളുപ്പവഴി തേടുമ്പോള്‍ എളുപ്പം മൃത്യുവിനെ കിടപ്പുമുറിയിലേക്ക് ആനയിക്കുകയാണെന്ന് അറിഞ്ഞാലും ഭരണകൂടം അതൊന്നും വകവെച്ചു തരണമെന്നില്ല. കൂടംകുളത്തെ നിസ്സഹായജന്മങ്ങളുടെ ആവലാതികള്‍ക്കും അതുതന്നെ ഗതി. ഇന്തമാതിരിനാമെല്ലാം എരന്ത്പോയിടും, ഉച്ഛിഷ്ടം വാങ്ങിവികസിതരാവുകയല്ല വേണ്ടത് എന്നീ രചനകള്‍ കാമ്പുള്ളതാണ്; കരുത്തുള്ളതും. വായിച്ചാലേ അത് മനസ്സില്‍ ആവൂ.
തൊട്ടുകൂട്ടാന്‍
തൊട്ടറിയുകീ കനവിനെ
നിനവിനെ, നീറുമോര്മ്മയെ
പിടിച്ചെടുക്കുകീ കുരുവിയെ
കൂടിനെ,കുരുന്നുപാട്ടിനെയും..
കെ.വി.പ്രശാന്ത്കുമാര്‍
കവിത: നിലവിളി
ദേശാഭിമാനി വാരിക (നവം.6)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: