ന്യൂദല്‍ഹി: അന്താരാഷ്‌ട്രതലത്തില്‍ ക്രൂഡ് ഓയില്‍ വില നിയന്ത്രണ വിധേയമായിട്ടും രാജ്യത്ത് പെട്രോള്‍ വില അടിക്കടി ഉയരുന്നത് കേന്ദ്രസര്‍ക്കാരിന്റെ കെടുകാര്യസ്ഥതകൊണ്ടാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി കുറ്റപ്പെടുത്തി.
കഴിഞ്ഞദിവസം പെട്രോള്‍ വില ലിറ്ററിന് 1.80 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് ക്രൂഡ് ഓയില്‍ ഇറക്കുമതിയെ പ്രതികൂലമായി ബാധിക്കുന്നതാണ് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചിരുന്നു.
സാമ്പത്തിക വിദഗ്‌ദ്ധനായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെയും സംഘത്തിന്റെയും പൊതുജനത്തിനുനേരെയുള്ള അര്‍ദ്ധരാത്രിയിലെ പ്രഹരമാണ് വിലവര്‍ദ്ധനവെന്നും എല്‍.കെ. അദ്വാനി കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക വിദഗ്‌ദ്ധനും നയതന്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിതനാകുമ്പോള്‍ താനുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ഒട്ടേറെ പ്രതീക്ഷയുണ്ടായിരുന്നു. ജനാധിപത്യം അദ്ദേഹത്തിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമെന്നും കരുതി. എന്നാല്‍ ഡോ. മന്‍മോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും അദ്വാനി കുറ്റപ്പെടുത്തി.
നാണ്യപ്പെരുപ്പം, അഴിമതി, കള്ളപ്പണം തുടങ്ങി രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്കെതിരെ അദ്വാനി നയിക്കുന്ന ജനചേതനയാത്ര ഇന്ന് 25-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനകം രാജ്യത്തെ 100 ജില്ലകളുള്‍പ്പെടെ പതിനായിരം കിലോമീറ്റര്‍ അദ്ദേഹം യാത്ര ചെയ്തു കഴിഞ്ഞു. പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദും യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: