തൃപ്പൂണിത്തുറ : കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം സോണിയ ഗാന്ധി അദ്ധ്യക്ഷയായ ദേശീയ ഉപദേശക സമിതി തയ്യാറാക്കിയ വര്‍ഗ്ഗീയ ലഹള വിരുദ്ധ ബില്‍ രാജ്യത്ത് മതവിദ്വേഷം വളര്‍ത്തുമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു പറഞ്ഞു. ഹിന്ദുക്കളെ കലാപകാരികളായി മുദ്രകുത്തുന്ന ബില്‍ ഹിന്ദു സമൂഹത്തെ ലോകത്തിന് മുന്നില്‍ അവഹേളിക്കുകയാണ്. എല്ലാ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും ഉത്തരവാദികള്‍ ഭൂരിപക്ഷ സമൂഹമാണെന്ന നിഗമനം ചരിത്ര സത്യങ്ങള്‍ക്ക് ഒട്ടും നിരക്കുന്നതല്ല. കേസരി പ്രചാരമാസത്തോടനുബന്ധിച്ച് തൃപ്പൂണിത്തുറ എന്‍. എസ്. എസ്. ഹാളില്‍ കേസരി സുഹൃദ് വേദി സംഘടിപ്പിച്ച സമ്മേളനത്തില്‍ സാമുദായിക കലാപ ബില്‍; ഹിന്ദുവിരുദ്ധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തെ ചെറുക്കാന്‍ വേണ്ടി ഉണ്ടായിരുന്ന പോട്ട പോലുള്ള നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ അതിനേക്കാള്‍ കടുത്ത നിയമങ്ങളാണ് ഹിന്ദുക്കള്‍ക്കെതിരെ കൊണ്ടുവരുന്നത്. ഭരണഘടന സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയും രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുകയും ചെയ്യുന്ന പ്രസ്തുത ബില്‍ തയ്യാറാക്കിയവര്‍ രാജ്യത്തോട് കൂറില്ലാത്തവരും ദേശദ്രോഹികളുമാണെന്ന് ബാബു പറഞ്ഞു. ഭൂരിപക്ഷ സമൂഹത്തെ കുറ്റവാളികളായി കണക്കാക്കി ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രത്യേക ക്രിമിനല്‍ നിയമം നടപ്പാക്കാന്‍ ശ്രമിക്കുന്നത് ശക്തിയുക്തം എതിര്‍ക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി – പട്ടികവര്‍ഗ്ഗ ആക്രമണ നിരോധന നിയമം 1989 മുതല്‍ നിലവിലിരിക്കെ ബില്ലില്‍ മത ന്യൂനപക്ഷങ്ങളുടെ ഗ്രൂപ്പില്‍ ഈ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത് ഹിന്ദുസമൂഹത്തെ പിളര്‍ത്താനുള്ള ബ്രിട്ടീഷ് തന്ത്രത്തിന്റെ ആവര്‍ത്തനമാണ്. ചടങ്ങില്‍ ആര്. എസ്. എസ്. താലൂക്ക് സംഘചാലക് അഡ്വ. വിജയകുമാര്‍ അദ്ധ്യക്ഷനായിരുന്നു. കെ. വിനോദ്കുമാര്‍ കേസരി പ്രചാരമാസ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: