മരട്: പുറംപോക്കു ഭൂമി കൈയ്യേറിയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി സബ് സ്റ്റേഷന്റെ നിര്‍മാണത്തിന് അധികൃതരുടെ സ്റ്റോപ്മെമ്മോ, കുമ്പളത്ത് നിര്‍മാണത്തിലിരിക്കുന്ന പനങ്ങാട് 110 കെവി സബ്സ്റ്റേഷനുവേണ്ടി ഭൂമി ഏറ്റെടുത്തതിനെതിരെ പരാതി ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ സുതാര്യകേരളം പരിപാടിയില്‍ പ്രദേശവാസിയായ ഒരാളാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നത്. എറണാകുളം ജില്ല കളക്ടറുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് മരട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ ഭൂമി അളന്നുപരിശോധിച്ചിരുന്നു.
സബ്സ്റ്റേഷനുവേണ്ടി മരട്- കുമ്പളം പ്രദേശങ്ങളുടെ അതിര്‍ത്തിയിലാണ് സ്വകാര്യവ്യക്തിയില്‍ ഒന്നര ഏക്കറോളം ഭൂമി കെഎസ്ഇബി വിലക്കുവാങ്ങിയത്. ഇതില്‍ പുറം പോക്കുതോട് കൈയ്യേറി നികത്തിയെടുത്ത സ്ഥലവും ഉള്‍പ്പെടുന്നതായി വില്ലേജ് ഓഫീസറുടെയും റവന്യൂ ഉദ്യോഗസ്ഥരുടേയും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ നടപടി എന്ന നിലയിലാണ് സബ്സ്റ്റേഷന്റെ പണി താത്കാലികമായി നിര്‍ത്തിവെക്കാന്‍ കഴിഞ്ഞദിവസം വില്ലേജ് ഓഫീസര്‍ കെഎസ്ഇബിയോട് സ്റ്റോപ് മെമ്മോയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍ ഇടതു സര്‍ക്കാരിന്റെ കാലത്താണ് കെഎസ്ഇബിക്കുവേണ്ടി കുമ്പളം വില്ലേജില്‍ സര്‍ക്കാര്‍ സ്വകാര്യ വ്യക്തിയില്‍നിന്നും ഭൂമിവാങ്ങിയത്. ഈ ഇടപാടില്‍ സ്വകാര്യകമ്പനിയും, വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് ക്രമക്കേടുകാട്ടിയതായി ആക്ഷേപം ഉയര്‍ന്നിരുന്നു. 110 കെവി സബ്സ്റ്റേഷനുവേണ്ടി ഏറ്റെടുത്ത ഭൂമിയില്‍ 15.7 മീറ്റര്‍ വീതിയുള്ള പുറംപോക്കുതോടിന്റെ ഒരു ഭാഗവും ഉള്‍പ്പെടുന്നതായി വില്ലേജ് ഓഫീസറുടെയും, ആര്‍ഡിഒയുടേയും മറ്റും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സെന്റിന് 1.75 ലക്ഷം രൂപക്കാണ് സ്വകാര്യ കമ്പനിയില്‍നിന്നും കെഎസ്ഇബിക്കുവേണ്ടി സ്ഥലം വാങ്ങിയത്. ഇത്തരത്തില്‍ ഏറ്റെടുത്ത ഭൂമിയില്‍ 30 സെന്റോളം പുറംപോക്ക് തോടിന്റെ ഭാഗമാണെന്നാണ് അക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ പുറംമ്പോക്കുസ്ഥലം വൈദ്യുതി വകുപ്പ് വിലകൊടുത്തുവാങ്ങിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. ഇതിനു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. സബ്സ്റ്റേഷന്റെ പണി നിര്‍ത്തിവെക്കാന്‍ സ്റ്റോപ് മെമ്മോ ലഭിച്ചതിനെതുടന്ന് നിര്‍മാണ പ്രവര്‍ത്തനം തുടരുന്നതിനായുള്ള അനുമതിക്കായി സര്‍ക്കാര്‍ സഹായം നേടിയിരിക്കുകയാണ് കെഎസ്ഇബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: