ഭൂതകാലത്തിന്റെ കിലുകിലുക്കം ചിലപ്പോള്‍ സുഖപ്രദവുമായിരിക്കും. ചൊറിയുന്നതും ചിരിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമായിരിക്കാം പലതും.അത്രയൊന്നും കൊഴിഞ്ഞുപോകാത്ത ഒരു കൊച്ചുകാലയളവ്.
വലിയ ഓഫീസുകളില്‍ പോലും എട്ടുപത്തു ലാന്‍ഡ് ഫോണുകളും നിരവധി എക്സ്റ്റന്‍ഷന്‍ ഫോണുകളും മാത്രമുള്ള ഒരു കാലം. വിവിധ അത്ഭുതങ്ങള്‍ നേരില്‍ക്കണ്ട് ആസ്വദിക്കുവാനും ഞെട്ടാനും വെട്ടിലാവാനും സാധിച്ച കാലം.
ഇത്രയും പശ്ചാത്തലം. ഇനി സംഭവങ്ങളിലേക്ക് പ്രവേശിക്കാം. ഇന്ത്യയിലെ മികച്ചത് എന്നുതന്നെ പറയാം, ഒരു പത്രമോഫീസ്, മലയാളപത്രം. ദിവസവും രാവിലെ ഉണരുന്നത് ഇന്നത്തെ പാര എന്തായിരിക്കുമെന്ന ഉള്ക്കിടിലത്തോടെയാവും. മനസ്സണ്‍നു പതറിയാല്‍ ഇന്‍ഡേന്‍ ഇന്ഡോറാവും, കട കൂടിയും വട വടിയുമായി മാറുന്ന ജാലവിദ്യകള്‍ മെയ്വഴക്കത്തോടെ പയറ്റണം, പൂത്തേത്തായ പുത്തന്‍പുരയ്ക്കല്‍ വറുഗീസ്, പരേതനായ പുത്തന്‍പുരയ്ക്കല്‍ വറുഗീസാവുന്ന മുള്ളുവേലികള്‍ സൂക്ഷിക്കണം. കാണാതായ യുവതി ക്നാനായ യുവതിയാകാന്‍ അധികനിമിഷം വേണ്ട. ഒരൊറ്റ ഞൊടിമതി. രണ്ടുഗോള്‍ മാറി രണ്ടുഗേളാവാനും വഴിയുണ്ട്. പേടിച്ചാല്‍ ദോഷം പേടിച്ചില്ലെങ്കിലും ദോഷം. ചില സമയങ്ങളില്‍ നിര്‍ണ്ണായകവും സങ്കീര്‍ണ്ണവും പത്രത്തില്‍ വന്നുകഴിഞ്ഞാല്‍ ഇത്തരമൊരു ഗുലുമാല് ന്യായമായും പ്രതീക്ഷിക്കാം.
അതിലൊന്നാണ് പരീക്ഷാവിജയികളുടെ നമ്പരുകള്‍ പത്രങ്ങളില്‍ വരുക. ഓരോ കുഞ്ഞുനമ്പരും ഒരു ജീവനും അതിനെ ചുറ്റിപ്പറ്റിയുള്ള കുടുംബാംഗങ്ങളും നാട്ടുകാരുമായിരിക്കും. ഓരോന്നും നോക്കിയിരിക്കുമ്പോള്‍ ടെലിഫോണ്‍ കൗണ്ടറില്‍ (ഓഫീസിലെ ബൂത്ത്) നിന്നും എക്സ്റ്റന്‍ഷന്‍ ഫോണിലേക്ക് ബെല്‍:
ഹലോ, വെള്ളത്തിലാശാനെ നീണ്ടൂര്‍ നിന്നും കാലന് വിളിയ്ക്കുന്നു. അത്ഭുതം കലര്‍ന്ന അറിയിപ്പ്: കൊടുക്ക്;
ഹലോ ആശാനല്ലേ, ഇതു കാലനാ നീണ്ടൂര്‍ നിന്നും…
ങേ….
ജോക്കുട്ടി….. കാലന് ശരിക്കും പരിചയപ്പെടുത്തി. പിടികിട്ടി. നാട്ടുകാര്‍ കാലന് എന്നുവിളിക്കുന്ന ജോക്കുട്ടി (കാലിനു വളരെ നീളക്കൂടുതലുള്ളയാളാണ് ജോക്കുട്ടി. അതുലോപിച്ച് കാലനായി)
ഓ എന്തുണ്ട്….
എന്റെ ചെറുക്കന്റെ നമ്പര്‍
ന്‍ഘാ…
25345…..
കുറച്ചുകഴിയട്ടെ. വിളിച്ചുപറയാം….
ഓഫീസിന് മുഴുവന്‍ ചിരി…
പലരും കാലന്റെ വിളിയോര്‍ത്തു പൊട്ടിച്ചിരിച്ചു. കുടുകുടാന്നു കുലുങ്ങി വീണ കൂട്ടച്ചിരി.
ടെലിഫോണ്‍ സെക്ഷനിലെ അത്ഭുതം കെടാതെ നിന്നു. കാലന്റെ ശബ്ദം നേരില്‍കേട്ട വ്യക്തികള്‍, കാലന്റെ പരിചയക്കാരനായ എന്നെ കണ്ടപ്പോഴത്തെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. മാലപ്പടക്കത്തിന് തീപിടിച്ച പ്രതീതി.
ഇന്നും മനസ്സില്‍ ആ വിളി പച്ചപിടിച്ചുകിടക്കുന്നു…. കാലനോടുള്ള കടപ്പാട് ജന്മം മുഴുവനും നിലനില്ക്കും. ഇതിനിടയില്‍ കഥ നാട്ടിലുമെത്തിയിരുന്നു.
ഡോ. വെള്ളത്തിലാശാന്‍
v
പ്രതികരിക്കാൻ ഇവിടെ എഴുതുക: