2 ജി സ്പെക്ട്രം അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന ഡിഎംകെ എംപി കനിമൊഴിയുടെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളി. കനിമൊഴി ഉള്‍പ്പെടെ ഏഴുപേരുടെ ജാമ്യാപേക്ഷകള്‍ റദ്ദാക്കിക്കൊണ്ടാണ് കോടതി ഉത്തരവിറക്കിയത്. മുന്‍ ടെലികോംമന്ത്രി എ. രാജയുടെ പ്രൈവറ്റ് സെക്രട്ടറി ആര്.കെ. ചന്ദോളിയ, കലൈഞ്ജര്‍ ടിവി എംഡി മുതലായവരുടെ ജാമ്യാപേക്ഷകളാണ് തള്ളപ്പെട്ടത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ബാധിക്കുന്ന ഗൗരവതരമായ കുറ്റമാണ് പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ളതെന്ന് കോടതി പറഞ്ഞു. കലൈഞ്ജര്‍ കരുണാനിധിയും ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ കനിമൊഴിയും സഹ കുറ്റവാളികളും ജാമ്യമര്ഹിക്കുന്നില്ല എന്ന മുന്‍നിലപാട് സിബിഐ തിരുത്തുകയും ജാമ്യം കൊടുക്കാവുന്നതാണെന്ന് ബോധിപ്പിക്കുകയും ചെയ്തിരുന്നു. സിബിഐയുടെ ഈ മനംമാറ്റത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കനിമൊഴിക്ക് ജാമ്യം ലഭിക്കുമെന്നുള്ള പ്രതീക്ഷയില്‍ അമ്മ രാജാത്തി അമ്മാളും ഡിഎംകെ നേതാക്കളും കോടതിയില്‍ സന്നിഹിതരായിരുന്നു. കനിമൊഴിയുടെ ജാമ്യാപേക്ഷ തള്ളിയതായി അറിഞ്ഞ അമ്മ പൊട്ടിക്കരഞ്ഞു. സ്ത്രീ എന്ന പരിഗണന വെച്ച് ക്രിമിനല്‍ നടപടിച്ചട്ടത്തിന്റെ 43-ാം വകുപ്പ് പ്രകാരം ജാമ്യം വേണമെന്ന കനിമൊഴിയുടെ വാദവും കോടതി തള്ളി. പ്രതിയായ കനിമൊഴി സമൂഹത്തില്‍ ഏറ്റവും ഉന്നതശ്രേണിയില്പ്പെട്ട വ്യക്തിയും പാര്‍ലമെന്റംഗവുമാണ്. അതിനാല്‍ ഒരുതരത്തിലുള്ള വിവേചനവും അവര്‍ അനുഭവിക്കാന്‍ സാധ്യതയില്ലെന്നും കോടതി പറഞ്ഞു.
ബാഹ്യഘടകങ്ങള്‍ പരിശോധിക്കാതെ വസ്തുതകളുടെ അടിസ്ഥാനത്തിലും സാഹചര്യങ്ങള്‍ പരിഗണിച്ചുമാണ് ജാമ്യാപേക്ഷ തള്ളുന്നതെന്നും ജാമ്യത്തില്‍ ഇറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞ കോടതി കടുത്ത സാമ്പത്തിക കുറ്റങ്ങള്‍ ചെയ്ത് സമൂഹത്തിന്റെ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കാന്‍ ഗൂഢാലോചന നടത്തിയവരാണെന്നും ചൂണ്ടിക്കാട്ടി. പ്രതികളാല്‍ വഞ്ചിതരായവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നായിരുന്നു കോടതിയുടെ വാദം. പുറമെനിന്നുള്ള സ്വാധീനങ്ങളോ ജാമ്യാപേക്ഷകളില്‍ മുന്‍പ് വന്നിട്ടുള്ള വിധികളോ സ്വാധീനിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. 200 കോടി കൈക്കൂലി നല്കി എന്നതിന് പുറമെ രണ്ട് കമ്പനികള്‍ക്ക് വന്‍ സാമ്പത്തിക നേട്ടം നേടിക്കൊടുത്ത കേസിന്റെ സ്വഭാവത്തിലേക്കാണ് കോടതി വിരല്‍ചൂണ്ടിയത്. ക്രിമിനല്‍ ശിക്ഷാ നിയമത്തില്‍ പരമാവധി ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന 409-ാം വകുപ്പാണ് കനിമൊഴിക്കും കൂട്ടുപ്രതികള്‍ക്കും മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. സുപ്രീംകോടതി വിധി ഉദ്ധരിച്ച് കോടതി പറഞ്ഞത് പ്രതികളുടെ അന്തിമ ലക്ഷ്യം പൊതുസ്വത്ത് തങ്ങളുടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാനായിരുന്നു. അതിന് അവര്‍ക്കവകാശമില്ല. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുന്ന സാമ്പത്തിക കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തിക കുറ്റങ്ങള്‍ക്കും അഴിമതിക്കും എതിരെ ശക്തമായ നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
കനിമൊഴിയുടെ കൂട്ടുപ്രതികളുടെ ജാമ്യനിഷേധം കോണ്‍ഗ്രസ്-ഡിഎംകെ ബന്ധം ഉലയ്ക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഇതോടൊപ്പം കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത് പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും പിന്തുണ പിന്‍വലിക്കുമോ എന്നതാണ്. അതോടൊപ്പം കോടതിവിധി വിമര്‍ശനവും ക്ഷണിച്ചുവരുത്തിയിരിക്കുന്നു. മാധ്യമസമ്മര്‍ദ്ദത്തിന് വഴങ്ങിയും സുപ്രീംകോടതി ഈ കേസ് നിരീക്ഷിക്കുന്നതിനാലുമാണ് കോടതി ഈ കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും മുതിര്‍ന്ന അഭിഭാഷകര്‍ ആരോപിച്ചു. കനിമൊഴിയും കൂട്ടുപ്രതികളും സാക്ഷികളെ സ്വാധീനിക്കും എന്ന വാദവും അസ്ഥാനത്താണ് എന്ന വാദം ഉയരുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ സാക്ഷികള്‍ക്ക് കേസ് കോടതിയിലെത്തുന്നതിന് മുന്‍പേ സമയം ലഭിച്ചിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ്. കോടതിവിധി ഇന്ത്യയില്‍ അഴിമതിക്കെതിരെ ഉയരുന്ന ശക്തമായ വികാരത്തിന്റെ പ്രതിഫലനമാണ്. ഉന്നതസ്ഥാനീയര്‍ ശിക്ഷിക്കപ്പെട്ടാല്‍ അവര്‍ ജയില്‍വാസം ആശുപത്രിയിലാക്കുന്നതും ശിക്ഷയില്‍ ഇളവുകള്‍ നേടുന്നതും പൊതുവെ കണ്ടുവരുന്നുണ്ട്്. ഈ വിധി ഇത്തരത്തിലുള്ള കുറ്റവാളികള്‍ക്ക് ഒരു മുന്നറിയിപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: