കേരളത്തിലെ സിനിമാ തീയറ്ററുകള്ക്കിപ്പോള് വസന്തകാലമാണ്. തീയറ്ററുകള്‍ മിക്കതും ഹൗസ്ഫുള്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ സിനിമാ തീയറ്ററുകളിലെല്ലാം നല്ല തിരക്ക്. എന്നാല്‍ മലയാളിക്ക് ഒട്ടും സന്തോഷിക്കാനുള്ള അവസരം നല്‍കുന്നില്ല ഈ വാര്‍ത്ത. കാരണം ഈ തീയറ്ററുകളിലൊന്നും ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത് മലയാള സിനിമകളല്ല. അന്യഭാഷാ ചിത്രങ്ങള്‍ക്കാണ് നമ്മുടെ പ്രേക്ഷകര്‍ തിക്കിത്തിരക്കുന്നത്. വളരെ പ്രതീക്ഷ നല്കുന്ന മലയാള സിനിമകള്‍ വെള്ളിത്തിരയിലെത്താന്‍ ഒരുങ്ങി നില്‍ക്കുന്നുണ്ടെങ്കിലും അടുത്തൊന്നും അതൊക്കെ മലയാളിക്ക് കാണാന്‍ കഴിയുമെന്ന പ്രതീക്ഷ വേണ്ട. സംസ്ഥാനത്തെ എ ക്ലാസ് സിനിമാ ശാലകളുടെ ഉടമസ്ഥരുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് മലയാള സിനിമകള്‍ റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ്. അത്തരമൊരു തീരുമാനത്തിലെത്തുന്നതിയതിനു പിന്നില്‍ നിരവധി കാരണങ്ങളും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
റിലീസ് ചെയ്യാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയ മമ്മൂട്ടിയുടെ ‘വെനീസിലെ വ്യാപാരി’ എന്ന ഷാഫി ചിത്രവും മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് സംവിധാനം ചെയ്ത ‘ഒരു മരുഭൂമികഥ’ എന്നചിത്രവും തിയറ്റര്‍ ഉടമകളുടെ സമരം പേടിച്ച് റിലീസിംഗ് മാറ്റിവെച്ചിരിക്കുകയാണ്. ചെറുതും വലുതുമായ നിരവധി മലയാള ചലച്ചിത്രങ്ങളെയാണ് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ സമരം ബാധിച്ചിരിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച സിനിമകള്‍ തീയറ്ററിലെത്തിക്കാനാകാതെ പെട്ടിക്കുള്ളില്‍ തന്നെയിരിക്കുമ്പോള്‍ വിഷമത്തിലാകുന്നത് നിര്‍മ്മാതാവാണ്. കൊള്ളപ്പലിശയ്ക്കു വരെ കടംവാങ്ങി സിനിമ നിര്‍മ്മിക്കുമ്പോള്‍ കൃത്യമായ കണക്കു കൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് എല്ലാം ചെയ്യുന്നത്. എന്നാല്‍ റിലീസിംഗ് വൈകുന്നതോടെ പ്രശ്നം രൂക്ഷമാകും.
സിനിമാ മേഖലയുടെ മാത്രം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ക്രീയാത്മകമായ ഇടപെടല്‍ നടത്തുന്നതിനുമായി ഒരു സിനിമാ മന്ത്രിയുള്ള സംസ്ഥാനത്താണ് മലയാള സിനിമയ്ക്ക് ഈ ഗതി വന്നുചേര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളും തീയറ്റര്‍ ഉടമകളുടെ കടുംപിടുത്തവും ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത അവകാശവാദങ്ങളുമെല്ലാമാണ് പ്രതിസന്ധിയും സമരവും രൂക്ഷമാക്കുന്നത്. മലയാള സിനിമയുടെ വൈഡ് റിലീസിംഗ് അനുവദിക്കില്ലെന്നതാണ് എ ക്ലാസ് തീയറ്റര്‍ ഉടമകളുടെ പ്രധാന വാദം. എന്നാല്‍ നഗരപ്രദേശങ്ങളിലെ എ ക്ലാസ് തീയറ്ററുകളില്‍ മാത്രം സിനിമ റിലീസായാല്‍ നിര്‍മ്മാതാവിന് ഗുണമുണ്ടാകുകയില്ല. എല്ലാതീയറ്ററുകളിലും സിനിമ ഒരു പോലെ റിലീസാകുമ്പോള്‍ ആദ്യകാഴ്ചയില്‍ തന്നെ നല്ല വരുമാനം ലഭിക്കുന്നു. അതനുവദിക്കില്ലെന്ന തീയറ്റര്‍ ഉടമകളുടെ വാദം സിനിമാ മേഖലയിലെ മറ്റ് പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല.
സിനിമയ്ക്ക് ടിക്കേറ്റ്ടുക്കുമ്പോള് രണ്ടു രൂപ സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നുണ്ട്. തീയറ്ററുകളില്‍ പ്രേക്ഷകന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടിയാണ് ഈ തുക ഉപയോഗിക്കേണ്ടതെന്നാണ് വ്യവസ്ഥ. എന്നാല്‍ എല്ലാ തീയറ്ററുകളും രണ്ടു രൂപ വാങ്ങുന്നുണ്ടെങ്കിലും തീയറ്ററുകളില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങളൊരുക്കുന്നില്ല. സിനിമ കാണാനെത്തുന്ന പ്രേക്ഷകനെ തീയറ്ററുകളില്‍ കാത്തിരിക്കുന്നത് എലിയും പാമ്പും പെരിച്ചാഴിയുമൊക്കെയാണ്. ആവശ്യത്തിന് സൗകര്യമൊരുക്കാതെ പ്രേക്ഷകന്റെ പക്കല്‍ നിന്നും രണ്ടു രൂപവീതം വാങ്ങി സ്വന്തം സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്ന തീയറ്ററുടമ ചെയ്യുന്നത് വഞ്ചനയാണ്. ഇതിനു കൂട്ടുനില്‍ക്കില്ലെന്ന സര്‍ക്കാര്‍ നിലപാടും സമരത്തിനു കാരണമായി. രണ്ടു രൂപ സര്‍വ്വീസ് ചാര്‍ജ്ജ് തല്ക്കാലം നിര്‍ത്തലാക്കുമെന്നും പകരം തീയറ്ററുകളെ സൗകര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്യുമെന്നുമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഗ്രേഡിംഗ് നടപടികള്‍ ഇപ്പോള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. സര്‍വ്വീസ് ചാര്‍ജ്ജ് നിര്ത്തിലാക്കിയെന്ന് സിനിമാ മന്ത്രി പ്രഖ്യാപിച്ചെങ്കിലും അത് ഉത്തരവായി ഇനിയും ഇറങ്ങിയിട്ടില്ല. അതിനാല്‍ ഇപ്പോഴും സിനിമ കാണാന്‍ തീയറ്ററുകളിലെത്തുന്നവരില് നിന്ന് രണ്ടു രൂപ വീതം വാങ്ങുന്നുണ്ട്. ചുരുക്കത്തില്‍ ഇനിയും നടപ്പിലാകാത്ത പ്രഖ്യാപനത്തിന്റെ പേരിലാണ് തീയറ്റര്‍ ഉടമകള്‍ മലയാള സിനിമകള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്നത്.
തീയറ്റര്‍ ഉടമകള്‍ സമരത്തിനു കാരണമായി പറയുന്നതൊന്നും അന്യഭാഷാ ചിത്രങ്ങളുടെ കാര്യത്തില്‍ അവര്‍ക്കു ബാധകമാകുന്നില്ല. ഇവിടെയാണ് ഇരട്ടത്താപ്പും സമ്മര്‍ദ്ദ തന്ത്രവും വ്യക്തമാകുന്നത്. കേരളത്തിലെ തിയറ്ററുകളില്‍ ഇപ്പോള്‍ തകര്‍ത്തോടുന്നത് ഹിന്ദി ചലച്ചിത്രം ഷാരൂഖ് ഖാന്റെ ‘റാ വണ്‍’, തമിഴില്‍ നിന്നുള്ള വിജയിന്റെ ‘വേലായുധം’, സൂര്യയുടെ ‘ഏഴാം അറിവ്’ എന്നിവയാണ്. കേരളത്തില്‍ മാത്രം 110 തീയറ്ററുകളിലാണ് ‘വേലായുധം’ റിലീസ് ചെയ്തത്. സൂര്യയുടെ ‘ഏഴാം അറിവ്’ 90ല്‍ അധികം കേന്ദ്രങ്ങളില്‍ നിന്നാണ് കോടികള്‍ തകര്‍ത്തു വാരുന്നത്. ‘റാ വണ്‍’ കേരളത്തിലെ 60ല്‍ അധികം തീയറ്ററുകളില്‍ നിറഞ്ഞോടുന്നു. വൈഡ് റിലീസിംഗ് ഈ സിനിമകള്‍ക്കൊന്നും ബാധകമല്ലേയെന്ന ചോദ്യം ഉയരുന്നു. ഈ സിനിമകള്‍ കാണാന്‍ തീയറ്ററുകളിലെത്തുന്നവരില് നിന്ന് രണ്ടു രൂപവീതം സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങുകയും ചെയ്യുന്നുണ്ട്. ഇത്തരം ഇരട്ടത്താപ്പ് എന്തിനു വേണ്ടിയാണ്?. സമരമാണെങ്കില്‍ എല്ലാ സിനിമകളെയും ബഹിഷ്കരിച്ചല്ലേ ചെയ്യേണ്ടത്?. അതില്‍ നിന്നു വ്യക്തമാകുന്നത് ഒരു കാര്യം മാത്രം. മലയാള സിനിമയെ പാഠം പഠിപ്പിക്കുക എന്നതാണ് തീയറ്റര്‍ ഉടമകളുടെ ലക്ഷ്യം.
അന്യഭാഷാ സിനിമകള്‍ നമ്മുടെ സംസ്ഥാനത്തു നിന്ന് കോടികള്‍ കൊയ്യുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകര്‍ അസൂയപ്പെട്ടിട്ടെന്തുകാര്യം. നൂതന സാങ്കേതിക വിദ്യയുടെയും ഹൃദയസ്പര്‍ശിയായ കഥയുടെയും അകമ്പടിയോടെയാണ് തമിഴ്,ഹിന്ദി സിനിമകള്‍ കേരളത്തിലെത്തുന്നത്. നിലവാരമുള്ള അന്യഭാഷാസിനിമകളെ വരവേല്‍ക്കാന്‍ നമ്മുടെ സഹൃദയരായ പ്രേക്ഷകര്‍ക്ക് മടിയൊട്ടുമില്ല. എന്നാല്‍ മലയാള സിനിമയോട് അത്തരമൊരു സമീപനം സ്വീകരിക്കാന്‍ കഴിയുന്നില്ല. പഴകിപ്പുളിച്ച പ്രമേയങ്ങളും മീശപിരിയന്‍ കഥാപാത്രങ്ങളെയും കണ്ടു മടുത്തു. പുതുമ ഒട്ടുമില്ല. മലയാള സിനിമ കണ്ടു മടുത്ത പ്രേക്ഷകര്‍ തീയറ്ററില്‍ നിന്നോടിയൊളിച്ചു. കഴിഞ്ഞ പത്തു മാസത്തിനിടയില്‍ റിലീസ് ചെയ്ത 90 ശതമാനം മലയാള സിനിമകളും പരാജയപ്പെടുകയായിരുന്നു. തീയറ്ററുകളില്‍ പ്രേക്ഷകരെത്താതിരുന്നപ്പോള് ഗ്രാമപ്രദേശങ്ങളിലെ സിനിമാ തീയറ്ററുകള്‍ ഗോഡൗണുകളും കല്യാണ മണ്ഡപങ്ങളുമായി മാറി. നഗരത്തിലേക്കും ആ പ്രവണത കടന്നു വന്നുകൊണ്ടിരിക്കുന്നു.
ഇത്തരം പ്രതിസന്ധിക്കാലത്തും നല്ല കുറച്ചു സിനിമകള്‍ മലയാളത്തില്‍ ഉണ്ടായി. പ്രതീക്ഷ നല്കുന്ന അനുഭവങ്ങള്‍ സമ്മാനിച്ചത് അത്തരം ചലച്ചിത്രങ്ങളാണ്. ചെറുപ്പക്കാരായ കുറച്ചുപേര്‍ പുതുമയുള്ള പ്രമേയങ്ങള്‍ പരീക്ഷിക്കാന്‍ ധൈര്യം കാണിച്ചപ്പോള്‍ മലയാള സിനിമ പച്ചപിടിച്ചു തുടങ്ങി എന്ന് തോന്നി. തീയറ്ററുകള്‍ മെല്ലെ പ്രേക്ഷകന്റെ ആരവത്തിനു കീഴങ്ങാന്‍ തയ്യാറായി. അപ്പോഴാണ് സമരത്തിന്റെ പേരിലുള്ള പ്രതിസന്ധി ഉളവായിരിക്കുന്നത്.
കേരളത്തിലെ തീയറ്ററുകളില്‍ ഇപ്പോള്‍ പുതമലയാള സിനിമകളൊന്നുമില്ല. ഉള്ളത് സന്തോഷ് പണ്ഡിറ്റെന്ന ‘കോപ്രായക്കാര’ന്റെ കൃഷ്ണനും രാധയും മാത്രം. അതിനെ സിനിമയെന്ന് പറയാന്‍ കഴിയില്ല. ഒന്നും വിളിക്കാനും കഴിയില്ല. സിനിമയെന്ന് പറഞ്ഞ് സന്തോഷ്പണ്ഡിറ്റെന്ന വ്യക്തി പടച്ചു വച്ചിരിക്കുന്നത് കാണാന്‍ പക്ഷേ, പ്രേക്ഷകരെത്തുന്നു. തീയറ്ററുകള്‍ വാടകയ്ക്കെടുത്താണ് അയാള്‍ കൃഷ്ണനും രാധയും വെള്ളിത്തിരവെളിച്ചത്തിലെത്തിച്ചത്. മലയാള സിനിമാ പ്രവര്‍ത്തകരോടുള്ള വെറുപ്പ് കലശലായ പ്രേക്ഷകന് അതു പ്രകടിപ്പിക്കാന്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമയ്ക്ക് ടിക്കേറ്റ്ടുത്തു കയറുകയും തീയറ്ററിനുള്ളില്‍ നൃത്തം ചെയ്യുകയും ചെയ്തു.
എന്നായാലും സമരം അവസാനിക്കുമെന്നത് എല്ലാവര്‍ക്കുമറിയാം. ഗ്രേഡിംഗ് നടപടി കഴിയുമ്പോള്‍ സര്‍വ്വീസ് ചാര്‍ജ്ജ് പുനസ്ഥാപിക്കും. തീയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കും. അത്തരം സൂചനകള്‍ പുറത്തു വരുന്നുമുണ്ട്. മണ്ടന്മാരാകുന്നത് പ്രേക്ഷകന് മാത്രം. അവര്‍ക്കു ചെയ്യാന്‍ കഴിയുന്നത് ഒന്നുമാത്രമാണുള്ളത്. സമരം കഴിഞ്ഞ് തീയറ്ററുകളില്‍ മലയാള സിനിമ വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷകര്‍ സമരം തുടങ്ങണം. തീയറ്ററുകളിലെത്തുന്ന പ്രേക്ഷകനും ചില അവകാശങ്ങളില്ലെ. അതിനുവേണ്ടി ഒരു സമരം.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: