ഇന്ത്യയിലെ ‘ബുദ്ധിജീവികളും’ ലിബറല്‍ ചിന്താഗതിക്കാരും ബലമായി വിശ്വസിക്കുന്നത് സന്ധി സംഭാഷണങ്ങള്‍ മാത്രമാണ് ഇന്ത്യയോടുള്ള താലിബാന്റെയും ഐഎസ്ഐയുടേയും ഉഗ്രവൈരത്തെ കുറയ്ക്കാനുള്ള ഏക മാര്‍ഗമെന്നാണ്. ഈ രണ്ടു സംഘങ്ങളും ഗാന്ധിമാര്‍ഗം സ്വീകരിച്ചവരല്ല എന്ന് ഇക്കൂട്ടര്‍ ഓര്‍ക്കുന്നില്ല.
താലിബാന് ഇന്ത്യയോടുള്ള ശത്രുത മൂര്‍ത്തരൂപം പ്രാപിച്ചത്, 1998 ആഗസ്റ്റ് 20-ാം തീയതി 75 യുഎസ് ക്രൂസ് മിസെയിലുകള്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്-അല്‍ഖ്വയ്ദ ശക്തികേന്ദ്രങ്ങളില്‍ ആഞ്ഞു പതിച്ചപ്പോഴാണ്. അന്ന് അമേരിക്ക അവിചാരിതമായി ഇന്ത്യക്ക് ഒരു പെരുത്ത ഉപകാരമാണ് ചെയ്തത്. ജമ്മു-കാശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്താനായി, ഹര്‍ക്കത്തുല്‍ മുജാഹിദീന്റെ ജിഹാദികള്‍ക്ക് പരിശീലനം നല്കിക്കൊണ്ടിരുന്ന, ഖോസ്തിലെ ഐഎസ്ഐ ക്യാമ്പ് ക്രൂസ് മിസെയിലുകള്‍ തകര്‍ത്തു.
കുറച്ചു മാസങ്ങള്‍ക്കുശേഷം, അന്നത്തെ ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറല്‍ സിയാവുദ്ദീന് ഭട്ട് താലിബാന് പ്രസിഡന്റ് മുള്ളാ മുഹമ്മദ് റബ്ബാനിയെ കണ്ട് കാശ്മീരില്‍ ജിഹാദ് നടത്തുന്നതിനായി 30,000 വോളന്റിയര്‍മാരെ ആവശ്യപ്പെട്ടു. പ്രസ്തുത ഇസ്ലാമിക സംരഭത്തിലേക്കായി മുപ്പതിനായിരമല്ല അഞ്ചുലക്ഷം ജിഹാദികളെ ഏര്‍പ്പാടാക്കുമെന്ന് വാഗ്ദാനം ചെയ്ത് റബ്ബാനി ജനറല്‍ സിയാവുദ്ദീനെ അന്ധാളിപ്പിച്ചു.
പാക്കിസ്ഥാനിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിലും പാക് തെരഞ്ഞെടുപ്പുകളില്‍ അവിഹിതവും അനാശാസ്യവുമായ ഇടപെടലുകള്‍ നടത്തുന്നതിലും ഐഎസ്ഐ മികവ് കാണിച്ചിട്ടുണ്ട്. ഐഎസ്ഐ മുന്‍ ചീഫ് ലഫ്.ജനറല്‍ അസദ് ദുറാനി പാക് സുപ്രീംകോടതി മുന്‍പാകെ നല്കിയ മൊഴി ഇതിന് തെളിവാണ്.
ജനറല്‍ ദുറാനി അടക്കമുള്ള ഐഎസ്ഐ മേധാവികള്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഭാഗഭാക്കുകളായ ശുദ്ധ റൗഡികളാണ്. താലിബാനുമായും മറ്റു ജിഹാദി ഗ്രൂപ്പുകളുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ലഫ്.ജനറല്‍ മഹ്മൂദ് അഹമ്മദീനെ ഐഎസ്ഐ മേധാവി സ്ഥാനത്തുനിന്നും ജനറല്‍ പര്‍വേസ് മുഷാറഫിന് നീക്കം ചെയ്യേണ്ടിവന്നത് അമേരിക്കയുടെ ആജ്ഞപ്രകാരമാണ്.
പിന്നെ, ഐഎസ്ഐയുടെ ചീഫായ ജനറല്‍ അഷ്ഫാക് പര്‍വേസ് കായാനിയുടെ കാലത്താണ് അബോട്ടാബാദില്‍ ഒസാമ ബിന്ലാദന് സുരക്ഷിത താവളം കണ്ടെത്തിയത്. അടുത്ത ഐഎസ്ഐ തലവനായത് മുഷാറഫിന്റെ ശിങ്കിടി ലഫ്.ജനറല്‍ നദീം താജ് ആണ്. കടുത്ത ഇസ്ലാമിക പ്രതിബദ്ധത പ്രകടിപ്പിച്ച ഇയാളുടെ കാലത്താണ് കാബൂളിലെ ഇന്ത്യന്‍ എംബസിക്ക് നേരെ ഐഎസ്ഐ ആക്രമണം സംഘടിപ്പിച്ചത്. തുടര്‍ന്നുവന്ന ലഫ്.ജനറല്‍ ഷുജാ പാഷയാണ് ഇപ്പോള്‍ ഐഎസ്ഐ തലവന്‍.
ജനറല്‍ ഷൂജയും മുന്‍ഗാമികളുടെ കാലടികള്‍ പിന്തുടര്ന്ന്, തന്നെ ഏല്‍പ്പിച്ച കര്‍ത്തവ്യം സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വഹിച്ചു വരുന്നു. ലഷ്ക്കറെ തൊയ്ബയെക്കൊണ്ട് മുംബൈയില്‍ 26/11 ഭീകരാക്രമണം നടത്തിച്ചു ജന.ഷൂജ തന്റെ ജിഹാദ് പ്രതിബദ്ധതക്കു അടിവരയിട്ടു. സംഭവത്തില്‍ ഐഎസ്ഐയുടെ പങ്ക് ഡേവിഡ് ഹെഡ്ലി വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന്, 26/11 ല്‍ ജിഹാദ്ബലിയായി തീര്‍ന്നവരുടെ ബന്ധുക്കള്‍ നല്കിയ കേസ് ഫയലില്‍ സ്വീകരിച്ച് ഒരു യുഎസ് കോടതി ജന.ഷൂജക്ക് സമന്‍സയച്ചു. ലഷ്കറിന്റെ മിലിട്ടറി കമാന്‍ഡര്‍ സക്കിയൂര്‍ റഹ്മാന് ലാഖ്വിയെ ജയിലില്‍ ചെന്നു കണ്ടു ഉപദേശങ്ങള്‍ സ്വീകരിച്ചുവെന്ന് ജന.ഷൂജക്കെതിരെ റിപ്പോര്‍ട്ടുണ്ട്.
പാക് പട്ടാളത്തിന്റെ ശിങ്കിടിയായ ഇമ്രാന് ഖാന്, പ്രധാനമന്ത്രി യൂസഫ് റാസാ ഗിലാനി വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍, അമേരിക്കക്കെതിരെ നീങ്ങാന്‍ എണീറ്റു നടക്കാന്‍ ശേഷിയില്ലാത്ത പിപിപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു കളഞ്ഞു. പ്രധാനമന്ത്രി ഗിലാനി പണ്ടേ പട്ടാളത്തിന് പ്രിയങ്കരനാണ് എന്നുമോര്‍ക്കണം. ഈ സര്‍വകക്ഷി യോഗത്തില്‍, പഖ്തൂണ് നേതാവ് മുഹമ്മദ് അച്ചാക്ക്സായി “ഐഎസ്ഐ അഫ്ഗാനിസ്ഥാനിലേക്ക് ഭീകരത കയറ്റുമതി ചെയ്യുന്നത് നിറുത്തിയാല്‍, ആ രാജ്യത്ത് ഒരു മാസത്തിനകം ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കപ്പെടും” എന്നു പ്രസ്താവിച്ചു. മിസ്റ്റര്‍ ഷെയറെഫ് പറഞ്ഞത് മുഴുവന്‍ ലോകവും ഭീകരതക്ക് ഉത്തരവാദി പാക്കിസ്ഥാനെന്ന് പറയുന്നതിനു എന്തെങ്കിലും ഒരുകാരണം ഉണ്ടാകുമെന്നാണ്. അവാമി നാഷണല്‍ പാര്‍ട്ടിയും ബറേല്‍വി സുന്നി തെഹ്റീക്കും ഇതേ വികാരങ്ങള്‍ തന്നെയാണ് പ്രകടിപ്പിച്ചത്.
രാജ്യത്തിന് അപമാനം വരുത്തി വെയ്ക്കുകയും ഇന്നേവരെ ഒരുയുദ്ധവും ജയിക്കാതിരിക്കുകയും 1971 ല്‍ രാജ്യത്തിന്റെ പകുതി നഷ്ടപ്പെടുത്തുന്നതില്‍ വിജയം വരിക്കയും ചെയ്ത ഒരു പട്ടാളം ഇന്നും പാക്കിസ്ഥാന്റെ ഭൂമിശാസ്ത്രപരമായ അതിര്‍ത്തികളുടേയും പ്രത്യയശാസ്ത്രാതിര്ത്തികളുടേയും സംരക്ഷകരായി ചമയുന്നത് തീര്‍ത്തും പരിഹാസ്യം തന്നെ. ഇന്ത്യയുമായുള്ള ബന്ധത്തില്‍ സാഹസികത കാണിക്കയും അമേരിക്കയും അതിന്റെ സഖ്യകക്ഷികളുമായുള്ള ബന്ധങ്ങളെ തകിടം മറിക്കയും ചെയ്യുന്ന പാക്കിസ്ഥാന് പട്ടാളം രാജ്യത്തെ തീവ്രവാദത്തിന്റെയും അക്രമത്തിന്റെയും സാമ്പത്തിക മാന്ദ്യത്തിന്റെയും പടുകുഴിയിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടിരിക്കയാണ്.
ജി.പാര്‍ത്ഥസാരഥി
പ്രതികരിക്കാൻ ഇവിടെ എഴുതുക: