പെട്രോളിന് വീണ്ടും കേന്ദ്രസര്‍ക്കാര്‍ വില വര്‍ധിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 1.82 രൂപയാണ് വര്‍ധന. ഇതിനുപുറമെ എല്‍പിജിക്കും ഡീസലിനും പെട്രോളിനും വില കൂട്ടാനുള്ള പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കം ജനജീവിതത്തെ കൂടുതല്‍ ദുഷ്ക്കരമാക്കാന്‍ പോകുകയാണ്. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ പെട്രോള്‍വില ലിറ്ററിന് 1.82 രൂപ ഉയര്‍ത്തണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നു.
അതോടൊപ്പം ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലയും കൂട്ടുന്നതിനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. ജൂണിലാണ് അവസാനമായി ഡീസലിന് മൂന്ന് രൂപയും മണ്ണെണ്ണക്ക് രണ്ട് രൂപയും പാചകവാതകത്തിന് 50 രൂപയും സര്‍ക്കാര്‍ കൂട്ടിയത്. അതോടൊപ്പം ഒരു കുടുംബത്തിന് വര്‍ഷത്തില്‍ നാല് മുതല്‍ ആറുവരെ മാത്രം പാചകവാതക സിലിണ്ടര്‍ നല്കിയാല് മതിയെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം കടുത്ത എതിര്‍പ്പിന് വഴിവെച്ചിരുന്നു. ഒരു ലിറ്റര്‍ ഡീസല്‍ വില്ക്കുമ്പോള് 9.27 രൂപയും പൊതുമേഖല വഴി വിതരണംചെയ്യുന്ന മണ്ണെണ്ണക്ക് 26.94 രൂപയും 14.2 കിലോഗ്രാമിന്റെ പാചക സിലിണ്ടര്‍ 260.50 രൂപക്കും വില്‍ക്കുന്നത് നഷ്ടമുണ്ടാക്കുന്നു എന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികളാണ് അസംസ്കൃത എണ്ണയുടെ ഇറക്കുമതി ചെലവ് കൂടിയതിനാല്‍ പെട്രോള്‍ വില്‍പ്പന നഷ്ടത്തിലാകുന്നു എന്ന് വാദിക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 833 കോടിയുടെ നഷ്ടമുണ്ടാകുന്നു എന്നാണവരുടെ കണക്ക്. ഒരു സാമ്പത്തികവര്‍ഷത്തില്‍ എണ്ണക്കമ്പനികളുടെ നഷ്ടം 1,21,429 കോടി രൂപയാണത്രെ.
എണ്ണക്കമ്പനികള്‍ നഷ്ടം സഹിക്കുന്നു എന്നാണ് പെട്രോളിയം മന്ത്രിയും അവകാശപ്പെടുന്നത്. അസംസ്കൃത എണ്ണയുടെ വിലയും രൂപയുടെ മൂല്യവും കണക്കിലെടുത്ത് പെട്രോള്‍ വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്കിയിട്ടുള്ളതിനാല് സര്‍ക്കാരിന് ഇതില്‍ റോളില്ല എന്നാണ് മന്ത്രിയുടെ നിലപാട്. എണ്ണക്കമ്പനികള്‍ക്ക് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം നല്‍കിയിട്ടുണ്ടെന്നും പെട്രോള്‍ വില നിയന്ത്രണം സര്‍ക്കാരില്‍നിന്നും മാറ്റിക്കഴിഞ്ഞ സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് വില കൂട്ടാന്‍ അവകാശമുണ്ടെന്നും മന്ത്രി വാദിക്കുന്നു. കഴിഞ്ഞ സപ്തംബറിലാണ് ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, എച്ച്പിസിഎല്‍, ഭാരത് പെട്രോളിയം എന്നീ എണ്ണക്കമ്പനികള്‍ പെട്രോള്‍ ലിറ്ററിന് 3.44 രൂപ കൂട്ടിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ പെട്രോള്‍ വില നിയന്ത്രണത്തിനുള്ള അധികാരം എണ്ണക്കമ്പനികളില്‍നിന്ന് മാറ്റിയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ സമ്മതത്തോടെ തന്നെയാണ് ഈ നടപടി. അവരുടെ ന്യായവാദം രൂപയുടെ ഇടിവുമൂലമുണ്ടാകുന്ന വരുമാനക്കുറവ് നികത്താനാണ് ഈ നടപടിയെന്നാണ്. അന്താരാഷ്ട്ര വിപണിയില്‍ 108 ഡോളറാണ് അസംസ്കൃത എണ്ണയുടെ വില. വ്യാഴാഴ്ച പ്രണബ് മുഖര്‍ജി പറഞ്ഞത് ഭക്ഷ്യവിലപ്പെരുപ്പം ഈ കഴിഞ്ഞ ഒന്‍പത് മാസത്തിലെ ഏറ്റവും ഉയര്‍ന്ന് 12.21 ശതമാനമായി എന്നും ഇത് ഇപ്പോഴും കുതിക്കുകയാണെന്നുമാണ്. ഭക്ഷ്യവിലപ്പെരുപ്പം പെട്രോള്‍ വിലവര്‍ധനയും കടുത്ത പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ മേല്‍ കേന്ദ്രസര്‍ക്കാരിനുണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞത് കോര്‍പ്പറേറ്റ് ഭീമന്മാരെ സഹായിക്കുവാനാണെന്ന വാദം അന്നേ ഉയര്‍ന്നിരുന്നു.
2010 ജൂണ്‍ ഒടുവില്‍ സര്‍ക്കാര്‍ നിയന്ത്രണം എടുത്തുകളഞ്ഞ അതേദിവസം പെട്രോള്‍ വില മൂന്നര രൂപ കൂട്ടി. ആ കൊല്ലം ഡിസംബര്‍ വരെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടിയത് ഏഴുതവണയാണ്. കഴിഞ്ഞ ജനുവരിയില്‍ രണ്ടുതവണയും മെയ് മാസത്തിലും സപ്തംബര്‍ മാസത്തിലും വില കൂട്ടപ്പെട്ടു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന് കിട്ടുന്ന അധികനികുതി വരുമാനം ഉപേക്ഷിക്കുകയുണ്ടായി. പക്ഷെ ആ തുഛമായ തുക ജനങ്ങള്‍ക്കേറ്റ കനത്ത ആഘാതം ലഘൂകരിക്കാന്‍ ഉതകുന്നതല്ല. എണ്ണക്കമ്പനികള്‍ തങ്ങളുടെ നഷ്ടത്തിന്റെ കണക്കുകള്‍ നിരത്തുമ്പോഴും അവര്‍ നടത്തുന്ന ധൂര്‍ത്ത് അവഗണിച്ചാണ് ജനങ്ങളുടെ മേല്‍ ഈ ഭാരിച്ച വിലക്കയറ്റം അടിച്ചേല്‍പ്പിക്കുന്നത്. പെട്രോള്‍, പാചകവാതകം, മണ്ണെണ്ണ എന്നിവ വിറ്റ ഇനത്തില്‍ അടുത്തവര്‍ഷം 1,30,000 കോടി രൂപ നഷ്ടം ഉണ്ടാക്കും എന്നാണ് അവകാശവാദം. മണ്ണെണ്ണ, പാചകവാതകം, പെട്രോള്‍ എന്നിവയുടെ വിലക്കയറ്റം ഞെരുക്കുന്നത് സാധാരണക്കാരെയാണ്. മണ്ണെണ്ണ പാവപ്പെട്ടവരുടെ ആശ്രയമാണ്. ഭക്ഷ്യവിലപ്പെരുപ്പം 12.21 ശതമാനമായി ഉയര്‍ന്നത് ഉത്സവാഘോഷങ്ങളിലെ അമിതചെലവ് മൂലമാണെന്ന ന്യായവാദം ധനമന്ത്രി ഉയര്‍ത്തുമ്പോള്‍ത്തന്നെ ഇത് ഇനിയും കൂടാനാണ് സാധ്യതയെന്ന മുന്നറിയിപ്പും അദ്ദേഹം നല്കുന്നു. ഇപ്പോള്‍ത്തന്നെ ഭക്ഷ്യസാധനങ്ങളുടെ കമ്പോളനിലവാരം അത്യധികം ആശങ്കാജനകമാണ്. പച്ചക്കറികള്‍ക്കും ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കും പഴങ്ങള്‍ക്കും പാലിനും വില വര്‍ധിക്കുമ്പോഴും കഷ്ടത്തിലാകുന്നത് സാധാരണക്കാരാണ്.
കഴിഞ്ഞ ഒക്ടോബറില്‍ 11.43 ശതമാനമായിരുന്ന ഭക്ഷ്യവിലസൂചികയാണ് ഇപ്പോള്‍ 12.21 ശതമാനമായത്. ഭക്ഷ്യസാധനങ്ങളല്ലാത്ത എണ്ണക്കുരു, മിനറല്‍സ് മുതലായവയുടെ വില 7.67 ശതമാനമായത് ഇപ്പോള്‍ താഴ്ന്ന് 6.43 ശതമാനമായിരിക്കുന്നു. കഴിഞ്ഞ കൊല്ലം ഭക്ഷ്യവിലപ്പെരുപ്പം 13.55 ശതമാനമായിരുന്നു. പച്ചക്കറികളുടെ വിലയില്‍ 11.65 ശതമാനം വര്‍ധനയും പഴവര്‍ഗങ്ങള്‍ക്ക് 11.63 ശതമാനം വര്‍ധനയും പാലിന് 11.73 ശതമാനവും മുട്ട, ഇറച്ചി, മീന്‍ മുതലായവക്ക് 13.36 ശതമാനവും വില കൂടിയിട്ടുണ്ട്. പയര്‍വര്‍ഗങ്ങളുടെ വിലയിലും 4.13 ശതമാനം വര്‍ധനയാണ് ഉണ്ടായത്. വിലപ്പെരുപ്പത്തില്പ്പെടാത്തത് ഉള്ളിയും ഗോതമ്പും മാത്രമാണ്. ഭക്ഷ്യവില നിയന്ത്രണത്തിന് റിസര്‍വ് ബാങ്ക് 13 തവണയാണ് പലിശനിരക്ക് വര്‍ധിപ്പിച്ചത്. കൂടുതല്‍ ധനവിനിയോഗ നിയന്ത്രണവും ലക്ഷ്യബോധമുള്ള ധനവിനിയോഗവും കൃഷിമേഖലയില്‍ കൂടുതല്‍ ശ്രദ്ധയുമാണ് ഭക്ഷ്യവിലപ്പെരുപ്പം തടയാനുള്ള മാര്‍ഗങ്ങളായി നിര്‍ദ്ദേശിക്കപ്പെടുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ കൃഷിഭൂമി കുറഞ്ഞുകൊണ്ടിരിക്കെ എല്ലാത്തിനും അയല്‍സംസ്ഥാനങ്ങളെ ആശ്രയിക്കുമ്പോള്‍ ഈ ഭക്ഷ്യവിലപ്പെരുപ്പം പ്രതിസന്ധിതന്നെ സൃഷ്ടിക്കുന്നു. തമിഴ്നാട്ടില്‍ മഴ പെയ്തതിെന്റ പേരില്‍ കേരളത്തില്‍ പച്ചക്കറിക്ക് തീവിലയായത് ദീപാവലി ആഘോഷവേളയിലാണല്ലോ. പ്രധാനമന്ത്രി പ്രതികരിക്കുന്നത് റിസര്‍വ് ബാങ്ക് ആവശ്യമായ നടപടി സ്വീകരിക്കും എന്നാണ്. അദ്ദേഹത്തിന്റെ ഉപദേശവും ഉല്പാദനം, കാര്‍ഷിക ഉല്‍പാദനമടക്കം വര്‍ധിപ്പിക്കുക മാത്രമാണ് പരിഹാരമാര്‍ഗമെന്നാണ്. കേന്ദ്രത്തിന്റെ ഭരണപരാജയം തന്നെയാണ് ജനങ്ങള്‍ ഇന്നനുഭവിക്കുന്ന ദുരന്തത്തിന് കാരണം. അഴിമതി ആരോപണങ്ങള്‍ ചെറുക്കാനും ഭരണത്തില്‍ തുടരാനും മാത്രം ശ്രദ്ധ പതിയുമ്പോള്‍ ജനക്ഷേമം സര്‍ക്കാര്‍ അജണ്ടയാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: