ന്യൂദല്‍ഹി: സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാനുള്ള തീരുമാനങ്ങള്‍ ഇന്നാരംഭിക്കുന്ന ജി 20 ഉച്ചകോടിയില്‍ ഉണ്ടായേക്കുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ഇന്നലെ ഫ്രാന്‍സിലെ കാന്‍സിലേക്ക് പുറപ്പെടും മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധി നിയന്ത്രണ വിധേയമാക്കേണ്ടത് ഇന്ന് ലോകരാഷ്ട്രങ്ങളുടെ അനിവാര്യതയാണ്. മറ്റ് പ്രശ്നങ്ങളെക്കാള്‍ ഇക്കാര്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആശ്രയത്വം വര്‍ധിക്കുകയാണ്. സാമ്പത്തിക മേഖലയില്‍ അരാജകത്വം നേരിടുമ്പോള്‍ വികസിതരാജ്യങ്ങള്‍ വിവിധ ബാങ്കുകളിലുള്ള തങ്ങളുടെ നിക്ഷേപങ്ങള്‍ ഈ പ്രതിസന്ധിയെ നേരിടാനായി ഉപയോഗിക്കുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളുടെ സ്ഥിതി ഇതല്ല. അതുകൊണ്ടുതന്നെ ജി-20 ഉച്ചകോടിയില്‍ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി ചര്ച്ചാവിഷയമാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ്, യൂറോപ്യന്‍ യൂണിയന് നേതാക്കളായ ഹെര്‍മന്‍ വാന്‍ റോംപെ, ജോസ് മാന്വല്‍ ബരോസോ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നും നാളെയുമാണ് ഉച്ചകോടി നടക്കുന്നത്. പ്രധാനമന്ത്രി ശനിയാഴ്ച തിരിച്ചെത്തും.
സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട രാഷ്ട്ര നേതാക്കളായ ബരാക് ഒബാമ, കാമറോണ്‍, ഹുജിന്റാവോ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജി-20 രാഷ്ട്രങ്ങളോട് ഇക്കാര്യത്തില്‍ പ്രതിവിധി ആതിഥേയ രാഷ്ട്രത്തലവനായ സര്‍ക്കോസി ആവശ്യപ്പെടുമെന്നും വിലയിരുത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: