തൃപ്പൂണിത്തുറ: സാമൂഹ്യദ്രോഹികള്‍ പിഴുതെറിഞ്ഞ ‘കൊ-തി- കല്ല്.’ പുനഃസ്ഥാപിച്ചു. പഴയ കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വേര്‍തിരിച്ചിരുന്ന ഉദയംപേരൂര്‍ പുതിയകാവ് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന അപൂര്‍വ്വ ചരിത്രസ്മാരകമാണ് കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹികള്‍ പിഴുതെറിഞ്ഞത്. സ്മാരകം തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗം എം.കെ. അനില്‍കുമാര്‍ ഉദയംപേരൂര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ‘കൊ-തി’ കല്ല് കുറ്റവാളികളെ കണ്ടെത്തി പുനഃസ്ഥാപിക്കുകയായിരുന്നു.
കേന്ദ്ര ആര്‍ക്കിയോളജിയുടെയും സംസ്ഥാന ആര്‍ക്കിയോളജിയുടെയും സംരക്ഷിത സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയ ചരിത്രസ്മാരകമായിരുന്നു. തദ്ദേശവാസികള്‍ ഇത് ഏറെ ആദരവോടെ സംരക്ഷിച്ചു സൂക്ഷിച്ചിരുന്നു. ഉദയംപേരൂര്‍ പൈതൃക സംരക്ഷണ സമിതി സെക്രട്ടറിയും പഞ്ചായത്തംഗവുമായ എം.കെ. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്മാരകം സംരക്ഷിക്കണമെന്ന് കേന്ദ്ര ആര്‍ക്കിയോളജി വിഭാഗത്തെ അറിയിച്ചതിനെത്തുടര്‍ന്ന് കേന്ദ്ര ആര്‍ക്കിയോളജി വിഭാഗം സൂപ്രണ്ട് ഡോ. എം. നമ്പിരാജനും അസി. സൂപ്രണ്ട് സി. കുമാരനും തൃശൂര്ഹിസ്റ്റോറിക്കല് സൊസൈറ്റി സെക്രട്ടറി ജോസ് കീത്തറയും സ്ഥലം സന്ദര്‍ശിച്ച് സംസ്ഥാനത്തെ ചരിത്രസ്മാരകമാണ് ‘കൊ-തി’ കല്ല് എന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പത്തടിയോളം ഉയരവും മൂന്നടി വീതിയുമുള്ള കല്ലില്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗത്ത് ‘തി’ എന്നും കൊച്ചി രാജ്യത്തിന്റെ ഭാഗത്ത് ‘കൊ’ എന്നും കൊത്തിവച്ചിട്ടുണ്ട്. വേണ്ടരീതിയില്‍ സംരക്ഷിക്കാതെ കിടന്നിരുന്ന ഈ ചരിത്രസ്മാരകമാണ് നശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: