മരട്: ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ജനവഞ്ചനക്കെതിരെ കുമ്പളം പഞ്ചായത്തിന് മുന്നില്‍ ഉപരോധസമരം നടത്തി. പഞ്ചായത്ത് പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള കുടിയൊഴിപ്പിക്കല്‍ വിരുദ്ധ സമരസമിതിയാണ് ഉപരോധസമരം നടത്തിയത്. മാരിടൈം സര്‍വ്വകലാശാലക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് സമരത്തിന് നേതൃത്വം നല്കിയവര് പറയുന്നത്.
ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടുള്ള പദ്ധതി കുമ്പളത്ത് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കുടിയൊഴിപ്പിക്കല്‍ വിരുദ്ധസമിതി ഇന്ന് പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസ് ഉപരോധവും സംഘടിപ്പിച്ചത്. രാവിലെ 10മണിക്ക് കുമ്പളം നോര്‍ത്തില്‍ നിന്നും ആരംഭിച്ച പ്രകടനം മാടവന ജംഗ്ഷന് ചുറ്റി പഞ്ചായത്ത് ഒാഫീസിന് മുന്‍പിലെത്തി. പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് സമരക്കാര്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്പില് കുത്തിയിരുന്ന് ഉപരോധം സൃഷ്ടിച്ചു.
കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് പ്രസിഡന്റും ഇതേ ഗ്രൂപ്പില്‍പ്പെട്ട വിമത കോണ്‍ഗ്രസുകാരായ ജോളി പൗവ്വത്തിലും ഷെറിന് വര്‍ഗ്ഗീസും മറ്റും ചേര്‍ന്ന് സ്ഥലം എടുപ്പിന്റെ പേരില്‍ ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുവാനാണ് ശ്രമിക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്ത് നേതാക്കള്‍ ആരോപിച്ചു. ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള സ്ഥലം ഏറ്റെടുക്കല്‍ കുമ്പളത്ത് ഒരിടത്തും അനുവദിക്കില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഇതിനിടെ, യൂണിവേഴ്സിറ്റിക്കായി ചേപ്പനത്ത് 80 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായി സൂചനയുണ്ട്. നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാതെ ഇവിടേയും സ്ഥലം ഏറ്റെടുക്കല്‍ അസാധ്യമാണ്. കുമ്പളത്തെ സ്ഥലം ഏറ്റെടുക്കല്‍ സമരത്തിന് നേതൃത്വം നല്കിയ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ് ചേപ്പനത്ത് ഭൂമി ഏറ്റെടുക്കലിന് പിന്നിലുള്ളത് എന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതിന് രഹസ്യ ഒത്താശ ചെയ്യുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: