തോമാശ്ലീഹാ കേരളത്തിലെത്തി ക്രിസ്തുമതം പ്രചരിപ്പിച്ചുവെന്നതും ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മക്കത്ത് പോയിയെന്നതും പരശുരാമന് മഴുവെറിഞ്ഞതാണ് കേരളപ്പിറവിക്ക് കാരണമെന്നതുപോലെ കല്‍പ്പിത കഥയാണെന്നാണ് എംജിഎസ് നാരായണന്റെ പക്ഷം. വിഖ്യാത ചരിത്രകാരനായ എംജിഎസ് കേരളപ്പിറവി ദിനത്തില്‍ കൊച്ചിയില്‍ ഇത് പറഞ്ഞത് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ മലയാളവാരാചരണത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ്. കേരളപ്പിറവിക്ക് ഇക്കുറി അധികം ആഘോഷമൊന്നും ഉണ്ടായില്ല. മന്ത്രി ടി.എം.ജേക്കബിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണവും പൊതു അവധിയുമാവാം കാരണം. അവധി ആയതിനാല്‍ തന്നെ മലയാളി വേഷത്തില്‍ മങ്കമാരെയും അധികം പുറത്ത് കണ്ടില്ല. പോരെങ്കില്‍ കോരിച്ചൊരിയുന്ന മഴയും അതിന് കാരണമായിരിക്കാം. മലയാളികളധികവും മുണ്ടുടുത്തു കാണുന്നത് കേരളപ്പിറവി ദിനത്തിലാണല്ലൊ.
പരശുരാമന് മഴുവെറിഞ്ഞ് കടല്‍ വറ്റി കേരളമുണ്ടായിയെന്നത് മനോഹരമായ ഒരു മിത്താണ്. മലയാണ്മ മണക്കുന്ന ഒരു മിത്ത്. ഇത്തരം മിത്തുകളാണ് ഒരു ജനതയെയും സംസ്ക്കാരത്തെയും വേറിട്ടു നിര്‍ത്തുന്നതും വളര്‍ത്തുന്നതും. അവ ചരിത്രമാണെന്ന് വാദിക്കുമ്പോഴാണ് വിവാദമാവുക. പരശുരാമന് മഴുവെറിഞ്ഞുവെന്ന കാര്യത്തില്‍, ആ ഋഷിവര്യനെ കേരളത്തിന്റെ സ്രഷ്ടാവ് എന്ന് സങ്കല്‍പ്പിച്ച് ആരാധിക്കുമ്പോഴും, അത്തരം അവകാശവാദങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് വിവാദങ്ങളുമില്ല. പക്ഷെ സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നത് ചരിത്രമാണെന്ന വാദമുണ്ട്. അക്കാര്യത്തില്‍ വിവാദവും ഉണ്ട്. നിലയ്ക്കല്‍ പ്രശ്നത്തിന്റേയും പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തിലാണ് കേരളം അത് വ്യാപകമായി ചര്‍ച്ച ചെയ്തത്. ക്രൈസ്തവര്‍ക്കിടയില്‍ തന്നെ സെന്റ് തോമസിന്റെ വരവിനെ കുറിച്ച് രണ്ടഭിപ്രായം ഉണ്ട്. സെന്റ് തോമസ് ഇന്ത്യയില്‍ വന്നിട്ടില്ലെന്ന ഒരഭിപ്രായം ഇടക്കാലത്ത് വത്തിക്കാനില്‍ നിന്നുപോലും ഉണ്ടായി. പിന്നീട് എന്തോ കാരണത്താല്‍ അത് വത്തിക്കാന്‍ പിന്‍വലിക്കുകയും ചെയ്തു.
സെന്ത്തോമസ് കേരളത്തില്‍ വന്നതും നിലയ്ക്കല്‍ ഉള്‍പ്പെടെയുള്ള ഏഴര പള്ളികള്‍ സ്ഥാപിച്ചതും ചരിത്രസത്യങ്ങളാണെന്ന് വാദിച്ച വ്യക്തിയാണ് നിത്യഹരിത വിവാദനായകന്‍ ആര്.ബാലകൃഷ്ണപിള്ള. സെന്റ് തോമസ് കേരളത്തില്‍ വന്നുവെന്നതിന്റെ ചരിത്രപരമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് നിലയ്ക്കല്‍ സമരകാലത്ത് കരുണാകരന് മന്ത്രിസഭയില്‍ അംഗമായിരുന്ന പിള്ള കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസംഗിച്ചു നടന്നിരുന്നു. രമേശ് ചെന്നിത്തലയെപ്പോലെ, തന്നെ ‘നായരായി ബ്രാന്റ്’ ചെയ്യുന്നുവെന്ന പരാതിയോ പരിഭവമോ ഒന്നും പിള്ളയ്ക്ക് ഒരു കാലത്തും ഉണ്ടായിരുന്നില്ല. മറിച്ച് സ്ഥാനത്തും അസ്ഥാനത്തും സമുദായാചാര്യന്‍ മന്നത്തു പത്മനാഭനെ പിടിച്ചാണയിട്ട് സ്വയം നായരും അതിലുപരി നായര്‍ സര്‍വീസ് സൊസൈറ്റി നേതാവാണെന്നും ഓര്‍മിപ്പിച്ച് സ്വയം ബ്രാന്റ് ചെയ്യുന്നതാണ് ബാലകൃഷ്ണപിള്ളയുടെ ശൈലി. പക്ഷെ നല്ലൊരു നായരായിരിക്കെ തന്നെ താനൊരു മതേതരവാദിയാണെന്ന് കൂടി അറിയിക്കാനുള്ള അവസരങ്ങള്‍ പിള്ള പാഴാക്കാറില്ല. അങ്ങനെയാണ് തോമാശ്ലീഹാ വന്നതിന്റെ ചരിത്രരേഖകള്‍ ബാലകൃഷ്ണപിള്ളയുടെ മാത്രം പക്കലെത്തിയത്. അബ്ദുള്‍ നാസര്‍ മദനിക്കു വേണ്ടി ധീരധീരം ഘോരഘോരം പ്രസംഗിച്ചു നടന്നതും അതുകൊണ്ടുതന്നെ.
സെന്റ് തോമസ് വന്നുവെന്നത് കെട്ടുകഥയെന്ന എംജിഎസിന്റെ പ്രസ്താവന അച്ചടിച്ചു വന്ന ഇന്നലെ പ്രധാന വാര്‍ത്ത പിള്ളയുടെ ജയില്‍ മോചനമാണ്. കേരള പിറവി ദിനത്തിലാണ് അത് സംഭവിച്ചത്. ക്രിസ്തുദേവനൊപ്പം രണ്ട് കൊടും കള്ളന്മാരെ കൂടി ക്രൂശിച്ചതുപോലെ പിള്ളയ്ക്കൊപ്പം മോചിപ്പിച്ചത് നൂറ്റിമുപ്പതിലേറെ ജയില്‍ പുള്ളികളെയാണ്. അന്ന് ക്രിസ്തുവിനെ ക്രൂശിക്കുക എന്നതായിരുന്നു അധികാരി വര്‍ഗത്തിന്റെ ഏകലക്ഷ്യമെങ്കില് ഇന്ന് പിള്ളയെ മോചിപ്പിക്കുകയെന്നത് മാത്രമായിരുന്നു മറ്റുള്ളവരെയും വിട്ടയക്കുന്നതിന്റെ പിന്നില്‍. ‘പൂവിനെ കരുതി വാഴനാരിനും മോക്ഷ’മെന്നതിന് പകരം പിള്ളയെ കരുതി മറ്റു പലര്‍ക്കും മോചനം എന്ന് ഒരു പുതിയ ശൈലി മലയാളത്തിന് കേരളപ്പിറവി നാളില്‍ കൈവന്നിരിക്കുന്നുവെന്ന് കരുതാം.
വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കാന് ബാലകൃഷ്ണപിള്ളയ്ക്ക് വിരുതൊന്ന് വേറെയാണ്. അരമുള്ള നാവാണ് തന്റേതെന്ന് അദ്ദേഹത്തിനു തന്നെ അറിയാം. അക്കാരണത്താല്‍ ആയിരിക്കണമല്ലൊ ആത്മകഥയ്ക്ക് ‘മദ്വചനങ്ങള്‍ക്ക് മാര്‍ദ്ദവമില്ലെങ്കില്‍’ എന്ന് അദ്ദേഹം പേരിട്ടത്. പക്ഷെ പറഞ്ഞതും പ്രവര്‍ത്തിച്ചതും എന്ത് പോഴത്തമായാലും പാപമായാലും പശ്ചാത്തപിക്കുക എന്ന പതിവ് പിള്ളയ്ക്കില്ല. ഒരുപക്ഷെ, ഒരിക്കല്‍ മാത്രം പിള്ള പശ്ചാത്തപിച്ചു- പണ്ട് പഞ്ചാബ് മോഡല്‍ പ്രസംഗത്തിന്റെ കാര്യത്തില്‍ മാത്രം. അന്നത് മന്ത്രിസ്ഥാനം വീണ്ടെടുക്കാന്‍ വേണ്ടി ആയിരുന്നു. പക്ഷെ അടുത്തകാലത്ത് അദ്ദേഹം ആ പ്രസംഗത്തില്‍ അഭിമാനം കൊണ്ടു. അഴിമതിക്കുറ്റത്തിന് സുപ്രീംകോടതിയുടെ ശിക്ഷ അനുഭവിച്ച് പൂജപ്പുര ജയിലില്‍ കഴിഞ്ഞ ചുരുക്കം ദിനങ്ങളിലും, അതിനെക്കാളേറെ ദിവസങ്ങളില്‍ പരോളില്‍ പുറത്തു കഴിഞ്ഞപ്പോഴും, പിള്ളയുടെ വാക്കുകളിലും പ്രവൃത്തിയിലും പശ്ചാത്താപത്തിന്റെ ലാഞ്ചന ലവലേശമില്ലായിരുന്നു.
അതേയവസരത്തില്‍, അങ്ങേയറ്റത്തെ അഹന്തയോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. തറവാടി നായരായിരുന്നു ബാലകൃഷ്ണപിള്ളയുടെ പിതാവ് കീഴൂട്ട് രാമന്‍പിള്ളയെന്ന് കേട്ടിട്ടുണ്ട്. ബാലകൃഷ്ണപിള്ളയ്ക്ക് ആ തറവാടിത്തമില്ല. മാടമ്പിയാണ് പിള്ള. ആ മാടമ്പിത്തം പിള്ളയുടെ മകന് ഗണേശനും അല്‍പ്പം ഉണ്ട്.
ഒരു മന്ത്രിയെന്ന നിലയില്‍ നല്ല പ്രകടനം കാഴ്ചവെച്ച ഗണേശനില്‍ ഒളിഞ്ഞിരിക്കുന്ന മാടമ്പിത്തം ഇടയ്ക്കിടെ അദ്ദേഹം അറിയാതെ പുറത്തുവരും. അപ്പോള്‍ നാക്കു പിഴയ്ക്കും. ചിലപ്പോള്‍ മനസും. വാളകത്ത് നാക്കാണ് പിഴച്ചത്. വാളകം ശൈലിയില്‍ പിള്ളയും പണ്ട് പ്രസംഗിച്ചിട്ടുണ്ട്. പിള്ളയെ എതിര്‍ത്ത് തോല്‍പ്പിച്ച ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള പഴയൊരു തെരഞ്ഞെടുപ്പ് പ്രചരണ പ്രസംഗത്തിലായിരുന്നു ആ പ്രയോഗം. “തിരുവനന്തപുരത്ത് പേരൂര്‍ക്കടയിലെ ലാറ്റക്സ് കമ്പനി പണ്ടുണ്ടായിരുന്നെങ്കില്‍ ഈ യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന ദുരന്തം ഒഴിവായി കിട്ടിയേനെ”യെന്നാണ് പിള്ള അന്ന് ആവേശംപൂണ്ട് തട്ടിവിട്ടത്. വിത്തുഗുണം പത്തുഗുണം!. പക്ഷെ, അത് വിഎസിനോടായിപ്പോയി. അച്ഛനോടുള്ള സ്നേഹാധിക്യമാണ് അച്യുതാനന്ദനെപ്പറ്റി പറയാന്‍ പാടില്ലാത്തത് തന്നെക്കൊണ്ട് പറയിച്ചതെന്ന് പിന്നീട് ഗണേശന് പത്രസമ്മേളനം വിളിച്ചറിയിച്ചു. പക്ഷെ അച്ഛന് മകനോട് തിരിച്ചും ഈ സ്നേഹാധിക്യം ഉണ്ടോ എന്നു സംശയമാണ്. ഗണേശന് കഴിഞ്ഞ തവണ മന്ത്രി ആയിരുന്നപ്പോള്‍ പിള്ളയിലെ അച്ഛന് പെരുന്തച്ചനായി അത്രെ. ഇത്തവണ, മകന് മന്ത്രി ആയിരിക്കേ, ഇത്രനാളും പിള്ള ജയിലിലായിരുന്നു. ഇനിയുള്ള നാളുകളിലറിയാം പിള്ളയുടെ പുത്രവാത്സല്യം.
വാളകത്ത് വച്ച് തന്നെയാണ് പി.സി.ജോര്‍ജും ജാതി പറഞ്ഞ് പ്രസംഗിച്ച് വിവാദമായത്. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുതെന്നായിരുന്നു പണ്ടൊക്കെ. ‘ജാതി പറഞ്ഞാലെന്ത്?’ എന്നൊരു പുസ്തകമെഴുതി എന്റെ അദ്ധ്യാപകനായിരുന്ന നരേന്ദ്രപ്രസാദ്. കമ്മ്യൂണിസ്റ്റുകാര്‍ അബദ്ധത്തില്‍ പോലും ജാതി പറയാറേയില്ലെന്നും ജാതിയുടെ പേരില്‍ അധിക്ഷേപിക്കുന്നത് ഫ്യൂഡലിസ്റ്റുകളുടേയും ബൂര്‍ഷ്വാസികളുടേയും മാത്രം സ്വഭാവമാണെന്നും തോമസ് ഐസക് ഒരു ചാനല്‍ ചര്‍ച്ചയില്‍ വാദിക്കുന്നതു കേട്ടു. നിയമസഭാംഗമായിരിക്കെ ഡോ.കുട്ടപ്പനെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാര്‍ ജാതി പറഞ്ഞ് കളിയാക്കിയത് അധികമാരും മറന്നിട്ടുണ്ടാവില്ല. പ്രശ്നം കോടതിയിലെത്തിയപ്പോള്‍, നായനാരെ ന്യായീകരിക്കാനായി, കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരന് കൂടിയായിരുന്ന പ്രശസ്ത അഭിഭാഷകന് ജനാര്‍ദ്ദന കുറുപ്പിന് ‘കൊതുമ്പുവെള്ളം തുഴഞ്ഞുവരും കൊച്ചുപുലക്കള്ളി, നിന്റെ കൊയ്ത്തരിവാള് തീര്‍ത്തതേതൊരു കൊല്ലപ്പണിക്കത്തി’യെന്ന വരികള്‍ പാടേണ്ടിവന്നു. നായനാര്‍ക്ക് മുമ്പ്, സാക്ഷാല്‍ ഇഎംഎസ് നമ്പൂതിരിപ്പാട് ജാതി പറഞ്ഞ് തനിക്ക് അവസരം നിഷേധിച്ചിട്ടുണ്ടെന്ന് കെ.ആര്.ഗൗരി അമ്മ ആരോപിച്ചിട്ടുണ്ട്. നമ്പൂതിരിപ്പാടിനെ തന്നെ എം.എന്‍.ഗോവിന്ദന് നായര്‍ ജാതിപ്പേര് വിളിച്ച് നിയമസഭയില്‍ വിമര്‍ശിച്ചിട്ടുണ്ട്. ആന്റണി ഗ്രൂപ്പുകാര്‍ കരുണാകരനെതിരെ പതിവായി പണ്ട് വിളിച്ചിരുന്ന ഒരു മുദ്രാവാക്യം അദ്ദേഹത്തിന്റെ ജാതിയും കുലത്തൊഴിലും സൂചിപ്പിക്കുന്നവയായിരുന്നു.
കേരളമെന്ന് കേട്ടാല്‍ തിളയ്ക്കണം ചോര…… ഭാരതമെന്ന് കേട്ടാലോ അഭിമാനപൂരിതമാവണം അന്തരംഗമെന്നാണ് കവി പാടിയത്. എന്നാല്‍ കേരളത്തില്‍ നിന്ന് ഈയിടെയുള്ള വാര്‍ത്തകള്‍ കാണുമ്പോഴും കേള്‍ക്കുമ്പോഴും അന്യസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കഴിയുന്ന കേരളീയര്‍ അപമാനിതരാകുന്നതായി പരാതിയുണ്ട്. ഏറ്റവുമൊടുവില്‍ ഇതാ കേരളത്തിന്റെ പ്രബുദ്ധതയ്ക്കും കേരളീയരുടെ നീതിബോധത്തിനും നേരെ കൊഞ്ഞനം കുത്തുന്ന ബാലകൃഷ്ണപിള്ളയെ വിട്ടയച്ച നടപടിയെപ്പറ്റിയുള്ള വാര്‍ത്തയും. അധികാരത്തിലിരിക്കെ അഴിമതി കാണിച്ചതിന് പരമോന്നത നീതി പീഠം ഒരു വര്‍ഷത്തെ കഠിനതടവിനായിരുന്നു പിള്ളയെ ശിക്ഷിച്ചത്. പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് അഞ്ചുവര്‍ഷത്തെ ജയില്‍ ശിക്ഷ ഒരു വര്‍ഷമായി ചുരുക്കുന്നതെന്ന് സുപ്രീംകോടതി പ്രത്യേകം വ്യക്തമാക്കിയിരുന്നു. അതായത് യാതൊരു ഇളവിനും പിള്ള അര്ഹനല്ലെന്നു തന്നെ. ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും തെറ്റിനെ ലഘൂകരിച്ചു കാണരുതെന്നും ശിക്ഷയില്‍ ദയയോ ദാക്ഷിണ്യമോ പാടില്ലെന്നും അത് ജനങ്ങളോടുള്ള അനീതിയാണെന്നും കോടതി എടുത്ത് പറഞ്ഞിരുന്നു. പക്ഷെ പിള്ള ജയിലിനുള്ളില്‍ കഴിഞ്ഞത് വെറും അറുപത്തൊമ്പത് ദിവസം മാത്രം. അതും എല്ലാ സൗകര്യങ്ങളോടെയും. എഴുപത്തഞ്ച് ദിവസം പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ആശുപത്രിയിലെ സ്വീറ്റ് മുറിയില്‍, സര്‍ക്കാര്‍ ചെലവില്‍. നല്ല പെരുമാറ്റത്തിന്റെ പേരിലാണ് രണ്ട് മാസത്തെ ഇളവനുവദിച്ച് കാലാവധി തീരുന്നതിനുമുമ്പ് പിള്ളയെ വിട്ടയച്ചത്. ആദ്യ പരോള്‍ ലഭിച്ചപ്പോള്‍ തന്നെ പിള്ള ജയില്‍ചട്ടം ലംഘിച്ച് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് മാധ്യമങ്ങളോട് സംസാരിച്ചു. തടവിലായിരിക്കെ മൊബെയില്‍ ഫോണില്‍ ഒരു ചാനലിനോടും മറ്റു ചിലരോടും സംസാരിച്ചതിലും പെരുമാറ്റ ദൂഷ്യമുണ്ടായി. പിള്ളയ്ക്കെതിരെ ഇടമലയാര്‍ അഴിമതി സംബന്ധിച്ച് ഇനിയും മൂന്ന് കേസുകള്‍ തീര്‍പ്പാവാതെ നിലനില്ക്കുന്നുവെന്നതും ശ്രദ്ധേയം. “എല്ലാവരും തുല്യരാണ്; പക്ഷെ ചിലര്‍ മറ്റുള്ളവരെക്കാളേറെ തുല്യര്‍” എന്ന് പണ്ട് സോവിയറ്റ് യൂണിയനെ ആക്ഷേപിച്ച് ജോര്‍ജ് ഓര്‍വല്‍ എഴുതിയത് ഓര്മ വരുന്നു. ഇന്ന് കേരളത്തിലെ ജയിലുകളില്‍ അത് ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നു.
ഹരി എസ.് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: