ക്ഷേത്രസംസ്കാരം മാനവസംസ്കാരം തന്നെയാണ്. മുഷ്യസംസ്കാരം വികാസം പ്രാപിച്ചത് ക്ഷേത്രസംസ്കാരത്തിലൂടെയാണെന്ന് ലോകത്തിലെ പ്രാചീന സംസ്കാരങ്ങളായ സുമേരിയന്‍, ഈജിപ്ഷ്യന്‍, ഹാരപ്പ, ചൈനീസ്, മായന്‍, ഇങ്ക, അസ്ടക് തുടങ്ങിയ മാനവസംസ്കാരങ്ങള്‍ തെളിയിച്ചിരിക്കുന്നു.
മനസ്സിന്റെ നവീകരണമാണ് സംസ്കാരം. മനസ്സിനെ നവീകരിക്കാന്‍ ദൈവത്തിന്റെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് പ്രാചീന മനുഷ്യര്‍ വിശ്വസിച്ചിരുന്നു. ആദ്യം അവരില്‍ ദൈവത്തെക്കുറിച്ചുള്ള ഭയമാണ് നിലനിന്നിരുന്നത്. ക്രമേണ ഭയം നീങ്ങി ദൈവം കരുണാമയനാണെന്നും സര്വസംരക്ഷകനാണെന്നും ദേവത്തില് അഭയം പ്രാപിച്ചാല്‍ സന്തോഷപൂര്‍ണമായ ജീവിതം നയിക്കാമെന്നും അവര്‍ ദൃഢമായി വിശ്വസിച്ചു.
സൂര്യനായിരുന്നു ആദിമമനുഷ്യരുടെ ആദിദേവന്‍. ഭാരതീയര്‍ സൂര്യനെ ആദിത്യനെന്ന് വിളിക്കാനുള്ള കാരണം അതുതന്നെയാണ്. ഭയമുളവാക്കുന്ന ഇരുട്ടിനെ അകറ്റാന്‍ സൂര്യന് മാത്രമേ സാധിക്കുകയുള്ളൂവെന്നും സൂര്യോദയം മനസ്സില്‍ ഉന്മേഷം പകരുന്നുവെന്നും അവര്‍ അനുഭവനത്തിലൂടെ മനസ്സിലാക്കി. രാത്രികാലങ്ങളില്‍ ഭയത്തോടെയായിരുന്നു പ്രചീന മനുഷ്യര്‍ കഴിച്ചുകൂട്ടിയത്. സൂര്യന്റെ ഉദയം പ്രതീക്ഷിച്ച് രാത്രിയുടെ യാമങ്ങളെ അവര്‍ തള്ളിനീക്കി. ഉദയസൂര്യന്റെ അരുണ കിരണങ്ങള്‍ അവരില്‍ നവോന്മേഷം പകര്‍ന്നു. അവര്‍ വിനയാന്വിതരായി സൂര്യനെ ദര്‍ശിച്ചു. ഓരോ പ്രചീന മാനവിക സംസ്കാരത്തിലും സൂര്യനെ ആരാധിച്ചിരുന്നത് വ്യത്യസ്ത രീതിയിലായിരുന്നു. സൂര്യനാണ് പ്രപഞ്ചത്തിലെ സകല പദാര്‍ത്ഥങ്ങള്‍ക്കും ശക്തി പകരുന്നതെന്ന് അവര്‍ മനസ്സിലാക്കി.
സൂര്യന് ഭക്ഷണം അര്‍പ്പിച്ചതിന് ശേഷമായിരുന്നു പ്രചീനര്‍ ഭക്ഷണം കഴിച്ചിരിരുന്നത്. ജലാശയങ്ങളില്‍ കുളിച്ചതിന് ശേഷം കൈക്കുമ്പിളില്‍ ജലമെടുത്ത് സൂര്യന് സമര്‍പ്പിക്കുന്ന ജലതര്പ്പണമെന്ന ക്രിയ ഇതാണ് സൂചിപ്പിക്കുന്നത്. ദിവസത്തെ സൗകര്യാര്‍ത്ഥം പകലെന്നും രാത്രിയെന്നും പ്രഭാതമെന്നും ഉച്ചയെന്നും വൈകുന്നേരമെന്നും മറ്റുമുള്ള കാലവിഭജനം നടത്തിയത് സൂര്യസഞ്ചാരത്തിനനുസൃതമായിട്ടായിരുന്നു. സൂര്യാസ്തമയം ദുഃഖത്തോടെയായിരുന്നു പ്രാചീന മനുഷ്യര്‍ വീക്ഷിച്ചിരുന്നത്. സന്ധ്യയുടെ മൗനം സൂര്യന് അപ്രത്യക്ഷമാകുന്നതിന്റെ നാന്ദിയായി അവര്‍ക്കനുഭവപ്പെട്ടു. സൂര്യന്റെ പ്രതിപുരുഷനായി അവര്‍ അഗ്നിയെ പരിഗണിച്ച് രാത്രിയില്‍ ദീപം കൊളുത്തി സൂര്യസാന്നിധ്യം ഉറപ്പുവരുത്തി. ആഴ്ച ആരംഭിക്കുന്നത് സൂര്യന്റെദിനമായ ഞായര്‍ മുതലാണ്. അവസാനിക്കുന്നതാകട്ടെ സൂര്യപുത്രന്റെ (ശനി) ദിവസമായ ശനിയാഴ്ചയോടെയുമാണ്. സൂര്യന്റെ അനുഗ്രഹത്തിനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുവിന് മുന്‍പുതന്നെ സൂര്യപുത്രനെ ആദരിച്ചുകൊണ്ട് ഡിസംബര്‍ മാസത്തിലെ അവസാനത്തെ ആഴ്ചയില്‍ വിപുലമായ രീതിയില്‍ സാറ്റനാലിയ എന്ന ആഘോഷം വ്യാപകമായി നടത്തിയിരുന്നു. ആഘോഷം അവസാനിക്കുന്നത് ഡിസംബറിലെ അവസാനത്തെ ഞായറാഴ്ചയോടെയാണ്. സാറ്റനാലിയ എന്ന ആഘോഷമാണത്രേ പില്ക്കാലത്ത് ക്രിസ്മസ് ആഘോഷമായി പരിവര്‍ത്തനം ചെയ്യപ്പെട്ടതെന്ന് ചില ചരിത്ര പണ്ഡിതര്‍ പറയുന്നു.
സൂര്യന്റെ നിരന്തരമായ സാന്നിധ്യം മനുഷ്യമനസ്സുകളില്‍ ദൈവസങ്കല്പം സൃഷ്ടിച്ചു. ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന സൂര്യദൈവത്തിന് ഭൂമിയിലൊരു വസതി വേണമെന്ന് പ്രാചീന മനുഷ്യര്‍ തീരുമാനിച്ചു. അതനുസരിച്ച് അവര്‍ സൂര്യദേവന് ഭൂമിയില്‍ താമസിക്കുവാനുള്ള വസതികള്‍ നിര്‍മ്മിച്ചു. ദേവാലയം എന്നറിയപ്പെട്ടുവന്നിരുന്ന ദേവവസതികളാണ് പിന്നീട് ക്ഷേത്രങ്ങളായി പ്രസിദ്ധമായത്. പുരാതനകാലത്ത് ലോകത്തിന്രെ പലഭാഗങ്ങളിലും സൂര്യക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രഗവേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബി.സി. നാലായിരാമാണ്ടില്‍ ഇപ്പോഴത്തെ ഇറാന്, ഇറാഖ് എന്നീ രാജ്യങ്ങളില്‍ ധാരാളം സൂര്യക്ഷേത്രങ്ങളും സൂര്യാരാധകരും ഉണ്ടായിരുന്നു. ശ്രീകൃഷ്ണന്റെ പുത്രനായ സാംബന് സൂര്യോപാസകനായിരുന്നു. ഭാരതത്തിലെ കലിംഗ ദേശത്ത് (ഒറീസയില്‍) സൂര്യക്ഷേത്രം പണിയാന്‍ ഇറാഖിലെ ‘മഘസ്’ വര്‍ഗക്കാരെ ക്ഷണിച്ചുവരുത്തി അവിടെ പാര്‍പ്പിച്ചിരുന്നു. അവര്‍ പിന്നീട മനോഹരമായ സൂര്യക്ഷേത്രം നിര്‍മ്മിച്ചുവെന്ന് ഭവിഷ്യപുരാണത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.
– എ.കെ.ബി.നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: