തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ശാന്തിക്കാര്‍ക്ക് ഭക്തന്മാര് ദക്ഷിണ നല്‍കുന്നത് നിരോധിച്ച് വാറോല പുറപ്പെടുവിച്ചിരിക്കുന്നു. പകരം ദക്ഷിണ നല്‍കാനുദ്ദേശിക്കുന്ന പണം കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കണമെന്നാണ് തിട്ടൂരം. തീര്‍ന്നില്ല, നിരോധനാജ്ഞയിലെ ഇനങ്ങള്‍. ഭക്തന്മാര്ക്ക് നറുക്കിലയില്‍ പ്രസാദം നല്‍കരുത്. (തൂശനില ആവാം), ക്ഷേത്ര നടക്കുമുന്നില്‍ വച്ച് പ്രസാദം നല്‍കുന്നത് കഴിവതും ഒഴിവാക്കി, പിന്നാമ്പുറത്തോ ശ്രീകോവിലിന് പാര്‍ശ്വങ്ങളിലോ വച്ചോ നല്കാന് ശ്രമിക്കണം. ഭദ്രകാളി ക്ഷേത്രങ്ങളിലേ കുങ്കുമപ്രസാദവും ശിവക്ഷേത്രങ്ങളിലെ ഭസ്മപ്രസാദവും തീര്‍ത്ഥംകുടിച്ചു കഴിഞ്ഞ് നനഞ്ഞ കൈകളിലേക്ക് ഇട്ടുകൊടുക്കുമ്പോള്‍ ഭക്തന്മാര്‍ക്കുണ്ടാകുന്ന അസൗകര്യം അത് അനുഭവിച്ചിട്ടുള്ളവര്‍ക്കല്ലേ മനസ്സിലാകൂ. ബോര്‍ഡിന്റെ തലപ്പത്തിരിക്കുന്നുവെന്നു കരുതി ക്ഷേത്രദര്‍ശനം നടത്താത്ത, അവിശ്വാസികളായ, ക്ഷേത്രാചാരങ്ങളെക്കുറിച്ചറിവില്ലാത്ത, അല്‍പ്പജ്ഞന്മാരായ ഉദ്യോഗസ്ഥ ദുഃഷ്പ്രഭുക്കന്മാര്‍ക്കിതെങ്ങനെ മനസ്സിലാകാനാണ്.
ഹിന്ദുക്കളുടെ മാത്രം സ്ഥാപനങ്ങളായ കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണച്ചുമതല പൂര്‍ണമായും ഹിന്ദുമത വിശ്വാസികളെ ഏല്‍പ്പിക്കണമെന്ന മുറവിളി കേള്‍ക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണം കൈയാളുന്ന രാഷ്ട്രീയക്കാരെ മാത്രം ഉദ്ദേശിച്ചുള്ളതായിരുന്നു ഈ മുദ്രാവാക്യമെങ്കില്‍, ഇനിയത് ദേവസ്വം ബോര്‍ഡുകളുടെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥന്മാരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കണം ഉയര്‍ത്തേണ്ടത്. ഈ ഉദ്യോഗസ്ഥന്മാര് കേവലം ഹിന്ദുനാമം പേറുന്നവരെന്നു മാത്രം സംശയിക്കേണ്ടിയിരിക്കുന്നു.
ദക്ഷിണ പ്രതിനിധാനം ചെയ്യുന്നത് പുരാണത്തിലെ ഒരു ദേവിയേയാണ്. ശ്രീ ദക്ഷിണാ ദേവി. ദേവീ മഹാഭാഗവതത്തില്‍ ദക്ഷിണാ ദേവിയെക്കുറിച്ച് ദക്ഷിണോപാഖ്യാനം എന്ന അധ്യായം തന്നെയുണ്ട്. (അദ്ധ്യായം 45)
കര്‍മാവസാനം ദക്ഷിണ നല്‍കിയില്ലെങ്കില്‍ അതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് അനുശാസനമുണ്ട്. ഏതെങ്കിലും കാരണവശാല്‍ കര്‍മാനന്തരം ദക്ഷിണ നല്കുന്നതില് ക്ഷണനേരത്തെ വീഴ്ച വരുത്തിയാല്‍ ദക്ഷിണ ഇരട്ടിനല്‍കണമെന്നാണ് വിധി. ഒരു ദിവസം കഴിഞ്ഞാല്‍ അത് മുക്കോടി ഇരട്ടിച്ചും മൂന്നുനാള്‍ വൈകിയാല്‍ അതിന്റെ മുന്നിരട്ടിയും ഒരുമാസം പിന്നിട്ടാല്‍ മേല്‍പ്പറഞ്ഞതിന്റെ ലക്ഷം മൂന്നുകോടി ഇരട്ടിയും നല്‍കണമെന്നാണ് ദേവീഭാഗവതം പറയുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഭക്തന് ചെയ്യുന്ന കര്‍മങ്ങളൊക്കെ നിഷ്ഫലമായിത്തീരുമെന്ന് മാത്രമല്ല, അങ്ങനെ ചെയ്യുന്നവന് ദരിദ്രനായും രോഗിയായും തീരും. ചണ്ഡാലനായി പുനര്‍ജനിച്ച് കുലക്ഷയം നേരിടും. ചോദിച്ചിട്ടും ദക്ഷിണ നല്കാത്തവന് പറഞ്ഞിട്ടുള്ളത് കുംഭീപാകമെന്ന നരകമാണ്. കുംഭീപാക നരകത്തില്‍പ്പെടുന്നവനേ ലക്ഷം വര്‍ഷം യമഭടന്മാര് തല്ലുമെന്നാണ് വിധി. ദക്ഷിണ നല്‍കാതെ ചെയ്യുന്ന കര്‍മത്തിന്റെ ഫലം തീര്‍ക്കുന്ന നാരദന്റെ ചോദ്യത്തിന് ഫലം മഹാബലി യ്ക്കു പോകുമെന്നാണ് ഉത്തരം. ദുരാഗ്രഹിയായ മഹാബലിയെ പാതാളത്തിലേക്ക് പറഞ്ഞുവിടുമ്പോള്‍ ഭഗവാന് ചില ആനുകൂല്യങ്ങളും അവകാശങ്ങളും നല്‍കിയിട്ടുണ്ട്. അതിലൊന്നാണിത്. ദക്ഷിണ നല്‍കാതെ നടത്തുന്ന കര്‍മങ്ങളുടെ ഫല സ്വീകരണം. ഇതുകൂടാതെ ആസ്രോത്രിയ ശ്രാദ്ധത്തിന്റേയും അശ്രദ്ധമായി ദാനം ചെയ്യുന്നതിന്റേയും ശൂദ്രന്റെ നൈവേദ്യ വസ്തുക്കളും അശുദ്ധ പൂജ, ദുഷ്ടയജ്ഞം, ഗുരുനിന്ദകര്‍ ചെയ്യുന്ന കര്‍മങ്ങളുടെ ഫലങ്ങളും സ്വീകരിക്കാന്‍ യോഗ്യന്‍ മഹാബലിതന്നെയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതെല്ലാം ക്ഷേത്രവിശ്വാസികളായ ഹിന്ദുക്കളുടെ വിശ്വാസമാണ്. ദേവ പ്രീതിക്കായി ഭക്തന്മാര് നടത്തുന്ന കര്‍മങ്ങള്‍ക്ക് യജ്ഞാചാര്യന്മാര്‍ക്ക് ദക്ഷിണ നല്‍കുന്നത് വിലക്കുന്ന ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ ഹിന്ദുക്കളുടെ കുലം മുടിക്കുന്നതിലേക്കാണ് കണ്ണുവെച്ചിരിക്കുന്നത്. മറ്റൊര്‍ത്ഥത്തില്‍ ബോര്‍ഡ് ദുരാഗ്രഹിയായ മഹാബലിയുടെ വേഷംകെട്ടുകയാണിവിടെ.
ക്ഷേത്രത്തില്‍ പൂജ നടത്താന്‍ മുന്‍കൂര്‍ പണമടച്ച് രസീതെടുക്കുന്ന ഭക്തന് പൂജാരിയ്ക്ക് ദക്ഷിണ നല്‍കാതെ കാണിയ്ക്ക കുടത്തിലിടണമെന്നാണ് ആധുനിക മഹാബലിമാര്‍ ഉദ്ദേശിക്കുന്നത്. കാണിക്കയില്‍ കൈയിട്ടുവാരാന്‍ അധികാരം അവര്‍ക്കു മാത്രമാണല്ലോ. പക്ഷേ പൂജ നടത്തുന്ന ഭക്തന്റെ ആത്മനിര്‍വൃതി പൂജാരിയ്ക്ക് ദക്ഷിണ നല്കി പ്രസാദം സ്വീകരിക്കുന്നതിലൂടെയേ ലഭ്യമാകുകയുള്ളൂ. ഇതു മനസ്സിലാക്കാതെ ദക്ഷിണയെ കൈക്കൂലിയോടുപമിക്കുന്നത് ബോര്‍ഡുദ്യോഗസ്ഥന്റെ അറിവില്ലായ്മയാണ്. ഹിന്ദുമത വിശ്വാസങ്ങളോടുതന്നെയുള്ള അവഹേളനമാണ്. ക്ഷേത്രങ്ങളെ ഫാക്ടറികളേപ്പോലെ ഒരു വരുമാന സ്രോതസ്സു മാത്രമായിക്കാണാനാണവര്‍ ശ്രമിക്കുന്നത്. കേവലം വ്യവസായ ബുദ്ധി.
ശാന്തിക്കാരന് കൈക്കൂലി ലഭിക്കുന്നുവെന്ന് കരുതുന്ന ദേവസ്വം ബോര്‍ഡ് ഈ ഉദ്യോഗസ്ഥന്മാരെ നാലാംതരം ജീവനക്കാരായാണ് കാണുന്നത്. ശാന്തിക്കാരന്റേയും കഴകക്കാരുടേയും മറ്റും കണക്കെഴുതാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കണക്കപ്പിള്ളമാര്‍ക്ക് നല്കുന്ന ശമ്പളം പോലും ഇത്തരക്കാര്‍ക്ക് നല്‍കുന്നുമില്ല. ബോര്‍ഡില്‍ കണക്കപ്പിള്ളമാരായി കയറിപ്പറ്റുന്നവരാണല്ലോ പിന്നീട് കമ്മീഷണറന്മാരായി തീരുന്നതും തിട്ടൂരങ്ങളിറക്കുന്നതും. ശാന്തിക്കാരുടെ നിയമനത്തിലും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും പരാതിയുണ്ട്. തന്ത്രവിദ്യാപീഠത്തില്‍നിന്നും ഏഴ് വര്‍ഷത്തെ പഠനംപൂര്‍ത്തിയായി എത്തുന്നവര്‍ക്കുപോലും ആദ്യം നല്‍കുന്നത് പാര്‍ട്ട് ടൈം നിയമനമാണ്. തന്ത്രരത്നം പാസ്സായവരുടെ പോലും സ്ഥിതിയിതാണ്. ബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് ശാന്തിക്കാരനാവേണ്ടയാള്‍ പത്താംതരം വരെ പഠിച്ചിരിക്കണമെന്നേയുള്ളൂ. ശാന്തി അറിയാമെന്ന് ഏതെങ്കിലുമൊരു ‘തന്ത്രി’യുടെ സാക്ഷ്യപ്പെടുത്തലും കൂടി മതിയാവും നിയമനത്തിന്. ഇതില്‍ ഏറെ അത്ഭുതപ്പെടേണ്ട കാര്യമില്ല. അടുത്തകാലത്ത് ദേവസ്വം ബോര്‍ഡിന്റെ പ്രസിദ്ധമായൊരു ക്ഷേത്രത്തിലെ താന്ത്രിക അവകാശമുള്ള വ്യക്തി സാക്ഷിയായി ഹൈക്കോടതിയില്‍ കേസു വന്നപ്പോള്‍, വിജ്ഞാനിയായ ജഡ്ജിയുടെ മന്ത്രതന്ത്രവിധികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മതിയായ ഉത്തരം നല്കാന് കഴിഞ്ഞില്ലെന്നുള്ളത് കേരള ജനതയ്ക്കറിയാവുന്ന കാര്യമാണ്.
ചുരുക്കത്തില്‍ ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ മാത്രം കണ്ണുനട്ടിട്ടുള്ള ദേവസ്വം ബോര്‍ഡും ഉദ്യോഗസ്ഥന്മാരും ഈ ഹിന്ദു സ്ഥാപനങ്ങള്‍ക്കുതന്നെ അപമാനമാണ്. പല ക്ഷേത്രങ്ങളിലെയും ഉത്സവങ്ങളും അതിനോടനുബന്ധിച്ചുള്ള അടിയന്തരങ്ങളും ഇപ്പോള്‍ നടക്കുന്നത് ‘നല്ലവരായ’ നാട്ടുകാരുടേയും ഭക്തജനങ്ങളുടേയും ശ്രമം ഒന്നുകൊണ്ടുമാത്രമാണ്. അതിനുവേണ്ടി ക്ഷേത്രോപദേശക സമിതികള്‍ സമാഹരിക്കുന്ന തുകയുടെ വീതാംശവും ബോര്‍ഡിനു നല്‍കണം. ബോര്‍ഡിനും ഉദ്യോഗസ്ഥന്മാര്ക്കും എപ്പോഴും താല്‍പ്പര്യം പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വഴിപാടു തുകകളുടെ വര്‍ധനവിലും മാത്രമാണ്. കോടതികള്‍ കാര്യക്ഷമമായി ഇടപെടുന്നതുകൊണ്ടുമാത്രമാണ് പല ക്ഷേത്രങ്ങളുടേയും ഉത്തരവും കഴുക്കോലും താഴികക്കുടങ്ങളും യഥാസ്ഥാനങ്ങളില്‍ ഇരിക്കുന്നത്. എന്നിട്ടും ഹരിപ്പാട്ട് അമ്പലത്തിലെ വിലമതിക്കാനാവാത്ത കമ്പ വിളക്കുകള്‍ ബോര്‍ഡുദ്യോഗസ്ഥന്മാര്‍ രായ്ക്കുരാമാനം അടിച്ചുമാറ്റി. നാട്ടുകാരുടെ ദീര്‍ഘകാലത്തെ സമരങ്ങള്‍ക്കുശേഷവും കുറ്റക്കാര്‍ ശിക്ഷിയ്ക്കപ്പെട്ടില്ല.
വാല്‍ക്കഷ്ണം
ഇനി ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്നവര്‍ ഗേറ്റില്‍ വച്ചുതന്നെ പണമടച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രത്യേക ഗേറ്റ് പാസ്സ് വാങ്ങണമെന്നുള്ള ആര്ഡര് അധികം താമസിയാതെ തന്നെ നമുക്ക് പ്രതീക്ഷിക്കാം.
ജെ.ശക്തിധരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: