ജനാധിപത്യം സ്വേഛാധിപത്യത്തിന് വഴിമാറിയപ്പോള്‍ ജനപ്രതിനിധികള്‍ അധികാരം ഉപയോഗിക്കുന്നത് തനിക്കും കുടുംബത്തിനും ബന്ധുക്കള്‍ക്കും സില്ബന്ധികള്ക്കും വേണ്ടിയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ഒരു ജനപ്രതിനിധിയുടെ ആസ്തിയില്‍ കോടിയുടെ, കോടികളുടെ വര്ധനയാണുണ്ടാകുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. വിദേശ കള്ളപ്പണ നിക്ഷേപകരുടെ കൂട്ടത്തില്‍ ഒരു കേരള എംപിയുമുണ്ടെന്ന ‘ശുഭവാര്‍ത്ത’ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി പുറത്തുവിട്ടിട്ടുണ്ട്. ഇതിന്റെ മറുവശംകൂടി ഇപ്പോള്‍ ദൃശ്യമാകുന്നു. അധികാരത്തിന് മുന്നില്‍ മാതൃ-പുത്രി ബന്ധം പോലും അപ്രസക്തമാകുന്ന കാഴ്ചയാണ് കേരളം ഒന്നടങ്കം വാഴ്ത്തിയ ടി.എം. ജേക്കബിന്റെ മൃതശരീരത്തിനുമേല്‍ മണ്ണിട്ട് തീരും മുമ്പ് പൊട്ടിപ്പുറപ്പെട്ട മന്ത്രിസ്ഥാന മോഹം.
സാംസ്കാരിക കേരളം സാക്ഷിയാകുന്ന മറ്റൊരു പ്രതിഭാസം ജനപ്രതിനിധികളുടെ ഭാഷാ ഉപയോഗവും അംഗവിക്ഷേപങ്ങളുമാണ്. ജനപ്രതിനിധികള്‍ ജനങ്ങളുടെ പ്രതിനിധികളാണെന്നും നിയമസഭ മാന്യന്മാരും സംസ്കാര സമ്പന്നരുമായ സാമാജികരടങ്ങുന്ന സഭയാണെന്നും മറ്റും പുലര്‍ന്നുവരുന്ന ധാരണ കഴിഞ്ഞ നിയമസഭയും ഈ നിയമസഭയും തിരുത്തിക്കുറിക്കുന്നു. അസഭ്യപ്രയോഗങ്ങളും അശ്ലീലച്ചുവയുള്ള അംഗവിക്ഷേപങ്ങളും നടത്തുന്ന നേതാക്കളാണ് ഇന്ന് നിയമസഭാ സാമാജികര്‍. സഭക്കകത്തും പുറത്തും ഇവര്‍ സാംസ്കാരികാന്തരീക്ഷ മലിനീകരണമാണ് നടത്തുന്നത്.
ഈ പ്രവണതക്ക് നാന്ദികുറിച്ചത് നമ്മുടെ ആദര്‍ശധീരനും വിശുദ്ധനുമായ മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ വ്യക്തിയാണ്. അദ്ദേഹത്തിന് ഈ കാര്യത്തിലുള്ള വൈദഗ്ധ്യം പി.സി. ജോര്ജിനുപോലുമില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ സ്വന്തം ചേരിയിലെ ശത്രുപക്ഷത്തുള്ളവരുടെ നേര്‍ക്ക് തൊടുത്ത വാഗ്ശരങ്ങള്‍ എത്രയെത്ര? ലോകാരാധ്യനായ അബ്ദുള്‍ കലാമിനെ മേല്പ്പോട്ട് വാണം വിടുന്നവന് എന്നാണല്ലോ അദ്ദേഹം വിശേഷിപ്പിച്ചത്. സഹമന്ത്രിമാരെ മരങ്ങോടന്, പോഴന്‍ എന്നും കെ.ഇ.എന്‍. കുഞ്ഞഹമ്മദിനെ കുരങ്ങനെന്നും ടി.ജെ. ആഞ്ചലോസിനെ മീന്‍ പെറുക്കി നടന്ന ചെറുക്കന് എന്നും മാതാ അമൃതാനന്ദമയിയെ മീന്‍ പെറുക്കി നടന്ന തള്ള എന്നും ഈ മാന്യദേഹം വിശേഷിപ്പിച്ചിട്ടുണ്ട്. മലമ്പുഴയില്‍ എതിര്‍സ്ഥാനാര്‍ത്ഥിയെ ഇകഴ്ത്താന്‍ ഉപയോഗിച്ച ഭാഷ ആരും മറന്നിട്ടില്ല. അച്യുതാനന്ദന്റെ പാര്‍ട്ടി നേതാവ് സഭാധ്യക്ഷരെ നികൃഷ്ടജീവി എന്നാണല്ലോ വിശേഷിപ്പിച്ചത്. ഈ പാത പിന്തുടരേണ്ടതല്ല എന്ന ബോധം അച്യുതാനന്ദനെ അപഹസിച്ച ഗണേഷ്കുമാറിനുണ്ടായില്ല. വിശേഷണങ്ങള്‍. ചീഫ്വിപ്പ് പി.സി. ജോര്‍ജ് സദസ്സിന്റെ കയ്യടിക്കും ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നതിനും വേണ്ടി സ്ത്രീശരീരത്തിലെ അവയവങ്ങളെവരെ പരാമര്‍ശിക്കുന്നു. കളരിപ്പയറ്റ് വിദഗ്ധനായ മന്ത്രി മേശപ്പുറത്ത് കാലു കയറ്റിയപ്പോള്‍ മാറാത്ത മുന്‍വശത്തെ മുണ്ട് വനിതാ സഭാംഗങ്ങള്‍ക്ക് മുമ്പില്‍ മാറ്റി എന്നുവരെ പ്രതിപക്ഷ നേതാവ് പറഞ്ഞു. ആഭാസത്തരവും ലൈംഗികതയും നിയമസഭാ ഭാഷയില്‍ കടന്നുവരുന്നത് അത്യന്തം ഖേദകരമാണ്. സമൂഹത്തിന്റെ മുഴുവന്‍ ജനപ്രതിനിധികളല്ല ഈ മാന്യന്മാര്, മറിച്ച് സ്ത്രീയെ ശരീരമായി മാത്രം കാണുന്ന ഒരു ജനവിഭാഗത്തിന്റെ പ്രതിനിധികളാണോ ഇൗ ചന്ത സാംസ്കാരിക നായകന്മാര് എന്നു തോന്നിപ്പോകും.
രാഷ്ട്രീയം അധികാരം കയ്യാളാനുള്ള ആയുധം മാത്രമാണ്, ജനക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ഉപകരണമല്ല എന്ന് കേന്ദ്രത്തിലും കേരളത്തിലുമുള്ള ജനപ്രതിനിധികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇത് കോടതിയുടെ ചോദ്യങ്ങളിലും പ്രതിഫലിക്കുന്നു. ടു ജി സ്പെക്ട്രം കേസില്‍ സിബിഐ കനിമൊഴിക്കും മറ്റ് നാലുപേര്‍ക്കും ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്നാണ് കോടതി ചോദിച്ചത്. ഒക്ടോബര്‍ 24 ന് സിബിഐ കനിമൊഴിയുടെയും ശരത്കുമാറിന്റെയും ആസിഫ് ബാല്വയുടെയും രാജീവ് കുമാറിന്റെയും ജാമ്യാപേക്ഷ എതിര്‍ത്തിരുന്നില്ല. മുന്‍പ് ഇവര്‍ക്ക് ജാമ്യം കൊടുത്താല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് വാദിച്ച സിബിഐയാണ് ഇപ്പോള്‍ മൗനം പാലിച്ചത്. ഇതിനുള്ള കാരണം കലൈഞ്ജര്‍ കരുണാനിധിയുടെയും ഭാര്യയുടെയും സോണിയാ സന്ദര്‍ശനമാണ് എന്ന അഭ്യൂഹം നിലനില്‍ക്കെയാണ് കോടതിയുടെ സംശയം.
കോടതി ഉത്തരവുകളെയും ചോദ്യങ്ങളെയും നിരാകരിക്കുന്നവരാണ് രാഷ്ട്രീയ നേതാക്കള്‍. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ ഐസ്ക്രീം കേസ് നടത്തിപ്പിന് പുറത്തുനിന്ന് നിയമോപദേശം തേടിയതിന് മുന്‍ സര്‍ക്കാര്‍ 16 ലക്ഷം രൂപ തുലച്ചതിന്റെ ന്യായീകരണമാണ് കോടതി ആവശ്യപ്പെട്ടത്. അഡ്വക്കേറ്റ് ജനറലും അഭിഭാഷകരും ഉണ്ടായിരിക്കെ എന്തിന് ഇത്ര വിലകൂടിയ അഭിഭാഷകരെ ഇറക്കുമതി ചെയ്തു എന്നും ഈ 16 ലക്ഷം രൂപ ഇപ്പോഴത്തെ സര്‍ക്കാര്‍ കൊടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും ചോദിച്ച കോടതി ദല്‍ഹി അഭിഭാഷകരെ കൊണ്ടുവന്ന് കോടതിയെ ഭയപ്പെടുത്തേണ്ട എന്നുകൂടി പറഞ്ഞുവെച്ചു. കൂസല്‍ ലേശമില്ലാതെ അച്യുതാനന്ദന് പ്രതികരിച്ചത് തന്റെ നടപടിയില്‍ ഒരു തെറ്റുമില്ല എന്നാണ്. തന്റെ മകനെ യോഗ്യതയില്ലാത്ത സ്ഥാനത്തേക്ക് നിയമിച്ചതിലും ലക്ഷങ്ങള്‍ ശമ്പളമായി നല്‍കിയതിലും അദ്ദേഹം ഒരു തെറ്റും കാണുന്നില്ലല്ലോ.
ഇതേ ഉത്തരവാദിത്തമാണ് ഇടമലയാര്‍ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്. ബാലകൃഷ്ണപിള്ളയെ ജയില്മോചിതനാക്കിയതിലും പ്രകടമാകുന്നതെന്നാണ് ഇടതുപക്ഷവാദം. ബാലകൃഷ്ണപിള്ളയുടെ മോചനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും 2006 ലെ സുപ്രീംകോടതിവിധി പ്രകാരം പിള്ള ശിക്ഷാ ഇളവിനര്ഹനല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരുവര്‍ഷം തടവിന് വിധിച്ച ബാലകൃഷ്ണപിള്ള 69 ദിവസം മാത്രമാണ് ജയിലില്‍ ചെലവഴിച്ചത്. ബാക്കി ആശുപത്രിയിലും പരോളിലുമായിരുന്നു. മാത്രമല്ല ജയിലിലായിരിക്കെ നിയമം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും ജയിലില്‍ മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചതിനും പിള്ള കുറ്റാരോപിതനായിരുന്നു.
പക്ഷെ യുഡിഎഫ് സര്‍ക്കാര്‍ ന്യായീകരിക്കുന്നത് ഇത് ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നടപടിയുടെ പിന്തുടര്ച്ച മാത്രമാണ് എന്നാണ്. കണ്ണൂരില്‍ ജയകൃഷ്ണന് മാസ്റ്ററെ കുട്ടികളുടെ മുമ്പിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതിക്ക് സുപ്രീംകോടതി വിധിച്ചത് ജീവപര്യന്തമായിരുന്നെങ്കിലും ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ അയാള്‍ മോചിപ്പിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ ബാലകൃഷ്ണപിള്ളയുടെ മോചനത്തിനെതിരെ ഹര്‍ജി നല്കാന് അച്യുതാനന്ദന് കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്. വിദ്വേഷരാഷ്ട്രീയവും പകയും അജണ്ടയാക്കി മാറ്റിയിരിക്കുന്ന പ്രതിപക്ഷ നേതാവ് ടി.എം. ജേക്കബ് മരിച്ചപ്പോള്‍ കരഞ്ഞെങ്കില്‍ അത് തന്റെ വിദ്വേഷരാഷ്ട്രീയത്തിനിരയാകേണ്ട വ്യക്തി പോയല്ലോ എന്ന ദുഃഖത്തിലായിരിക്കണം.
ജനപ്രതിനിധികള്‍ എന്ന് നിയമസഭാ സാമാജികരെ വിശേഷിപ്പിക്കുന്നതിന്റെ പ്രസക്തി പോലും നഷ്ടപ്പെട്ടിരിക്കുന്ന കാലമാണിത്. ഓരോരുത്തരും തന്റെ മാത്രം പ്രതിനിധികളാണ്. ഒപ്പം ഏതെങ്കിലും ഒരു സഭയുടെയോ സമുദായത്തിന്റെയോ പ്രതിനിധിയും. സഭ യാക്കോബായ പ്രതിനിധിക്കുവേണ്ടി സമ്മര്‍ദ്ദം ചെലുത്തും എന്നും വ്യക്തമാക്കിക്കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസ്ഥാനം നല്‍കിയതില്‍പ്പോലും സഭാ സമ്മര്‍ദ്ദം ഉണ്ടായിരുന്നു.
ഈ നിയമസഭ നിലവില്‍ വന്ന് ഉല്ഘോഷിക്കപ്പെട്ട നൂറുദിന പരിപാടിക്കുശേഷം ക്രിയാത്മകമായ ഒരു ജനക്ഷേമ നടപടിയോ ചര്‍ച്ചയോ ഉണ്ടായിട്ടില്ല. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ നൂറ് ദിനത്തില്‍ കാണിച്ച വ്യഗ്രത ആ കയേറ്റഭൂമി തിരിച്ചുപിടിക്കാന്‍ കാണുന്നില്ല. കേരളം രോഗഗ്രസ്തമായി തുടരുന്നതും റോഡ് കുഴി മരണങ്ങള് കൂടുന്നതും സ്ത്രീ-ബാലപീഡനങ്ങള്‍ പെരുകുന്നതും സര്‍ക്കാര്‍ അനാസ്ഥയിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്.
കേരളം വികസനത്തില്‍ മുന്നിലാണെന്നും ശിശുമരണ നിരക്ക് കുറഞ്ഞതും പോഷകാഹാരലഭ്യതയും കേരള സാക്ഷരതയുടെ ഫലമാണെന്നും ചൂണ്ടിക്കാണിക്കുമ്പോഴും കേരളം കുറ്റകൃത്യങ്ങളില്‍ ഇന്ത്യയില്‍ മുന്‍നിര സംസ്ഥാനമാണെന്ന വസ്തുത നിലനില്ക്കുന്നു. സ്ത്രീപീഡകര്‍ സംരക്ഷിക്കപ്പെടുകയും ക്രിമിനലുകള്‍ പോലീസില്‍ പെരുകുകയും ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള നിയമസഭാ സാമാജികര്ക്കല്ലേ ഭരണം കയ്യാളാന്‍ സാധ്യമാകൂ. ക്രിമിനലുകളെ ശിക്ഷിക്കുകയല്ല, അവരെ പരിപോഷിപ്പിച്ച് വരുമാനമാര്‍ഗമാക്കുക എന്നതാണ് പുതിയ കേരള ശൈലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: