നിയതി ചില വ്യക്തികളെ – മഹത്തുക്കളെ – ചില ബാദ്ധ്യതകള്‍ ഏല്പിക്കുന്നു. അതു ചെയ്തുതീര്‍ക്കണം. നിര്‍മ്മലാനന്ദജിയുടെ ആശ്രമസ്ഥാപനവും, സര്‍വ്വജാതിമതസ്ഥരേയും ഒരുമിപ്പിക്കാനുള്ള പ്രബലമായ പ്രേരണയും, അനുകൂലിച്ചവരും തിരസ്കരിച്ചവരും ഉണ്ടായിരുന്നു. രാമകൃഷ്ണ വിവേകാനന്ദ സന്ദേശത്തില്‍ തിരസ്കരണവും ബഹിഷ്കരണവുമില്ല – അംഗീകാരവും അനുരഞ്ജനവും മാത്രം എന്ന വാക്കുകള്‍ ഉയര്‍ന്നുകേട്ടതാണല്ലോ. ഒരു നവീനമാനവാബോധം – മനുഷ്യനെ ഉയര്‍ത്തി ഈശ്വരനോടടുപ്പിച്ചു. ഐശ്വര്യമായ പ്രേമഭാവനയും രണ്ടല്ല ഒന്നെന്ന് സ്ഥാപിച്ച സ്വാമി വിവേകാനന്ദന്റെ മാനവികതാ ദര്‍ശനമാണ് നിര്‍മ്മലാനന്ദജിയുടെ പ്രേരകശക്തിയും, തപശ്ശക്തിയും. ഒരു സ്നേഹദൂതന്റെ ശബ്ദം നിര്‍മ്മലാനന്ദജി പരഹിതാര്‍ത്ഥം ചെയ്ത കര്‍മ്മങ്ങള്‍, സ്വപരഭേദമന്യേ പ്രഖ്യാപിച്ച ആശയങ്ങള്‍ സാഹസികമെന്ന് ചിലര്‍ക്കെന്നല്ല പലര്‍ക്കും തോന്നി. സാഹസികമെന്ന് ചിലരെങ്കിലും ചിന്തിച്ചു. ആത്മവികാസത്തില്‍ നിന്ന് ആത്മസങ്കോചത്തിലേക്ക് തിരിച്ചുപോയിരുന്നു കേരളീയമനസ്സ്. ശ്രീരാമകൃഷ്ണശിഷ്യന് മുറിവേറ്റ മനുഷ്യത്വത്തെ പ്രത്യുദ്ധരിക്കാനുള്ള നിയോഗമല്ലാതെ പിന്നെ എന്തുണ്ട്. മനുഷ്യന്റെ ദിവ്യത യുക്തിയുക്തം അപഗ്രഥിച്ച് ആത്മൈക്യം സ്ഥാപിച്ച ഒരു യോഗിക്ക് അകല്‍ച്ച ഒന്നില്ലല്ലോ. അന്യന്റെ ദുഃഖവും വിഷമതയും സ്വന്തം ചുമലുകളില്‍ ഏറ്റി നടക്കാന്‍ നിര്‍മ്മലാനന്ദസ്വാമികള്‍ സന്നിദ്ധരായി. പ്രമാണഗ്രന്ഥങ്ങളോ വിലക്കുകളോ ബാധിച്ചുമില്ല. മനുഷ്യത്വത്തിലുപരിയൊരു പ്രബോധ ചന്ദ്രോദയമില്ല. പ്രാണാപണവും സമദര്‍ശനവും ഗുരുവില്‍ നിന്നുനേടി മനസ്സില്‍ ഉറപ്പിച്ചതുമാണല്ലോ.
സ്വാമി വിവേകാനന്ദന്റെ പാദമുദ്രകളുടെ പിന്നാലെ വിശ്വമൈത്രിയുടെ പാതയിലൂടെ നിര്‍മ്മലാനന്ദ സ്വാമികള്‍ നടന്നു. ഒരു ജന്മദൗത്യം. നാടിന് വേണ്ടിയാണെങ്കിലും ഏത് തരത്തിലുള്ള അധര്‍മ്മത്തിനും അജ്ഞാനത്തിനും എതിരെ, ജീവിതം ഒരു പോരാട്ടമാണെന്നറിഞ്ഞ്, അധര്മ്മത്തിന് വഴി ഒഴിഞ്ഞു കൊടുക്കാതെ മുന്നോട്ട് നടന്നു. ഒരു പോരാളിയായി അധര്‍മ്മത്തിനെതിരെ പോരാടണം എന്ന ചിന്ത ചിലപ്പോഴൊക്കെ സ്വാമി വിവേകാനന്ദന്റെ ഉള്ളിലും ഉയര്‍ന്നിരുന്നു. അത്യുച്ചത്തെ ഒരേലക്ഷ്യമാക്കി നടന്ന സ്വാമിജിക്ക് എത്രയോ ആരോപണങ്ങളും, വിഷമതകളും നേരിടേണ്ടിവന്നു. സ്വാമിജി എഴുതി “എല്ലാവരേയും പ്രീതിപ്പെടുത്തുന്നവഴി ഞാന്‍ കണ്ടിട്ടില്ല. ജ്യോതിസ്സന്താനങ്ങള്‍ ഒറ്റിയ്ക്കുനില്‍ക്കുന്നു. ആര്‍ക്കുവേണ്ടിയും സ്വന്തം രീതികളെ മിനുക്കാനാവാത്തവിധം അന്തസ്സത്തവുമായി ഇണങ്ങാത്ത ഒരു കര്‍മ്മവും ശ്രീരാമകൃഷ്ണന്റെ അന്തരംഗശിഷ്യര്‍ ചെയ്തിട്ടില്ല.
ശ്രീരാമകൃഷ്ണ ശിഷ്യര്‍ ഒരിക്കലും സ്വാര്‍ത്ഥത കൊതിക്കില്ല. കൊതിപ്പിച്ചിട്ടില്ല. കര്‍മ്മമേതും അന്യാര്‍ത്ഥം. കര്‍ത്തൃത്വഭോക്തൃത്വമില്ല. സംരക്ഷണം മാത്രം. നിരന്തര തപസ്സാധനയിലൂടെ നേര്‍ക്കാഴ്ചയുടെ ഉറപ്പുലഭിച്ചവര്‍ക്ക് സത്ഗതികള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ ഉയര്‍ത്തിയേ തീരൂ. നാം അന്തസ്സാര ശൂന്യമായ തത്ത്വങ്ങള്‍ സമൂഹത്തിന് എറിഞ്ഞുകൊടുത്തു. മഹത്തത്വങ്ങള്‍ മറച്ചുപിടിച്ചു. മറച്ചുപിടിക്കുന്നു. സാമൂഹ്യാവബോധമോ ജനങ്ങളോടുള്ള ഉത്തരവാദിത്തമോ സമൂഹത്തിലെ മേധാവികള്‍ പുലര്‍ത്തിയില്ല. അസംഘടിതമായ സാമൂഹ്യവ്യവസ്ഥ നാം സൃഷ്ടിച്ചു. ഇത് മനസ്സില്‍ ധരിച്ച ഒരു സന്ന്യാസിവര്യനായിരുന്നു നിര്‍മ്മലാനന്ദസ്വാമികള്‍. അര്‍പ്പിതാത്മാവായ നിര്‍മ്മലാനന്ദജിയുടെ കര്‍മ്മങ്ങള്‍ കേരളീയ സമൂഹത്തില്‍ ദൂരവ്യാപകമായ ചലനങ്ങളുണ്ടാക്കി.
കീഴാള സമുദായം എന്ന മുദ്രകുത്തിയവര്‍ക്ക് നല്കിയ സ്വീകരണം സവര്‍ണ്ണര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതിനെതിരെ ചലനങ്ങളുണ്ടായി. ഒരാശ്രമത്തിലെ ബ്രഹ്മചാരികളില്‍ സര്‍വ്വജാതിമതസ്ഥരുമുണ്ടായിരുന്നു. മിശ്രഭോജനം നടത്തി. പട്ടിണിപ്പാവങ്ങള്‍ക്ക് അന്നദാനം നല്കി. ഉറച്ച സ്വാഭവമുള്ളവര്‍ക്ക് മാത്രമേ അധര്‍മ്മത്തേയും അജ്ഞാനത്തേയും നേരിടനാവൂ. നിര്‍മ്മലാനന്ദ സ്വാമിജിയുടെ ജീവിതം ഒരാത്മബലി. അത്യുന്നത ചിന്തകള്‍ക്ക് പ്രാധാന്യം നല്കുന്ന മാസിക പ്രബുദ്ധ കേരള 1915 – ല്‍ വിജയദശമി ദിനത്തില്‍ നിര്‍മ്മലാനന്ദ സ്വാമികളുടെ ചിന്തയില്‍ വിരിഞ്ഞതാണ് ഈ സംരംഭവും.
ഇക്കാലത്തോടടുപ്പിച്ച്, പലമാറിവും, കേരളത്തില്‍ എത്തി. ആഗമാനന്ദ സ്വാമികളുടെ, പ്രഭാവവും സ്വാധീനവും തത്തുല്യരായ മറ്റുള്ളവരുടേയും – ശ്രീനാരയണഗുരുസ്വാമികളുടെ – അതൊരു ആദ്ധ്യാത്മ സുരോദയമായിരുന്നുവല്ലോ.
“വല്ലവരും ഇവിടെ കഷ്ടപ്പെട്ടെ ഒക്കൂ” – സ്വാമി വിവേകാനന്ദന്റെ ദൃഢമായ ശബ്ദം. ആ കഷ്ടപ്പാടും സമര്‍പ്പണബുദ്ധിയോടെ നിര്‍മ്മലാനന്ദജിയും ഏറ്റെടുത്തു. ഇനിയും വരുമെന്ന് വരം തന്ന് സ്വാമി വിവേകാനന്ദന് കടന്നുപോയി. സ്വാമി നിര്‍മ്മലാനന്ദനും അതുതന്നെ മനസ്സില്‍ മന്ത്രിച്ചായിരിക്കും മടങ്ങിയത്. സ്വാത്മ സമര്‍പ്പണം.”
ഒരു വില്വദളം നാമീ
സ്മൃതി പീഠത്തില്‍ വയ്ക്കുക
കരംകൂപ്പി മനസ്സാല്‍ നാം
ഒരുമിച്ചു നമിക്കുക.
– പ്രൊഫ. ബി.സുലോചനാ നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: