നെടുമ്പാശ്ശേരി: ചെങ്ങമനാട് സരസ്വതി വിദ്യാനികേതന്‍ ഹൈസ്കൂള്‍ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥിസംഗമം നടത്തി. യുവത്വം സാമൂഹ്യപരിവര്‍ത്തനത്തിന് എന്ന സന്ദേശം ഉയര്‍ത്തി നടത്തിയ വിദ്യാര്‍ത്ഥിസംഗമം കാലടി ശങ്കരാചാര്യ സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ.എന്‍.പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിയ്ക്കുമ്പോഴേ മനുഷ്യന് എന്ന പദത്തിന്റെ അന്തഃസത്ത ആവിഷ്കരിക്കപ്പെടുകയുള്ളൂവെന്നദ്ദേഹം പറഞ്ഞു.
ജീവിതത്തിന് ഉദാത്തമായ ലക്ഷ്യമുണ്ടായിരിക്കണമെന്നും നമ്മുടെ ജീവിതം കൊണ്ട് സമൂഹത്തിന് നന്മകൈവരണമെന്ന ചിന്തയും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണം. ദേശീയ സ്വാതന്ത്ര്യസമരചരിത്രത്തില്‍ നിസ്വാര്‍ത്ഥമായും ആത്മസമര്പ്പണഭാവത്തോടും പ്രവര്‍ത്തിച്ച നിരവധി വ്യക്തിത്വങ്ങളെ കാണാം. അവരില്‍നിന്നും പ്രേരണകളുള്‍ക്കൊണ്ട് അഴിമതിയുള്‍പ്പെടെയുള്ള തിന്മകള്ക്കെതിരെ പോരാടി സാമൂഹ്യപരിവര്‍ത്തനത്തിന്റെ ശംഖൊലിമുഴക്കാന് വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്ന് തുടര്‍ന്ന് നടന്ന വിചാരസഭയില്‍ യുവത്വം സാമൂഹ്യ പരിവര്‍ത്തനത്തിന് എന്ന വിഷയത്തെ ആസ്പദമാക്കി ആര്‍എസ്എസ് തിരുവനന്തപുരം സംഭാഗ് വിദ്യാത്ഥി പ്രമുഖ് എന്‍.ആര്.മധു പറഞ്ഞു.
ഉച്ചയ്ക്കുശേഷം ഗ്രൂപ്പുകളാക്കി തിരിച്ച് ചര്‍ച്ച നടന്നു. ലഹരിയുടെ ഉപയോഗം വിദ്യാര്‍ത്ഥികളില്‍, ആഘോഷങ്ങളെ സാംസ്കാരികത്തനിമയുള്ളതാക്കാന്, അഴിമതി, മാതൃദേവോഭവ, ഇന്റനെറ്റ് മൊബെയില്‍ സ്വാധീനവും ദുഃസ്വാധീനവും ദേശഭക്തി വിദ്യാര്‍ത്ഥികളില്‍ എന്നീ വിഷയങ്ങളെ അധികരിച്ചാണ് ചര്‍ച്ചനടന്നത്. മാറ്റങ്ങള്‍ അവരവരില്‍ നിന്നാണ് ആരംഭിക്കേണ്ടതെന്നും, നാമോരോരുത്തരും നമ്മുടെ ഗ്രാമത്തിലെ അണ്ണാഹസാരെ മാരാവണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: