കേരളത്തിന്റെ വീണക്കമ്പികളെ ഞരമ്പുകളാണെന്ന് തെറ്റിദ്ധരിച്ചായിരിക്കണം മഹാകവി വള്ളത്തോള്‍ ‘കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍’ എന്ന് പാടിയത്. കേരള സംസ്ഥാനം പിറവിയെടുത്തത് 1956 നവംബര്‍ ഒന്നിന്. അതിനുമുമ്പ് ഇങ്ങനെയൊരു നാട് ഇല്ലായിരുന്നെന്നാണ് ഇപ്പോഴത്തെ കേരള മക്കളുടെ ധാരണ! പ്രത്യേകിച്ച് ചില സര്‍ക്കാര്‍ ശമ്പളക്കാരുടേയും, ടിവി അവതാരകകളുടേയും ജനറല്‍നോളജ്! കേരള പുരാണ ചരിത്രങ്ങളൊക്കെ അവര്‍ക്ക് ‘സോ മച്ച്’ മെനക്കേടാണ്. സകലതും ഇന്റര്‍നെറ്റില്‍ സുലഭം.
സംസ്ഥാന പിറവിയുടെ സുവര്‍ണജയന്തി ആഘോഷിച്ചിട്ട് അഞ്ചാണ്ട് തികഞ്ഞിട്ടും നമ്മുടെ സര്‍ക്കാര്‍ മുദ്രയായ ആനയുടെ വേഗത്തിലല്ല, ഒച്ചിന്റെ ഇഴച്ചിലിലാണ് കേരളം. പണ്ടേ പഞ്ചാംഗം പഥ്യമായ നാടാണിത്. ജ്യോതിഷത്തിന്റേയും മനുഷ്യന്റേയും ഷകാര ചേര്‍ച്ചകൊണ്ട് ഇവിടെ മനുഷ്യദൈവങ്ങള്‍ക്ക്-രാഷ്ട്രീയത്തിലെയും സിനിമയിലെയും സന്ന്യാസത്തിലെയും-ആരാധനകൂടി. ഇവരെല്ലാവരും കൂടി മലയാളത്തുകാര്‍ക്ക് ഭൂതലത്തിലൂടെയും ഉപഗ്രഹത്തിലൂടെയും ഗ്രഹനില വീതിച്ചുതരുന്നു. അതാണല്ലോ ദൈവത്തിന്റെ സ്വന്തം നാടെന്ന് പേര് വീണത്.
1947 ജൂലൈ 25 നാണ് തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി.രാമസ്വാമി അയ്യര്‍ക്ക് വാളുകൊണ്ട് വെട്ടേല്‍ക്കുന്നത്. സ്ഥലം സ്വാതിതിരുനാള്‍ സംഗീത അക്കാദമി ഹാള്‍. ആ സമയം സംഗീതസമ്രാട്ടായ ശെമ്മങ്കുടിയുടെ കച്ചേരി നടക്കുകയായിരുന്നു. ഇരുട്ടത്ത് വെട്ടിയതിനാല്‍ അതാരാണെന്ന് ഖണ്ഡിതമായി ഇതേവരെ തെളിഞ്ഞിട്ടില്ല. അമ്പലപ്പുഴക്കാരന്‍ മണിയാണെന്ന് പറയപ്പെടുന്നു. ആഗസ്റ്റ് 19 ന് സി.പി.ദിവാന് പദവി ഉപേക്ഷിച്ച് സ്വദേശമായ മെയിലാപ്പൂരില്‍ പോയി. രാജഭക്തനായ പി.ജി.നാരായണനുണ്ണിത്താനെ ഒഫിഷ്യേറ്റിംഗ് ദിവാന്ജിയായി മഹാരാജാവ് നിയമിച്ചു. സി.പി.ഓടിയതിനു പിന്നില്‍ സര്‍ദാര്‍ പട്ടേലിന്റെ ബുദ്ധിയുണ്ടായിരുന്നോ?
അന്തക്കാലത്ത് കേരളം മൂന്ന് ദേശങ്ങളായിരുന്നു. മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍. 1792 ലാണ് മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തിലാകുന്നത്. കൊച്ചിയും തിരുവിതാംകൂറും രാജഭരണമായിരുന്നു. മൂന്നു ദേശങ്ങളും ചേര്‍ന്ന ഐക്യകേരളം ആശയം 1928 ല്‍ പയ്യന്നൂര്‍ വച്ച് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധ്യക്ഷതയില്‍ കൂടിയ രാഷ്ട്രീയ സമ്മേളനത്തില്‍ പാസ്സാക്കി. 1946 ജൂലൈ 20 ന് കൊച്ചി കേരളവര്‍മ രാജാവ് തിരുവിതാംകൂറും കൊച്ചിയും മലബാറും ചേര്‍ന്ന് ഒരു കേരള സംസ്ഥാനം രൂപവല്‍ക്കരിക്കാന്‍ നിയമസഭയ്ക്ക് കത്തെഴുതി. 1947 ഏപ്രിലിലാണ് കെ.കേളപ്പന്റെ അധ്യക്ഷതയില്‍ തൃശ്ശൂരില്‍ വച്ച് ഐക്യ കേരള സമ്മേളനം. 1948 ല്‍ തിരുവിതാംകൂറില്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വിജയിച്ച് പട്ടം താണുപിള്ള പ്രധാനമന്ത്രിയായി. കൊച്ചിയില്‍ ഇക്കണ്ടവാര്യരുടെ നേതൃത്വത്തിലായിരുന്നു മന്ത്രിസഭ. 1949 ജൂലൈ 1 ന് കൊച്ചി-തിരുവിതാംകൂര്‍ സംസ്ഥാനം നിലവില്‍ വന്നു. പറവൂര്‍ ടി.കെ.നാരായണപിള്ള മുഖ്യമന്ത്രിയും തിരുവിതാംകൂര്‍ മഹാരാജാവ് രാജപ്രമുഖനുമായി. കൊച്ചി രാജാവ് അധികാരാവകാശം ഉപേക്ഷിച്ചു.
1951 വരെ ടി.കെ.മന്ത്രിസഭ തുടര്‍ന്നു. ഫെബ്രുവരിയില്‍ അത് രാജിവെച്ചപ്പോള്‍ ഹ്രസ്വകാലത്തേയ്ക്ക് സി.കേശവന് മുഖ്യമന്ത്രിയായി. 52 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ല. തിരുവിതാംകൂര്‍ തമിഴ്നാട് കോണ്‍ഗ്രസ് പിന്തുണയോടെ എ.ജെ.ജോണ്‍ മുഖ്യമന്ത്രിയായി. തമിഴ്നാട് കോണ്‍ഗ്രസ് കാലുവാരി അത് നിലംപൊത്തി. 1954 ലെ ഇടക്കാല തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയില്ല. പട്ടംതാണുപിള്ള അന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവാണ്. കമ്മ്യൂണിസ്റ്റ് ഭരണം ഒഴിവാക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പട്ടത്തിന് പിന്തുണ നല്കി. പട്ടം മുഖ്യന്. തമിഴ്നാട് കോണ്‍ഗ്രസ് അക്കാലത്ത് തെക്കന്‍ പ്രദേശങ്ങള്‍ മദ്രാസ് സംസ്ഥാനത്തോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം തുടങ്ങി. പട്ടത്തിന്റെ പോലീസ് വെടിവെയ്പ്പില്‍ ഏഴ് പേര് മരിച്ചു. അതോടെ പട്ടവുംവീണു. തുടര്‍ന്ന് പനമ്പിള്ളി ഗോവിന്ദമേനോന് മുഖ്യമന്ത്രിയായി. കോണ്‍ഗ്രസ് തൊഴുത്തില്കുത്തില്, 1956 മാര്‍ച്ചില്‍ അതും തകര്‍ന്നു.
1956 നവംബര്‍ 1 ന് തോവാള, അഗസ്തീശ്വരം, കല്‍ക്കുളം, വിളയങ്കോട് എന്നീ താലൂക്കുകള്‍ മദ്രാസിന് വിട്ടുകൊടുത്തു. കാസര്‍ഗോഡ് ഉള്‍പ്പെടുത്തി കേരള സംസ്ഥാനം നിലവില്‍ വരുന്നു. 1957 ല്‍ വന്ന ഇഎംഎസ് മന്ത്രിസഭ മുതല്‍ 2010 വരെയുള്ള മോഡേണ്‍ ഹിസ്റ്ററി നാട്ടുകാര്‍ക്കെല്ലാം അറിയാം. അറിയണം. കേരളമന്ത് ഇടത്തോട്ടും വലത്തോട്ടും മാറിക്കൊണ്ടിരിക്കുന്നു. മടുക്കുമ്പോഴുള്ള മാറ്റം. സഹ്യപര്‍വതവും അറബിക്കടലും ആറേഴുകായലും 44 നദികളും വിഭവങ്ങളായുള്ള ദൈവത്തിന്റെ നാട്ടില്‍ ഭരണവും സമരവും പൊടിപൊടിക്കുന്നു. ‘അദിപൊലി’ എന്ന് ടിവി ഭാഷ! രാഷ്ട്രീയവും ഭരണവും രണ്ടാണ്. അതാണല്ലോ ജനനവും മരണവും ബന്ദും പദ്ധതിയും കേരള മക്കള്‍ തകൃതിയായി കൊണ്ടാടുന്നത്. വീണമീട്ടുന്നത്. ജനത സഹനത്തിന്റെ സംഗീതത്തില്‍ ആണ്ടുകിടക്കുമ്പോള്‍ പിറവിയുടെ പ്രേതം പല്ലിളിക്കുന്നു. കബന്ധമെന്നാല് തലയില്ലാത്ത ഉടല്. അത് ഉറഞ്ഞുതുള്ളുന്നു.
രാജശ്രീ വര്‍മ
പ്രതികരിക്കാൻ ഇവിടെ എഴുതുക: