സൗമ്യ കൊലക്കേസില്‍ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് തൃശൂര്‍ അതിവേഗ കോടതി കണ്ടെത്തിയിരിക്കുകയാണ്. ഗോവിന്ദച്ചാമിക്കെതിരെ കൊലപാതകം, മോഷണം, മാനഭംഗം, പിടിച്ചുപറി, ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ 15 കുറ്റങ്ങളാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്.കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ വിധി പ്രതീക്ഷയോടെ കാത്തിരുന്ന കേരള സമൂഹത്തിന് ആശ്വാസം നല്‍കിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ നിത്യസംഭവങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കേരള സാമൂഹ്യ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഇന്ന് രാത്രിയായാലും പകലായാലും സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാനാവാത്ത സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. ഷൊര്‍ണൂര്‍ പാസഞ്ചറിലെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ വള്ളത്തോള്‍ നഗര്‍ എത്താറായപ്പോഴാണ് ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി കമ്പാര്‍ട്ട്മെന്റില്‍ അതിക്രമിച്ച് കയറി സൗമ്യയുടെ മാല പിടിച്ചുപറിക്കുകയും കമ്പാര്‍ട്ട്മെന്റില്‍നിന്നും തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തത്. കേരളം, കേരളത്തിലെ സ്ത്രീസമൂഹം ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു അത്.
ഫെബ്രുവരി ഒന്നാം തീയതിയാണ് 23 വയസുകാരിയായ സൗമ്യ തന്റെ വിവാഹനിശ്ചയത്തിനായി എറണാകുളത്തുനിന്നും ഷൊര്‍ണൂര്‍ക്ക് തിരിച്ചത്. ഗോവിന്ദച്ചാമി കമ്പാര്‍ട്ട്മെന്റില്‍ കയറുന്നത് അടുത്ത കമ്പാര്‍ട്ട്മെന്റിലുള്ളവര്‍ കണ്ടിരുന്നു. പിന്നീട് കമ്പാര്‍ട്ട്മെന്റില്‍നിന്ന് ഒരു സ്ത്രീയുടെ കരച്ചില് കേട്ടുവെന്ന് രണ്ട് സഹയാത്രികര്‍ റെയില്‍വേ ഗാര്‍ഡിനെ അറിയിച്ചു. രാത്രി പത്ത് മണിയോടെ സൗമ്യയെ ഗുരുതരമായ പരിക്കുകളോടെ വള്ളത്തോള്‍നഗര്‍ സ്റ്റേഷനടുത്ത് കാണുകയും ചെയ്തത്. സൗമ്യയെ ഉടനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയെങ്കിലും ഫെബ്രുവരി അഞ്ചിന് അവള് മരിച്ചുവെന്ന വാര്‍ത്ത കേരളം കണ്ണീരോടെ കേട്ടു. ഗോവിന്ദച്ചാമിയെ ഫെബ്രുവരി മൂന്നിന് അറസ്റ്റ് ചെയ്തു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഗോവിന്ദച്ചാമി പല കേസിലും ശിക്ഷ ലഭിച്ച് ജയില്വാസമനുഭവിച്ചയാളാണ്.
ഈ കേസിലെ അന്വേഷണവും ഇപ്പോള്‍ കോടതിയുടെ ചരിത്രത്തില്‍ത്തന്നെ ഇടംനേടുന്ന ഈ വിധിയും ശ്രദ്ധേയമാകുന്നത് ഒമ്പത് മാസത്തിനുള്ളില്‍ കോടതി തെളിവുകള്‍ ശേഖരിച്ച് 82 സാക്ഷികളെ വിസ്തരിച്ച് വിധി പ്രഖ്യാപിച്ചിരിക്കുന്നുവെന്നതാണ്. കോടതികളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കേസുകള്‍ അനന്തമായി നീളുന്ന ചരിത്രമാണുള്ളത്. 16 കൊല്ലം നീണ്ട വിതുര കേസില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന് വിതുര പെണ്‍കുട്ടി ആവശ്യപ്പെട്ടത് ഈയിടെയാണ്. വിധി വൈകുന്നത് നീതിനിഷേധമായിരിക്കെ ഭിക്ഷാടനം ചെയ്ത് ജീവിക്കുന്ന ഗോവിന്ദച്ചാമിക്കുവേണ്ടി മുംബൈയില്‍നിന്ന് പ്രഗത്ഭരായ അഭിഭാഷകര്‍ എത്തിയിട്ടും കോടതി കേസ് തീര്‍പ്പാക്കി ഇരയ്ക്ക് നീതി നല്കി എന്നുള്ളതാണ്. നിയമപരമായും സാമൂഹ്യപരമായും പ്രാധാന്യമര്‍ഹിക്കുന്ന വിധിയായി ഇതിനെ അഭിഭാഷകസമൂഹം വിലയിരുത്തുന്നു.
സൗമ്യ കൊലക്കേസുപോലെ ഇത്രയധികം കേരള മനഃസാക്ഷിയെ പിടിച്ചുലച്ച കേസുണ്ടായിട്ടില്ല. ഈ കേസിന്റെ പ്രത്യേകത കേരളം ഒന്നടങ്കം ഇരയ്ക്ക് നീതി കിട്ടണമെന്നാഗ്രഹിച്ചുവെന്ന് മാത്രമല്ല, ഈ കേസില്‍ സാക്ഷിപറയാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും വയനാട്ടില്നിന്നുപോലും സാക്ഷികള്‍ എത്തിയെന്നതാണ്. മൊഴിമാറ്റി പറയാതെ ജാഗ്രതയോടും ആത്മാര്‍ത്ഥതയോടുമുള്ള അവരുടെ മൊഴികളാണ് ദൃക്സാക്ഷികളില്ലാത്ത ഈ കേസില്‍ നിര്‍ണായകമായത്. കേസുകളില്‍ മൊഴി മാറ്റവും അട്ടിമറികളും കണ്ട് ശീലിച്ച കേരളത്തിന് ഈ വിധി പുതുമയായി. 30 തെളിവുകള്‍, സാഹചര്യ തെളിവുകള്‍, എല്ലാം പരിശോധിച്ച ശേഷമാണ് വിധി. ശാസ്ത്രീയ തെളിവുകളും രക്തം, വിരലടയാളം മുതലായ തെളിവുകളും ഇതില്‍ നിര്‍ണായകമായി. ഇതിന് ഒരപവാദമായിരുന്നു പ്രതിപക്ഷത്തേക്ക് കൂറുമാറിയ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. ഡോ. ഉന്മേഷ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് താനാണ് നല്‍കിയതെന്ന് പറഞ്ഞ് പ്രതിഭാഗത്തിന് അനുകൂലമായാണ് ഉന്മേഷ് മൊഴി നല്‍കിയത്. ഡോ. ഉന്മേഷിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസ് ചാര്‍ജ് ചെയ്യാനും കോടതി വിധിച്ചു. ഇതിന് പുറമെ ഡിപ്പാര്ട്ട്മെന്റലായും ഡോ. ഉന്മേഷിനെതിരെ നടപടിയുണ്ടാകും എന്നുറപ്പായി.
ഈ വിധിയെ മാതൃകാവിധി എന്നും സ്ത്രീ സമൂഹത്തിന് ആശ്വാസം പകരുന്ന വിധിയെന്നും സ്ത്രീ സംഘടനകളും സ്ത്രീപക്ഷ പ്രവര്‍ത്തകരും സ്വാഗതം ചെയ്തിരിക്കുകയാണ്. ഈ വിധി പ്രസക്തമാകുന്നത് കേരളം ഇന്ന് കുറ്റകൃത്യങ്ങളില്‍ ഒന്നാമതാണ് എന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 2010നേക്കാള്‍ 4.8 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബലാത്സംഗങ്ങളും കുട്ടികളുടെ നേരെയുള്ള ലൈംഗികാതിക്രമങ്ങളും വന്‍തോതില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബലാത്സംഗ വര്‍ധനവ് 3.6 ശതമാനമാണ്. പെണ്‍വാണിഭ കേസുകളും വര്‍ധന രേഖപ്പെടുത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് വില്പ്പനച്ചരക്കാകുന്നത്. സൂര്യനെല്ലി മുതല്‍ പറവൂര്‍-വരാപ്പുഴ പീഡനക്കേസുകള്‍ വരെ കേസുകള്‍ അനന്തമായി നീണ്ടുപോകുന്ന ചരിത്രമാണ് കേരളത്തിന് പറയാനുള്ളത്. ഈ പശ്ചാത്തലത്തില്‍ ശക്തമായ മാഫിയാ ബന്ധമുള്ള ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെടുകയാണ്. ഗോവിന്ദച്ചാമിയുടെ അഭിഭാഷകര്‍തന്നെ അയാളുടെ കേസ് വാദിക്കാന്‍ തങ്ങളെ സമീപിച്ചത് ഒരു മാഫിയയാണെന്ന് വെളിപ്പെടുത്തിക്കഴിഞ്ഞു. ഈ മാഫിയാ ബന്ധത്തെക്കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കേരളം ഒരു മനസ്സോടെ ആഗ്രഹിച്ച വിധിയാണ് തൃശൂര്‍ അതിവേഗ കോടതി നല്‍കിയിരിക്കുന്നത്. ശിക്ഷ പ്രഖ്യാപിക്കുന്നത് വെള്ളിയാഴ്ചയാണ്. ഗോവിന്ദച്ചാമി അര്‍ഹിക്കുന്ന ശിക്ഷ അയാള്‍ക്ക് ലഭിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നത് സൗമ്യയുടെ മാതാപിതാക്കള്‍ മാത്രമല്ല കേരളത്തിലെ പൊതുസമൂഹം കൂടിയാണ്. വിധി കേള്‍ക്കാന്‍ കോടതിയില്‍ തടിച്ചുകൂടിയ ജനം ഗോവിന്ദച്ചാമിയെ പുറത്തുകൊണ്ടുവന്നപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് ഈ വികാരം ഉള്‍ക്കൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: