ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി. തെലുങ്കാന മേഖലയില്‍നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ട് തെലുങ്കാന രാഷ്‌ട്രസമിതി (ടിആര്‍എസ്)യില്‍ ചേരാന്‍ തീരുമാനിച്ചു. തെലുങ്കാന പ്രശ്നത്തിന്റെ പേരില്‍ കിരണ്‍കുമാര്‍ റെഡ്ഡി സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധി ഇതോടെ രൂക്ഷമായിരിക്കയാണ്.
തെലുങ്കാന സംസ്ഥാന രൂപീകരണത്തില്‍ കോണ്‍ഗ്രസിന്റെ വഞ്ചനാപരമായ സമീപനത്തില്‍ പ്രതിഷേധിച്ചാണ് ജുപ്പള്ളി കൃഷ്ണറാവു, എസ്.സത്യനാരായണ, ടി.രാജയ്യ എന്നിവര്‍ പാര്‍ട്ടി വിട്ടത്. രാജിക്കത്തുകള്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോട്സ സത്യനാരായണക്ക് അയച്ചുകൊടുത്തു. പ്രത്യേക തെലുങ്കാന സംസ്ഥാന രൂപീകരണത്തിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് 2009 ഡിസംബര്‍ 9 ന് നല്‍കിയ ഉറപ്പില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വം പിന്നാക്കം പോയതായി സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ രാജിവെച്ച അംഗങ്ങള്‍ കുറ്റപ്പെടുത്തി.
പുതിയ തെലുങ്കാനയിലെ സ്ഥിതിഗതികള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മേഖലയില്‍നിന്നുള്ള നേതാക്കളുടെയും കണ്ണ് തുറപ്പിക്കണം. തെലുങ്കാനക്കുവേണ്ടി എന്ത് ത്യാഗത്തിനും തങ്ങള്‍ ഒരുക്കമാണ്, കൃഷ്ണറാവു പറഞ്ഞു. തെലുങ്കാനയില്‍നിന്നുള്ള എല്ലാ മന്ത്രിമാരും നിയമസഭാംഗങ്ങളും രാജിക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലയിലെ ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ച് തെലുങ്കാന പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുക്കുന്നതിനാണ് രാജിയെന്ന് വാറംഗല്‍ ജില്ലയിലെ സ്റ്റേഷന്‍ ഘാന്‍പൂരില്‍നിന്നുള്ള അംഗമായ ടി.രാജയ്യയും എസ്.സത്യനാരായണയും പറഞ്ഞു. പ്രത്യേക സംസ്ഥാനത്തിനുവേണ്ടി ഏത് പാര്‍ട്ടിയുമായും കൈകോര്‍ക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അവര്‍ വ്യക്തമാക്കി. മഹ്ബൂബ് നഗര്‍ ജില്ലയിലെ കോലാപ്പൂര്‍ മണ്ഡലത്തില്‍നിന്നുള്ള അംഗമാണ് കൃഷ്ണറാവു. തെലുങ്കാനക്കുവേണ്ടി പാര്‍ട്ടി നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി മന്ത്രിസ്ഥാനം രാജിവെച്ചയാളാണ് ഇദ്ദേഹം. “തെലുങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജനരോഷം പുകയുകയാണ്. പാര്‍ട്ടി ചതിച്ചുവെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍. 700ഓളം യുവാക്കളുടെ ആത്മഹത്യക്ക് ഉത്തരവാദിയും കോണ്‍ഗ്രസാണെന്ന ചിന്തയിലാണ് അവര്‍. തെലുങ്കാനയിലെ ഒരു നേതാവിനും പാര്‍ട്ടി കൊടിയുമായി പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്”, കൃഷ്ണറാവു കുറ്റപ്പെടുത്തി.
കരീംനഗറിലെ രാമഗുണ്ടത്തുനിന്നുള്ള സത്യനാരായണ കോണ്‍ഗ്രസിന്റെ അസോഷ്യേറ്റ് അംഗമാണ്. 2009 തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. തെലുങ്കാന പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധമായ നിലയില്‍ പെരുമാറുകയാണെന്നും അവര്‍ ആരോപിച്ചു.
മൂന്ന് നിയമസഭാംഗങ്ങള്‍കൂടി പാര്‍ട്ടി വിട്ടതോടെ തെലുങ്കാന പ്രശ്നത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കയാണ്. വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡിയോട് കൂറ് പുലര്‍ത്തുന്ന 26 കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ കഴിഞ്ഞ ആഗസ്റ്റില്‍ രാജിവച്ചിരുന്നു. എന്നാല്‍, ഇവരുടെ രാജിയില്‍ സ്പീക്കര്‍ ഇതുവരെ തീരുമാനമെടുത്തിട്ടുമില്ല. തെലുങ്കാന പ്രശ്നത്തില്‍ കഴിഞ്ഞ ഒന്നാംതീയതി മന്ത്രിസ്ഥാനം ഉപേക്ഷിച്ച കോമതി റെഡ്ഡി വെങ്കട റെഡ്ഡിയും കോണ്‍ഗ്രസിന് മുന്നില്‍ വന്‍ ഭീഷണിയായി നിലകൊള്ളുകയാണ്. തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച വ്യക്തമായ പ്രഖ്യാപനം ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. നവംബര്‍ ഒന്നുമുതല്‍ സ്വദേശമായ നല്‍ഗോണ്ട പട്ടണത്തില്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹവും വെങ്കടറെഡ്ഡി പ്രഖ്യാപിച്ചിട്ടുണ്ട്.
294 അംഗ ആന്ധ്രാ സഭയില്‍ കോണ്‍ഗ്രസിന് 155 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷത്തിന് 147 അംഗങ്ങള്‍ വേണം. ജഗന്റെഡ്ഡിയോട് കൂറുള്ള 26 കോണ്‍ഗ്രസ് അംഗങ്ങളുടെയും തെലുങ്കാനയില്‍നിന്നുള്ള മൂന്ന് പേരുടെയും രാജി സ്വീകരിക്കപ്പെട്ടാല്‍ പാര്‍ട്ടിക്കുള്ള പിന്തുണ 126ലെത്തുകയും കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തുകയും ചെയ്യും.
എന്നാല്‍, 17 അംഗങ്ങളുള്ള പ്രജാരാജ്യം പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിച്ചിട്ടുള്ളതിനാല്‍ ഭീഷണിയില്ലെന്നാണ് കിരണ്‍ റെഡ്ഡി സര്‍ക്കാരിന്റെ അവകാശവാദം. ഏഴ് അംഗങ്ങളുള്ള മജ്ലിസ് ഇ-ഇത്തിഹാദുള്‍ മുസ്ലീമിന്റെ പിന്തുണയും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: