ചെന്നൈ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ ഭാവി ഇരുളടയുന്നു. മൂന്ന് പതിറ്റാണ്ടിനുശേഷം തമിഴ്നാട്ടില്‍ ഒറ്റക്ക് മത്സരിച്ച കോണ്‍ഗ്രസ് പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തകര്‍ന്ന് തരിപ്പണമായി. കോണ്‍ഗ്രസിലെ ഒരാള്‍പോലും ഗ്രാമനഗരസഭാ ചെയര്‍മാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല പാര്‍ട്ടി വോട്ടില്‍ ഗണ്യമായ കുറവ് വരികുയും ചെയ്തു. 1989 നുശേഷം ഇത് ആദ്യമായാണ് കോണ്‍ഗ്രസ് മുന്നണിയായല്ലാതെ ഒറ്റക്ക് മത്സരിച്ചത്.
ഈ മാസം രണ്ട് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടില്‍ മൂന്ന് ശതമാനത്തിന്റെ കുറവാണുണ്ടായത്. ഭാവിയില്‍ സഖ്യമില്ലാതെ മത്സരിക്കാമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്. ഗ്രാമ നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം മാത്രം വോട്ട് നേടാനായ കോണ്‍ഗ്രസിന് അഞ്ചാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ മത്സരിച്ച പിഎംകെ, ദളിത് പാര്‍ട്ടിയായ വിഡികെ എന്നിവക്കും കോണ്‍ഗ്രസിന്റെ ഗതിതന്നെയാണുണ്ടായത്. ഡിഎംകെയുമായോ എഐഡിഎംകെയുമായോ സഖ്യമുണ്ടാക്കിയാണ് ഈ കക്ഷികള്‍ ഇതുവരെ മത്സരിച്ചിരുന്നത്. മൂന്ന് മുതല്‍ അഞ്ച് ശതമാനം വരെ വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ ഈ കക്ഷികള്‍ക്ക് കുറവ് വന്നത്.
ഭരണകക്ഷിയായ എഐഎഡിഎംകെയും പ്രതിപക്ഷമായ ഡിഎംകെയും ഏറിയ കൂറും തങ്ങളുടെ വോട്ട് നിലനിര്‍ത്തി. ഇതില്‍തന്നെ കഴിഞ്ഞ ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഡിഎംകെ മൂന്ന് ശതമാനം വോട്ട് വര്‍ധിപ്പിച്ചുവെന്നാണ് ഒരു കണക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ എഐഎഡിഎംകെയുടെ വോട്ട് ഒരു ശതമാനം കുറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 39 ശതമാനം വോട്ടാണ് എഐഎഡിഎംകെ നേടിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അത് 38 ശതമാനമായി കുറഞ്ഞു.
സംസ്ഥാനത്തെ പത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും എഐഎഡിഎംകെ ഭരണം നേടി. 1972 ല്‍ നിലവില്‍ വന്നശേഷം ആദ്യമായാണ് ചെന്നൈ കോര്‍പ്പറേഷന്റെ ഭരണം എഐഎഡിഎംകെയുടെ കരങ്ങളിലെത്തുന്നത്. ഇതിന് പുറമെ 90 ശതമാനം മുനിസിപ്പാലിറ്റികളും 31 ജില്ലാ പഞ്ചായത്തുകളും പിടിച്ചടക്കിയ എഐഎഡിഎംകെ ഇവയിലെ 75 ശതമാനം സീറ്റുകളിലും വിജയിച്ചു.
എഐഎഡിഎംകെയും ഡിഎംകെയും ബദലായി അവതരിപ്പിക്കപ്പെടുന്ന സിനിമാതാരം വിജയ്കാന്തിന്റെ ഡിഎംഡികെക്ക് 7.5 ശതമാനം വോട്ട് ലഭിച്ചു. ബിജെപി തങ്ങളുടെ രണ്ട് ശതമാനം വോട്ട് നിലനിര്‍ത്തി.
2014 ല്‍ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സൂചനയായാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തപ്പെടുന്നത്. സംസ്ഥാന രാഷ്ട്രീയത്തിലെ മുഖ്യ എതിരാളികളായ എഐഎഡിഎംകെക്കും ഡിഎംകെക്കും മാത്രമാണ് ജനങ്ങള്‍ വന്‍തോതില്‍ പിന്തുണ നല്‍കുന്നത്.
ഡിഎംഡികെയെപ്പോലുള്ള കക്ഷികള്‍ക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാന്‍ കഴിഞ്ഞത് എഐഎഡിഎംകെ സഖ്യംമൂലമാണെന്നും ഇതോടെ വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: