രാഹുല്‍ഗാന്ധിക്ക് കഴിവില്ലായ്മകള്‍ പലതുണ്ടെങ്കിലും ഉത്സാഹരാഹിത്യം എന്നൊരു ന്യൂനത അയാളുടെ പേരില്‍ ഇന്നേവരെ ആരോപിക്കപ്പെട്ടിട്ടില്ല. നമ്മള് അയാളെ അവിടെ അന്വേഷിക്കുന്നു, ഇവിടെ തേടുന്നു, എന്നാല്‍ അയാള്‍ എവിടെയുമുണ്ട്. ഒരു ദളിതകുടിലില് ഇന്നു രാത്രി; പണി തീരാത്ത ഒരു പാലത്തിന് മുകളില്‍ നാളെ; മറ്റന്നാള്‍, ഒരു മോട്ടോര്‍സൈക്കിളിന്റെ പിന്‍സീറ്റില്‍. പാര്‍ട്ടിയുടെ യുവമുഖഭാവത്തെ പ്രതിനിധീകരിക്കുന്ന മധ്യവയസ്കനായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഒരിടത്ത് അടങ്ങിയിരിക്കുന്നവനല്ല തന്നെ.
സ്ഥിതി ഇങ്ങനെയൊക്കെയായതിനാല്‍ ഗോപാല്‍ഗഡില്‍ അയാളെ കണ്ടതില്‍ അത്ഭുതം കൂറേണ്ടതില്ല. ഗോപാല്‍ഗഡ് എന്ന സ്ഥലനാമം നാം കേള്‍ക്കാന്‍ കാരണം കഴിഞ്ഞ മാസം അവിടെ നടന്ന അനിഷ്ട സംഭവങ്ങളാണ്. ഇവിടെയാണ് രാഹുലന് കുര്‍ത്ത ചുരുട്ടിവെച്ച്, താടി അല്‍പ്പം ഉയര്‍ത്തി, മോട്ടോര്‍ സൈക്കിളിന് പിന്നിലിരുന്ന് ആ മുസ്ലീം ഭൂരിപക്ഷപ്രദേശത്തെ ജനങ്ങള്‍ പറഞ്ഞ ഭീതിദമായ കഥകള്‍ ശ്രവിച്ചത്. ഇപ്പോള്‍ നാം കേള്‍ക്കുന്നത് ബൈക്കിന്റെ മുന്‍ സീറ്റിലിരുന്നത് സ്ഥലത്തെ പ്രധാന റൗഡിയാണെന്നാണ്. ഗോപാല്‍ഗഡില്‍ രാഹുലിന് അകമ്പടി സേവിച്ചവരും പ്രസ്തുത ജാനസില്പെട്ടവര് തന്നെയത്രേ.
തെമ്മാടിയുടെ ബൈക്കിന് പിന്നിലിരുന്നിരുന്നത് ഒരു ബിജെപി നേതാവായിരുന്നെങ്കില്‍ 24ഃ7 ന്യൂസ് സ്ക്രീനുകളില്‍ ഭയങ്കരമായ പ്രത്യാഘാതങ്ങളുണ്ടായേനെ. രാഷ്ട്രീയത്തിന്റെ ക്രിമിനല്വല്ക്കരണത്തെക്കുറിച്ച് നെടുനെടുങ്കന്‍ ചര്‍ച്ചകള്‍ മിനിസ്ക്രീനില്‍ യജ്ഞങ്ങളായി മാറിയേനെ. ഇടത്-ലിബറല്‍ പ്രതികരണവീരന്മാര്ക്ക് ഉത്സവവുമായേനെ.
ഇനി ഞാന്‍ വ്യതിചലിക്കട്ടെ. മേവത്ത് നഗരത്തിന്റെ പ്രാന്തപ്രദേശമായ ഗോപാല്‍ഗഡ് ഈ ലേഖനത്തില്‍ പരാമര്ശിക്കപ്പെടാനുള്ള ഹേതു പ്രസ്തുത സ്ഥലത്തേക്ക് രാജകുമാരന് എഴുന്നെള്ളിയതല്ല, ഗുജ്ജാറുകളും മിയോ മുസ്ലീങ്ങളും തമ്മിലുണ്ടായ ഒരു തര്‍ക്കത്തിന്റെ പരിണതഫലമായി സപ്തംബര്‍ 14-ാം തീയതി അരങ്ങേറിയ കരാള സംഭവമാണ്.
തര്‍ക്കം ഒരു തുണ്ടുഭൂമിയെ ചൊല്ലിയായിരുന്നു. ഒരു ശ്മശാനത്തിനോടു ചേര്‍ന്നു കിടക്കുന്ന ആറ് സെന്റ് സ്ഥലം കൈവശമാക്കാന്‍ രണ്ടു വിഭാഗങ്ങളും ശ്രമം നടത്തിവരുന്ന കഴിഞ്ഞ 40 കൊല്ലങ്ങളില്‍ ഇടക്കിടെ ലഹളത്തീ ഉയര്‍ന്നിട്ടുണ്ട്.
ഗോപാല്ഗഡിന്റെ മുന്‍ സാര്‍പാഞ്ചും ഇപ്പോഴത്തെ സാര്പാഞ്ചിന്റെ ഭര്‍ത്താവുമായ ഷെര്‍സിംഗ് പറയുന്നു: “പുരാതനകാലത്ത് രാജാക്കന്മാര് കുഴിച്ച ഒരു കുളത്തിന്റെ ഭാഗമാണീ ഭൂമി. 1950 കളില്‍ ഒരു റവന്യൂ ഉദ്യോഗസ്ഥന് അബദ്ധത്തില്‍ ഈ സ്ഥലത്തെ ഇവിടുത്തെ മുസ്ലീം പള്ളിയുടെ കബറിസ്ഥാനോടു ചേര്‍ത്തു പതിച്ചു.”
ഒരിക്കല്‍, ഗോപാല്‍ഗഡ് ഹിന്ദുഭൂരിപക്ഷ പ്രദേശമായിരുന്നു. ഇന്നവിടെ, മിയോ മുസ്ലീങ്ങളാണ് അധികവും. ഗുജ്ജാറുകള്‍ അടുത്തകാലത്ത് മിലിറ്റന്റ് സ്വഭാവം കൈക്കൊണ്ട സമുദായമാണ്. മിയോകള്ക്കിടയിലാകട്ടെ, ഇസ്ലാമിക തീവ്രവാദത്തിന് വേരോട്ടമുണ്ടാകയും ചെയ്തു. പോരെ പൂരം? ഈ വര്‍ഷമാദ്യം സ്ഥലപ്രശ്നം ഗുരുതരഭാവം കൈവരിച്ചു. പ്രശ്നത്തെകോള്ഡ് സ്റ്റോറേജില്‍ വെയ്ക്കുക എന്ന സ്ഥിരം തന്ത്രം ജില്ലാ കളക്ടര്‍ പയറ്റി. റവന്യൂ ഉദ്യോഗസ്ഥരോടു തര്‍ക്കത്തെ പറ്റി പഠിക്കാനും അതിനെ കോടതിയിലെത്തിക്കാനും ഉത്തരവിട്ടു.
ഇത് വികാരങ്ങളെ തണുപ്പിക്കേണ്ടിയിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ഉത്ഭവം കൊണ്ട “ഈ അനന്തമായ മാറ്റിവെയ്ക്കല്‍” തന്ത്രം-അന്നഹസാരെ ലോക്പാല്‍ ബില്ലിന്റെ കാര്യത്തിലെന്ന പോല്‍-ഗോപാല്‍ഗഡിലെ ജനങ്ങള്‍ നിരസിച്ചു.
സപ്തംബര്‍ 13-ന് തീ ആളിക്കത്തി. ഒരു അടിപിടി ഉന്നംവെച്ചുള്ള ആക്രമണങ്ങളായി പടര്‍ന്നുപിടിച്ചു. അടുത്ത ഗ്രാമത്തിലെ സാര്‍പാഞ്ച് ഷംസുദ്ദീന് പറഞ്ഞു. “ഗോപാല്‍ഗഡ് പള്ളിയിലെ ഇമാം സാഹിബ്ബിനേയും കൂട്ടരെയും മര്‍ദ്ദിച്ചു.”
സപ്തംബര്‍ 14-ാം തീയതി രണ്ടു വിഭാഗങ്ങളുടേയും പ്രതിനിധികളെ ജില്ലാ കളക്ടര്‍ വിളിച്ചുകൂട്ടി സമാധാന ചര്‍ച്ച നടത്തി. പതിവുപോലെ പ്രതിനിധികള്‍ സംയമനം പാലിക്കാമെന്നും മതസൗഹാര്‍ദ്ദം നിലനിര്‍ത്താമെന്നും ഉറപ്പുനല്‍കി ചായയും സമോസകളും അകത്താക്കി പിരിഞ്ഞു.
പിന്നെ, എന്തോ സംഭവിച്ചു. കൃത്യമായി പറയാന്‍ ആര്‍ക്കുമറിയില്ല. മിയോകളുടെ മേല്‍ ഗുജ്ജാറുകള്‍ ചാടി വീണു. മിയോകള്‍ ഗുജ്ജാര്‍ ഗൃഹങ്ങള്‍ കൊള്ളയടിച്ചു. ഗോപാല്‍ഗഡ് കലാപകാരികളുടെ പിടിയിലമര്‍ന്നു. തുടര്‍ന്നു പോലീസ് സേന രംഗത്തെത്തി.
ലഹള നടന്ന എല്ലാ ഗ്രാമങ്ങളിലുമെന്നപോലെ, ഗോപാല്ഗഡിലും ആളുകള്‍ കൊല്ലപ്പെട്ടു. കര്‍ഫ്യൂ നടപ്പാക്കുകയും ഗ്രാമത്തില്‍ ശ്മശാന നിശബ്ദത കൈവരികയും ചെയ്തു. നിശബ്ദതയെ ഭേദിച്ചത് പത്ത് ശവശരീരങ്ങളുടെ അടുത്തുനിന്നു ഉയര്‍ന്ന കരച്ചിലുകള്‍ മാത്രം-മരിച്ചവര്‍ പത്തും മിയോകളായിരുന്നു; അല്ലെങ്കില്‍, ചിലര്‍ പേരു വിളിക്കാന്‍ ഇഷ്ടപ്പെടുംപോലെ, മുസ്ലീങ്ങളായിരുന്നു. പത്തു മുസ്ലീങ്ങളും മരിച്ചത് പോലീസിന്റെ വെടിയേറ്റാണ്.
മുസ്ലീങ്ങളെ കൊല്ലാന്‍ വേണ്ടി പോലീസ് വെടിവെച്ചെന്ന് മിയോകള്‍ പറയുന്നു. ലഹള നടത്തിക്കൊണ്ടിരുന്ന മിയോകളെ തടയാനാണ് വെടിവെച്ചതെന്ന് പോലീസും വലിയൊരു മുസ്ലീം ജനക്കൂട്ടം അക്രമാസക്തരായി തടിച്ചുകൂടിയ പള്ളിയിലാണ് വെടിവെയ്പ്പ് നടന്നതെന്ന് പോലീസ്. അല്ല, ഗുജ്ജാര്‍-അക്രമത്തില്‍നിന്നും രക്ഷ നേടാന്‍ പള്ളിയില്‍ അഭയം തേടിയവര്‍ക്ക് നേര്‍ക്കാണ് പോലീസ് വെടിവെച്ചതെന്ന് മിയോകളും.
ഇത്തരുണത്തില്‍ മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കാതിരിക്കാന്‍ നിവൃത്തിയില്ല.
1. ബീഭത്സവും ഏകപക്ഷീയവുമായ ഈ വംശഹത്യയുടെ കാര്യത്തില്‍ മനുഷ്യാവകാശത്തൊഴിലാളികള് പേടിപ്പെടുത്തുന്ന നിശബ്ദത പാലിക്കുന്നതെന്ത്?
2. ഈ കിരാത സംഭവത്തില്‍ ജുഡീഷ്യറി, ധാര്‍മിക രോഷം പൂണ്ട് ചീഫ് മിനിസ്റ്റര്‍ അശോക് ഗെഹ്ലോട്ടിനെതിരെ, ഗോപാല്‍ഗഡ് എരിയുമ്പോള്‍ സംസ്ഥാന മുഖ്യമന്ത്രി വീണ വായിക്കുകയായിരുന്നു എന്ന പരാമര്‍ശം നടത്താത്തതെന്തേ?
3. ടിവി ചാനല്‍ ചര്‍ച്ചകളിലെ കമന്റടിക്കാര്‍ കൊല്ലപ്പെട്ടവരുടെ സംഖ്യയെ ഊതിവീര്പ്പിക്കാതിരിക്കാന് അതീവ ശ്രദ്ധ പുലര്ത്തുന്നതെന്തേ?
കാഞ്ചന് ഗുപ്ത
പ്രതികരിക്കാൻ ഇവിടെ എഴുതുക: