മറ്റാര്‍ക്കും ലഭിക്കാത്ത മാന്യതയും മര്യാദയും ജനാധിപത്യത്തില്‍ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ക്കു നല്‍കാറുണ്ട്. പ്രത്യേകിച്ചും കേരളത്തില്‍. വിദ്യാഭ്യാസവും സാംസ്കാരികോന്നതിയുമെല്ലാം അളവിലേറെ ഉള്ളവരാണല്ലോ മലയാളികള്‍. ‘ഭാരതമെന്നു കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗമെന്നും കേരളമെന്നു കേട്ടാലോ തിളയ്ക്കണം ചോര ഞരമ്പുകളിലെ’ ന്നുമൊക്കെ കേട്ട് ആവേശം കൊണ്ടവരാണ് കേരളീയര്‍. അവരുടെ പുതിയ തലമുറയുടെ ചോര തിളയ്ക്കുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ പെരുമാറ്റം കൊണ്ടാണ്. അഭിമാനമല്ല അപമാനമാണ് ഇതു മൂലം ഉദ്ഭവിക്കുന്ന വികാരം. ഇന്നു കേള്‍ക്കുന്ന അശ്ലീല പ്രയോഗങ്ങളും ആഭാസ പ്രസ്താവനകളുമൊക്കെ പെട്ടെന്നുണ്ടായ വികാരത്തിനു പുറത്തുണ്ടായതാണെന്നു പറയാനാകില്ല. തിരഞ്ഞെടുപ്പ് പ്രചരണ കോലാഹലങ്ങള്‍ക്കിടയില്‍ തുടങ്ങിയ അന്തരീക്ഷ മലിനീകരണം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു എന്നു വേണം കരുതാന്‍. അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദന് അപമാനിച്ചു എന്ന പേരില്‍ എതിര്‍സ്ഥാനാര്‍ഥിയായ വനിതയായിരുന്നു പരാതിക്കാരി. അച്യുതാനന്ദന്റെ പ്രായത്തെ ഓര്‍ത്ത് പരാതി പിന്‍വലിച്ചെങ്കിലും ഇരുപക്ഷത്തിനും പക തീര്‍ന്നില്ലെന്നു വേണം സമീപകാല സംഭവങ്ങള്‍ കാണുമ്പോള്‍ കരുതേണ്ടത്.
പക്വതയും സമചിത്തതയും പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് ജനപ്രതിനിധികളും മന്ത്രിമാരുമെല്ലാം. വേലി തന്നെ വിള തിന്നുന്നു എന്നു പറഞ്ഞതു പോലെയാണ് സ്ഥിതി. ചിത്തഭ്രമം വന്നവരെങ്ങനെയാണോ അതു പോലുള്ള കോപ്രായങ്ങളാണ് അരങ്ങു തകര്‍ത്തു കൊണ്ടിരിക്കുന്നത്. മതിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവിടെ വൈദ്യന്മാരാകാന് അര്‍ഹതയും യോഗ്യതയും വോട്ടര്‍മാര്‍ക്കാണ്. അവരുടെ കൈപ്പിഴയ്ക്ക് കേരളം കൊടുക്കേണ്ടി വരുന്ന വില വലിയതാണ്. കേരളത്തില്‍ ഇപ്പോള്‍ രാഷ്ട്രീയക്കാരില്‍ നിന്നും കേട്ടു കൊണ്ടിരിക്കുന്ന ജല്പനങ്ങള് വെറുമൊരു നാക്കു പിഴവു മൂലമോ നാക്കുളുക്കു കൊണ്ട് സംഭവിച്ചതോ അല്ല. ബോധപൂര്‍വം പറഞ്ഞവയൊക്കെ തന്നെയാണ്.
പറഞ്ഞതില്‍ ഉറച്ചു നില്ക്കുന്നു എന്ന് സര്‍ക്കാരിന്റെ ഭാഗമായ ചീഫ് വിപ്പ് ആവര്‍ത്തിക്കുമ്പോള്‍ അത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അഹങ്കാരമാണ്. അത് അനുവദിച്ചു കൊടുക്കാന്‍ പാടുള്ളതല്ല. മുന്‍ മന്ത്രിയും എംഎല്‍എയുമായ എ.കെ.ബാലനെ ചീഫ് വിപ്പ് പട്ടികജാതിക്കാരനെന്നു വിളിച്ച് ആക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് കുറ്റപ്പെടുത്തിയെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. നിയമസഭയിലെ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ ആക്ഷേപിച്ച് പൊതുയോഗത്തില്‍ പ്രസംഗിച്ചത് ആഭാസജനകമെന്നു പറഞ്ഞാല്‍ അതും അധികപറ്റല്ല. എന്തും പറയാനുള്ള ലൈസന്‍സല്ല ചീഫ് വിപ്പ് പദവിയെന്ന് മനസിലാക്കണം. പി.സി.ജോര്‍ജിന്റെത് ഉള്‍പ്പെടെയുള്ള വിവാദപ്രസ്താവനകള്‍ അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചിരിക്കുന്നത്. പ്രശ്നം എല്‍ഡിഎഫ് രാഷ്ട്രീയമായാണ് നേരിടുന്നതെങ്കില്‍ യുഡിഎഫും രാഷ്ട്രീയമായി നേരിടുമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് അറിയിക്കുന്നു. ഇരുകൂട്ടരും രാഷ്ട്രീയം ഉപേക്ഷിച്ച് അശ്ലീലം ശീലമാക്കിയതു പോലുണ്ട്. കാമഭ്രാന്തനെന്ന് വി.എസിനെ അധിക്ഷേപിച്ച പരാമര്‍ശം പിന്‍വലിച്ചു ഗണേഷ് ഖേദം പ്രകടിപ്പിച്ചെങ്കിലും പ്രതിപക്ഷം അടങ്ങിയിട്ടില്ല. മുന്‍മന്ത്രി എ.കെ.ബാലനെതിരെ ജാതിപരാമര്‍ശം നടത്തിയതാണു പി.സി. ജോര്‍ജിനു വിനയായത്. കൂടാതെ വാച്ച് ആന്‍ഡ് വാര്‍ഡ് രജനിക്കെതിരെ പരാമര്‍ശം നടത്തിയതും വിവാദമായി തുടരുന്നു.
മന്ത്രി ഗണേഷ്കുമാറിനും ചീഫ് വിപ്പ് പി.സി.ജോര്‍ജിനും എതിരെ പുനലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കേസും വന്നിരിക്കുന്നു. പത്തനാപുരത്തു യുഡിഎഫ് യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരില്‍ പോലീസ് സ്വമേധയാ കേസെടുക്കാത്ത സാഹചര്യത്തിലാണു കോടതിയില്‍ സ്വകാര്യ അന്യായങ്ങള്‍ ഫയല്‍ ചെയ്തിരിക്കുന്നത്. എ.കെ.ബാലനെ പൊട്ടനെന്നും പട്ടികജാതി ബ്രാഹ്മണനെന്നും അധിക്ഷേപിച്ചതായാണു പി.സി.ജോര്‍ജിനെതിരെയുള്ള പരാതി. പട്ടികജാതി വര്‍ഗ പീഡന നിരോധന നിയമ പ്രകാരവും കേരള പോലീസ് ആക്ട് 118 (ഡി) പ്രകാരവും കുറ്റകരമാണെന്നും ഇതു സംബന്ധിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രകോപനപരവും അസഭ്യവും അശ്ലീലവും നിറഞ്ഞതുമായിരുന്നു കെ.ബി.ഗണേഷ്കുമാറിന്റെ പ്രസംഗമെന്നു മന്ത്രിക്കെതിരായ ഹര്‍ജിയില്‍ പറയുന്നുണ്ട്. പൊതുവേദികളില്‍ പൊതുപ്രവര്‍ത്തകര്‍ നടത്തുന്ന ആലങ്കാരിക പദപ്രയോഗങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ നാടുനീളെ കാണിക്കുന്ന ടിവി ചാനലുകളാണു വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ പരാതി. വ്യക്തികളെ വേദനിപ്പിക്കുന്ന തരത്തില്‍ ഇത്തരം ദൂഷ്യവശങ്ങള്‍ കാണിക്കുന്ന ചാനലുകള്‍ മനുഷ്യമനസ്സിനെ അറിയാനുള്ള മാതൃക കാണിക്കണം. അതിരു കടന്ന പദപ്രയോഗങ്ങള്‍ എല്ലാവരും ഒഴിവാക്കണം.
പ്രസംഗത്തിനിടയില്‍ ചമത്കാരത്തിന്റെ ഭാഗമായി പറഞ്ഞുപോയതാണു കുഴപ്പമായത്. ഇതു നിഷേധിക്കുന്നില്ല എന്നൊക്കെ ചീഫ് വിപ്പ് ആവര്‍ത്തിക്കുന്നു. തനിക്കെന്തും പറയാം. പറഞ്ഞത് മാധ്യമങ്ങള്‍ തമസ്ക്കരിക്കണം എന്ന ന്യായമാണ് അദ്ദേഹം നിരത്തുന്നത്. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരേ കള്ളനാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ഇത് തിരിച്ചറിഞ്ഞ് ചികിത്സിക്കേണ്ട ജനം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന സമീപനം സ്വീകരിക്കുന്നത് ആപത്കരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: