തിരുവനന്തപുരം: കേരളത്തിലേക്ക് കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതു ലക്ഷ്യമാക്കി ഓസ്ട്രേലിയയിലെ മെല്‍ബണ്‍, സിഡ്നി എന്നിവിടങ്ങളില്‍ കേരള ടൂറിസം നടത്തിയ റോഡ്ഷോകള്‍ക്ക് വമ്പിച്ച പ്രതികരണം. പുത്തന്‍ വിപണികള്‍ തേടി കേരള ടൂറിസം ആസൂത്രണം ചെയ്ത പദ്ധതികളുടെ ഭാഗമായിരുന്നു ഈ റോഡ്ഷോകള്‍.
യുവര്‍ മൊമെന്റ് ഈസ് വെയ്റ്റിംഗ് എന്ന വിഖ്യാത പരസ്യചിത്രം, വിനോദസഞ്ചാര വ്യവസായ മേഖലയിലെ സംരംഭകരെ ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകള്‍, പുതിയ സംയുക്തസംരംഭങ്ങള്‍ക്കുള്ള ആസൂത്രണം തുടങ്ങിയവ ഉള്‍പ്പെടുത്തിയായിരുന്നു ഈമാസം 25, 26 തിയതികളില്‍ റോഡ്ഷോകള്‍ നടത്തിയത്. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് സംസ്ഥാന ടൂറിസം ഓസ്ട്രേലിയയില്‍ റോഡ്ഷോ നടത്തുന്നത്.
രണ്ടു നഗരങ്ങളിലെയും ഷോകളും പങ്കെടുത്തവരും വിനോദസഞ്ചാര വ്യവസായത്തെ സംബന്ധിച്ചിടത്തോളം മികച്ച നിലവാരം പുലര്‍ത്തിയെന്ന് സംസ്ഥാന ടൂറിസം സെക്രട്ടറി ടി.കെ.മനോജ്കുമാര്‍ പറഞ്ഞു. പങ്കെടുത്ത മിക്ക ഓസ്ട്രേലിയന്‍ ബിസിനസുകാരും കേരളത്തിലേയ്‌ക്കു വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും സംയുക്ത ബിസിനസ് സംരംഭങ്ങളുമായി മുന്നോട്ടുപോകാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
കേരളം ഓസ്ട്രേലിയയില്‍ മികച്ച ബ്രാന്‍ഡായിരിക്കുകയാണെന്നും സമീപകാലത്ത് സംസ്ഥാനം കൈവരിച്ച പുരോഗതയില്‍ ഓസ്ട്രേലിയന്‍ വിനോസഞ്ചാരമേഖലയ്‌ക്ക് പൂര്‍ണ തൃപ്തിയുണ്ടെന്നും ടൂറിസം ഡയറക്ടര്‍ റാണിജോര്‍ജ് പറഞ്ഞു. കേരളത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാന്‍ അവര്‍ തയാറാണ്.
സ്വകാര്യമേഖലയില്‍നിന്ന് അബാദ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്സ്, കോസ്മോസ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, കൈരളി ആയുര്‍വേദിക് ഹെല്‍ത്ത് റിസോര്‍ട്ട്, കാലിപ്സോ അഡ്വഞ്ചേഴ്സ്, കുമരകം ലേക് റിസോര്‍ട്, കേരളാ ട്രാവല്‍ സെന്റര്‍, പയനിയര്‍ പെഴ്സനലൈസ്ഡ് ഹോളിഡേയ്സ്, സ്പൈസ്ലാന്‍ഡ് ഹോളിഡേയ്സ്, ട്രാവല്‍ പ്ലാനേഴ്സ്, ഉദയ സമുദ്ര ലീഷര്‍ ബീച്ച് ഹോട്ടല്‍ എന്നിവയായിരുന്നു കേരളത്തെ പ്രതിനിധീകരിച്ച് റോഡ്ഷോയില്‍ പങ്കെടുത്ത സ്ഥാപനങ്ങള്‍. ട്രാവല്‍ ഏജന്റുമാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എഴുത്തുകാര്‍, രണ്ടു നഗരങ്ങളിലെയും പ്രമുഖ ഹോട്ടലുടമകള്‍ എന്നിവര്‍ റോഡ്ഷോകളില്‍ പങ്കെടുത്തു.
കഴിഞ്ഞ വര്‍ഷം കേരളത്തിലേയ്‌ക്ക് 36,854 ഓസ്ട്രേലിയന്‍ വിനോദസഞ്ചാരികളാണെത്തിയത്. രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ എണ്ണമനുസരിച്ച് ഓസ്ട്രേലിയന്‍ സഞ്ചാരികള്‍ അഞ്ചാമതാണെങ്കിലും മൊത്തം സഞ്ചാരികളുടെ കണക്കുനോക്കുകയാണെങ്കില്‍ 5.59 ശതമാനം മാത്രമാണ് ഇവര്‍. യു.കെ. 23.7 ശതമാനവും യു.എസ്. 10.8 ശതമാനവും ഫ്രാന്‍സ് 9.8 ശതമാനവും സഞ്ചാരികളെ കേരളത്തിലേയ്‌ക്കയച്ചു. യൂറോപ്പിലെ നിലവിലുള്ള സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് പുത്തന്‍ വിപണികളായ ഓസ്ട്രേലിയയെയും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളെയും ലക്ഷ്യമിടുകയാണ്.
ഈ നയത്തിന്റെ ഭാഗമായി ലണ്ടനില്‍ നവംബര്‍ ഏഴു മുതല്‍ പത്തു വരെ നടക്കുന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ കേരളത്തിന്റെ പ്രാതിനിധ്യം ശക്തമായിരിക്കും. ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ തന്നെ കേരള സംഘത്തെ നയിക്കും. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നടക്കുന്ന ശില്‍പശാലകളില്‍ ടൂറിസം സെക്രട്ടറി ടി.കെ.മനോജ് കുമാറും പ്ലാനിംഗ് ഓഫിസര്‍ യു.വി.ജോസും പങ്കെടുക്കും. ഓസ്ലോയില്‍ നവംബര്‍ പതിനാലിനും ഹെല്‍സിങ്കിയില്‍ നവംബര്‍ 15-നും സ്റ്റോക്ഖോമില്‍ 17-നുമാണ് ശില്‍പശാലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: