ഏതൊരു വസ്തുതയേയും വിവേകശൂന്യമായി വികാര തീവ്രതയോടെ കൈകാര്യം ചെയ്യുക എന്നത് സമകാലിക കേരളത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. സമീപകാലത്ത് ഉയര്‍ന്നുവന്ന ഏതാണ്ട് എല്ലാ പ്രശ്നങ്ങളും അത് രാഷ്ട്രീയമായാലും മതപരമായാലും ജനാധിപത്യ മര്യാദയുടെ അതിര്‍ത്തികള്‍ക്കപ്പുറം തെരുവുകളിലേക്കെത്തിച്ച് പൊതുസമൂഹത്തെ സങ്കീര്‍ണതകളിലേക്ക് വലിച്ചിഴക്കാന്‍ രാഷ്ട്രീയ, മത പ്രസ്ഥാനങ്ങള്‍ അസാമാന്യമായ മിടുക്ക് കാണിച്ചിട്ടുണ്ട്. ഈ ഒരു ഗതി തന്നെയായിരിക്കും വി.ആര്.കൃഷ്ണയ്യര്‍ കമ്മീഷന് തയ്യാറാക്കിയിരിക്കുന്ന വനിതാ സംരക്ഷണ ബില്ലിന്റേയും ഗതിയെന്ന് അനുമാനിക്കാന്‍ കഴിയുന്ന തരത്തിലാണ് പ്രസ്തുത ബില്ലിനെ ആധാരമാക്കി അഭിപ്രായ പ്രകടനങ്ങള്‍ നടക്കുന്നത്.
ഭൂമിയില്‍ മനുഷ്യന്റെ ക്രമാതീതമായ പെരുകല്‍ മൂലമുണ്ടായ പ്രകൃതിചൂഷണം മനുഷ്യന്റെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെവരെ ആവാസവ്യവസ്ഥയെ തകിടം മറിച്ചിരിക്കുന്നു എന്നത് വസ്തുതയാണ്. അതു മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും കടുത്ത ദാരിദ്ര്യവും മാറാ രോഗങ്ങളും അശാന്തിയുമാണ് മാനവരാശിക്ക് നല്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്ര സഭയുമൊക്കെ ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ ലോക ജനതയെ ഉദ്ബോധിപ്പിക്കുന്നത്. പല വികസിത രാജ്യങ്ങളും ചൈന പോലുള്ള വികസ്വര രാജ്യങ്ങളും കാര്യക്ഷമതയോടെ ജനസംഖ്യാ നിയന്ത്രണം പ്രാവര്‍ത്തികമാക്കുമ്പോള്‍ ‘മതേതര’ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ ഒരു ശതമാനം മാത്രം ഭൂവിസ്തൃതിയുള്ളതാണെങ്കിലും മൂന്നു ശതമാനം ജനതയെ ഉള്‍ക്കൊള്ളുന്നതുമായ അറിവിന്റേയും അക്ഷരത്തിന്റേയും മറുകരകണ്ടു എന്ന് ഊറ്റം നടിക്കുന്ന കേരളം ഒരു ശതാബ്ദം പിന്നിലാണോ ചിന്തിക്കുന്നത്.
സ്ത്രീ മനുഷ്യന്റെ പ്രജനന പ്രക്രിയയ്ക്ക് വേണ്ടി മാത്രമല്ലെന്നും ജനനിയായ അവള് ആരോഗ്യവതിയും സാമൂഹ്യശക്തി സ്രോതസ്സും സര്‍വോപരി മനുഷ്യത്വത്തിന്റെ ഉദാത്തമൂല്യങ്ങള്ക്ക് അര്‍ഹതയുള്ളവളും ആണെന്ന ചിന്തയായിരിക്കണം. പ്രസവ നിയന്ത്രണം നിര്‍ബന്ധമായും നടപ്പാക്കണം എന്ന് ശുപാര്‍ശയിലേക്ക് കമ്മീഷനെ നയിച്ചത്. ആ നിരീക്ഷണത്തിന്റെ നന്മയെപ്പോലും കാണാതെയാണ് സര്വലോകസ്നേഹത്തിന്റെ വക്താക്കളാകുന്ന ഇടയന്മാരും മതമേലധികാരികളും ഇതിനെ മതസ്വാതന്ത്ര്യം ഹനിക്കലും ഈശ്വരനിഷേധവുമായി ചിത്രീകരിച്ചത്.
ഇവര്‍ക്കെല്ലാം അറിയാമായിരുന്നിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന ചില സംഗതികള്‍ കൂടി കേരളത്തിന്റെ ജനപ്പെരുപ്പം കൊണ്ടുണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ കേരള ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് എണ്ണൂറ്റി അന്‍പത്തിഒമ്പത് എന്നതാണ് രാജ്യ ശരാശരിയുടെ മൂന്നിരട്ടി.
മതഭൂമിക ഉള്‍ക്കൊള്ളുന്ന ജനതയുടെ ഭൗതികവളര്ച്ചക്കാവശ്യമായ ദേശീയ പാതയടക്കമുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സ്ഥലപരിമിതിയാണ് പ്രധാന പ്രശ്നമാകുന്നത്. ചിലത് നടപ്പാക്കുമ്പോള്‍ സ്വന്തം കിടപ്പാടത്തില്‍നിന്നും കുടിയൊഴിപ്പിക്കപ്പെട്ട് അഗതികളായി മാറുന്നവരുടെ എണ്ണം ദിനംപ്രതികൂടിവരുന്നുണ്ട്. ഈ അവസ്ഥ ഇനിയും കൂടുതല്‍ രൂക്ഷമാവുകയേയുള്ളൂ. ഈ ഒരു പ്രതിസന്ധിക്ക് എന്ത് പരിഹാരമാണ് മതസ്നേഹികള്ക്ക് നല്കുവാനുള്ളത്.
വര്‍ത്തമാനകാലത്ത് ഖര, ദ്രവ മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍കൊണ്ട് പൊറുതി മുട്ടുകയാണ് ഈ നാട്. ഇതിന് മൂലമായ കാരണം കടുത്ത ജനസാന്ദ്രതയും മാലിന്യനിര്മാണര്ജ്ജനത്തിനായുള്ള ഭൂമിയുടെ ലഭ്യത കുറവുമാണ്. ജനതയുടെ ഈ ദുരവസ്ഥയെ ചൂഷണം ചെയ്യുന്ന ആതുരാലയങ്ങള്‍ എന്ന അറവുശാലകള്‍ നടത്തുന്നതല്ലാതെ എന്ത് പരിഹാരമാണ് മത പ്രസ്ഥാനങ്ങള്‍ നടത്തുന്നത്.
ആസൂത്രണ കമ്മീഷന്റെ 2005 ലെ കണക്കനുസരിച്ച് കേരള ജനതയുടെ ഏകദേശം അഞ്ചിലൊന്ന് ഭാഗം പേര് ദാരിദ്ര്യരേഖക്ക് താഴെയാണ്. വികസനത്തിന്റെ മേനി പറയുമ്പോഴും ഒരു രൂപക്ക് അരി കൊടുത്താല്‍ മാത്രമേ ഈ ജനത വയര്‍ നിറച്ച് ആഹാരം കഴിക്കൂ എന്ന തിരിച്ചറിവ് ഇവിടുത്തെ രാഷ്ട്രീയത്തിനുണ്ട്. ഈ ഒരു സാമാന്യബോധമാണ് മതത്തിന് നഷ്ടപ്പെട്ടത്.
ഈ നിയമം നടപ്പിലാക്കിയാല്‍ ഭ്രൂണഹത്യ പെരുകും എന്ന് വിലപിക്കുന്നവര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഈ രാജ്യത്ത് നടന്ന അറുപത് ദശലക്ഷം പെണ്‍ഭ്രൂണഹത്യയെക്കുറിച്ച് നാളിതുവരെ ആശങ്കപ്പെടാത്തതെന്താണ്. സ്ത്രീത്വത്തെ ഭ്രൂണാവസ്ഥയിലെതന്നെ ഇല്ലാതാക്കുന്ന ഈഭ്രാന്തിനെതിരെ പ്രസവിക്കാന്‍ സ്ത്രീകള്‍ വേണമെന്ന് കരുതിയെങ്കിലും മതസ്നേഹികള്‍ ചെറുത്ത് നില്‍ക്കേണ്ടതല്ലേ.
പ്രസ്തുത നിയമം പാസായാല്‍ സമൂഹത്തില്‍ എണ്ണം കുറയും എന്നാണ് ഭയപ്പാടെങ്കില്‍ ആ ഭയം ഏറ്റവുമധികം ഉണ്ടാവേണ്ടത് ഇവിടുത്തെ ഹിന്ദു സമൂഹത്തിനാണ്. ഒരുപക്ഷെ കടുത്ത ജാതീയ ഭ്രാന്തുമൂലമാകാം ഭയമില്ലാത്തത്. ഇത് മനസ്സിലാക്കാന്‍ 2001 ലെ കാനേഷുമാരി കണക്ക് മതി.
മതാധിഷ്ഠിത ജനസംഖ്യാ റിപ്പോര്‍ട്ട്-2001 -കേരളം
മതം ജനസംഖ്യ ശതമാനം വളര്‍ച്ചാ നിരക്ക്
ഹിന്ദു 1,78,83,449 56.2% -1.48
മുസ്ലീം 78,63,342 24.7% +1.70
ക്രിസ്ത്യന്‍ 60,57,427 19% 0.32
ജൈന 4,528 1%
സിക്ക് 2,762
ബുദ്ധ 2,027
മറ്റുള്ളവര്‍ 27,339
പത്ത് വര്‍ഷം മുമ്പുള്ള ഈ കണക്കിനെ ഭേദപ്പെടുത്തുവാന്‍ ഇടയലേഖനങ്ങള്‍ വഴിയും മതപ്രബോധനങ്ങള്‍ വഴിയും സംഘടിത മതങ്ങള്‍ക്ക് കഴിഞ്ഞതുകൊണ്ടാണ് 2011 ല്‍ ആറുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതലുള്ളതായി പത്തനംതിട്ടയും മലപ്പുറവും വിലയിരുത്തപ്പെടുന്നത്.
വൈദേശിക തൊഴില്‍ മേഖലയെ മാത്രം മുന്‍നിര്‍ത്തി ഒരു ജനതക്ക് എത്രകാലം കൂടി പിടിച്ചുനില്ക്കാന് കഴിയും. ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ തകരുന്ന അമേരിക്കന്‍ കോര്‍പ്പറേറ്റുകളെയും യൂറോപ്യന്‍ യൂണിയനേയും ആഭ്യന്തര കലാപങ്ങളില്‍ ശിഥിലമാകുന്ന ഇസ്ലാമിക രാജ്യങ്ങളേയും മുന്‍നിര്‍ത്തി നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ജനസംഖ്യാ വിസ്ഫോടനത്തിന്റെ വക്കില്‍ നില്ക്കുന്ന നമുക്ക് വലിയ അപകടങ്ങളില്‍പ്പെടാതെ മുന്നോട്ട് പോകണമെങ്കില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായേ കഴിയൂ.
ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും വിധേയമായി തെരുവോരങ്ങളില്‍ അലയാന്‍ വിധിക്കപ്പെടുന്ന മനുഷ്യനെ സൃഷ്ടിക്കുകയല്ല നമുക്കാവശ്യം. എണ്ണത്തില്‍ കുറവെങ്കിലും രാജ്യപുരോഗതിക്ക് ഉതകുന്ന അറിവും വിവേകവുമുള്ള മതത്തിന്റെ തീവ്രചിന്തകള്‍ മൂലം അസ്വസ്ഥമാവാത്ത പുതുതലമുറയാണ് വേണ്ടത്. ആയുധത്തിന്റെ ഭാഷകള്‍ക്കപ്പുറം അറിവിന്റെ അക്ഷരങ്ങള്‍ പേറുന്ന പുതുതലമുറ.
മരണശേഷം കിട്ടാനിരിക്കുന്ന വാഗ്ദത്തഭൂമിയും സ്വര്‍ഗ്ഗ ചിന്തകളും ജനതക്കു നല്കി സുഖലോലുപമായി ജീവിതം നയിക്കുന്ന മത നേതൃത്വത്തിന് അതിന് കഴിയുമോ.
ബാബു മാനിക്കാട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: