മുന്‍മന്ത്രിമാരുടെ മക്കളില്‍ നാലു പേര് ഇന്നത്തെ മന്ത്രിസഭയിലുണ്ട്. അതില്‍ കൃഷി മന്ത്രി കെ.പി.മോഹനനും വനം മന്ത്രി ബി.ഗണേശ്കുമാറും വിവാദം സൃഷ്ടിച്ച് മിടുക്കന്മാരായി. വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബും പൊതുമരാമത്തു മന്ത്രി എം.കെ.മുനീറും എപ്പോഴാണാവോ ഈ സ്ഥാനത്തെത്തുക. നാലു പേരും മന്ത്രിമാരാകും മുമ്പേ മോശക്കാരെന്ന പേരുണ്ടാക്കിയവരല്ല. മന്ത്രിയായ ശേഷമാകട്ടെ തരക്കേടില്ല എന്ന വിശേഷണമാണ് ഗണേശ്കുമാര്‍ നേടിയിരുന്നത്. മോഹനനാകട്ടെ അപകടസൂചനയൊന്നും നല്കിയിരുന്നുമില്ല. പക്ഷേ ഇരുവരും നൈമിഷിക വികാരത്തിന് അടിമകളായി. മന്ത്രിസ്ഥാനത്തിരുന്നു ചെയ്യാന്‍ പാടില്ലാത്തതും പറയാന്‍ പറ്റാത്തതുമെല്ലാം ചെയ്യുന്നത് കാണാനും കേള്‍ക്കാനും കഴിഞ്ഞതിലുള്ള സന്തോഷത്തിലല്ല സങ്കോചത്തിലാണ് മാലോകരെല്ലാം.
സഭയില്‍ ഭരണത്തില്‍ ഇടതുപക്ഷമാണെങ്കില്‍ പോലും അവരുടെ സ്ഥാനം വലതുപക്ഷമാണ്. പ്രതിപക്ഷം ഇടതുപക്ഷത്തും. ജന്മനാ ഇടതുപക്ഷക്കാരനായ കെ.പി.മോഹനന് മന്ത്രിയെന്ന നിലയില്‍ ഇരിപ്പ് വലതുപക്ഷത്താണ്. ‘ഇറങ്ങി വാടാ’ എന്ന ഇടതുപക്ഷത്തിന്റെ വെല്ലുവിളി അസഹ്യമായപ്പോഴാണ് മന്ത്രി ‘ഇടങ്കാല്’ പൊക്കിയത്. അതു തെറ്റിപ്പോയെന്നു തിരിച്ചറിയാനും ഖേദം പ്രകടിപ്പിക്കാനും അധികകാലം വേണ്ടി വന്നില്ല. ഖേദപ്രകടനം കേട്ടപ്പോള്‍ പ്രതിപക്ഷവും പ്രശ്നം വിട്ടു.
എല്ലാം ഒരു ഖേദത്തില്‍ തീരുമെങ്കില്‍ എന്താണു ചെയ്തുകൂടാത്തത് ! ഗണേശ്കുമാറും അങ്ങനെ ചിന്തിച്ചാല്‍ എന്തു ചെയ്യും. ഗണേശന് പറഞ്ഞത് സഭയ്ക്കകത്തല്ല. ഗണേശന്റെ അഭിനയത്തില്‍ ആവേശം കൊള്ളുന്ന പത്തനാപുരംകാര് ഒരുക്കിയ സ്വീകരണത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രായവും പദവിയും മറന്ന് ഗണേശ് തുറന്നടിച്ചത്. ക്യാമറകള്‍ ജീവിതത്തിന്റെ ഭാഗമായതിനാല്‍ അതിനെ ഗൗനിക്കാതെ അനര്ഗളനിര്ഗളം പുറത്തു വന്നത് പച്ചത്തെറിയായിപ്പോയി. എം.വി.ജയരാജന്റെ പാത പിന്തുടര്ന്നാല് പിടിച്ചു നില്‍ക്കാനുള്ള പഴുതുണ്ട്. പക്ഷേ ജയരാജന് മന്ത്രിയല്ലല്ലോ ? ശുംഭന് എന്നത് ആക്ഷേപമല്ലെന്ന് തെളിയിക്കാന്‍ സംസ്കൃത വിദ്വാനെ തന്നെ കോടതിയില്‍ ഹാജരാക്കിയതു പോലെ ‘കാമം’ എന്ന വാക്ക് മോശമല്ലെന്ന് സമര്ഥിക്കാനുള്ള ബുദ്ധിമോശം ഗണേശന് കാണിച്ചില്ല.
പ്രൊഫ.ഗുപ്തന് നായര്‍ എഡിറ്റു ചെയ്ത് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഭാഷാ നിഘണ്ടുവില്‍ ‘കാമം’ എന്നതിന് ചീത്ത അര്‍ഥമേയില്ല. ഇച്ഛ, ആഗ്രഹം, അഭിലാഷം, സ്നേഹം, പ്രേമം, വിഷയേച്ഛ എന്നൊക്കെയാണുള്ളത്. കാമം എന്നാല്‍ നാലു പുരുഷാര്ഥങ്ങളില് മൂന്നാമത്തേതുമാണ്. ജയരാജന് വായ പോയ കോടാലിയാണ്. അതു പോലെയാണോ ഒരു മന്ത്രി. കയ്യില്‍ നിന്ന് വീണാല്‍ എടുക്കാന്‍ കഴിയും വായില്‍ നിന്ന് വീണാലെടുക്കാനാകുമോ ? അതാണ് സംഭവിച്ചിരിക്കുന്നത്. ഒരു വേള ഗണശന് അച്ഛന്റെ മകനെന്ന് തെളിയിച്ചിരിക്കുന്നു. അച്ഛന്റെ നാക്കുപിഴവ് മന്ത്രിസ്ഥാനം തെറിപ്പിച്ചതാണെന്ന് ചരിത്രം.
ഭിന്ദ്രന്‍വാലയും ഖാലിസ്ഥാന്‍ വാദികളും പഞ്ചാബിനെ തീക്കുണ്ഡമാക്കിയപ്പോഴാണ് ബാലകൃഷ്ണപിള്ള ‘പഞ്ചാബ് മോഡല്‍ ഇവിടെയും വേണ’മെന്നു പറഞ്ഞു പോയത്. അതു കൊണ്ടെന്തായി മന്ത്രി പദവിയും പോയി. എവിടെയും എന്തും പറയാനുള്ള ധാര്‍ഷ്ട്യം എന്നിട്ടും ഉപേക്ഷിച്ചിരുന്നില്ല ബാലകൃഷ്ണപിള്ള. പിള്ള ഗതാഗത മന്ത്രിയായിരുന്നപ്പോള്‍ ശോഭനാ ജോര്‍ജ് നിയമസഭയില്‍ ഒരു സബ്മിഷന് ഉന്നയിച്ചു സംസാരിച്ചത് പ്രതിപക്ഷ സ്വരത്തിലായിരുന്നു. ചെങ്ങന്നൂര്‍ ബോട്ടു ജെട്ടിയായിരുന്നു പ്രശ്നം. മറുപടിക്കെഴുന്നേറ്റ മന്ത്രി ഒരു സങ്കോചവുമില്ലാതെ ‘ശോഭനയുടെ ജട്ടി ഞാനെങ്ങോട്ടും കൊണ്ടു പോയിട്ടില്ല സര്’ എന്നു പറഞ്ഞപ്പോള്‍ പ്രതിഷേധ കൊടുങ്കാറ്റിനു പകരം കൂട്ടച്ചിരിയിലമര്ന്നത് ശോഭന ഭരണകക്ഷി എംഎല്എയായതിനാലാണെന്നത് നേര്. മദനിക്കു വേണ്ടി പിഡിപിക്കാര്‍ നടത്തിയ പ്രതിഷേധാഗ്നിയില്‍ എണ്ണ ഒഴിച്ചതു പോലെയായി പിള്ളയുടെ ഉദ്ഘാടന പ്രസംഗം.
പിതൃദോഷം ഗണേശനെ പിടികൂടിയെന്നു സാരം. ദശാബ്ദങ്ങളായി തന്റെ കുടുംബത്തെ അച്യുതാനന്ദന് വേട്ടയാടുന്നതിലെ അമര്‍ഷം പ്രകടിപ്പിച്ച ഗണേശന് അതിരു വിട്ടു എന്നതില്‍ സംശയം ലവലേശമില്ല. കുറഞ്ഞ പ്രായമാണെങ്കില്‍ അച്യുതാനന്ദന് ഇതല്ല ഇതിലും കൂടുതല്‍ അര്‍ഹിക്കുന്നു എന്നാണ് പി.സി.ജോര്‍ജിന്റെ അഭിപ്രായം. പറയുന്നതിന് പ്രായമൊരു തടസ്സമല്ലെന്ന് അച്യുതാനന്ദനും തെളിയിച്ചതാണ്. ‘ഒരു പണിയും ചെയ്യാന്‍ കഴിയാത്തവണ്ണം കൃഷ്ണകുമാറിന്റെ ആ ഭാഗം തകര്‍ത്തിരിക്കുന്നു’ എന്ന് വി.എസ് പറഞ്ഞത് ഏതു ഭാഗത്തെ ഉദ്ദേശിച്ചാണെന്ന് പ്രത്യേകം പറയേണ്ടതില്ല. കൃഷി മന്ത്രി സഭയില്‍ കാലുയര്‍ത്തി എന്ന തെറ്റു ചെയ്തതിനെ തള്ളിപ്പറയുമ്പോള്‍ തന്നെ ‘കാലുയര്‍ത്തി മേശപ്പുറത്തു വച്ച ശേഷം വനിതാ എംഎല്‍എമാരടക്കം വെല്ലിലിരിക്കുമ്പോള് മുന്‍ഭാഗത്തെ തുണി നല്ല പോലെ നല്ല പോലെ നീക്കി കാണിച്ചു’ എന്നത് കാലുയര്ത്തിയതിനെക്കാള് അശ്ലീലമായിരുന്നു എന്നതല്ലേ വസ്തുത. കാലുയര്‍ത്തിയപ്പോള്‍ തുണി നീക്കിയത് ഇല്ലാ കഥയാണെന്ന് കണ്ടു നിന്നവര്‍ക്കെല്ലാം അറിയാം. പിതൃദോഷം മോഹനനെ പിടികൂടിയിരുന്നുവെങ്കില്‍ കാലുപൊക്കുകയല്ല കടന്നു ചെന്ന് കരണക്കുറ്റിക്ക് വീക്കു വച്ച് കൊടുത്തേനെ. പുത്തൂരിലെ രാവുണ്ണിക്കുറുപ്പ് അത്തരം കയ്യൂക്ക് പ്രകടിപ്പിച്ച എത്രയോ മുഹൂര്‍ത്തങ്ങളുണ്ട്. നമ്പാടന്റെ പ്രസംഗത്തെ നിയമസഭയില്‍ തന്നെ കുക്കുടഭോഗം പോലെയെന്ന് ആക്ഷേപിച്ച സി.എച്ചിന്റെ മകന് ഇതുവരെയും നാക്കു പിഴയ്ക്കാത്തത് പിതൃദോഷം തീരെ ഏശിത്തുടങ്ങിയില്ല എന്നതിന്റെ തെളിവാണ്. മുണ്ടു പൊക്കി കാണിക്കുകയും ആംഗ്യഭാഷയില്‍ ലൈംഗീകത പ്രകടിപ്പിക്കുകയും ചെയ്യുന്നതും സംസ്കാരത്തിന് ചേരുന്നതേയല്ല. അതെല്ലാം ഇവിടെ സംഭവിച്ചിരിക്കുന്നു.
ജഡ്ജിമാരെ കൊഞ്ഞാണന്മാരെന്നും ശുംഭന്മാരെന്നും വിളിക്കുന്നതും പുരോഹിതന്മാരെ നികൃഷ്ടജീവികളെന്ന് ആക്ഷേപിക്കുന്നതും ഇഷ്ടമില്ലാത്തവരെ വെറുക്കപ്പെട്ടവനെന്ന് അധിക്ഷേപിക്കുന്നതുമെല്ലാം ഏതു പ്രായക്കാരുടെ അഭിപ്രായമായാലും അന്തസ്സില്ലാത്തതു തന്നെ. പോലീസിന്റെ എസ്കോര്‍ട്ടില്ലാതെ മന്ത്രി കെ.ബി.ഗണേശ് കുമാറും ചീഫ് വിപ്പ് പി.സി. ജോര്‍ജും പുറത്തിറങ്ങിയാല്‍ മുന്‍നിരയിലെ പല്ലുകാണില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.ബിജു ഭീഷണിപ്പെടുത്തിയാല്‍ അതിനും ന്യായീകരണമില്ല. ഗണേശിന്റെ പത്തനാപുരം പ്രസംഗത്തില്‍ അദ്ദേഹത്തിന്റെ നാവ് പിഴച്ചതല്ല. പിതൃത്വത്തിന്റെ പ്രശ്നമാണ്. ഗണേശിന്റെയും പി.സി.ജോര്‍ജിന്റെയുമൊക്കെ കുടുംബകാര്യങ്ങള്‍ അറിയാമെങ്കിലും സംസ്കാരം അനുവദിക്കാത്തതിനാല്‍ വിളിച്ചു പറയുന്നില്ലെന്നുമാണ് ബിജു പറഞ്ഞത്. ബിജുവിന്റെ മുന്‍ഗാമി പത്രക്കാരെയാണ് പിതൃശൂന്യരെന്നു വിളിച്ച് വിവാദം സൃഷ്ടിച്ചത്.
അച്യുതാനന്ദന് കാമഭ്രാന്താണെന്ന വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി കെ.ബി.ഗണേശ്കുമാര്‍ ഖേദം പ്രകടിപ്പിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ ഊഴമായിരുന്നു. മന്ത്രിക്കു വേണ്ടി താന്‍ മാപ്പുപറയുന്നു എന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്നതു പോലെയായി ഇത്. വി.എസിനെ വിമര്‍ശിച്ച് ഗണേശന് നടത്തിയ പ്രസംഗം വാര്ത്തയായില്ലായിരുന്നൂ എങ്കില്‍ വെള്ളിയാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രിയാകും പ്രതിക്കൂട്ടില്‍. ഉമ്മന്‍ചാണ്ടിക്കു നേരെ ബുള്‍ഡോസര്‍ ഉരുട്ടാന്‍ പ്രതിപക്ഷം തയ്യാറെടുത്തതായിരുന്നു. കൊച്ചി മെട്രോയുടെ നിക്ഷേപം കൊല്ലത്തെ ആക്സിസ് ബാങ്കിന്റെ ശാഖയില്‍ എങ്ങനെ വന്നു എന്ന ചോദ്യം സജീവമായി ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറെടുത്തത് സ്വജനപക്ഷപാതം ആരോപിക്കാനായിരുന്നു. മുഖ്യമന്ത്രിയുടെ ബന്ധു കൊല്ലം ആക്സിസ് ബാങ്കിന്റെ ശാഖാ മാനേജരായതിനാലാണ് നിക്ഷേപത്തിനെതിരെ ആക്ഷേപം ഉന്നയിക്കാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിച്ചത്. അതൊഴിവാക്കി കിട്ടിയതില്‍ നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു എന്ന് ഉമ്മന്‍ചാണ്ടിക്ക് ചോദിക്കേണ്ടി വന്നില്ല.
ഉമ്മന്‍ചാണ്ടിക്കുണ്ടായ അതേ സന്തോഷം തന്നെയാകും അച്യുതാനന്ദനിലും സംഭവിച്ചിട്ടുണ്ടാവുക. പാര്‍ട്ടി സമ്മേളനങ്ങളില്‍ പിടിവിട്ട അവസ്ഥയിലായിരുന്നു അച്യുതാനന്ദന്. പുത്രവാത്സല്യം കൊണ്ട് അന്ധമായി എന്തൊക്കെയോ ചെയ്തതിന്റെ പ്രായശ്ചിത്തം പോലും കാണാന്‍ കഴിയാതെ അന്തം വിട്ടു നില്‍ക്കുമ്പോഴാണ് പിടിവള്ളി പോലെ ഗണേശ് ഉയര്‍ത്തി വിട്ട ആക്ഷേപ വാക്കുകള്‍ സഹായത്തിനെത്തിയത്. അച്യുതാനന്ദനു വേണ്ടി മുമ്പ് പ്രകടനം നടത്തിയവരെ തേടിപ്പിടിച്ച് മുക്കാലിയില്‍ കെട്ടിയിട്ടടിക്കുന്ന പാര്‍ട്ടി ഇപ്പോഴിതാ അച്യുതാനന്ദനു വേണ്ടി പ്രകടനം നടത്താന്‍ പ്രേരിപ്പിക്കുന്നു. അച്യുതാനന്ദന്റെ തലവര. എപ്പോഴൊക്കെ പ്രതിസന്ധി ഉരുണ്ടുകൂടിയോ അന്നൊക്കെ പൂച്ച വീണതു പോലെ. കാലം പോയ പോക്കേ, എല്ലാം കലികാല വൈഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: