തിരുവനന്തപുരം: എല്‍.കെ. അദ്വാനി നയിക്കുന്ന ജനചേതനായാത്ര ഇന്ന് കേരളത്തിലെത്തുകയാണ്. അഴിമതിക്കാരെ തുറന്നുകാട്ടാനുള്ള മഹായത്നത്തിന്റെ ഭാഗമായുള്ള യാത്രയ്ക്ക് പിന്നിട്ട 17 ദിവസങ്ങളും വന്‍ വരവേല്‍പ്പാണ് രാജ്യമെങ്ങും ലഭിച്ചത്. അഴിമതിയിലൂടെ കുന്നുകൂട്ടിയ സമ്പത്ത് അന്യരാജ്യങ്ങളില്‍ നിക്ഷേപിച്ച് സുഖലോലുപരായി കഴിയുന്നവര്‍ക്കെതിരെ സന്ധിയില്ലാത്ത സമരത്തിന് തുടക്കം കുറിച്ച നേതാവാണ് അദ്വാനി. യാത്രയ്ക്ക് ലഭിക്കുന്നആവേശകരമായ സ്വീകരണം അദ്വാനിയുടെ കറകളഞ്ഞ വ്യക്തിത്വത്തിനുള്ള അംഗീകാരവും കൂടിയാണ്.
ലോക്നായക് ജയപ്രകാശ് നാരായണന്റെ ജയന്തിദിനമായ ഒക്ടോബര്‍ 11 മുതല്‍ അദ്ദേഹത്തിന്റെ തട്ടകമായ ബീഹാറില്‍നിന്നും ആരംഭിച്ച് 12000 കി.മീ. സഞ്ചരിച്ച് നവംബര്‍ 20 ന് ദല്‍ഹിയില്‍ റാലിയോടെ സമാപിക്കുന്ന അഴിമതിവിരുദ്ധ ജനചേതനയാത്ര രാജ്യത്തിനാകെ ഉത്തേജനം നല്കുമെന്നുറപ്പാണ്. അഴിമതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും അതിനെതിരെയുള്ള നിലപാടുകളില്‍ സഹകരിപ്പിക്കാനും വേണ്ടിയാണീ യാത്ര. 23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര കടന്നു പോകും.
നരേന്ദ്രമോഡി ഉള്‍പ്പെടെ എല്ലാ ബിജെപി നേതാക്കളും മാത്രമല്ല സഖ്യകക്ഷികള്‍ പോലും അദ്വാനിയോടൊപ്പം നില്‍ക്കാനും ആശിര്‍വദിക്കാനും അത്യുത്സാഹം കാണിക്കുന്നു. അദ്വാനിയേയും യാത്രാ സംഘത്തേയും വരവേല്‍ക്കാന്‍ കേരളം സജ്ജമായി.
ഇന്ന് വൈകിട്ട് 5ന് സംസ്ഥാന അതിര്‍ത്തിയായ ആര്യങ്കാവില്‍ എത്തുന്ന അദ്വാനിയെ സംസ്ഥാന നേതാക്കള്‍ സ്വീകരിക്കും. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം പാലോട്, നെടുമങ്ങാട്, പേരൂര്‍ക്കട, പാളയം വഴി 7.30ന് പുത്തരിക്കണ്ടം മൈതാനിയില്‍ ജനചേതനയാത്ര എത്തും. ദേശീയ നേതാക്കളായ അനന്ത്കുമാര്‍, രവിശങ്കര്‍ പ്രസാദ്, മുരളീധരറാവു എന്നിവര്‍ അദ്വാനിയെ അനുഗമിക്കുന്നുണ്ട്. പുത്തരിക്കണ്ടം മൈതാനിയില്‍ അദ്വാനിക്ക് പുറമെ, ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്, വി. മുരളീധരന്, എം.ടി. രമേശ്, സി.പി. നായര്‍ എന്നിവര്‍ സംസാരിക്കും.
29ന് രാവിലെ 9ന് പത്രസമ്മേളനത്തില്‍ അദ്വാനി പങ്കെടുക്കും. 11.30ന് കൊട്ടാരക്കര ബോയ്സ് ഹൈസ്കൂള്‍, 1.30ന് എമിറൈറ്റ്സ് സ്കൂള്‍ ഗ്രൗണ്ട്, 4ന് കോട്ടയം തിരുനക്കര മൈതാനം, 6ന് ചേര്‍ത്തല ദേവിക്ഷേത്രം മൈതാനം എന്നിവിടങ്ങളിലെ സ്വീകരണങ്ങളില്‍ പ്രസംഗിക്കും. 7.30ന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന മഹാ സമ്മേളനമാണ് കേരളത്തിലെ അവസാനത്തെ പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: