സാഹിത്യ രംഗത്തും സാമൂഹ്യ രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രശസ്തരായ വ്യക്തികള്‍ മരിക്കുമ്പോള്‍ അവരുടെ മരണത്തില്‍ അനുശോചിച്ചും അവരുടെ പ്രവര്‍ത്തികളെ പുകഴ്ത്തിയും എഴുതുകയും പ്രസ്താവനകളിറക്കുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുന്ന നിരവധിയാളുകളുണ്ട്. മരിച്ചയാളെ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവരും അദ്ദേഹത്തെ അകറ്റി നടത്തിയിരുന്നവരുമെല്ലാം മരണ ശേഷം വലിയ വാക്കുകളുമായി രംഗത്തു വരുന്നത് സാധാരണമാണ്.
പ്രശസ്തനായ വ്യക്തി മരിച്ചു കഴിയുമ്പോള്‍ പത്രങ്ങളും ദൃശ്യമാധ്യമങ്ങളുമെല്ലാം പ്രത്യേകമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നു. മരിച്ചത് എഴുത്തുകാരനാണെങ്കില് അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തെക്കുറിച്ചാകും പ്രതിപാദിക്കുക. മരിച്ചയാളുടെ ഏതെങ്കിലും രചന വായിച്ചിട്ടില്ലാത്തവരും അനുശോചനവുമായി രംഗത്തു വരും. അതെല്ലാം മാധ്യമങ്ങള്‍ വളരെ ഗൗരവത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്യും. ചിലര്‍ മരണാസന്നരായി കിടക്കുമ്പോള്‍ തന്നെ പത്രക്കാര് ലേഖനങ്ങളും ചരമക്കുറിപ്പുകളും തയ്യാറാക്കി വയ്ക്കുന്ന പതിവുമുണ്ട്. മാധ്യമങ്ങള്‍ക്ക് സമയമാണല്ലോ പ്രധാനപ്പെട്ട കാര്യം. രോഗശയ്യയില്‍ കിടക്കുമ്പോള്‍ത്തന്നെ പ്രശസ്തരുടെ ലേഖനങ്ങളും തയ്യാറാക്കി വയ്ക്കുന്ന പതിവുണ്ട്. അങ്ങനെ എഴുതിക്കൊടുക്കുന്നതിന് അവരും യാതൊരു സങ്കോചവും കാട്ടാറില്ല.
നമ്മുടെ പത്രം ഓഫീസുകളില്‍ എഴുപതു വയസ്സെങ്കിലും പ്രായം കഴിഞ്ഞിട്ടുള്ള സാഹിത്യകാരന്മാരുടെയും രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരുടെയും ചരമക്കുറിപ്പുകള്‍ തയ്യാറാക്കി വച്ചിട്ടുണ്ടെന്ന അറിവിനോട് അത്ഭുതം കൂറേണ്ടതില്ല. ചരമം എഴുത്ത് എന്നത് പത്രപ്രവര്‍ത്തനത്തിലെ പ്രധാനപ്പെട്ട ഒരു ശാഖയായിമാറിയിട്ടുണ്ട്. മലയാളത്തിലെ പ്രശസ്തമായ ഒരു പത്രം മദര്‍ തെരേസ മരിച്ചപ്പോള്‍ ആ വാര്‍ത്ത ജനങ്ങളിലെത്തിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗം വലിയ നഷ്ടം സഹിച്ചു കൊണ്ടായിരുന്നു. മദര്‍ മരിച്ചത് രാത്രി വളരെ വൈകിയായിരുന്നു. എന്നാല്‍ അവര്‍ മരണ ശയ്യയില്‍ കിടക്കുമ്പോള്‍തന്നെ അവര്‍ മരിച്ചതായുള്ള വാര്‍ത്ത ഉള്‍പ്പടെ തയ്യാറാക്കി വച്ചിരിക്കുകയായിരുന്നു. അന്നത്തെ പത്രം അച്ചടിച്ച് വിതരണത്തിനായി അയച്ച ശേഷമായിരുന്നു മദറിന്റെ മരണ വാര്‍ത്ത എത്തിയത്. ഉടന്‍ തന്നെ രാത്രിയില്‍ വിതരണം ചെയ്ത പത്രക്കെട്ടുകളെല്ലാം തിരികെ എടുത്ത് മദറിന്റെ മരണ വാര്‍ത്തയടങ്ങുന്ന പ്രത്യേക പതിപ്പുള്ള പത്രം പകരം എത്തിക്കുകയായിരുന്നു അവര്‍. ഒരു വാര്‍ത്ത ജനങ്ങളിലെത്തിക്കാനുള്ള നിശ്ചയദാര്‍ഢ്യമായിരുന്നു അത്തരമൊരു പ്രവൃത്തിക്കു പിന്നിലുണ്ടായിരുന്നത്. ഇവിടെ പറയാനുദ്ദേശിച്ചത് അതല്ല. മദര്‍ തെരേസയെന്ന മഹതിയുടെ മരണത്തിനു മുന്നേ തന്നെ അവരുടെ ചരമക്കുറിപ്പും അവരെ വാഴ്ത്തിക്കൊണ്ടുള്ള ലേഖനങ്ങളും തയ്യാറാക്കുന്നു എന്നത് സൂചിപ്പിക്കുവാനാണ് ഇതു പറഞ്ഞത്.
പെട്ടെന്നുള്ള ചില മരണങ്ങള് മാത്രമാണ് പത്രക്കാരെ ആകെ കുഴയ്ക്കുന്നത്. ദീര്‍ഘകാലം കേരളത്തില്‍ മന്ത്രിയായിരുന്ന ബേബി ജോണ്‍ മരണാസന്നനായി കിടന്നപ്പോള്‍ ജന്മഭൂമി ഉള്‍പ്പടെ പ്രത്യേക പേജ് തയ്യാറാക്കി വച്ചത് ഓര്‍ക്കുന്നു. ജന്മഭൂമിയിലെ ലേഖനത്തിന്റെ പേര് ‘കടലലപോലെ കര്മ്മനിരതന്’ എന്നായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതുപോലെ അദ്ദേഹം മരിച്ചില്ല. ആശുപത്രിക്കിടക്കയില്‍ നിന്ന് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്ന് പ്രഖ്യാപിച്ച് ബേബിജോണ്‍ തിരികെ വന്നു. പിന്നെയും വളരെക്കാലം ജീവിച്ച ശേഷമാണ് അദ്ദേഹം മരിച്ചത്. കേരള രാഷ്ട്രീയത്തില്‍ ഇതിനിടയില്‍ പലമാറ്റങ്ങളും സംഭവിച്ചു. പിന്നീട് ബേബിജോണ്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ ‘കടലലപോലെ കര്‍മ്മ നിരതന്‍’ എന്ന ലേഖനം ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. പുതിയ സാഹചര്യത്തിന് അനുസരിച്ചൊന്ന് എഴുതേണ്ടി വന്നു. ചരമം എഴുത്തിലും അനുസ്മരണമെഴുത്തിലുമെല്ലാം മരിക്കുന്ന വ്യക്തിയോട് കാണിക്കുന്ന ആദരവ് നിറഞ്ഞു നില്‍ക്കണം.
പ്രശസ്തര്‍ മരിച്ചാല്‍ രാഷ്ട്രീയക്കാരും മന്ത്രിമാരുമെല്ലാം അനുശോചനങ്ങളുമായി രംഗത്തു വരുന്നത് സാധാരണയാണ്. പലതും വെറും വാക്കുകളാണെന്നതാണ് സത്യം. മരിച്ച വ്യക്തിയെക്കുറിച്ചോ അദ്ദേഹത്തിന്റെ സേവനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെങ്കിലും അനുശോചിച്ചില്ലെങ്കില് എന്തോ പ്രശ്നമാണെന്നാണ് പലരുടെയും ധാരണ.
കവി അയ്യപ്പനെ തെരുവിലോ റോഡുവക്കിലോ കണ്ടാല്‍ ഒഴിഞ്ഞു നടന്നിരുന്നവരാണ് കൂടുതലാളുകളും. അതില്‍ മന്ത്രിമാരും രാഷ്ട്രീയക്കാരും എഴുത്തുകാരും പത്രക്കാരും എല്ലാം ഉള്‍പ്പെടും. എന്നാല്‍ അയ്യപ്പന് മരിച്ചപ്പോഴോ, പത്രങ്ങള്‍ എത്ര പേജുകളാണ് അയ്യപ്പനുവേണ്ടി മാറ്റിവച്ചത്. ശല്യക്കാരനായ അയ്യപ്പനെ ആട്ടിയോടിച്ചിരുന്നവരെല്ലാം അയ്യപ്പന്റെ മരണത്തെ ആഘോഷമാക്കി പത്രങ്ങളും പുസ്തകങ്ങളും വിറ്റ് കാശുണ്ടാക്കി. ഇപ്പോഴും ഉണ്ടാക്കി കൊണ്ടിരിക്കുന്നു.
ഇത്തരം അക്രമങ്ങള്‍ക്കു പുറമേയാണ് മറ്റുചില കലാപരിപാടികള്‍ അരങ്ങ് കൊഴുപ്പിക്കുന്നത്. മൃതദേഹം സംസ്കരിക്കുന്നതിനു മുമ്പ് പോലീസുകാര്‍ മൃതദേഹത്തിന് ചുറ്റും നിന്ന് വെടിപൊട്ടിക്കും. ഔദ്യോഗിക ബഹുമതി നല്‍കുകയാണത്രെ. വെടിപൊട്ടിക്കല്‍ ചടങ്ങുകൊണ്ട് എന്താണ് പ്രയോജനം എന്ന് ഇനിയും മനസ്സാലായിട്ടില്ല. മരിച്ചയാള്‍ക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ യാതൊരു പ്രയോജനവും അതുകൊണ്ടുണ്ടാകുന്നില്ല. മരണശേഷും മരിച്ചയാള്‍ക്ക് സ്വൈര്യം കൊടുക്കാത്ത പ്രവര്ത്തിയാണതെന്ന് പറയുന്നതില്‍ തെറ്റില്ല.
കവി അയ്യപ്പനോടും അത്തരത്തിലൊരു പാതകം അന്നത്തെ സര്‍ക്കാര്‍ ചെയ്തത് ആരും മറന്നിട്ടുണ്ടാകില്ല. തെരഞ്ഞെടുപ്പു കാലത്തായിരുന്നു അയ്യപ്പന്റെ മരണം. പോലീസെല്ലാം തെരഞ്ഞെടുപ്പു തിരക്കില്‍. മരണത്തിന് ഔദ്യോഗിക ബഹുമതി നല്‍കണമെന്നു തീരുമാനിച്ചതിനാല്‍ വെടിപൊട്ടിക്കാന്‍ പോലീസു വേണം. പോലീസ് വരുന്നതുവരെ അയ്യപ്പന്റെ മൃതദേഹം ഐസില്‍ സൂക്ഷിക്കാന്‍ അന്നത്തെ ‘വലിയ സാംസ്കാരിക’ വകുപ്പു മന്ത്രി തീരുമാനിച്ചു. അഞ്ചു ദിവസമാണ് അയ്യപ്പന്റെ മൃതദേഹം ഐസിനുള്ളില്‍ കിടന്നത്. സുകുമാര്‍ അഴീക്കോടിനെപ്പോലുള്ളവര്‍ അതിനെതിരെ രംഗത്തു വന്നപ്പോഴാണ് അഞ്ചാം ദിനം പോലീസെത്തി വെടിപൊട്ടിച്ച് മൃതദേഹം സംസ്കരിച്ചത്.
ഔദ്യോഗിക ബഹുമതിയുടെ വെടിപൊട്ടിക്കലിന്റെ പേരില്‍ ഇപ്പോള്‍ പുതിയ വിവാദം ഉണ്ടായിരിക്കുന്നു. കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കവി മുല്ലനേഴിക്ക് ഔദ്യോഗിക ബഹുമതി നല്‍കിയില്ലെന്നാണ് ആക്ഷേപം. ആര്‍ക്കാണിത്ര ആവശ്യം. പ്രിയപ്പെട്ട മുല്ലനേഴിമാഷിന്റെ മൃതദേഹത്തിനു ചുറ്റും പോലീസുകാരെ നിര്‍ത്തി വെടിവയ്പ്പിക്കണമെന്ന്. മുല്ലനേഴിക്ക് ഔദ്യോഗിക ബഹുമതി നല്‍കാത്തതിന്റെ പേരില്‍ പ്രതിഷേധമുയര്‍ത്തിയവരോട് ചോദിക്കട്ടെ, വെടിപൊട്ടിച്ചില്ലെങ്കില് മുല്ലനേഴി നീലകണ്ഠനെന്ന നല്ല കവിയെഴുതിയതെല്ലാം ഇല്ലാതാകുമോ. അദ്ദേഹത്തിന്റെ കവിതകളിലൂടെയും സിനിമാ ഗാനങ്ങളിലൂടയുമല്ലെ നമ്മുടെ മനസ്സില്‍ ഇനിയുള്ള കാലം അദ്ദേഹം ജീവിക്കുക. അല്ലാതെ ഉമ്മന്‍ചാണ്ടിയുടെ പോലീസ് വെടിപൊട്ടിച്ചതുകൊണ്ടാകുമോ. മുല്ലനേഴിയുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും, വെടി ശബ്ദം കേള്‍ക്കാതിരുന്നതില്‍.
മരിച്ചുകഴിഞ്ഞാല്‍ വെടി മുഴക്കി കോലാഹലമുണ്ടാക്കേണ്ടെന്നാണ് ഇപ്പോള്‍ സാംസ്കാരിക വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് അറിയുന്നു. എന്നാല്‍ നിലവിലുള്ള ബ്യൂഗിള്‍ വാദനം തുടരും. ഇനി മുതല്‍ മുഖ്യമന്ത്രിക്ക് വേണ്ടിയോ സര്‍ക്കാരിന് വേണ്ടിയോ പുഷ്പചക്രം അര്‍പ്പിയ്ക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പുരസ്കാരങ്ങള്‍, സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സാംസ്കാരിക സ്ഥാപനങ്ങളുടെ ബഹുമതികള്‍ എന്നിവ ലഭിച്ചവര്‍ക്കാണ് ഔദ്യോഗിക ബഹുമതിയോടെ സംസ്കാരം നടത്തിയിരുന്നത്. എന്നാല്‍ ഇത്തരം പുരസ്കാരമൊന്നും ലഭിക്കാത്തവര്‍ക്കും ഇനി മുതല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഔദ്യോഗിക ബഹുമതി ലഭിയ്ക്കും. ഇവര്‍ സമൂഹത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചായിരിയ്ക്കും മുഖ്യമന്ത്രി നടപടിയെടുക്കുന്നത്.
ആചാരങ്ങളും ബഹുമാനങ്ങളും ജീവിച്ചിരിക്കുമ്പോഴാണ് നല്‍കേണ്ടത്. മരിച്ചു കഴിഞ്ഞ് അനുശോചന സന്ദേശങ്ങള്‍ നല്‍കുന്നതും വെടിവെച്ച് യാത്രയാക്കുന്നതും അപമാനിക്കലാണ്. സംസ്കാരമുള്ള ഒരു സമൂഹത്തിന് അതൊന്നും ഒട്ടും ഭൂഷണമല്ല. ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് ഔദ്യോഗിക ബഹുമതി നല്‍കേണ്ടവരുടെ എണ്ണം കൂട്ടാനാണ്. വെടിവയ്ക്കുന്നതുപോലെ തന്നെ അരോചകമാണ് ബ്യൂഗിള്‍ വാദനവും.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: