ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും തേംമ്പാമൂട് സഹദേവന്റെ കത്താണ് (ജന്മഭൂമി ആഗസ്റ്റ് 23) ബസ് ചാര്‍ജ് കൂട്ടി. നിലവിലുള്ള കേരളത്തിലെ ബസ് ചാര്‍ജ് മറ്റു സംസ്ഥാനങ്ങളിലെ നിരക്കിനേക്കാള്‍ കൂടുതലാണ്. അതേ അവസരത്തില്‍ മറ്റു മൂന്നു സംസ്ഥാനങ്ങളിലും ലാഭത്തില്‍ ബസ് ഓടിക്കുമ്പോള്‍ കെഎസ്‌ആര്‍ടിസിക്ക് നഷ്ടവും നഷ്ടമില്ലാത്ത ഒരു കാലവും ഈ സ്ഥാപനത്തിനുണ്ടായിട്ടില്ല.
ഇത്രയും കാലം ഇതിനുള്ള ഒരു കാരണം പറഞ്ഞിരുന്നത് അധിക തൊഴിലാളികളും തല്‍ഫലമായി വര്‍ധിച്ച വേതന ഇനത്തിനു വരുന്ന ചെലവുമാണ്. ഈയിടെയായി പറയുന്നത് വേണ്ടത്ര ഡ്രൈവര്‍മാര്‍ ഇല്ലാത്ത കാരണമാണ്. നഷ്ടം വരുന്നതിന് കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ഒരു പ്രയാസവുമില്ല. സ്വകാര്യ ബസ് ഉടമകള്‍ ബസ് ഓടിച്ച് ലാഭമുണ്ടാക്കുന്നു. അതും കൂടുതല്‍ തൊഴിലാളികളെ നിയോഗിച്ചാണെന്നതാണ് വസ്തുത. നഗരങ്ങളില്‍ ഓടുന്ന സ്വകാര്യ ബസുകളില്‍ രണ്ട് കണ്ടക്ടര്‍മാരും ഒരു കിളിയും ഒരുഡ്രൈവറുമുള്ളപ്പോള്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ ഒരു ഡ്രൈവറും ഒരു കണ്ടക്ടറും മാത്രമേയുള്ളൂ. അധിക വേതന ചെലവ് സ്വകാര്യ ബസുടമകള്‍ക്കും ബാധകമല്ലേ? നഷ്ടത്തില്‍ ഓടാന്‍ മറ്റു കാരണങ്ങള്‍ നിരവധിയാണ്.
ഒന്നാമതായി ഊര്‍ജ്ജസ്വലതയുള്ള ഒരു ഭരണകര്‍ത്താവിന്റെ അഭാവം തന്നെയാണ്. ഇതേവരെ കെഎസ്‌ആര്‍ടിസിയുടെ തലപ്പത്ത് കാര്യപ്രാപ്തിയുള്ള ഒരു വ്യക്തിയെ പ്രതിഷ്ഠിച്ചിട്ടില്ല. സേവക്കോ രാഷ്‌ട്രീയ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തിലോ മാത്രം ഒരാളെ ചുമതല ഏല്‍പ്പിച്ചാല്‍ ഫലം ഇതൊക്കെതന്നെയായിരിക്കും. നെടുമ്പാശ്ശേരി വിമാനത്താവള നിര്‍മാണത്തിന് ചുമതല ഏല്‍പ്പിച്ച കുരിയന്‍, ദില്ലി മെട്രോ റെയില്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍ എന്നിവരെപ്പോലെ കാര്യപ്രാപ്തിയുള്ള ഒരാളെ കെഎസ്‌ആര്‍ടിസിയെ ഏല്‍പ്പിച്ചാല്‍ ഈ സ്ഥാപനം ചുരുങ്ങിയ കാലയളവില്‍ ലാഭമുണ്ടാക്കുന്ന ഒന്നായിത്തീരുമെന്നതിന് സംശയമില്ല. അത്തരം ഒരു ഭരണകര്‍ത്താവിനെ കിട്ടാന്‍ വിഷമമാണെന്ന് തോന്നുന്നില്ല.
പ്രതിജ്ഞാബദ്ധതയുള്ള ജോലിക്കാരുടെ അഭാവമാണ് നഷ്ടത്തിന് മറ്റൊരു കാരണം. ജോലി ചെയ്യുന്നതില്‍ ആത്മാര്‍ത്ഥതയുള്ളവര്‍ വളരെ കുറവാണ്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ബസ് ഓടിക്കാന്‍ തുടങ്ങിയാല്‍ അവസാനിക്കുന്നിടംവരെ എത്തിക്കുക എന്ന ഒരു ചുമതല മാത്രമുള്ള ഒരു മനോഭാവമാണുള്ളത്. പരമാവധി യാത്രക്കാരെ കയറ്റി തന്റെ സ്ഥാപനത്തിന് ലാഭമുണ്ടാക്കാനോ യാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ടും അസൗകര്യവും കുറക്കാനോ ഉള്ള വ്യഗ്രതയുള്ളവര്‍ ഉണ്ടോ എന്ന് സംശയമാണ്. ബസ് സ്റ്റോപ്പുകളില്‍ നിര്‍ത്താതെ ഓടിക്കുന്ന ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ നിരവധിയാണ്. അവരോട് ചോദിക്കാന്‍ ആരുണ്ട് എന്ന ഒരു മനോഭാവം.
വേറൊരു പ്രശ്നം യാത്രക്കാരോട് കണ്ടക്ടര്‍മാരുടെ ദുസ്സഹമായ പെരുമാറ്റമാണ്. ധിക്കാരത്തോടുകൂടിയ അവരുടെ പെരുമാറ്റം കണ്ടാല്‍ ഇനി ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ട്രാന്‍സ്പോര്‍ട്ടു ബസില്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനമെടുപ്പിക്കും. ചോദിച്ച ചില്ലറ കൊടുത്തില്ലെങ്കില്‍ അവരുടെ ശരിയായ തനിനിറം കാണാം. കിട്ടാനുള്ള തുക ബാക്കി പലപ്പോഴും കിട്ടിയില്ലെന്നും വരും.
പലപ്പോഴും ബസ് സ്റ്റോപ്പില്‍ നിര്‍ത്താത്തതിനാല്‍ യാത്രക്കാര്‍ക്ക് ഓടേണ്ട സ്ഥിതിവിശേഷം വരുന്നത് സാധാരണമാണ്. പല സ്റ്റോപ്പുകളിലും കൈ കാണിച്ചാല്‍ കൂടി നിര്‍ത്താതെ ഓടിച്ചുപോകും.
ഇക്കാരണങ്ങളാല്‍ കെഎസ്‌ആര്‍ടിസി നഷ്ടത്തിലായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. നഷ്ടം നികത്തി ഈ സ്ഥാപനത്തെ ലാഭമുള്ളതാക്കാന്‍ ഒരു പ്രയാസവുമില്ല. വര്‍ധിച്ച യാത്രാ ചാര്‍ജും ഏറ്റവും കുറഞ്ഞ ഇപ്പോഴുള്ള തൊഴിലാളി വിന്യാസവുംകൊണ്ട് ഈ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നുറപ്പാണ്.
ഒരു അപകടവും കൂടാതെ വണ്ടി ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് ഓരോ വര്‍ഷവും പ്രോത്സാഹനമായി ഒരു ബോണസ്സ് നല്‍കാന്‍ തീരുമാനിച്ചാല്‍ ലക്കില്ലാതെ അമിതവേഗത്തില്‍ ഓടിക്കാനുള്ള സ്വഭാവമില്ലാതാകുമെന്ന് ഉറപ്പാണ്. ഒരു പരാതിയുംകൂടാതെ നല്ല പെരുമാറ്റത്തിന് കണ്ടക്ടര്‍മാര്‍ക്കും പ്രോത്സാഹന ബോണസും കൊടുക്കാവുന്നതാണ്.
അതോടൊപ്പം നിരുത്തരവാദികളെ അവരര്‍ഹിക്കുന്ന ശിക്ഷക്ക് വിധേയരാക്കേണ്ടതുമാണ്. പരാതികള്‍ കഴിയുന്നതും വേഗം കൈകാര്യം ചെയ്യുന്ന ഒരു രീതി റെയില്‍വെയിലുള്ളതുപോലെ കെഎസ്‌ആര്‍ടിസിയിലും നടപ്പാക്കേണ്ടതുണ്ട്. യാത്രക്കാരുടെ പരാതികള്‍ ഗൗരവത്തോടെയും കാലതാമസം കൂടാതെയും കൈകാര്യം ചെയ്യേണ്ടതാണ്. ഓരോ പരാതിയും സൂക്ഷ്മമായ അന്വേഷണങ്ങള്‍ക്കുശേഷം അര്‍ഹിക്കുന്ന നടപടികള്‍ എടുക്കുന്ന സമ്പ്രദായം പ്രവര്‍ത്തകര്‍ക്കിടയില്‍ വേണ്ടത്ര കരുതല്‍ സൃഷ്ടിക്കാനും യാത്രക്കാര്‍ക്ക് വിശ്വാസ്യത വര്‍ധിപ്പിക്കാനും സഹായിക്കും. ശിക്ഷ അര്‍ഹിക്കുന്നവരെ ശുപാര്‍ശയുടെ പേരിലോ ഇടപെടലിന്റെ ബലത്തിലോ വെറുതെവിടാനിടവരരുതെന്ന് ബന്ധപ്പെട്ട അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
വര്‍ധിച്ച ചാര്‍ജും ധിക്കാരത്തോടുകൂടിയ പെരുമാറ്റവും കൊണ്ട് യാത്രക്കാര്‍ക്ക് ഓട്ടോവിനെ ആശ്രയിക്കാന്‍ വളരെ വിമുഖതയുള്ള സ്ഥിതിവിശേഷമാണുള്ളത്. അതിനാല്‍ കൂടുതല്‍ ബസ്സുകള്‍ കെഎസ്‌ആര്‍ടിസി നിരത്തിലിറക്കുന്നത് ഒരാവശ്യമായിത്തീര്‍ന്നിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഹൃസ്വദൂരയാത്രക്ക് മിനി ബസുകളും സര്‍ക്കുലര്‍ സര്‍വീസുകളും കൂടുതല്‍ സൗകര്യപ്രദമായിരിക്കും. പ്രത്യേകിച്ചും നഗരങ്ങളില്‍. നഗരങ്ങളില്‍ ചില ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ബസുകളില്ലാത്തതിനാല്‍ ഓട്ടോയെ ആശ്രയിക്കുകയോ നടക്കുകയോ മാത്രമേ മാര്‍ഗമുള്ളൂ. ഉദാഹരണത്തിന് തൃശ്ശൂരില്‍ ഒരാള്‍ക്ക് പൂങ്കുന്നത്തുനിന്നും അയ്യന്തോളിലുള്ള കോടതി/കളക്ടറുടെ ഓഫീസ് സമുച്ചയത്തിലെത്താനും ട്രാന്‍സ്പോര്‍ട്ടു സ്റ്റാന്റ്/റെയില്‍വേ സ്റ്റേഷനിലെത്താനും ഓട്ടോ അല്ലാതെ വേറെ ഒരു വഴിയുമില്ല. അതുപോലെ നിരവധി പാസ്പോര്‍ട്ട്, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, എസ്ബിടി റീജണല്‍ ഓഫീസടക്കം ഓഫീസുകളില്‍ പോകുന്നതിന് എറണാകുളത്ത് പനമ്പിള്ളി നഗറിലേക്ക് ബസില്ലാത്തതിനാല്‍ ഓട്ടോ തന്നെയെ രക്ഷയുള്ളൂ. ഈ പ്രശ്നം പരിഹരിക്കാന്‍ മിനി ബസുകളും സര്‍ക്കുലര്‍ ബസുകളും നടപ്പിലാക്കുന്നത് നന്നായിരിക്കും. ചെറിയ ടൗണുകള്‍ തമ്മില്‍ ബന്ധിപ്പിക്കാവുന്നതുമാണ്.
കെഎസ്‌ആര്‍ടിസി ഒരു ലാഭമുണ്ടാക്കുന്ന സ്ഥാപനമാക്കണമെങ്കില്‍ ആത്മാര്‍ത്ഥതയോടും പ്രതിബദ്ധതയോടുംകൂടിയ ഒരു സമീപനം എല്ലാ പ്രവര്‍ത്തകര്‍ക്കുമുണ്ടായാല്‍ മാത്രം മതി. കൂട്ടത്തില്‍ ഊര്‍ജസ്വലതയും കര്‍മശേഷിയുമുള്ള ഒരു ഭരണകര്‍ത്താവും ആവശ്യമാണ്. ലക്ഷ്യപ്രാപ്തിയിലെത്താന്‍ വേണ്ട ശ്രമവും ആത്മാര്‍ത്ഥതയും ഗതാഗതമന്ത്രിക്കുണ്ടാവേണ്ടതാണ് ഏറ്റവും പ്രധാനം. അതില്ലാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും പ്രധാന കാരണം.
തളി ശങ്കരന്‍ മൂസ്സത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: