ട്രിപ്പൊളി: മുവമ്മര്‍ ഗദ്ദാഫിയുടെയും പുത്രന് മുവാത്ത് അസിമിന്റെയും ഒരു സഹായിയുടെയും മൃതദേഹങ്ങള്‍ ഇന്നലെ പുലര്‍ച്ചെ ഒരു അജ്ഞാതസ്ഥലത്ത് സംസ്കരിച്ചതായി മിസ്രാത്ത് മിലിട്ടറി കൗണ്‍സില്‍ ഉദ്യോഗസ്ഥന് അറിയിച്ചു. ഗദ്ദാഫിയുടെ ചില ബന്ധുക്കളും ഉദ്യോഗസ്ഥരും മാത്രമാണ് ശവസംസ്കാരചടങ്ങില്‍ സന്നിഹിതരായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ഗദ്ദാഫിയുടെ ജന്മനഗരത്തില്‍ കൊലചെയ്യപ്പെട്ട അദ്ദേഹത്തിന്റെ മൃതദേഹം പുത്രന് മുവട്ടാസിമിന്റെയും മുന്‍ പ്രതിരോധമന്ത്രി അബൂബേക്കര്‍ കുനസിന്റെയും മൃതദേഹങ്ങള്‍ക്കൊപ്പം തുറമുഖ പട്ടണമായ മിര്സാത്തയിലെ ഒരു കോള്‍ഡ്സ്റ്റോറേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിടിക്കപ്പെടുമ്പോള്‍ ജീവനുണ്ടായിരുന്ന ഗദ്ദാഫിയുടെയും പുത്രന്റെയും മരണത്തെക്കുറിച്ച് അന്വേഷണം നടത്താമെന്ന് ലിബിയന്‍ ഭരണകൂടം അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സമ്മതിച്ചിട്ടുണ്ട്. ഗദ്ദാഫി അനുകൂലികള്‍ പിന്നീട് ഒരു സ്മാരകമാക്കി മാറ്റിയാലോ എന്ന് കരുതിയാണ് ശവം മറവുചെയ്ത സ്ഥലം രഹസ്യമാക്കിവെക്കുന്നത്. എന്നാല്‍ ഈ സ്ഥലം കാണണമെന്ന് അന്താരാഷ്ട്ര സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് അതിനുള്ള സാഹചര്യമൊരുക്കുമെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
കഴിഞ്ഞയാഴ്ച ലിബിയയിലെ മുഖ്യ പാതോളജിസ്റ്റ് ഡോ. ഓത്മാല് എല്‍ സെന്റാണി മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം നടത്തുകയും തിരിച്ചറിയാനുള്ള ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. തലയില്‍ വെടിയേറ്റതാണ് ഗദ്ദാഫിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ അറിയിച്ചു. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ വാരാവസാനം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിടിയിലാവുന്നതിന് മുമ്പ് ഗദ്ദാഫിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നോ എന്നും അത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായതാണോ എന്നും സംശയിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: