ന്യൂദല്‍ഹി: പ്രഖ്യാപന തീയതി മുതല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്കാന് കഴിഞ്ഞില്ലെങ്കില്‍ നടപടി അസാധുവായിത്തീരുമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ കോടതി വ്യവഹാരത്തിനുവേണ്ടി വരുന്ന സമയം ഇതില്‍നിന്ന് ഒഴിവാക്കാവുന്നതാണെന്നും ജഡ്ജിമാരായ ജി.എസ്. സിംഗ്വിയും എസ്.ജെ. മുഖോപാധ്യായയും അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്ഥലം ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുന്ന തീയതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ കളക്ടര്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് നിയമങ്ങള്‍ അസന്ദിഗ്ധമായി വ്യക്തമാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തമിഴ്നാട് ഹൗസിംഗ് ഡലവപ്മെന്റ് കോര്പ്പറേഷന് തങ്ങളുടെ സ്ഥലം ഏറ്റെടുത്തതിനെതിരെ ആര്. ഇന്ദിര ശരത്ചന്ദ്രനും മറ്റുള്ളവരും നല്കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 1996 ആഗസ്റ്റ് 29 ന് മദ്രാസ് ഹൈക്കോടതി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ശരിവെച്ചശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിറക്കിയതെന്നും ഉടമകള്‍ പരാതിപ്പെട്ടു. ഇതിനെതിരെ നല്കിയ ഹര്‍ജിയില്‍ സ്ഥലമെടുക്കാനുള്ള നടപടികള്‍ പ്രഖ്യാപിച്ച് രണ്ടുവര്‍ഷത്തിനുശേഷമാണ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്കിയതെന്നതിനാല് മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്ഥലമേറ്റെടുക്കല്‍ റദ്ദാക്കി. എന്നാല്‍ ഇതിനെതിരെയുള്ള അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ച് സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടിയെ ശരിവെക്കുകയായിരുന്നു. ഇതിനെതിരെയാണ് സ്ഥലമുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: