കൊച്ചി: പഴയ പടക്കുതിരകളെ പിന്നിലാക്കി മലയാള സിനിമയുടെ യൗവനങ്ങള്‍ സെലിബ്രറ്റി ക്രിക്കറ്റില്‍ വിജയം നേടി. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ട്വന്റി20 മത്സരത്തില്‍ മലയാള യുവ ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേഴ്സ് പഴയകാല രഞ്ജി താരങ്ങളടങ്ങിയ കൊച്ചിന് വെട്രന്സിനുമേല് 21 റണ്‍സിന്റെ വിജയമാണ് കൈവരിച്ചത്.
പുതുമുഖ താരങ്ങളായ വിവേക്ഗോപനും രാജീവ്പിള്ളയുടെയും കൂട്ടുകെട്ടാണ് സ്ട്രൈക്കേഴ്സിനെ വിജയത്തിലെത്തിച്ചത്. കേരള സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ മോഹന്‍ലാലും വൈസ് ക്യാപ്റ്റന്‍ ഇന്ദ്രജിത്തും മത്സരത്തില്‍ പങ്കെടുത്തില്ല. മോഹന്‍ലാലിന്റെ അഭാവത്തില്‍ തമിഴില്‍നിന്നും മലയാളത്തിലെത്തിയ യുവതാരം ബാലയാണ് ടീമിന്നയിച്ചത്.
ടോസ് നേടിയ കൊച്ചിന് വെട്രന്‍സ് ക്യാപ്റ്റന്‍ ജയേഷ് ജോര്‍ജ് സ്ട്രൈക്കേഴ്സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ബാറ്റിങ്ങിന് സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കേയാണ് 129 റണ്‍സ് എടുത്തത്. മറുപടിയായി ബാറ്റ് ചെയ്ത വെട്രന്സിന് 9 വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ബാലയും വിവേക് ഗോപനുമായിരുന്നു ഓപ്പണര്‍മാര്‍. ആറ് റണ്‍സ് എടുത്തപ്പോഴേയ്ക്കും ബാല എല്‍ബിഡബ്ല്യുയില്‍ കുടുങ്ങുകയായിരുന്നു.
വെട്രന്സിന്റെ ബൗളര്‍മാരുടെമേല്‍ താണ്ഡവമാടിയ വിവേക് ഗോപനാണ് മാന്‍ ഓഫ് ദി മാച്ച്. 55 ബോളില്‍നിന്നും 52 റണ്‍സാണ് വിവേക് എടുത്തത്. മുന്‍കാല രഞ്ജി ടീം അംഗങ്ങളെ ചേര്‍ത്ത് ടീം രൂപീകരിച്ച കേരള സ്ട്രൈക്കേഴ്സിന് എതിരാളിയെ ഒരുക്കിക്കൊടുത്തത് കെസിഎ ആണ്. കോളിവുഡിലും ബോളിവുഡിലും കഴിഞ്ഞ വര്‍ഷം താരക്രിക്കറ്റ് ടീം രൂപീകരിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഇപ്പോള്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ടീം രൂപീകരിച്ചത്.
പരിശീലന മത്സരത്തില്‍ ആദ്യംതന്നെ ബംഗളൂരുവിലെ മുദ്ര ക്രിക്കറ്റ് ടീമിനെ താരങ്ങള്‍ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന സെലിബ്രറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുതിയതായി രൂപീകരിച്ച് ബംഗാള്‍ ടൈഗേഴ്സുമായാണ് കേരള സ്ട്രൈക്കേഴ്സ് പൊരുതുക. ചെന്നൈ, ഷാര്‍ജ, ബംഗളൂരു എന്നീ സ്ഥലങ്ങളിലായി അഞ്ച് മത്സരങ്ങളാണ് ഉള്ളത്. ട്വന്റി20 മാതൃകയിലായിരിക്കും മത്സരങ്ങള്‍ നടക്കുക. വിവേകിനൊപ്പം തന്നെ റണ്‍വേട്ട നടത്തിയ രാജീവ് പിള്ള 45 റണ്‍സാണ് എടുത്തത്. മുന്ന (0) നിഖില്‍(5), പ്രജോദ്(4) ഷൈജു കുറുപ്പ് (7) എന്നിവരാണ് ക്രീസില്‍ ഇറങ്ങിയത്. നവീന്‍ പോളി, വിനു മോഹന്‍, രജിത് മേനോന് എന്നിവര്‍ ബാറ്റ് ചെയ്തില്ല. ഇടവേള ബാബുവാണ് സ്ട്രൈക്കേഴിസിന്റെ മാനേജര്‍.
ജയേഷ് ജോര്‍ജ്(ക്യാപ്റ്റന്‍), സതീഷ്, എഡ്വിന്, എം.ജി. ജയന്, അജിത്ത് പട്ടത്ത്, ജി. ഗോപകുമാര്‍, പി. ജയരാജ്, എം.ജി. ജോഗി, ജിത്ത് എ. ഭട്ട്, മോബി തോമസ്, സജീബ്, ആനന്ദ് എന്നിവരാണ് ടീം വെട്രന്സിനുവേണ്ടി കളിക്കളത്തിലിറങ്ങിയത്. ജനുവരിയില്‍ നടക്കുന്ന മത്സരത്തിനായി സ്ട്രൈക്കേഴ്സ് ടീം അംഗങ്ങള്‍ ഷെഡ്യൂളുകളില്തന്നെ മാറ്റം വരുത്തിയാണ് പരിശീലനം നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: